''ഞാന്‍ ഹെന്റി കിസിംഗര്‍ ആയിരുന്നെങ്കില്‍ 'ഓണ്‍ ഇന്ത്യ' എന്നൊരു ഗ്രന്ഥം എഴുതുമായിരുന്നു. രാജ്യം എന്ന നിലയിലും ഏഷ്യയിലും ആഗോളതലത്തിലുമുള്ള പ്രധാന കളിക്കാര്‍ എന്ന നിലയിലും ധനൈശൈ്വര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റം അത്ര ബൃഹത്താണ്. മോദി എന്നത് പാകിസ്ഥാനില്‍ നിന്ദ്യമായ പേരായിരിക്കാം, പക്ഷേ തനിക്കു മുമ്പ് ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യാന്‍ അദ്ദേഹത്തിനായി. തോന്നുന്നതെന്തും, ആവശ്യമായ പരിധി വരെ, ഇന്ത്യ ചെയ്യുന്നു. അതെല്ലാം നിയമാനുസൃതമായി തുടരുകയും ചെയ്യുന്നു. ഇന്ത്യ ഇന്ന് യുഎസിന്റെ സഖ്യകക്ഷിയാണ്; അമേരിക്കയ്ക്കെതിരെ നിരന്തരം പരാതിപ്പെടുന്നതില്‍ നിയന്ത്രണംവിടുന്ന പാക്കിസ്ഥാനികള്‍ നേടിയെടുക്കേണ്ട കാര്യം. നമ്മുടെ നില നാം വിലയിരുത്തുന്നത് മിഥ്യാബോധത്തോടും വഞ്ചനാപരമായിട്ടുമാണ്.
അമേരിക്ക ഇന്ത്യയുമായി ഇടപെടുമ്പോള്‍ അതിനെ അപകീര്‍ത്തിപ്പെടുത്തുന്നത് ജനപ്രിയ വിനോദമായി നാം കൊണ്ടുനടക്കുന്നു, ഇരട്ട സംസാരം കലയായി ഉപയോഗിക്കുകയും ചെയ്യുന്നു. റഷ്യ അമേരിക്കന്‍ ഉപരോധത്തിനു കീഴിലാണ്, ഇന്ത്യയൊഴികെ മറ്റാര്‍ക്കും റഷ്യയുമായി സ്വതന്ത്രമായി വ്യാപാരം നടത്താന്‍ കഴിയില്ല. അവര്‍ ഉദാര വ്യവസ്ഥകളില്‍ റഷ്യന്‍ എണ്ണ വാങ്ങുകയും അത് കയറ്റുമതി ചെയ്ത് ഡോളര്‍ സമ്പാദിക്കാന്‍ പഴയ രക്ഷാധികാരിയെ പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യ തങ്ങളുടെ സഖ്യകക്ഷിയാണെന്ന് ലോകത്തിലെ രണ്ട് എതിര് സൈനിക വന്‍ശക്തികള്‍ അവകാശപ്പെടുന്നു. ഇത് നയതന്ത്ര അട്ടിമറിയല്ലെങ്കില്‍, പിന്നെന്താണ്?'' പ്രമുഖ പാക്കിസ്താനി രാഷ്ട്രീയ, പ്രതിരോധ സുരക്ഷാ അനലിസ്റ്റ് ഷഹ്സാസ് ചൗധരി 'ദ എക്സ്പ്രസ് ട്രൈബ്യൂണി'ല്‍ എഴുതിയ ഓപ്-എഡില്‍ ചോദിക്കുന്നു.ഇതെല്ലാം പ്രസക്തി എന്ന ഒറ്റ വാക്കില്‍ നിന്നാണ് വരുന്നത്.
ഇന്ത്യ ലോകത്തിന് പ്രസക്തമാണ്, വലുപ്പവും ചുറ്റളവും കൊണ്ടു മാത്രമല്ല, അതു നേടിയ ഫുട്പ്രിന്റുകൊണ്ടും. യുകെയെ മറികടന്ന് അത് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. 2037ഓടെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനാണ് ലക്ഷ്യമിടുന്നത്. 600 ബില്യണ്‍ ഡോളറിലധികം വിദേശനാണ്യ കരുതല്ശേഖരവുമായി അത് ലോകത്ത് നാലാമതാണ്. പാക്കിസ്ഥാന്റെ കൈവശം നിലവില്‍ 4.5 മാത്രമാണ്. 1992ല്‍ 9.2 ബില്യണായിരുന്ന ഇന്ത്യയുടെ കരുതല്‍ ശേഖരം 2004ല്‍ 100 ബില്യണായി കുതിച്ചു. മന്മോഹന് സിങ്ങിന്റെ കീഴില്‍ 2014ഓടെ അത് 252 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മോദിയുടെ കീഴില്‍ 600 ബില്യണ്‍ ഡോളറായി. ജിഡിപി മൂന്നിലധികം ട്രില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയെ നിക്ഷേപകര്‍ക്കെല്ലാം ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്ന മഹത്തായ പുരോഗതിയാണിത്. പാക്കിസ്ഥാന്റെ സഹോദര രാജ്യമായ സൗദി അറേബ്യ ഇന്ത്യയില്‍ 72 ബില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചപ്പോള്‍, വാഗ്ദാനം ചെയ്ത 7 ബില്യണ്‍ നിക്ഷേപത്തിനായി പാക്കിസ്ഥാന് യാചിക്കുകയാണ്.
ചൈന കഴിഞ്ഞാല്‍ ജിഡിപിയിലെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച പ്രകടനം കാഴ്ചവച്ച സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ആ പാതയില്‍ത്തന്നെ അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ആര്‍മിയും മൂന്നാമത്തെ വലിയ മിലിട്ടറിയുമാണ് ഇന്ത്യയ്ക്കുള്ളത്. ഈ അക്കങ്ങളുമായി പൊരുത്തപ്പെടുന്ന ശക്തമായിരിക്കില്ല; പക്ഷേ അത് ശേഷിയും കഴിവും അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പാതയിലാണ്.ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 140 ഇന്ത്യക്കാരുണ്ട്, അതില്‍ നാല് പേര് ആദ്യ 100ല്‍ ഇടംപിടിച്ചു. സ്റ്റീല്‍ ഭീമനാണ് മിത്തല്‍. പ്രതിരോധം മുതല്‍ ടെലികോം വരെ വ്യത്യസ്തമായ ഒന്നിലധികം വ്യവസായങ്ങള്‍ അംബാനികള്‍ നടത്തുന്നു. ഐടി ഭീമനായ ഇന്‍ഫോസിസ് ആഗോള നാമമാണ്. അങ്ങനെ പലതും. ഐടി വ്യവസായത്തില്‍ മാത്രമല്ല, കാര്‍ഷികോല്‍പ്പാദനത്തിലും ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നു. ഏക്കര്‍ വിളവ് ലോകത്തിലെ ഏറ്റവും മികച്ചതുമായി പൊരുത്തപ്പെടുന്നു.
1.4 ബില്യണിലധികം ജനങ്ങളുള്ള രാജ്യമാണെങ്കിലും, താരതമ്യേന സുസ്ഥിരവും പൊരുത്തമുള്ളതും പ്രവര്‍ത്തനക്ഷമവുമായ ജനാധിപത്യമായി ഇന്ത്യ തുടരുന്നു. അവരുടെ ഭരണസംവിധാനം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുകയും, ദൃഢമായ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ അടിസ്ഥാനകാര്യങ്ങളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ഇന്ത്യ ഏറ്റവും കാര്യക്ഷമമായി അല്ലെങ്കില്‍ ഏറ്റവും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന സമൂഹമായിരിക്കില്ല, എന്നാല്‍ ഒരു രാഷ്ട്രത്തെ ദൃഢമാക്കുന്നതിന് വഴിയൊരുക്കിയ നങ്കുരങ്ങളില് അത് മുറുകെ പിടിച്ചിരിക്കുന്നു. പലര്‍ക്കും അത് വേണ്ടത്ര മതേതരമല്ലായിരിക്കാം, അധികാരം കൈയാളുന്നവരുടെ മനോഭാവവും അങ്ങനെയായിരിക്കാം. എങ്കിലും ഭരണഘടന ഇപ്പോഴും മതേതരമായി നിലനില്ക്കുന്നു.ഇന്ത്യയുടെ ഔന്നത്യം അമിതമായി പ്രകടമാക്കാനുള്ള പ്രവണത ഇന്ത്യന്‍ എഴുത്തുകാര്‍ക്കുണ്ട്. എങ്കിലും സാമ്പത്തിക ശക്തിയിലും സൈനിക അഹങ്കാരത്തിലും രാഷ്ട്രീയ സ്വാധീനത്തിലും ഏറ്റവുമധികം ആധിപത്യം പുലര്‍ത്തുന്ന രണ്ട് രാഷ്ട്രങ്ങള്‍ - ചൈനയും ഇന്ത്യയും - ഈ നൂറ്റാണ്ടില്‍ ഏഷ്യയെ നിര്വചിക്കുമെന്നതില് സംശയമില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിടവ് ഇപ്പോള്‍ നികത്താനാവാത്തതാണ്. ദക്ഷിണേഷ്യയില്‍ കെട്ടിയിടുകയും ആഗോള കാഴ്ചപ്പാടുകളില്‍ പാക്കിസ്ഥാനുമായി ഹൈഫനേറ്റ് ചെയ്യുകയും ചെയ്തിരുന്ന ചങ്ങലയില്‍നിന്ന് ഇന്ത്യ സ്വതന്ത്രമായി. രാജീവ് ഗാന്ധി മുതല്‍ മോദി വരെ ഇന്ത്യന്‍ വിദേശനയം പാകിസ്ഥാനില്‍നിന്ന് വ്യക്തമായി അകലുകയായിരുന്നു. അത് ഇന്ത്യയുടെ ക്ലൗട്ട് ദക്ഷിണേഷ്യ വിട്ട് ഏഷ്യയിലാകെ വര്‍ദ്ധിപ്പിച്ചു. മുഖം രക്ഷിക്കുന്നതിന് നാം ഇന്ത്യയ്ക്കെതിരെ ചൈനയെ ചേര്ത്തുനിറുത്തുമ്പോഴും അതു പരിഗണിക്കാതെ, ഇന്ത്യയും ചൈനയും ഇപ്പോള്‍ 100 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലുള്ള വ്യാപാരമാണ് നടത്തുന്നത്. അതു വേഗത്തില്‍ 500 ബില്യണിലേക്ക് ഉയര്‍ത്തുക എന്ന പൊതു ലക്ഷ്യം അവരെ ബന്ധിപ്പിക്കുന്നു.സമ്മതിക്കാന്‍ ഇഷ്ടമില്ലെങ്കിലും കശ്മീറിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഇന്ത്യ രാഷ്ട്രീയമായി പാകിസ്ഥാനെ കടത്തിവെട്ടി. ജനസംഖ്യാപരമായ സാഹചര്യം അനുകൂലമാക്കാന്‍ ക്രമാനുഗതമായ പരിവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നു. ധിക്കാരികളായ കശ്മീരികളുടെ പഴയ തലമുറ പിന്‍വാങ്ങുമ്പോള്‍, യുവതലമുറ പ്രശ്നങ്ങളെ വൈകാരിക പ്രേരണ കുറച്ച് തൂക്കിനോക്കുന്നു. പാക്കിസ്ഥാന്റെ തത്വാധിഷ്ഠിത നിലപാട് അതേപടി നിലനില്‍ക്കുമെങ്കിലും, അയല്പക്കത്ത് നടക്കുന്ന ഈ അപാരമായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍നിന്ന് പ്രയോജനം നേടുന്നതിന് മാറ്റം ആവശ്യമാണ്.
സുസ്ഥിരവും സാമ്പത്തികമായി ഉന്മേഷവും ഉള്ളവരായിരിക്കുമ്പോള്‍ മാത്രമേ നാം മെച്ചപ്പെടുകയുള്ളു. വാചാടോപം ഒഴിയേണ്ട സമയം.ഇന്ത്യയുടെ ആഗോള കാല്‍പ്പാട് എടുത്തുപറയേണ്ടിയിരിക്കുന്നു. അത് ജി7-ലേക്ക് ക്ഷണിക്കപ്പെടുന്നു, ജി20യില്‍ അംഗവുമാണ്. കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, സാങ്കേതിക നുഴഞ്ഞുകയറ്റം എന്നിവയുടെ സമയങ്ങളില്‍ തുല്യമായ പുരോഗതിക്ക് നിര്‍ണായകമായ ഘടകങ്ങളെ അത് നയിക്കുന്നു. വിദേശനയത്തില്‍ സ്വന്തം ഡൊമെയ്ന്‍ സ്ഥാപിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് ഇതിനുണ്ട്, അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ വെറുപ്പ് തോന്നിക്കുംവിധം അത് അഹങ്കാരിയായി കാണപ്പെടുന്നു, എന്നാല്‍ സ്വന്തം സാന്നിധ്യം ഉറപ്പിക്കാന്‍ അതിന് ഇടമുണ്ടെന്ന് തെളിയിക്കുന്നു. അത് വിദേശനയം സമര്‍ത്ഥമായി കൊണ്ടുപോകുന്നു. സ്വാധീനത്തിന്റെയും ആഘാതത്തിന്റെയും വിശാലമായ വല വീശാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മോദി രാജ്യത്തെ കൊണ്ടുവന്നു. 'ഇന്ത്യയോടുള്ള നമ്മുടെ നയം പുനഃക്രമീകരിക്കാനും ചൈനയെ ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര സമവായം സൃഷ്ടിക്കാനുമുള്ള ധൈര്യം കാട്ടാനുമുള്ള സമയമായി. അല്ലെങ്കില്‍ നമ്മള് ചരിത്രത്തിന്റെ അടിക്കുറിപ്പായി ചുരുങ്ങിപ്പോയേക്കാം' എന്നു പറഞ്ഞാണ് ചൗധരി ഓപ്-എഡ് അവസാനിപ്പിക്കുന്നത്.
പാക്കിസ്ഥാനില്‍ ചിലരെങ്കിലും മാറി ചിന്തിച്ചുതുടങ്ങി എന്നതിന്റെ തെളിവാണിത്. യുദ്ധങ്ങള്‍ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതും മറ്റൊന്നല്ല. പക്ഷേ, ഷെറീഫ് നയിക്കുന്ന കൂട്ടുകക്ഷി ഭരണകൂടത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ കെല്പില്ല. സര്‍ക്കാര്‍ സമ്മതിച്ചാലും ഭീകരസംഘടനകളും സൈന്യവും സമ്മതിക്കില്ല. മൂന്നുതവണ അധികാരം പിടിച്ച സൈന്യം ജനായത്ത ഭരണകൂടങ്ങളെ എന്നും നിയന്ത്രിച്ചുപോന്നു. അവ ജനങ്ങളെ എക്കാലവും അവഗണിക്കുകയായിരുന്നു.മതത്തിന്റെ പിരിലുള്ള വിഭജനത്തിനു ശേഷം സഹവര്ത്തിത്തിനോ സഹകരണത്തിനോ പാക്കിസ്ഥാന് ശ്രമിച്ചില്ലെന്നു മാത്രമല്ല, ഇന്ത്യയെ തോല്പിക്കാനാണ് ശ്രമിച്ചത്. മൂന്നു യുദ്ധങ്ങള്‍ നടത്തി. മൂന്നിലും പരാജയപ്പെട്ടു. രണ്ടാമത്തെ യുദ്ധത്തില്‍ രാജ്യംതന്നെ രണ്ടായി. പിന്നെ ഭീകരരെ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു. അതിപ്പോഴും തുടരുന്നു.
സൈനിക സാമഗ്രികള്‍ക്കായി വന്‍തുക ചെലവഴിക്കുന്നു. ഇതെല്ലാം രാജ്യത്തെ പാപ്പരാക്കി. കടംവീട്ടാന്‍ ലോകമെങ്ങും ഇരക്കുകയാണ് ആ രാജ്യം. വിലക്കയറ്റം അതിരൂക്ഷമാണ്. പണപ്പെരുപ്പ സമ്മര്‍ദ്ദവും, ഭക്ഷണവും മരുന്നും പോലുള്ള അടിസ്ഥാന സാധനങ്ങളുടെ ദൗര്‍ലഭ്യവും നേരിടുന്നു. ഗോതമ്പ് ചാക്കിനായി ആളുകള്‍ പോരാടുന്നതിന്റെയും ഭക്ഷണത്തിനായി തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെയും വീഡിയോകള്‍ വൈറലാണ്. ഗോതമ്പും മാവും കയറ്റിയ മിനി ട്രക്കുകള്‍ക്ക് സായുധരായ ഗാര്‍ഡുകളുടെ അകമ്പടി വേണം.