അനധികൃത അമേരിക്കന്‍ കുടിയേറ്റക്കാരുടെആശ്വാസമായി പ്രസിഡന്റ് ഇലക്റ്റ് ജോ ബൈഡന്‍


NOVEMBER 20, 2020, 9:32 PM IST

കോര ചെറിയാന്‍

ഫിലാഡല്‍ഫിയ, യു.എസ്.എ.:  ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനം ഏറ്റശേഷം സുദീര്‍ഘകാലം പള്ളികള്‍ക്ക് ഉള്ളിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങളുടെ രഹസ്യ സംരക്ഷണയിലും ഏകാന്തതയോടും പലപ്പോഴും പട്ടിണിയോടും പടവെട്ടി ഭയചകിതരായി കഴിഞ്ഞ അനധികൃത കുടിയേറ്റക്കാര്‍ സാവധാനം പരസ്യമായി വെളിപ്പെടാനും പല ജോലികളില്‍ പ്രവേശിക്കുവാനും തുടങ്ങി. പുതിയ ഭരണകൂടം കഠിനമായ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ അയവുണ്ടാക്കി, നിയമ വിരുദ്ധമായി കുടിയേറിയ ഏകദേശം ഒരു കോടി ഇരുപതുലക്ഷം വിദേശികളെ സാവധാനം സ്ഥിരവാസികളായും ക്രമേണ പൗരത്വത്തിലേക്കു നയിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഇവര്‍ക്കുള്ളത്.

    അമേരിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ഫലപ്രഖ്യാപനം അറിഞ്ഞ മാത്രയില്‍തന്നെ രണ്ടുവര്‍ഷത്തിലധികമായി ഫിലാഡല്‍ഫിയ നഗരത്തിന്റെ നടുവിലുള്ള റ്റാബര്‍നാക്കിള്‍  യുണൈറ്റഡ് ചര്‍ച്ചിന്റെ ഭൂനിരപ്പിനടിയിലുള്ള ബേസ്‌മെന്റില്‍ ഇമിഗ്രേഷന്‍ അധികൃതരെ ഭയന്നു വിറയലോടെ കഴിഞ്ഞുകൂടിയ ജെമെയ്ക്കന്‍ സ്വദേശികളായ ഒനീറ്റ തോംസണും ഭര്‍ത്താവ് ക്ലൈവും രണ്ടു കുട്ടികളും ആര്‍ത്തിയോടെ ആഘോഷിച്ചു പൊട്ടിച്ചിരിയോടെ പുറത്തുവന്നു. അസ്തമയ സൂര്യപ്രഭ സുദീര്‍ഘമായ കാത്തിരിപ്പിനുശേഷം അനുഭവിച്ചറിഞ്ഞു. ഇരുവരും അമേരിക്കന്‍ നുഴഞ്ഞുകയറ്റക്കാരെങ്കിലും ഉടനെതന്നെ ജോലിയില്‍ പ്രവേശിച്ച് സസന്തോഷം കുടുംബം പുലര്‍ത്താമെന്ന ശുഭപ്രതീക്ഷയില്‍തന്നെ ഇപ്പോള്‍.

    2021 ജനുവരിയില്‍ ഭരണം ഏല്‍ക്കുന്ന ജോ ബൈഡന്റെ നയപ്രഖ്യാപനങ്ങളില്‍ ഒന്നുംതന്നെ അനധികൃത കുടിയേറ്റത്തെക്കുറിച്ചു പ്രതിബാധിച്ചിട്ടില്ല. ട്രംപ് ഭരണകൂടം നിയമപ്രാബല്യം ഇല്ലാത്ത കുടിയേറ്റക്കാരെ നിശേഷം യു.എസ്.എ. യില്‍നിന്നും നീക്കണമെന്ന വിളംബരത്തോടെ ഒളിവില്‍പോയ പലരും മാളത്തിനു പുറത്തേക്ക് വരുവാന്‍തുടങ്ങി.

    നിയമാനുസരണവും നിയമവിരുദ്ധമായും കുടിയേറി പല കടമ്പകള്‍ കടന്നു അമേരിക്കന്‍ പൗരത്വം ലഭിച്ച രണ്ടുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ വന്‍ഭൂരിപക്ഷം ഡൊണാള്‍ഡ് ട്രംപിനു വോട്ട് ചെയ്തതായി വിവിധ സ്റ്റേറ്റുകളിലെ കുടിയേറ്റക്കാരായ വോട്ടര്‍മാരെ സംബന്ധിച്ച വിവരാനുസരണം പറയപ്പെടുന്നു.

    ട്രംപ് ഭരണത്തിലെ കഠിനവും കര്‍ശനവും ആയ പല എക്‌സിക്യൂട്ടീവ് ഓര്‍ഡറും പുതിയ ഇലക്റ്റഡ് പ്രസിഡന്റ്‌ജോ ബൈഡന്‍ ഭരണം ഏറ്റെടുത്ത ശേഷം ഈസിയായി അസ്ഥിരപ്പെടുത്തി നേര്‍ വിപരീതമായ പ്രഖ്യാപനം ചെയ്യുവാന്‍ സാധിക്കും.

    അസ്ഥിരവും പലപ്പോഴും കൂട്ടിക്കുഴക്കുന്നതുമായ യു.എസ്. കുടിയേറ്റ നിയമങ്ങളെ ഹൗസ് റെപ്രസെന്റേറ്റീവിന്റേയും സെനറ്റിന്റേയും സഹകരണത്തോടെ വ്യക്തമായും വിശദമായും ക്രോഡീകരിക്കുക തികച്ചും ആവശ്യമാണ്.

    അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും അധികം അനധികൃത കുടിയേറ്റക്കാരെ നിരുപാധികം നാടുകടത്തിയ ബരാക്ക് ഒബാമയുടെ വൈസ് പ്രസിഡന്റായ ജോ ബൈഡന്റെ ഇലക്ഷന് മുന്‍പുള്ള എല്ലാ വാഗ്ദാനങ്ങളും സമ്പൂര്‍ണ്ണതയില്‍ എത്തുമെന്ന് ഒളിവില്‍ കഴിയുന്ന ഒരു വിഭാഗം അനധികൃത കുടിയേറ്റക്കാര്‍ കരുതുന്നില്ല. ട്രംപിന്റെ ഭരണകാലം അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ കുടുംബസമേതം രഹസ്യമായി കുടിയേറാന്‍ എത്തിയവരെ അതിര്‍ത്തിസേന പിടിച്ച് മാതാപിതാക്കളില്‍നിന്നും വേര്‍തിരിച്ച് ഇപ്പോള്‍ വിവിധ ഓര്‍ഫനേജുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 666 കുട്ടികളുടെ മാതാപിതാക്കളെ കണ്ടുപിടിച്ച് വീണ്ടും കുടുംബജീവിതത്തിലേക്ക് നയിക്കുമെന്ന ബൈഡന്റെ വാഗ്ദാനം നിറവേറ്റുമെന്ന് കുടിയേറ്റത്തെ വെറുക്കുന്നവര്‍പോലും പ്രതീക്ഷിക്കുന്നു.

    മുസ്ലീം പ്രാതിനിധ്യമുള്ള രാജ്യക്കാരുടെ അമേരിക്കന്‍ പ്രവേശനവും യാത്രയും നിറുത്തല്‍ ചെയ്ത 2017ല്‍ പാസാക്കിയ നിയമവും നിശ്ശേഷം നീക്കുമെന്നും ബൈഡന്റെ വാഗ്ദാനത്തില്‍ പറയുന്നു. ഡിഫര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് - ഡി. എ. സി. എ. ചട്ടം പുനഃസ്ഥാപിച്ച് ഏഴുലക്ഷത്തിലധികം കുട്ടികളായി യാതൊരു രേഖകളും ഇല്ലാതെ എത്തിയവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാതെ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍തന്നെ വസിച്ച് പൗരത്വം സ്വീകരിയ്ക്കുവാനും അനുമതി നല്‍കും.

    വിവിധ രാജ്യങ്ങളിലെ ക്രൂരപീഡനങ്ങളും കൂട്ടക്കൊലപാതകങ്ങളും വധഭീഷണിയും ഭയന്ന് സുരക്ഷിതത്വത്തിനുവേണ്ടി അമേരിക്കയിലേക്ക് പോകുവാനുള്ള 67000-ലധികം അഭയാര്‍ത്ഥികള്‍ വര്‍ഷങ്ങളായി മെക്‌സിക്കന്‍ അതിര്‍ത്തി ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നു. 50-ലധികം വര്‍ഷങ്ങളായി പ്രാണരക്ഷാര്‍ത്ഥം എത്തുന്ന അഭയാര്‍ത്ഥികളെ അമേരിക്ക സ്വാഗതം ചെയ്തിരുന്നെങ്കിലും ട്രംപ് ഭരണകൂടം ഇവരോടു വിദ്വേഷത്തോടെ പെരുമാറി അതിര്‍ത്തി കടക്കുവാനുള്ള അനുമതി നിഷേധിച്ചിരുന്നു.

    2018-ല്‍ പെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനസംഖ്യാ പഠനത്തിന്റെ റിപ്പോര്‍ട്ടിന്‍പ്രകാരം സാമ്പത്തിക ഉയര്‍ച്ചക്കും ജനസംഖ്യാ വര്‍ദ്ധനവിനും കുടിയേറ്റക്കാരുടെ നിസീമ സഹായം ആവശ്യമായി പറയുന്നു. യാതൊരുവിധ രേഖകളും ഇല്ലാത്ത കുടിയേറ്റക്കാരെ ഫിലാഡല്‍ഫിയ മേയര്‍ ജിം കെന്നി നിയമവിരുദ്ധമായി പാര്‍പ്പിക്കുന്നതായും സഹായിക്കുന്നതുമായി ട്രംപ് ഭരണകൂടം ഭീഷണിമുഴക്കി. നിയമ വിരുദ്ധമായി ഫിലാഡല്‍ഫിയ സിറ്റി കുടിയേറ്റക്കാരെ രഹസ്യമായോ പരസ്യമായോ സഹായിക്കുന്നില്ലെന്ന ജിം കെന്നി മറുപടി സധൈര്യം നല്‍കി.

    വിശാലമനസ്‌കതയോടെ അമേരിക്കന്‍ സേനകള്‍ പിന്‍വാങ്ങി പരസ്യമായി അതിര്‍ത്തികള്‍ തുറന്നാലുടനെ ഇടുക്കി ഡാം പൊട്ടിപുറപ്പെട്ടതുപോലുള്ള ജനപ്രവാഹം ആയിരിക്കും അമേരിക്കയിലേക്ക്. ഇന്ത്യയിലുള്ള അമേരിക്കന്‍ എംബസിയുടേയും കോണ്‍സിലേറ്റുകളുടേയും മുന്‍പില്‍ വിവിധ വിസാകള്‍ക്കുവേണ്ടി തടിച്ചുകൂടുന്ന ജനക്കൂട്ടം ഈ പ്രയാണത്തിന് ഉത്തമ ഉദാഹരണമാണ്.