ഇന്ത്യൻ ദുരവസ്ഥ: ഭക്ഷണമുണ്ട്, പോഷാകാഹാരമില്ല 


JUNE 20, 2022, 11:01 AM IST

ന്യൂഡൽഹി:  ഇന്ത്യയിൽ പ്രതിവർഷം മരിക്കുന്നവരിൽ 1.7 മില്യൺ ആളുകൾ മരിക്കുന്നത് പോഷകാഹാരക്കുറവുകൊണ്ടാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?ഇത് ഇന്ത്യ ദാരിദ്ര്യത്തിൻറെ പടുകുഴിയിലായിരുന്ന 1960കളോ 70കളോ അല്ല, മറിച്ച് ലോകത്തിൻറെ നാനാഭാഗങ്ങളിലേക്ക് ഇന്ത്യ  ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കാലമാണ്. ലോകത്തിൻറെ ഭക്ഷ്യസുരക്ഷിതത്വം ഒരു തരത്തിൽ ഇന്ത്യയുടെ ഔദാര്യത്തിൽ നിലനിൽക്കുന്ന കലാഘട്ടം. എന്നിട്ടും, ഇവിടെ ഇത്രയേറെപ്പേർ എങ്ങനെ പോഷകാഹാരക്കുറവിന് ഇരകളാകുന്നു? അതൊരു വലിയ ചോദ്യമാണ്. എളുപ്പത്തിൽ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യം.ആദ്യം പ്രശ്നത്തിലേക്ക് കടക്കാം.

ഡൽഹി-ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റും (സിഎസ്ഇ), ഡൗൺ ടു എർത്ത് മാഗസിനും ചേർന്ന് എല്ലാ വർഷവും പുറത്തിറക്കുന്ന 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയൺമെൻറ്' എന്ന പഠന റിപ്പോർട്ടിലാണ് ഇന്ത്യയിലെ വ്യാപകമായ പോഷകാഹാരക്കുറവിനെക്കുറിച്ച് പറയുന്നത്. 2022ലെ റിപ്പോർട്ട് ജൂൺ 3നാണ് ഓൺലൈൻ ആയി പ്രകാശനം ചെയ്യപ്പെട്ടത്.ലോകജനതയിൽ 42 ശതമാനത്തിന് പോഷക സമൃദ്ധമായ ഭക്ഷണം അപ്രാപ്യമാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോർട്ട് ഒരു തലത്തിൽ നടത്തുന്നത്. അതുകേട്ട് ഞെട്ടാൻ പക്ഷേ വരട്ടെ. ഇന്ത്യയിലെ കാര്യം കേൾക്കൂ. ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിനും പോഷക സമ്പന്നമായ ആഹാരം ലഭ്യമല്ലത്രെ!ഒരു വലിയ പറ്റം മനുഷ്യർക്ക് നിലനിൽക്കാൻ അവശ്യം വേണ്ട ഭക്ഷണം പോലും ലഭ്യമല്ലെന്നത് യാഥാർഥ്യമാണെങ്കിലും ലോകത്തിലെയും  ഇന്ത്യയിലെയും ജനസംഖ്യയുടെ വലിയൊരു പങ്ക് പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെങ്കിൽ അതിന് മുഖ്യകാരണം ഭക്ഷണക്രമത്തിൽ വന്നു ഭവിച്ചിട്ടുള്ള താളപ്പിഴകളാണ്.

ഈ താളപ്പിഴകൾ ചെന്ന് ഭവിക്കുന്നത് എന്തിലാണെന്ന് സിഎസ്ഇ-ഡൗൺ ടു എർത്ത് റിപ്പോർട്ട് പറയുന്നില്ലെങ്കിലും അത് ഭക്ഷ്യവസ്തുക്കൾ അക്ഷന്തവ്യമായ തോതിൽ പാഴാക്കപ്പെടുന്നതിലാണെന്നതാണ് സത്യം. ആ ചക്രം ചെന്നവസാനിക്കുന്നതാകട്ടെ അരച്ചാൺ വയറിന് പൊരുതുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്നതിലും.ഈ റിപ്പോർട്ടിൻറെ ശ്രദ്ധ മനുഷ്യരുടെ ഭക്ഷണക്രമത്തിലാണ്. അതിനാൽ അതിലേക്ക് മാത്രം ശ്രദ്ധ തിരിക്കാം. അൽപമൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ജനതയുടെ ഭക്ഷണക്രമത്തിലെ വലിയ അപാകതകൾ ഇപ്പോഴും നിലനിൽക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, നിലവിലെ ഭക്ഷണക്രമത്തിന് ആരോഗ്യപരമായും പാരിസ്ഥിതികമായും ഇന്ത്യ വലിയൊരു വില നൽകുകയുമാണ്.ഉദാഹരണത്തിന്, പാലുൽപ്പാദനമാണ് ഹരിതഗൃഹവാതകങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്, ധാന്യോത്പാദനത്തിനാണ് ഏറ്റവുമേറെ ജലം വേണ്ടതും നൈട്രജൻ, ഫോസ്‌ഫറസ്‌ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിക്കപ്പെടുന്നതും.മോശപ്പെട്ട ഭക്ഷണക്രമത്തിൻറെ ഫലമായി ജനങ്ങൾക്കിടയിൽ വിവിധ ജീവിതശൈലീ രോഗങ്ങൾ പടർന്ന് പിടിക്കുകയും ഏറെപ്പേർ ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഇരകകളാകുകയും ചെയ്യുന്നു എന്നതാണ് ദുഃഖകരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം, ഹൃദയാഘാതം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് മോശപ്പെട്ട ഭക്ഷണക്രമം കാരണമാകുന്നുണ്ട്. 

20 വയസ്സിനു മുകളിലുള്ളവർ പ്രതിദിനം 200 ഗ്രാം പഴങ്ങൾ എങ്കിലും കഴിക്കേണ്ട സ്ഥാനത്ത് ഇന്ത്യയിൽ 35.8 ഗ്രാം പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. പ്രതിദിനം 300 ഗ്രാം  പച്ചക്കറികൾ കഴിക്കേണ്ടിടത്ത് ഇന്ത്യയിൽ 168.7 ഗ്രാം മാത്രം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും സംസ്‌കരിച്ച മാംസം, റെഡ് മീറ്റ്, മധുര പാനീയങ്ങൾ എന്നിവ പരമാവധി കുറയ്ക്കാനും പഠനം ശുപാർശ ചെയ്യുന്നു.ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പഠനവിധേയമാക്കിയ റിപ്പോർട്ട് പറയുന്നത് കഴിഞ്ഞ വർഷം ഉപഭോക്തൃ ഭക്ഷ്യവില സൂചിക (കൺസ്യൂമർ ഫുഡ് പ്രൈസ് ഇൻഡക്‌സ്) അടക്കമുള്ള പൊതു ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ്) 81 ശതമാനം വർദ്ധിച്ചപ്പോൾ ഉപഭോക്തൃ ഭക്ഷ്യ വില സൂചികയുടെ മാത്രം വർദ്ധനവ് 327 ശതമാനമായിരുന്നുവെന്നാണ്.  

ഭക്ഷ്യവസ്തുക്കളാണ് ഉപഭോക്തൃ വില സൂചികയെ ഏറ്റവുമേറെ സ്വാധീനിക്കുന്നതെന്നാണ് ഇത് കാട്ടുന്നത്. നിലവിലെ ഉയർന്ന ഭക്ഷ്യ വിലപ്പെരുപ്പം വർദ്ധിതമായ ഉൽപ്പാദനച്ചെലവിൻറെയും ആഗോളതലത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ സാധനവിലയുടെയും തീഷ്ണമായ കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായിട്ടുണ്ടായിട്ടുള്ള തകരാറുകളുടെയും ഫലമാണ്. ക്രീസിൽ റേറ്റിങ് സിസ്റ്റം ഡേറ്റ പരിശോധിച്ചതിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില നഗരപ്രദേശങ്ങളെക്കാൾ ഉയർന്നത് ഗ്രാമപ്രദേശങ്ങളിലാണെന്നാണ്," ഡൗൺ ടു എർത്ത് മാനേജിങ് എഡിറ്റർ റിച്ചാർഡ് മഹാപാത്ര പറയുന്നു."ഭാരതം സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നു എന്ന സവിശേഷതയുള്ള വർഷമെന്ന നിലയ്ക്കും പരിസ്ഥികപ്രശ്നങ്ങൾ സംബന്ധിച്ചുള്ള സ്റ്റോക്ക്ഹോം കോൺഫറൻസ് ചേർന്നതിൻറെ അമ്പതാം വാർഷികമെന്ന നിലയ്ക്കും പ്രാധാന്യമുള്ള വർഷമാണിത്. മനുഷ്യരുടെയും പരിസ്ഥിതിയുടെയും നിലനിൽപ്പിനെ ഒരുമിച്ച് കാണുവാനുള്ള ശ്രമമാണിത്," മഹാപാത്ര ചൂണ്ടിക്കാട്ടുന്നു.