ഇന്ത്യ 5 ജി യുഗത്തിലേക്ക് 


JUNE 20, 2022, 11:05 AM IST

ന്യൂഡല്‍ഹി: ഇന്ത്യ 5 ജി യുഗത്തിലേക്ക് ചുവട് വയ്ക്കുന്നു. രാജ്യത്ത് 5 ജി സ്പെക്ട്രം ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ജൂലായ് അവസാനത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 72097.85 മെഗാ ഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നല്‍കുന്നത്. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയുമാകും ലേലത്തിനെത്തുന്ന പ്രമുഖ കമ്പനികള്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ് ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. 

ഇതില്‍ മിഡ് റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കള്‍ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക. പത്ത് വര്‍ഷത്തിന് ശേഷം കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ സ്പെക്ട്രം സറണ്ടര്‍ ചെയ്യാം. നിലവിലുള്ള 4 ജിയേക്കാള്‍ 10 മടങ്ങ് വേഗതയാകും 5 ജി നല്‍കുക. 5ജി യാഥാര്‍ത്ഥ്യമാകുന്നതോടെ സാങ്കേതികവിദ്യാ രംഗത്ത് പുതു വിപ്ലവത്തിന് വഴിവയ്ക്കുമെന്നും പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.