ഐഎൻഎസ് വിക്രാന്ത് രാജ്യശക്തിയുടെ പ്രതീകം 


SEPTEMBER 26, 2022, 5:21 PM IST

ജോജു ജോൺ തൈക്കൂട്ടത്തിൽ 


വിരോധാഭാസമായി തോന്നാം, പക്ഷേ യുദ്ധവും സമാധാനവും തമ്മിലുള്ള അകലം നിർണ്ണയിക്കുന്നത് ആയുധങ്ങളാണ്. ഓരോ രാജ്യവും കുന്നുകൂടുന്ന ആയുധങ്ങളാണ് മറ്റുള്ളവരെ അവർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ദുർബല രാജ്യങ്ങൾ എപ്പോഴും ആക്രമണകാരികളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കും. യുക്രെയ്‌നിലേക്ക് നോക്കുക. അവിടെ എളുപ്പത്തിലൊരു വിജയം കാംക്ഷിച്ച് വ്ളാദിമിർ പുട്ടിൻ ഇറങ്ങിത്തിരിച്ചത് ആണവായുധങ്ങൾ ഇല്ലാത്ത തങ്ങളുടെ ഒരു പഴയ ഘടകരാജ്യത്തെ എളുപ്പത്തിൽ കാൽക്കീഴിലാക്കാമെന്ന ചിന്തയിലാണ്. അപ്പോഴാണ് അമേരിക്കയ്‌ക്കും യൂറോപ്പും യുക്രെയ്‌നിനെ ആയുധമനിയിക്കാൻ ബില്യൺ കണക്കിന് ഡോളർ ചിലവഴിക്കാൻ തയ്യാറായത്. യുക്രെയ്ൻ ഇപ്പോൾ റഷ്യയുടെ വിയറ്റ്നാമായി മാറിയത് അങ്ങനെയാണ്.

ഉത്തര കൊറിയയെ--അവരുടെ ഭ്രാന്തമായ യുദ്ധാഭിനിവേശം അസഹ്യമായിരിക്കുമ്പോഴും--തൊടാൻ അമേരിക്ക മടിക്കുന്നതും അതിനാൽ തന്നെ.ഇന്ത്യ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് നീങ്ങുന്നു എന്നതിൻറെ സൂചനയാണ് സൈന്യത്തിൻറെ ആധുനികവൽക്കരണവും പുതിയ യുദ്ധസന്നാഹങ്ങൾക്ക് തുടക്കമിടുന്നതും. സാധുക്കൾക്ക് അന്നം നൽകാൻ ഇന്നും വിഷമിക്കുന്ന ഒരു രാജ്യത്തിന് എന്തിന് ഈ യുദ്ധസന്നാഹങ്ങൾ എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. പക്ഷേ, അതിരുകാക്കും മലകളിലേക്ക് മഞ്ഞുവീഴുന്ന രാവുകളിൽ ശത്രു പതുങ്ങിയിറങ്ങി വരുമ്പോൾ, കടലിന്നാഴങ്ങളിലൂടെ അവർ ഊളിയിട്ടെത്തുമ്പോൾ ഒരു രാജ്യത്തിന് തത്വം ഉപേക്ഷിക്കേണ്ടി വരും.

അമേരിക്കയിലെയും യൂറോപ്പിലെയും  ഇന്നും 'മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ്' എന്ന പ്രതിഭാസം പൂർണരൂപത്തിൽ ഉടലെടുത്തിട്ടില്ലാത്ത ഇന്ത്യയിൽ ഇതൊന്നും ചെറിയ കാര്യങ്ങളല്ല.സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നീറ്റിലിറക്കിയ ഐഎൻഎസ് വിക്രാന്ത് അവിടെയാണ്  ഇന്ത്യയുടെ അഭിമാനസ്തംഭവും ഇന്ത്യൻ പ്രതിരോധത്തിൻറെ സുപ്രധാന ഘടകവുമാകുന്നത്. യുദ്ധവും അതിൻറെ ഭാഗമായ പടക്കപ്പലുകളും പുരാണങ്ങളിൽ പ്രതിഫലിച്ചിരിക്കുമ്പോൾ അതിലെ മിത്തുകൾ ചരിത്രത്തിലേക്ക് ഇറങ്ങിവരുന്നുണ്ട്. ഇന്ത്യയുടെ യുദ്ധചരിത്ര യാഥാർഥ്യങ്ങളിലെ ഒരു സമകാല  മിത്താണ് ഐഎൻഎസ് വിക്രാന്ത്. അത് ഇന്ത്യൻ വികാരമാണ്. ആ യുദ്ധ മിത്തിന്റെ ഓർമകൾക്ക് പുനർജ്ജനി നൽകിയാണ് അതേപേരിൽ പുതു തലമുറ യുദ്ധയാനം ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ നേവിക്ക് സ്വന്തമായത്. പുതിയ ഐഎൻഎസ് വിക്രാന്ത് എന്ന വലിയ വിമാനവാഹിനി ഇന്ത്യ തദ്ദേശീയമായി നിർമിച്ച പടുകൂറ്റൻ പടക്കപ്പലാണ്. ഇനി ഇന്ത്യയുടെ കടലതിർത്തിയുടെ കാവൽകോട്ട ഈ പടക്കപ്പലായിരിക്കും.

തദ്ദേശീയമായി രൂപകല്പനചെയ്തു നിർമ്മിച്ചെടുത്ത ആയുധ സംവിധാനമാണ് വിക്രാന്തിലുള്ളത്. അതുമാത്രമല്ല മേന്മ; ഇന്ത്യൻ സൈന്യത്തിൻറെ കരുത്തിന്റെ, സൈനിക നിർമാണ ശക്തിയുടെ ഔന്നത്യവും പ്രാഗല്ഭ്യവുമാണ് ഇതിലൂടെ വിളിച്ചറിയിക്കപ്പെടുന്നത്. ഈ നേട്ടം നേടാൻ നാമെടുത്ത കാലയളവ് ഇന്ത്യൻ അവസ്ഥയുടെ ദയനീയത വിളിച്ചോതുന്നുണ്ടെന്ന കാര്യം മറക്കുന്നില്ല. ഇന്ത്യൻ ബ്യുറോക്രസി കാലാകാലങ്ങളായി ശീലിച്ചുപോയ കെടുകാര്യസ്ഥതയുടെയും ഇഴഞ്ഞുപോക്കിന്റെയും നേർചിത്രം. അതിനൊപ്പം വളരുന്ന അമിത ധന ബാധ്യതയുടെ ഭാരം അവർക്കൊരു പ്രശ്‌നമേയല്ല. ഇന്ത്യൻ നേവിയുടെ പുതുതലമുറയ്ക്ക് അതിവേഗം  ശത്രുക്കൾക്കെതിരെ നീങ്ങാനാവാൻ ഇപ്പോഴെങ്കിലും കഴിഞ്ഞുവെന്നതിനാൽ നമുക്കവരോട് പൊറുക്കാം.1980കളുടെ അവസാനത്തിൽ നടന്ന ലോക്‌സഭാ സമ്മേളനരേഖകളിൽ കാണും കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ വിമാന  വാഹിനി നിർമിക്കുമെന്ന പ്രഖ്യാപനം. പിന്നെയും കൊച്ചി കടലിൽ  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഏറെ ഉണ്ടായി. നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 2009ലാണ് പുതിയ  വിക്രാന്തിന്റെ പണി കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്.

എന്നിട്ടും 2022ൽ നാവിക സേനക്ക് ഈ പോരാട്ടയാനം സമ്മാനിക്കാനായതിൽ കൊച്ചി കപ്പൽശാലയ്ക്ക് അവിടുത്തെ ഏറെയും മലയാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അഭിമാനിക്കാം.ഒരു കണ്ണ് പാകിസ്ഥാന് നേരേ തുറന്നുവെച്ചാണ് എന്നും ഇന്ത്യ ചൈനയുടെ നാടകീയമായ സൈനിക നിലപാടുകളെയും വികാസത്തെയും മറുകണ്ണാൽ കണ്ടത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLAN) ലോകത്തിലെ ഏറ്റവും വലിയ നാവികപ്പടയായി മാറിയിരിക്കുന്നു. ചൈന അതിവേഗത്തിലാണ് പടക്കപ്പലുകൾ നിർമ്മിക്കുന്നത്. ഇപ്പോൾ തന്നെ ഐഎൻഎസ് വിക്രാന്തിൻറെ ഗണത്തിനും സാങ്കേതിവിദ്യാപരമായി ഏറെ മുന്നിൽ നിൽക്കുന്ന കപ്പലുകളുടെ നിര്മിതിയിലാണവർ. വെറുതെയല്ലല്ലോ, അവർ ഒരു ലോകശക്തിയായി വളർന്നത്... ചൈനയെ മലയിലും ആഴിയിലും നേരിടേണ്ട അവസ്ഥയിലാണ് ഇന്ത്യ. അതിനുള്ള അതികഠിന പരിശ്രമത്തിലാണ് ഇന്ത്യൻ കര-നാവിക സേനകൾ. ഇന്ന് രണ്ട് മുന്നണികളിലും ഇന്ത്യയോട് മല്ലിടാൻ ചൈന ഒന്ന് മടിക്കും എന്ന അവസ്ഥയായിട്ടുണ്ട്. ഒത്തിരി പ്രശ്നങ്ങളുണ്ട് ഹിമാലയൻ അതിരിൽ.

ഇന്ത്യയും ചൈനയും ബർമയും ചേരുന്ന അതിരിലെ ധോക്ക് ലാം പീഠഭൂമിയിൽ ഈയടുത്തുമുണ്ടായി ചെറിയ ഉരസൽ.ഇന്ത്യയ്ക്ക് വേണ്ടി തന്ത്രം മെനെഞ്ഞെടുക്കുമ്പോൾ വേണ്ടിവന്നാൽ ചൈനയെ ഭാവിയിൽ ഒരു നാവിക യുദ്ധത്തിൽ തോൽപ്പിച്ചെടുക്കുക എന്നതാണ് ലക്‌ഷ്യം. ഇൻഡോ-പസിഫിക്ക് സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങൾക്ക് തടയിടാൻ രൂപീകൃതമായിട്ടുള്ള നാലു രാഷ്ട്രങ്ങൾ ചേർന്നുള്ള 'ക്വാഡ്' കൂട്ടായ്മയിൽ ഇന്ത്യയ്ക്ക് കൂടുതൽ വിലയും സ്ഥാനവും നൽകിയിരിക്കുകയാണ് ഐഎൻഎസ് വിക്രാന്ത്.  അത്യാധുനിക ആയുധസന്നാഹങ്ങളുള്ള ഈ വിമാനവാഹിനി സജ്ജമായതോടെ തങ്ങൾ ഇവിടം നോക്കിക്കൊള്ളാം എന്ന് ഇന്ത്യയ്ക്ക് ഇന്ന് തന്റേടത്തോടെ പറയാമെന്നായി.ചൈനക്കാർ 2019ൽ ഷാൻഡോങ് എന്നൊരു കപ്പലിറക്കി. പൂർണമായും തദ്ദേശീയ നിർമിതി; പടക്കോപ്പുൾപ്പെടെ. വിക്രാന്തും ഷാൻഡോങ്ങും സോവിയറ്റ് കാലത്തെ രൂപകൽപ്പനയിൽ നിന്ന് മാറി ആധുനികവത്കരിക്കപ്പെട്ട് ഒഴികിയിറങ്ങിയവയാണ്. വിക്രാന്തിന് ഭാരം 45000 ടൺ. എന്നാലും ഇത്തിരി മൂത്ത ഷാൻഡോങ്ങിനെക്കാൾ കുഞ്ഞനാണ്.

രണ്ടു വിമാനവാഹിനികളിലും വിമാനങ്ങളുടെ ടേക്കിങ് ഓഫിന് ഉപയോഗിക്കുന്നത് പഴയ "സ്കൈ–ജമ്പ്” എന്ന തന്ത്രമാണ്.ഇന്ത്യയും ചൈനയും സ്വതന്ത്രമായി നാവിക രംഗത്ത് തദ്ദേശീയമായി കപ്പൽ രൂപകൽപ്പനയിലും നിർമാണത്തിലും മുന്നേറ്റം നടത്തുന്നു. പക്ഷേ, വമ്പൻ യുദ്ധക്കപ്പലുകൾ രൂപകൽപന ചെയ്‌ത്‌ നിർമ്മിച്ചെടുക്കുന്നതിൽ ഇന്ത്യയുടെ നില ചൈനയേക്കാൾ പിന്നിലാണ്. കാര്യങ്ങൾ നിർവഹിക്കുന്നതിൽ ഇന്ത്യ വരുത്തുന്ന മെല്ലെപ്പോക്കാവാം വലിയ സ്വപ്‌ന നിറവുകൾക്ക് ഇരുളിമ പകരുന്നത്. ഇന്ത്യ വിക്രാന്തിനു കീലിടുന്നത് 2009ൽ. ചൈന അവരുടെ ഷാൻഡോങിന് കീലിടുന്നത് 2015ൽ. വിക്രാന്ത് കമ്മീഷൻ ചെയ്‌തത്‌ പതിമൂന്നു വർഷം കഴിഞ്ഞു 2022സെപ്റ്റംബറിൽ. ചൈനയുടെ ഷാൻഡോങ് 2019 സെപ്റ്റംബറിൽ നീരണിഞ്ഞു ചൈനയുടെ കപ്പൽ പടയിൽ ചേർന്നു. പടക്കപ്പലുകൾ നിർമ്മിക്കുന്നതിൽ  ചൈന അയൽരാഷ്ട്രമായ ഇന്ത്യയേക്കാൾ വലിയ ലക്ഷ്യമാണ് കൈവരിക്കുന്നത്.

2035 ആവുമ്പോൾ ഏറ്റവും ആധുനികമായ ആറു വിമാനവാഹിനികളുമായി ചൈനയുടെ നാവിക സൈന്യത്തെ സജ്ജമാക്കുവാനാണ് അവരുടെ ലക്ഷ്യം.ചൈന ഇക്കഴിഞ്ഞ ജൂണിൽ 'ഫ്യൂജിയാൻ' എന്നൊരു കപ്പലിറിക്കി. ഹൈടെക് വിമാനവാഹിനി. അമേരിക്കക്ക് പുറത്തു ആദ്യമായി നിർമ്മിക്കപ്പെടുന്ന ഒരു സൂപ്പർ കാരിയർ ആണ്  ഫ്യൂജിയാൻ എന്ന ചൈനയുടെ ഈ പുതുമുറക്കാരൻ. വിക്രാന്തിനേക്കാൾ അതികേമൻ. ഒരുപാട് വിമാനങ്ങൾക്കു  അതിൻ്റെ  തട്ടിൽ ഇറങ്ങാം. പറന്നുയരാൻ ഇലെക്ട്രോ മാഗ്നെറ്റിക് സിസ്‌റ്റം. വമ്പൻ വിമാനങ്ങൾ നിറയെ ഇന്ധനം നിറച്ചു വന്നാലും ഫ്യൂജിയാൻറെ തട്ട് അവരെയൊക്കെ താങ്ങും. അത്രയും വലിയ ചുറ്റുവട്ടമാണ് ഫ്യൂജിയാനുള്ളത്.

ഇന്ത്യയുടെ  മുന്നേറ്റം വരുന്നതേയുള്ളു. നിരവധി യുദ്ധക്കപ്പലുകളുടെ നിർമ്മാണം വ്യത്യസ്ത  കപ്പൽശാലകളിലായി നടക്കുകയാണ്. മുപ്പത്തൊമ്പതു കപ്പലുകളും അന്തർവാഹിനികളും നിർമാണത്തിലാണ്. ചൈനയുടെ ഫ്യൂജിയാൻ എന്ന വമ്പനെ എതിരിടാൻ തക്ക കരുത്ത് നേടാനാണ് ഇന്ത്യയുടെ ശ്രമം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി 'വേഗത പോരാ, പോരാ' എന്ന വികാരം ശക്തിപ്പെടുക കൂടെ ചെയ്യുമ്പോൾ ഇന്ത്യ അദ്‌ഭുതങ്ങൾ കാട്ടുക തന്നെ ചെയ്യും.വിക്രാന്തിന്റെ ഉന്നങ്ങൾ ഉന്നതമാണ്. അതിനൊപ്പം ഇന്ത്യയുടെ പുതിയ നാവിക തലമുറ വരികയാണ്. നിരീക്ഷകർ പറയുമ്പോലെ ഫ്യൂജിയാന് പിന്നാലെ വരാൻ പോകുന്ന പടക്കപ്പലിൽ ചൈന ആണവ ആയുധങ്ങളുടെ കരുത്തു കയറ്റുമോയെന്ന ചോദ്യം ഇന്ത്യൻ നാവിക സേനയുടെ പുതിയ കാഴ്ച്ചകളിലുണ്ട്‌. ബ്രമോസ് ആന്റി ഷിപ്പ് ക്രൂയിസ് മിസൈൽ സംവിധാനവും ഒപ്പം വെച്ച് മുയലുറക്കം കളഞ്ഞ് ഇന്ത്യൻ നാവികസേന മുന്നോട്ടു കപ്പലോട്ടം നടത്താൻ ഒരുങ്ങിവരുന്നു. നാം മുന്നോട്ട് കുതിക്കുകയാണ്.