ഇന്ത്യയെ ശക്തിപ്പെടുത്തി ചൈനയെ നേരിടാൻ യുഎസ്


JANUARY 25, 2021, 11:22 AM IST

ബെയ്‌ജിങിനെതിരെ ഒരു ശക്തിയെന്ന  നിലയിൽ ഇന്ത്യയുടെ വളർച്ചക്ക് വേഗത വർധിപ്പിക്കുകയും തായ്‌വാന് ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാക്കുകയും ചെയ്യുകയെന്നതാവും വരും നാളുകളിൽ ചൈനക്ക് മേൽ ആധിപത്യം തുടരുന്നതിനുള്ള യുഎസ് തന്ത്രത്തിന്റെ ആണിക്കല്ല്.

ട്രംപ് ഭരണത്തിന്റെ അവസാന നാളുകളിലാണ് ഈ തന്ത്രത്തിന്റെ വിശദശാംശങ്ങൾ പുറത്തു വന്നതെങ്കിലും ബൈഡൻ ഭരണവും അത് തന്നെ പിന്തുടരാനുള്ള സാധ്യതയാണ് കാണുന്നത്. 'യുണൈറ്റഡ്  സ്റ്റേറ്റ്സ് സ്ട്രാറ്റജിക്‌ ഫ്രെയിംവർക്ക് ഫോർ ദി ഇൻഡോ-പസിഫിക്' എന്ന ശീർഷകത്തിലുള്ള രേഖ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

റോബർട്ട് ഒബ്രിയാനാണ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്. 

2018 ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപ് അംഗീകരിച്ച ഈ തന്ത്രപരമായ മാർഗനിർദ്ദേശമനുസരിച്ചാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ യുഎസ് അതിന്റെ നയങ്ങൾ ആവിഷ്ക്കരിച്ചത്. ഭാവിയിൽ ഇൻഡോ-പസിഫിക് മേഖലയെ സ്വതന്ത്രവും തുറന്നതുമായ ഒരു മേഖലയാക്കി നിലനിർത്തുന്നതിനുള്ള യുഎസിന്റെ പ്രതിബദ്ധതയാണത് കാണിക്കുന്നതെന്ന് ഒബ്രിയാൻ പറഞ്ഞു. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന ഒരു 'പൊതുലക്ഷ്യത്തിനായി' ഇൻഡോ-പസിഫിക് മേഖലയിലെ രാഷ്ട്രങ്ങൾ അവരുടെ സ്വാതന്ത്ര്യവും പരമാധികാരവും അടിയറ വെക്കുന്നതിനായുള്ള സമ്മർദ്ദം ബെയ്‌ജിങ്‌ ശക്തമാക്കിക്കൊണ്ടിരിക്കുന്നതായി ഒബ്രിയാൻ പറഞ്ഞു. എന്നാൽ യുഎസിന്റെ സമീപനം വ്യത്യസ്തമാണ്. മൂല്യങ്ങൾ പങ്കിടുകയും സ്വതന്ത്രവും  തുറന്നതുമായ ഒരു ഇൻഡോ-പസിഫിക് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ സഖ്യ ശക്തികൾക്കും  പങ്കാളികൾക്കും അവരുടെ പരമാധികാരം സംരക്ഷിക്കുമെന്ന ഉറപ്പുനൽകാൻ യുഎസ് ശ്രമിക്കുകയാണ്. 

മേഖലയിൽ ഉത്തര കൊറിയ ഒരു ഭീഷണി ഉയർത്താത്തതും ദക്ഷിണേഷ്യയിൽ   ഇന്ത്യ മേധാവിത്വം പുലർത്തുന്നതും പരമാധികാരം അടിയറ വെക്കുന്നതിനു ചൈന ചെലുത്തുന്ന സമ്മർദ്ദങ്ങളെ ലോകമൊട്ടാകെയുള്ള സഖ്യ ശക്തികളുമായി ചേർന്ന് പ്രതിരോധിക്കുന്നതിന് യുഎസ് നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുമെന്ന രേഖ പറയുന്നു.

തായ്‌വാനെ കൂട്ടിച്ചേർക്കുന്നതിനായി ചൈന കൂടുതൽ ആക്രമണപരമായ നടപടികൾ സ്വീകരിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വളരെ തന്ത്രപ്രധാന സാങ്കേതിക വിദ്യകളിലുള്ള മേധാവിത്വത്തിലൂടെ സ്വതന്ത്ര സമൂഹങ്ങൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തുമെന്നുമുള്ള ധാരണയിലാണ് യുഎസ് തന്ത്രം ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കവെ ഈ രേഖ പുറത്തുവിട്ടതിന്റെ ഉദ്ദേശത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഏഷ്യയിൽ ചൈനയെ നേരിടാൻ ട്രംപ് ഭരണം സ്വീകരിച്ച നടപടികൾക്ക് ഇരു പാർട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. ചൈനക്കെതിരെ കൂടുതൽ സഖ്യശക്തികൾക്കും പങ്കാളികൾക്കുമൊപ്പം പ്രവർത്തിക്കേണ്ട ആവശ്യകത വരാൻ പോകുന്ന ബൈഡൻ ഭരണത്തിലെ പ്രധാനികളും പറയുന്നുണ്ട്. ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് അതിന് വേണ്ടത്. അത് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള തന്ത്രത്തിന്റെ ഭാഗവുമാണ്. 

എന്നാൽ വളരെ പ്രതീക്ഷയോടെ ആവിഷ്‌ക്കരിച്ച തന്ത്രത്തിന്റെ പരാജയം ഏറെക്കുറെ ഉറപ്പായതായി ചില വിദഗ്ധർ പറയുന്നുണ്ട്. ഉത്തര കൊറിയയെ നിരായുധീകരിക്കുകയെന്ന ലക്‌ഷ്യം നേടാനായിട്ടില്ലെന്നതും ചൈനയുടെ സാമ്പത്തിക നടപടികൾക്കെതിരെ അന്താരാഷ്‌ട്ര സമവായം രൂപപ്പെടുത്താനായിട്ടില്ലെന്നതും ഈ തന്ത്രത്തെ പരാജയപ്പെടുത്താൻ പോന്ന ഘടകങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. യുഎസ് അതിന്റെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഇൻഡോ-പസിഫിക് മേഖലയിൽ ശക്തി കാണിക്കുകയെന്ന അതിന്റെ ദീർഘകാല ലക്‌ഷ്യം കൈവരിക്കാൻ കഴിയുകയുള്ളുവെന്നാണ് ഈ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.