നികുതി ദുരന്തം കാത്ത് ഇല്ലിനോയ്‌


OCTOBER 17, 2020, 6:55 PM IST

 പുതിയൊരു ആദായ നികുതി നിയമം നടപ്പാക്കണമോയെന്ന കാര്യത്തിൽ ഇല്ലിനോയ്‌യിലെ വോട്ടർമാർ ഹിതപരിശോധനയിലൂടെ അടുത്തമാസം തീരുമാനമെടുക്കും. പുതിയ നിയമം നടപ്പായാൽ ആദായ നികുതി 7.99%മായി ഉയരും. 

നികുതി ഭാരത്തെ സംബന്ധിച്ച് ടാക്സ് ഫൌണ്ടേഷൻ തയ്യാറാക്കിയിട്ടുള്ള പട്ടിക ഗവർണ്ണർ ജെ.ബി. പ്രിറ്റ്‌സ്‌കർക്കും, നികുതി ഘടനയിൽ മാറ്റങ്ങളാവശ്യപ്പെടുന്ന മറ്റുള്ളവർക്കും ഒരു മോശം വാർത്തയാണ്. മൊത്തത്തിൽ നികുതി ഭാരം കൂടുതലുള്ള  സംസ്ഥാനങ്ങളിൽ 36ആം സ്ഥാനത്താണ് ഇല്ലിനോയ്. വ്യക്തികളുടെ ആദായനികുതി നിരക്ക് 4.95% ആണെങ്കിലും സ്വത്ത് നികുതിയും മറ്റു നികുതികളും വളരെ കൂടുതലാണ്. 

വ്യക്തികളുടെ ആദായ നികുതിയിലും കോർപ്പറേറ്റ് നികുതിയിലും ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വർദ്ധനവ് ഇല്ലിനോയ്‌യെ ജനങ്ങൾക്ക് മേൽ ഏറ്റവും കനത്ത നികുതി ഭാരമടിച്ചേൽപ്പിച്ചിട്ടുള്ള സംസ്ഥാനങ്ങളായ ന്യൂ ജേഴ്‌സി, ന്യൂയോർക്ക്, കാലിഫോണിയ എന്നീ സംസ്ഥാനങ്ങളുടെ മുന്നിലെത്തിക്കും. നിലവിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കാനാണ് നികുതി വര്ധിപ്പിക്കുന്നതെന്ന ന്യായമാണ് അധികൃതർ ഉയർത്തുന്നത്. എന്നാൽ, പെൻഷൻ പ്രതിസന്ധിക്ക് കാരണം നിലവിലെ വരുമാനക്കുറവല്ല, മറിച്ച് അനിയന്ത്രിതമായി പെൻഷൻ ആനുകൂല്യം വർദ്ധിപ്പിക്കുന്നതാണെന്നതാണ് സത്യം.

നികുതി നിരക്കുകൾ ലഘൂകരിക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകുന്ന സന്ദർഭത്തിലാണ് ഇല്ലിനോയ് എതിർദിശയിൽ നീങ്ങുന്നത്. അയോവയിലും മിസൗറിയിലും ഉണ്ടായിരുന്ന ഇയർന്ന ആദായ നികുതി നിരക്കുകൾ സമീപ വർഷങ്ങളിൽ അവർ കുറക്കുകയുണ്ടായി. 2018ൽ കെന്റക്കിയിൽ ആദായനികുതി നിരക്ക് എല്ലാവർക്കും 5% എന്നാക്കി നിശ്ചയിച്ചു. ഉയർന്ന നികുതികൾ ഏർപ്പെടുത്തുന്നപക്ഷം ഇല്ലിനോയ്‌യിലെ നികുതിഭാരത്താൽ വീർപ്പുമുട്ടുന്ന ആൾക്കാരും ബിസിനസുകാരും അയൽ  സംസ്ഥാനങ്ങളിലേക്ക് പോകും. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ വിവിധ കാരണങ്ങളാൽ ഇല്ലിനോയ്‌യിൽ നിന്ന് കുടിയൊഴിഞ്ഞത് 850,000 ആളുകളാണ്.

ഉയർന്ന നികുതി നിരക്കുകൾ നാണയപ്പെരുപ്പമുണ്ടാക്കും. വരുമാനം ഉയർന്നാലും  വ്യക്തികൾ പിഴയൊടുക്കേണ്ടി വരികയില്ലെന്നു ഇല്ലിനോയ്‌യിൽ നിലവിൽ ഒരേ നിരക്കിലുള്ള ആദായനികുതി നിയമം ഉറപ്പാക്കുന്നുണ്ട്. ആദായ നികുതി നിരക്കുകൾ ഉയർത്തുന്നതിനുള്ള നിർദ്ദിഷ്ട നിയമമനുസരിച്ച് ഇപ്പോൾ 250,000ത്തോളം ഡോളർ സമ്പാദിക്കുന്ന ഒരു കുടുംബം നിലവിൽ 4.5% എന്ന നിരക്കിൽ നൽകുന്ന നികുതി 7.75% മായി ഉയരുകയും അധികമായി നേടുന്ന വരുമാനത്തിനും അതേ നിരക്കിൽത്തന്നെ നികുതി നൽകേണ്ടതായും വരും. വരുമാനത്തിൽ യഥാർത്ഥ വർദ്ധനവൊന്നും ഉണ്ടായില്ലെങ്കിലും നാണയപ്പെരുപ്പത്തിന്റെ തോതിനനുസരിച്ച് നികുതിയുമുയരും. 

നികുതി വർധന സംബന്ധിച്ച ഗവർണ്ണർ പ്രിറ്റ്‌സ്‌കറുടെ നീക്കം നിരാകരിക്കുന്നതിന് ഇല്ലിനോയ്‌യിലെ വോട്ടർമാർക്ക് ലഭിക്കുന്ന ഒരവസരമായിരിക്കും ഹിതപരിശോധന.

ഉയർന്ന നികുതി, രക്ഷ തേടുന്ന ജനത

കഴിഞ്ഞ ഒരു ദശകത്തിൽ  ഇല്ലിനോയ്‌യിൽ നിന്നും വിവിധ കാരണങ്ങളാൽ കുടിയൊഴിഞ്ഞു പോയത് ഏകദേശം 850,000ത്തിലധികം ആളുകളാണ്. കഴിഞ്ഞ ഒരു ദശകത്തിൽ ജനസംഖ്യയിൽ കുറവുണ്ടായ 4 സംസ്ഥാനങ്ങളിൽ ഒന്നാണ് ഇല്ലിനോയ്. അതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാകട്ടെ സംസ്ഥാനത്തെ ഉയർന്ന നികുതി നിരക്കും.

തുടർച്ചയായ ആറാം വർഷത്തിലും ഇല്ലിനോയ്‌യിലെ ജനസംഖ്യയിൽ കുറവ് സംഭവിച്ചുവെന്നാണ് കണക്കുകൾ കാട്ടുന്നത്. 2010നു ശേഷം മറ്റേതു സംസ്ഥാനത്തേക്കാളും ജനസംഖ്യയിൽ കുറവുണ്ടായത് ഇല്ലിനോയ്‌യിലാണ്. ചിലർ അതിനു കാരണമായി ഇല്ലിനോയ്‌യിലെ തണുത്തുറഞ്ഞ ശൈത്യകാലത്തെയും തിളയ്ക്കുന്ന ചൂടുള്ള വേനൽക്കാലത്തെയുമാവും പഴിക്കുക. എന്നാൽ മെച്ചപ്പെട്ട ജോലിയും പാർപ്പിട സൗകര്യങ്ങളും  തേടിയും സംസ്ഥാനം വിട്ടുപോകുന്നവരുണ്ട്. തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിലുളളവരാണ് ഇങ്ങനെ വിട്ടുപോകുന്നതെന്നത് സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ബാധിക്കും.  

2010 മുതൽ എല്ലാ വംശീയ വിഭാഗങ്ങളിലും പെട്ടവർ സംസ്ഥാനം വിട്ടു പോകുന്നുണ്ടെങ്കിലും ഏഷ്യാക്കാർ, കറുത്തവർ, തദ്ദേശീയ അമേരിക്കക്കാർ, പസിഫിക് ദ്വീപുകാർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽപ്പെട്ടവരാണ് കൂടുതലും. ആഭ്യന്തരമായുള്ള കുടിയേറ്റം കാരണം ഇല്ലിനോയ്‌യിലെ വെള്ളക്കരുടെയും കറുത്തവരുടെയും ജനസംഖ്യയിൽ കുറവും സംഭവിച്ചിട്ടുണ്ട്

ജൂൺ 25നു പ്രസിദ്ധീകരിച്ച ജനസംഖ്യാ കണക്കുകളനുസരിച്ച് വെളുത്ത വർഗക്കാരുടെ ജനസംഖ്യയിൽ 5.3% അഥവാ 438,986 ആൾക്കാരുടെ കുറവ് സംഭവിച്ചു. കറുത്തവരുടെ ജനസംഖ്യയിൽ 1.7%,അഥവാ  32,143 പേരുടെ കുറവുണ്ടായി. ഇതോടൊപ്പം വെളുത്ത വർഗക്കാരുടെ ജനനനിരക്ക് കുറവായതു മൂലം കറുത്തവരെക്കാൾ ജനസംഖ്യയിൽ വലിയ കുറവാണ് സംഭവിക്കുന്നത്

ആഭ്യന്തരമായ കുടിയേറ്റം ഉണ്ടെങ്കിലും 2010നു ശേഷം അന്താരാഷ്ട്ര കുടിയേറ്റങ്ങളും ഉയർന്ന ജനന നിരക്കും  കാരണം ഏഷ്യാക്കാരുടെയും ഹിസ്പാനിക്കുകളുടെയും ജനസംഖ്യയിൽ വലിയ വർദ്ധനവാണുണ്ടായിട്ടുള്ളത്.ഏഷ്യാക്കാരുടെ ജനസംഖ്യയിൽ  23.6% അഥവാ  155,535 പേരുടെ വർദ്ധനവാണുണ്ടായത്. ഹിസ്പാനിക്കുകളുടെ സംഖ്യയിൽ  9.4% അഥവാ 194,671 പേരുടെ വർദ്ധന രേഖപ്പെടുത്തി

എന്നാൽ ഇല്ലിനോയ്‌യിലെ ജനസംഖ്യയിൽ സംഭവിക്കുന്ന കുറവ് ഗവർണ്ണർ ജെ ബി പ്രിറ്റ്സ്കർ അത്ര വലിയ കാര്യമാക്കുന്നില്ല. കഴിഞ്ഞ 95 94 വർഷങ്ങളിലും ജനസംഖ്യയിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാനം വിട്ടുപോകുന്നവരുടെ സംഖ്യ അൽപ്പം കൂടുതലാണെന്നു മാത്രമേയുള്ളുവെന്നും അതിൽ മാറ്റമൊന്നും വരുത്താൻ താനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു

ഇല്ലിനോയ്‌യിൽ നിന്നും വിട്ടു പോകുന്ന പ്രവണത കൂടുതൽ വഷളാകുകയാണെന്നാണ് സമീപകാലത്തെ കണക്കുകൾ കാണിക്കുന്നത്. ഇല്ലിനോ‌യ്ക്കാർ സംസ്ഥാനം വിട്ടുപോകുന്നതിന്റെ പ്രധാന കാരണം നികുതിയാണെന്നാണ് കഴിഞ്ഞ വർഷം നടത്തിയ ഒരു അഭിപ്രായ സർവേയിൽ തെളിഞ്ഞത്. ഉയർന്ന നികുതികൾ വലിയ തോതിൽ തൊഴിൽ-പാർപ്പിട വിപണികളെ ബാധിക്കുന്നുണ്ട്കോവിഡ്19  പ്രതിസന്ധിക്കു മുമ്പു തന്നെ സംസ്ഥാനത്ത് 737,700 തൊഴിലുകൾ നഷ്ടമാകുകയും പണയവായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത്   ഇരട്ടിയാകുന്ന സ്ഥിതിയുമുണ്ടായി

സമീപകാലത്ത് ഉയർത്തിയ ആദായ നികുതി നിരക്കുകൾ ഇല്ലിനോയ്ക്കാർക്ക് തൊഴിൽ കണ്ടെത്തുന്നതിനു വല്ലാത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിന് പുറമെ തൊഴിലുള്ളവർക്ക് വേതന വർദ്ധനവിനുള്ള സാധ്യതകൽ കുറയ്ക്കുകയും ചെയ്തു. വർധിക്കുന്ന വരുമാന-സ്വത്ത് നികുതികൾ ഒരു പാർപ്പിടത്തിനുള്ള ചിലവ് താങ്ങാൻ കഴിയാത്തതാക്കുകയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാർപ്പിട നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറക്കുകയും ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വൈദഗ്ധ്യമുള്ളവരെ ആകർഷിക്കാൻ ഇല്ലിനോയ്‌ക്ക് കഴിയണമെങ്കിൽ സംസ്ഥാനത്തിന്റെ തൊഴിൽ-ഭവന വിപണികളുടെ ആരോഗ്യം മെച്ചപ്പെടേണ്ടതുണ്ട്.  

എല്ലാവരെയും ഉൾക്കൊള്ളുന്നതും അസമത്വം കുറഞ്ഞതുമായ ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കണമെങ്കിൽ ഇല്ലിനോയ്‌യിലെ നിയമ നിർമ്മാതാക്കൾ ന്യുനപക്ഷക്കാരും വൈദഗ്ധ്യം കുറഞ്ഞവരുമായ ഇല്ലിനോയ്ക്കാർ കൂടുതലായി പോകുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കണം. ഉദാഹരണത്തിന് എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട ഇല്ലിനോയ്ക്കാർ കുടിയേറുന്ന ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ആദായനികുതിയില്ല. ഇന്ത്യാനയിൽ ഫ്ലാറ്റ് നികുതിയും സ്വത്ത് നികുതിയും കുറവാണ്. വിസ്കോൺസിനിൽ പെൻഷൻ ഫണ്ടുകൾക്കുള്ള പണം പൂർണ്ണമായും നൽകുന്നു.കുറഞ്ഞ വരുമാനമുള്ള നികുതിദായകരോട് ഉദാരമായ സമീപനവും സ്വീകരിക്കുന്നു.

നികുതിവർധിപ്പിക്കുന്നത് ധനവിനിയോഗം കുറക്കുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങളും നിയമനങ്ങളും നടത്തുന്നതിൽ നിന്ന് ബിസിനസുകാരെ നിരുത്സാഹപ്പെടുത്തുന്നതിലൂടെ സമ്പദ്ഘടനയ്ക്ക് ദോഷമുണ്ടാക്കുന്നു. ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യം കുറയുമ്പോൾ ബിസിനസുകാർക്കുള്ള ലാഭം കുറയുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും അവർ പിന്തിരിയുകയും ചെയ്യുന്നു. ഇത് തൊഴിലവസരങ്ങൾ കുറക്കുന്നു. ഉയർന്ന നികുതികൾ കുടുംബങ്ങളുടെ സമ്പാദ്യവും ബിസിനസ് നിക്ഷേപങ്ങളും കുറയുന്നതിനിടയാക്കും.അത് നികുതി വരുമാനത്തിലും സ്ഥിരമായ കുറവുണ്ടാക്കും

ഇല്ലിനോയ്‌യിൽ നിന്നുള്ള പലായനം അവസാനിപ്പിക്കുന്നത് പുതിയ അവസരങ്ങൾ തുറക്കുകയും തൊഴിൽ അന്വേഷിക്കുന്നവരേക്കാൾ കൂടുതലായി തൊഴിലാളികൾക്കുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യും. കോർപ്പറേറ്റ് നികുതി നിരക്കുകൾ വർദ്ധിപ്പിക്കുന്നത് തൊഴിലും വരുമാനവും ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആദായ നികുതി നിരക്കുകളിലെ വർധനവ് നിക്ഷേപങ്ങൾ സംബന്ധിച്ച തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുംരാജ്യത്തിൻറെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഇല്ലിനോയ്‌യിൽ തൊഴിൽ വളർച്ച കുറവാണ്. ആദായ-സ്വത്ത് നികുതികൾ വർദ്ധിപ്പിക്കുന്നതിനാണ് രാഷ്ട്രീയ നേതാക്കൾ തീരുമാനിക്കുന്നതെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.  

നിർഭാഗ്യവശാൽ ഗവർണ്ണർ ഉൾപ്പടെയുള്ള ഇല്ലിനോയ്സിലെ രാഷ്ട്രീയ നേതാക്കൾ ഭരണഘടനാപരമായ സംരക്ഷണമുള്ള ഒരേ നിരക്കിലുള്ള ആദായനികുതി നിയമത്തിനു പകരം നികുതി വർദ്ധിപ്പിക്കുന്ന പുതിയൊരു നിയമം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ്. പത്ത് വർഷങ്ങൾക്കുള്ളിൽ ഇത് മൂന്നാം തവണയാകും നികുതിവർധിപ്പിക്കുക.ഇത് കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാനായാസപ്പെടുന്ന 100,000ത്തിലധികം ചെറുകിട ബിസിനസുകാർക്ക് 47% വരെ അധിക നികുതിനൽകേണ്ട സ്ഥിതിയുണ്ടാക്കും. നികുതിവർധന തൊഴിൽവിപണിയിലെ കുഴപ്പങ്ങൾ നീട്ടിക്കൊണ്ടുപോകുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതെയാക്കുകയും എല്ലാ ഇല്ലിനോയ്ക്കാരുടെയും പാർപ്പിടങ്ങൾക്കുള്ള ചിലവുകൾ ഉയർത്തുകയും ചെയ്യും. കുറയുന്ന തൊഴിലവസരങ്ങളും ഉയരുന്ന ചിലവുകളും കൂടുതൽ ഇല്ലിനോയ്‌ക്കാരെ പലായനത്തിന് പ്രേരിപ്പിക്കും

നികുതിദായകരിൽനിന്നും കൂടുതൽ ആവശ്യപ്പെടുന്നതിന് പകരം നിയമനിർമ്മാതാക്കൾ ചെയ്യേണ്ട കാര്യം സംസ്ഥാനത്തിന്റെ ധനസ്ഥിതി ഉറപ്പുള്ളതാക്കുന്നതിനുള്ള യഥാർത്ഥപരിഷ്ക്കാരങ്ങൾ നടപ്പാക്കുകയും കാര്യങ്ങൾക്ക് തീർച്ചയുണ്ടാക്കുകയും കുടുംബങ്ങൾക്കും ബിസിനസിനും  ആവശ്യമായ നികുതി ആശ്വാസങ്ങൾ നൽകുകയുമാണ്.  

ഇല്ലിനോയ് ആദ്യം ചെയ്യേണ്ടത്  കഴിഞ്ഞ ഒരു ദശകമായി ഉണ്ടായ റെക്കോഡ് നികുതി വർദ്ധനവിനൊപ്പം തന്നെ  വളർന്നു കൊണ്ടിരിക്കുന്ന പെൻഷൻ പ്രശ്നം പരിഹരിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുചെലവുകളുടെ 25%ത്തിലധികം പെൻഷൻ ഫണ്ടുകൾക്കായാണ് ചിലവഴിക്കുന്നതെങ്കിലും പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട കടം കൂടിക്കൊണ്ടിരിക്കുകയാണ്. ഇല്ലിനോയ്‌യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിലൂടെ ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത ആനുകൂല്യങ്ങളുടെ വളർച്ചാ നിരക്ക് ക്രമീകരിച്ചുകൊണ്ട് പെൻഷൻ കടം കുറക്കുന്നതിനും നികുതിദായകരുടെ മേൽ അധികഭാരമടിച്ചേൽപ്പിക്കാതെ റിട്ടയർ ചെയ്തവരെ സഹായിക്കുന്നതിനും കഴിയും. യുവതൊഴിലാളികളുടെ റിട്ടയർമെന്റ് പ്രായം ഉയർത്തുന്നതിലൂടെയും ആനുകൂല്യങ്ങളുടെ വാർഷിക വർദ്ധനവ് യഥാർത്ഥ ജീവിതചിലവുകളുമായി ബന്ധിപ്പിക്കുന്നതിലൂടെയും പുതിയ തൊഴിലാളികൾക്കായുള്ള റിട്ടയർമെന്റ് പ്ലാനുകൾ പരിഷ്ക്കരിക്കുകയും വേണം

രണ്ടാമതായി, ചിലവുകൾക്ക്  പരിധി ഏർപ്പെടുത്തിക്കൊണ്ട് ഇല്ലിനോയ്‌യുടെ ബജറ്റ് സന്തുലിതമായിരിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കണം. തുടർച്ചയായ 20  ബജറ്റ് വർഷങ്ങളിൽ  ഇത് അവഗണിക്കപ്പെട്ടു. ഗവണ്മെന്റ് ചിലവുകളിലുണ്ടാകുന്ന വർദ്ധനവ്  സംസ്ഥാനത്തിന്റെ ജിഡിപി അല്ലെങ്കിൽ വ്യക്തിഗതവരുമാനത്തിലെ വളർച്ച എന്നിങ്ങനെ  നികുതിദായകർക്ക് താങ്ങാൻ കഴിയുന്നതാകുന്ന വിധത്തിൽ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്ന നിർദ്ദേശമാണ് ഉയർന്നിട്ടുള്ളത്. അത്തരമൊരു സമീപനം സ്വീകരിച്ച  ടെക്സസിനും ടെന്നസിക്കും ബജറ്റ് മിച്ചമുണ്ട്. അവിടെ സംസ്ഥാന ആദായനികുതിയില്ലെന്നു മാത്രമല്ല, സ്വത്ത് നികുതി ഇല്ലിനോയ്‌യേക്കാൾ കുറവുമാണ്.

നികുതിദായകർക്കു താങ്ങാൻ കഴിയുന്ന വിധത്തിൽ ഗവണ്മെന്റ് ചെലവുകളിൽ ഉത്തരവാദിത്വത്തോടെയുള്ള വർദ്ധനവ് കുടുംബങ്ങൾക്കും ബിസിനസുകൾക്കും കൂടുതൽ സ്ഥിരത നൽകും. എന്നാൽ പരിഷ്ക്കരണങ്ങൾക്ക് പകരം നികുതി ഉയർത്തുകയാണെങ്കിൽ ഇല്ലിനോയ് നിവാസികൾ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള  പലായനം തുടരുകയാകും ചെയ്യുക.