ബ്രിട്ടൻ മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേക്ക്


AUGUST 2, 2019, 2:34 PM IST

ബ്രെക്‌സിറ്റിൽ തട്ടി കാലിടറി വീണ തെരേസ മേ ഇപ്പോൾ ഊറിച്ചിരിക്കുന്നുണ്ടാവണം. അവർക്ക് പകരം പ്രധാനമന്ത്രി പദത്തിലെത്തിയ ബോറിസ് ജോൺസൺ ബ്രെക്‌സിറ്റ് തീരുമാനത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. യൂറോപ്യൻ യൂണിയൻ അധികാരികളാകട്ടെ യൂണിയന്റെ രാഷ്ട്രീയാതിരുകൾ വിട്ടാലും ബ്രിട്ടൻ യൂറോപ്യൻ കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി തന്നെയും ഈ വിഷയത്തിൽ രണ്ട് തട്ടിലാണ്. എന്നുവച്ചാൽ ബ്രിട്ടനിൽ ഇനിയും നാടകീയമായി പലതും നടക്കാനുണ്ടെന്നാണ്; ഒരുപക്ഷേ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പോലും.

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിഒരു വീമ്പ് പറച്ചിലുകാരനാണ്. യൂറോപ്യൻ യുണിയനോട് ഒരിക്കലും സമാധാന പൂർണ്ണമായ ഒരു സമീപനം അദ്ദേഹം  സ്വീകരിച്ചിട്ടില്ല. ആവശ്യമെങ്കിൽ, എന്ത് വില നൽകേണ്ടിവന്നാലും ഒരു കരാറും കൂടാതെ തന്നെ 100  ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് അദ്ദേഹം നൽകിയിട്ടുള്ള വാഗ്ദാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിൽ എത്തിയാൽ ബോറിസ് ജോൺസന്റെ നിലപാട് അൽപ്പം മയപ്പെടുമെന്നും അനുരജ്ഞനപരമായ സമീപനം സ്വീകരിക്കുമെന്നുമാണ്  പലരും കരുതിയിരുന്നത്.

എന്നാൽ കഴിഞ്ഞ ബുധനാഴ്ച സ്വീകരിച്ച നടപടിയിലൂടെ ആ പ്രതീക്ഷകളെയെല്ലാം ജോൺസൺ തകർത്തുകളഞ്ഞു.

മുൻഗാമിയായ തെരേസ മേയുടെ കാബിനറ്റിൽ ഉണ്ടായിരുന്നവരിൽ പകുതിയോളം പേരെയും അദ്ദേഹം ഒഴിവാക്കി. അതിന്റെ വ്യാപ്തിയും അത് നൽകിയ സന്ദേശവും പലരെയും ഞെട്ടിക്കുകതന്നെ ചെയ്തു. പാർലമെന്റിൽ ഇതുസംബന്ധിച്ച് ജോൺസൻ നടത്തിയ പ്രഖ്യാപനം അദ്ദേഹം തന്റെ നിലപാട് വീണ്ടും കടുപ്പിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒന്നായിരുന്നു. ഒരു കരാറും കൂടാതെ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ പാർലമെന്റ് എതിർക്കുന്ന പക്ഷം ഒരു പൊതു തെരെഞ്ഞെടുപ്പിനു താൻ സന്നദ്ധനായേക്കുമെന്ന സന്ദേശമാണ് ഇതോടെ അദ്ദേഹം നൽകിയത്. മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ നിയമിച്ച ജോൺസൻ, യൂറോപ്യൻ യൂണിയന്റെ മുഖ്യ കൂടിയാലോചനക്കാരനായ മൈക്കൽ ബാർനിയർക്കു മുമ്പാകെ കടുത്ത ആവശ്യങ്ങളാണ് ഉന്നയിച്ചത്. 'അസ്വീകാര്യം' എന്ന് ഉടൻതന്നെ ബർണിയരുടെ പ്രതികരണവുമുണ്ടായി.

ഐറിഷ് അതിർത്തിയിലൂടെ സാധനങ്ങളുടെ സ്വതന്ത്ര പ്രവാഹം ഉറപ്പു വരുത്തുന്ന 'ബാക് സ്റ്റോപ്പ്' പദ്ധതി റദ്ദാക്കണമെന്ന ആവശ്യമായിരുന്നു അതിലൊന്ന്.പിന്മാറ്റ കരാറിലെ ഒരു പ്രധാന വ്യവസ്ഥയാണത്. ഈ  സാഹചര്യത്തിൽ ഒരു കരാറും കൂടാതെ തന്നെ പുറത്തു കടക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അതേസമയം യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ  ജോൺസൻ ഉറപ്പു നൽകിയിട്ടുമുണ്ട്. പിന്മാറ്റത്തിനുള്ള ഒരു പുതിയ കരാർ രൂപപ്പെടുന്നതിനുള്ള വിദൂര സാധ്യതപോലും ഇല്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.

തെരേസ മേ രൂപപ്പെടുത്തിയ പിന്മാറ്റ കരാറുകൾ മൂന്നു തവണ ബ്രിട്ടീഷ് പാർലമെന്റ് നിരാകരിച്ചു. അതേസമയം ഒരു കരാറും കൂടാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ പാർലമെന്റ് അനുകൂലിക്കുന്നതുമില്ല. മൂന്നു വർഷക്കാലം പാർലമെന്റുമായി മല്ലടിച്ച മേയ്ക്ക് ശേഷം വലിയ വായിൽ വർത്തമാനം പറഞ്ഞ് രംഗത്തുവന്ന ജോൺസൻ അണികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്.ബ്രിട്ടന്റെ മറ്റൊരു 'സുവർണ്ണ യുഗം' തുടങ്ങുകയാണെന്നും 2050 ആകുമ്പോഴേക്കും യൂറോപ്പിലെ ഏറ്റവും വലുതും ശക്തവുമായ സമ്പദ്ഘടനയാക്കി ബ്രിട്ടീഷ് സമ്പദ്ഘടനയെ മാറ്റുമെന്നുമാണ് അദ്ദേഹം നൽകിയിട്ടുള്ള വാഗ്ദാനം. എന്നാൽ ബ്രെക്‌സിറ്റ് കടുപ്പമേറിയ ഒരു കടമ്പയാണ്. പാർലമെന്റിലാകട്ടെ നേരിയ ഭൂരിപക്ഷം മാത്രമേ അദ്ദേഹത്തിനുള്ളു. പൊതു തെരെഞ്ഞെടുപ്പ് ഗവണ്മെന്റിന്റെ ഒരു ലക്ഷ്യമല്ലെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ ഭരിക്കാൻ കഴിയില്ലെന്ന് ഹൗസ് ഓഫ്‌കോമൺസിന്റെ പുതിയ നേതാവായ ജേക്കബ് റീസ് മോഗ്ഗ് പറയുന്നു.

രാജ്യം അതിന്റെ ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നാണ് പുതിയ കാബിനറ്റിന്റെ ആദ്യ യോഗത്തിൽ ജോൺസൻ പറഞ്ഞത്. 'ഒക്ടോബർ 31നോ അതിനു മുമ്പ് തന്നെയോ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന് നമ്മളെല്ലാം തീരുമാനിച്ചിട്ടുള്ള കാര്യമാണ്. അതിൽ ഇനി ഒരു പക്ഷെയുമൊന്നുമില്ല,' അദ്ദേഹം പറഞ്ഞു. ഡൗണിങ് സ്ട്രീറ്റിന് പുറത്തും ജോൺസൻ പറഞത് അതേ കാര്യം തന്നെയാണ്. ഈ ലക്ഷ്യത്തിനായി കാബിനറ്റ് അംഗങ്ങളെല്ലാം നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഒരു കരാറുമില്ലാതെ പുറത്തുവരുന്നത് ദോഷം ചെയ്യുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അതൊന്നും പ്രശ്‌നമാക്കില്ലെന്നും ജോൺസൻ വ്യക്തമാക്കി.

പിന്മാറ്റ കരാർ വീണ്ടും ചർച്ച ചെയ്യുന്ന പ്രശ്‌നമില്ലെന്ന് യൂറോപ്യൻ കമ്മീഷന്റെ വക്താവ് വ്യക്തമാക്കി. വളരെ പ്രക്ഷുബ്ധമായ മാസങ്ങളാണ് അടുത്തുവരുന്നതെന്നാണ് അത് നൽകുന്ന സൂചന. ഒരു കരാറും കൂടാതെ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ പാർലമെന്റ് തടയുന്ന പക്ഷം ഒരു പൊതുതെരഞ്ഞെടുപ്പലേക്കു പോകാൻ തയ്യാറെടുത്തുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് ജോൺസൻ നടത്തിയത്. യൂറോപ്യൻ യുണിയനുമായുള്ള ബന്ധം പാടെ വച്ഛേദിക്കണമെന്നു ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുള്ള ബ്രെക്‌സിറ്റ്  പാർട്ടി നേതാവ് നീൽ ഫരാജ് ഉയർത്തുന്ന വെല്ലുവിളികളെയും നേരടേണ്ടതുണ്ട്.

മന്ത്രിസഭാ പുനസംഘടനയിലൂടെ യൂറോപ്യൻ യൂണിയനും  ശക്തമായ ഒരു സന്ദേശമാണ് ജോൺസൻ നൽകിയിട്ടുള്ളത്. ആവശ്യമെങ്കിൽ കരാറൊന്നും കൂടാതെതന്നെ തന്റെ ഗവണ്മെന്റ് യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങും. ഇതുവരെയും വിസമ്മതിച്ചിരുന്ന ചില സൗജന്യങ്ങൾ നൽകാൻ യൂറോപ്യൻ യൂണിയനെ അത് പ്രേരിപ്പച്ചേക്കുമെന്നു കരുതുന്ന ശുഭാപ്തി വിശ്വാസികളുമുണ്ട്. മേയുമായി രൂപപ്പെടുത്തിയ കരാർ പുനരാലോചിക്കാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധമായാൽ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. ഐറിഷ് ബാക് സ്റ്റോപ്പ് വ്യവസ്ഥ ഉൾപ്പെടുന്ന കരാറാണത്. അതിൽ പന്നോക്കം പോകുന്നതിന്റെ  ഒരു സൂചനയും ഇതുവരെയില്ല.