കേംബ്രിജില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മാത്രമല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും രംഗത്തെത്തി. 'ലണ്ടന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണെ'ന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേംബ്രിജ് സര്‍വകലാശാലയിലെ പ്രസംഗത്തിനിടെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ആഗോള വേദികളില്‍ ഇന്ത്യയുടെ ആധിപത്യം വളരുമ്പോള്‍ ചിലര്‍ വിദേശത്തു ചെന്ന് രാജ്യത്തെ വിമര്‍ശിക്കുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി രാജ്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
രാജ്യത്തെ ശക്തമായ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാരെ ജയിക്കാന്‍ അനുവദിക്കരുതെന്നും യോഗി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അദ്ദേഹം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തെയാണ് സൂചിപ്പിക്കുന്നതാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. 'ഇന്ന് രാജ്യം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. അതിനെ മാനിക്കുന്നതിനു പകരം, രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്, 2024ല്‍ വീണ്ടും പരാജയപ്പെടുമെന്ന ഭയം അദ്ദേഹത്തിനുണ്ടെന്നതാണ്,' 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി പറഞ്ഞു.ഇന്ത്യ സാമ്പത്തികമായി ശക്തിപ്രാപിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന, വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും അതിന്റെ ജനാധിപത്യത്തിന്റെ ശക്തിപ്പെടലും തമ്മില്‍ ബന്ധമൊന്നുമില്ല.
അന്തര്‍ദ്ദേശീയ തലത്തില്‍ രാജ്യത്തിനു ലഭിക്കുന്ന പ്രാധാന്യവും ജനാധിപത്യത്തിന്റെ അവസ്ഥയും തമ്മിലും ബന്ധമില്ല. രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അതിന് സ്ഥാനം ലഭിക്കുക സ്വാഭാവികമാണ്. സാമ്പത്തികമായി എത്ര ഉയരുന്നോ അത്രയും സ്ഥാനം അതിനു ലഭിച്ചുകൊണ്ടിരിക്കും.1970കളുടെ തുടക്കത്തില്‍ അതുവരെ ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയെ അമേരിക്ക കൈനീട്ടി സ്വീകരിച്ചത് അവര്‍ സാമ്പത്തിക ശക്തി പ്രകടമാക്കിയതുകൊണ്ടാണ്. 1972 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍ ചൈനയിലെത്തി ചെയര്‍മാന്‍ മാവോ സെഡോങ്ങിന് ഹസ്തദാനം നടത്തി. അതുവരെ ചൈനയായി കണക്കാക്കിയിരുന്ന തായ്വാനെ തഴഞ്ഞ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിച്ചു. ചൈന ദരിദ്രരാഷ്ട്രമായിരുന്നെങ്കില്‍ ഇങ്ങനെയൊരു നീക്കം അമേരക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല. എന്തിനേറെ പറയുന്നു, ഇന്ത്യ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും കണ്ണില്‍ പെട്ടുതുടങ്ങിയത് 1991ല്‍ നരസിംഹറാവു ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടപ്പാക്കി സാമ്പത്തികമായി വളരാന്‍ തുടങ്ങിയതോടെയാണ്.ഒരു രാജ്യം സാമ്പത്തികമായി പുരോഗതി പ്രാപിക്കുന്നു എന്നത് അതിന്റെ ജനാധിപത്യത്തിനുള്ള സാക്ഷിപത്രമല്ല.
മോദി ഗവണ്മെന്റിന്റെ കീഴില്‍ ഇന്ത്യ സാമ്പത്തികമായി വളരെയേറെ വളര്‍ന്നിട്ടുണ്ട്. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ അതോടൊപ്പം ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മുസ്ലീം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കല്‍, ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ്പരിവാര്‍ ആശയഗതി പിന്തുടരുന്നവരെ നിയമിച്ച് അവയെ നിയന്ത്രണത്തിലാക്കല്‍, ചില വിഭാഗങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം, രാജ്യദ്രോഗഅക്കുറ്റം ചുമത്തി വിമര്‍ശകരെ അറസ്റ്റ് ചെയ്ത് വിചാരണകൂടാതെ വര്‍ഷങ്ങളോളം തടവില്‍ വയ്ക്കല്‍ തുടങ്ങിയവയും അഭംഗുരം നടക്കുന്നുണ്ട്. ഇതൊക്കെ ജനാധിപത്യത്തെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നത് എന്ന് ചിന്തിക്കണം. പ്രധാന മന്ത്രിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യുന്ന നാട്ടില്‍ എന്ത് ജനാധിപത്യം?തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ഒരു പാര്‍ട്ടിക്കു കഴിയുന്നു എന്നതും ജനാധിപത്യത്തിന്റെ ഉരകല്ലല്ല. ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പണശ്ക്തിയും പേശീബലവും തെരഞ്ഞടുപ്പു വിജയങ്ങള്‍ക്ക് ഹേതുവാണ്. ഇവയെല്ലാം ബിജെപിക്ക് വേണ്ടുവോളമുണ്ട്. അതുപോലെ തന്നെയാണ് പ്രതിപക്ഷത്തിന്റെ കഴിവുകേടുകളും. പ്രതിപക്ഷ പാര്‍ട്ടികളില്‍ അഖിലേന്ത്യാ പാര്‍ട്ടി എന്നു വിളിക്കാന്‍ അര്‍ഹതയുള്ള ഒരേ ഒരു പാര്‍ട്ടേയേ ഉള്ളു - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ബാക്കിയെല്ലാം പ്രാദേശിക പാര്‍ട്ടികളാണ്. അവയുടെ നേതാക്കളില്‍ ചിലര്‍ പ്രധാനമന്ത്രിപദം മോഹിക്കുന്നവരാണ്; പക്ഷേ, അവ ഒരിക്കലും യോജിക്കില്ല; അതിനാല്‍ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ കെല്പുമില്ല.കോണ്‍ഗ്രസാകട്ടെ വൃദ്ധയായ ഒരു മാതാവും കാര്യഗൗരവം ഇല്ലാത്ത് രണ്ടു മക്കളും ചേര്‍ന്നു നടത്തുന്ന കൂട്ടുകച്ചവടമാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ല, പക്ഷേ അവരാണ് പാര്‍ട്ടിയുടെ എല്ലാമെല്ലാം. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് ഒരു വൃദ്ധനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്തിനെന്ന് ആര്‍ക്കും അറിയില്ല. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ, കഴിഞ്ഞ 9 വര്‍ഷമായി തെരഞ്ഞെടുപ്പുകള്‍ ഓരോന്നായി തോറ്റുകൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ടാണ് വോട്ടര്‍മാര്‍ തങ്ങളെ തഴയുന്നത് എന്ന് മനസിലാക്കാന്‍ ഒരു സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഗൗരവമായ ശ്രമം നടന്നിട്ടില്ല. പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങളൊന്നും ആവിഷ്‌കരിക്കാനുള്ള ശ്രമവും നടന്നിട്ടില്ല. കഴിഞ്ഞ ആഴ്ച ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ യാത്രയിലായിരുന്നു. ബീഫ് കഴിക്കുന്ന വലിയ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിന്നിക്കൊടി പാറിക്കുന്നു. അവ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും അജയ്യമായ കോട്ടയായിരുന്നു. എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നു ചര്‍ച്ചയില്ല; അവ തിരിച്ചുപിടിക്കാന്‍ ഒരു തന്ത്രവും ആലോചിക്കുന്നില്ല. തോല്‍വി കോണ്‍ഗ്രസിന് ഒരു ശീലമായിരിക്കുന്നു.2024 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിതന്നെയാകും പാര്‍ട്ടിയെ നയിക്കുക എന്ന് അടുത്ത നാളില്‍ റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വ്യക്തമായി. രാഹുലിനെ ഈ 'കാലഘട്ടത്തിന്റെ മനുഷ്യ'നായി അടിവരയിട്ട ത്രിദിന പ്ലീനറിയുടെ മുഖ്യവിഷയം ഭാരത് ജോഡോ യാത്രയായിരുന്നു, പാര്‍ട്ടിയെ 'ഉത്തേജിപ്പിക്കുന്നതിനും' 'പുനരുജ്ജീവിപ്പിക്കുന്നതിനും' യാത്ര വഹിച്ച പങ്കിനെ പ്രശംസിക്കാന്‍ നേതാക്കള്‍ മത്സരിക്കുകയായിരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിക്കാതിരുന്നത്, മത്സരിക്കുന്നത് മറ്റു ചില കക്ഷികളുമായി ചേര്‍ന്നായതുകൊണ്ടുമാത്രം. ''വൈവിധ്യവും സമത്വവും സാഹോദര്യവും ആഘോഷിക്കുക വഴി യാത്ര ഭാരതത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടിന് വ്യക്തമായ ബദല്‍ അവതരിപ്പിച്ചു... ബി.ജെ.പി.യും ആര്‍എസ്എസും അടങ്ങിയ വിഘടന ശക്തികളെ പരാജയപ്പെടുത്താന്‍ ഭാരത് ജോഡോ യാത്ര നല്‍കിയ ചലനശക്തി കോടിക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രേരണയാകും'' എന്നും വിലയിരുത്തപ്പെട്ടു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍, റഫാല്‍ അഴിമതി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്, ന്യായ് എന്ന മിനിമം വരുമാന ഗ്യാരന്റി പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത്, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിച്ചു. അടിയോടെ തോറ്റു. 2024ല്‍ റഫാലിനു പകരം ഗൗതം അദാനിയുമായുള്ള മോദിയുടെ ബന്ധമായിരിക്കും വിഷയം എന്നതു മാത്രമാകും വ്യത്യാസം. പ്രവര്‍ത്തന ശൈലിയില്‍ ഒരു പുതുമയും കാണുന്നില്ല, പ്രത്യയശാസ്ത്രത്തിന്റെ ഭാവനാപൂര്‍ണ്ണമായ പുതുക്കലിന്റെ സൂചനയും ഇല്ല. തങ്ങള്‍ നിലകൊള്ളുന്നത് എന്തോ അത് വീണ്ടും ഉറപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് റായ്പൂരില്‍. ഒട്ടുമിക്ക പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളുടെയും സ്ഥിതി ഇതുതന്നെയാണ്. സംസ്ഥാനങ്ങളില്‍ തങ്ങള്‍ തങ്ങള്‍ക്കായി സൃഷ്ടിച്ച ഇടം സംരക്ഷിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ ദുര്‍ബലമായ അവസ്ഥയെക്കുറിച്ച് അവര്‍ ബോധവാന്മാരുമാണ്. പക്ഷേ, കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ല.
കാരണം അതിന്റെ ദൗര്‍ബ്ബല്യം കോണ്‍ഗ്രസിനേക്കാള്‍ നന്നായി അവര്‍ക്കറിയാം. സഖ്യത്തിനു തയ്യാറാകുന്നവരാകട്ടെ കോണ്‍ഗ്രസിനെ ഒരു മൈനര്‍ പാര്‍ട്ട്ണറായി സ്വീകരിക്കാന്‍ മാത്രമേ തയ്യാറുള്ളു.കോണ്‍ഗ്രസിന് ഉണ്ടായിരുന്ന തട്ടുകങ്ങളെല്ലാം ബി.ജെ.പി ഇതിനകം സ്വന്തമാക്കി. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഇടം വിട്ടുകൊടുത്തു. ആദ്യം കോണ്‍ഗ്രസിന്റെ, പിന്നെ പ്രാദേശിക പാര്‍ട്ടികളുടെ അടിസ്ഥാനം ശിഥിലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയോട് സഖ്യത്തിലായ പ്രാദേശിക പാര്‍ട്ടികളെയും അവര്‍ ക്രമേണ ഇല്ലാതാക്കും. താല്‍ക്കാലിക പ്രവര്‍ത്തന ക്രമീകരണങ്ങള്‍ക്കപ്പുറം അവര്‍ക്ക് സഖ്യത്തില്‍ താല്പര്യമില്ല. 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക' എന്ന തത്വം ബി.ജെ.പി.യുടെ നിഘണ്ടുവിലില്ല. അതിനാല്‍, പ്രതിപക്ഷ ഐക്യം സാദ്ധ്യമല്ലെങ്കില്‍ 2024 ജനാധീപത്യത്തിന്റെ അവസാനത്തിന്റെ തുടക്കവും 2029 അവസാനവും ആയിരിക്കും. ക്രിയാത്മക പ്രതിപക്ഷമില്ലാതായാല്‍ ജനാധിപത്യം തകരും; സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യം വഴിമാറും.