വിദ്വേഷത്തിന്റെ തീ


JANUARY 13, 2022, 8:52 PM IST

ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന 'ധര്‍മ് സന്‍സദ്' ഇന്ത്യയിലെ മുസ്ലീമുകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്തതായി ആരോപിക്കപ്പെടുന്നു. സംഘാടകനായ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ് മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തപ്പോള്‍, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണ ഇന്ത്യയെ 'സനാതന്‍ വേദ ഹിന്ദു രാഷ്ട്ര'മാക്കാന്‍ ഹിന്ദു യുവാക്കള്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ആയുധമെടുക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റൊരു നേതാവ് സ്വാമി ആനന്ദ് സ്വരൂപ് വര്‍ഷങ്ങളായി തങ്ങള്‍ മുസ്ലീങ്ങളില്‍നിന്ന് എങ്ങനെയാണ് പണം പിടുങ്ങുന്നതെന്ന് വിവരിച്ചു. മുസ്ലീങ്ങളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാനുള്ള കല്‍പ്പനകള്‍ അടങ്ങുന്ന പ്രമേയങ്ങള്‍ സന്‍സദ് പാസാക്കി. അത് വിശുദ്ധ ഉത്തരവ് ('ധര്‍മ് ആദേശ്') ആണെന്നും, അതിനാല്‍ ഗവണ്‍മെന്റുകള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും, ഇല്ലെങ്കില്‍ 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തേക്കാള്‍ ഭയാനകമായ യുദ്ധം നടത്തുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു.സമാന്തരമായി ഡല്‍ഹിയില്‍ നടന്ന ഒരു ഹിന്ദുത്വ പരിപാടിയില്‍ പങ്കെടുത്തവരെ 'സുദര്‍ശന്‍ ന്യൂസി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവാന്‍കെ ഇന്ത്യയെ ഹിന്ദു തിയോക്രസി ആക്കുന്നതിന് വേണ്ടി 'മരിക്കാനും കൊല്ലാനും' തയ്യാറാണെന്ന പ്രതിജ്ഞ ചൊല്ലിച്ചു.

ഛത്തീസ്ഗഡില്‍ നടന്ന മറ്റൊരു 'ധര്‍മ് സന്‍സദി'ല്‍ കാളീചരണ്‍ എന്നൊരു നേതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്തു. കാളീചരണിനെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയക്കണമെന്ന ആവശ്യം ശക്തമാണ്.ഇന്ത്യയിലെ മുസ്ലീമുകളെ മുഴുവന്‍ കൊന്നൊടുത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് ജഡപിടിച്ച ചില തലകളുടെ ദിവാസ്വപ്‌നം മാത്രമാണ്. പക്ഷേ, ഇത്തരം ആഹ്വാനങ്ങള്‍ സനാതന ഹിന്ദു തത്വങ്ങളുടെ നേര്‍ വിപരീതമാണ്. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്കും യുണൈറ്റഡ് നേഷന്‍സിന്റെ ജനൊസൈഡ് കണ്‍വന്‍ഷനും എതിരാണ്. ഇന്ത്യന്‍ നിമയമങ്ങളും ജനൊസൈഡ് കണ്‍വന്‍ഷനും അനുസരിച്ച് കുറ്റകൃത്യവുമാണ്.

എല്ലാറ്റിനുമുപരി, പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നില്‍ കൂടുതല്‍ തവണ മുസ്ലീമുകള്‍ക്ക് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണ്.'ധര്‍മ് ഗുരുക്കള്‍' വിളിക്കപ്പെടുന്ന ഇവര്‍ ആരുംതന്നെ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ചിട്ടില്ല. പാരുഷ്യവും വിദ്വേഷവും നിറഞ്ഞ സന്‍സദ് പ്രസംഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും മുഖ്യധാരാ മാധ്യമങ്ങള്‍ ഒരു പരിധിവരെ അതു വിശകലനം ചെയ്യുകയും ചെയ്തിട്ടും മോദിയോ, ഭരണതലത്തിലുള്ള കേന്ദ്ര സംസ്ഥാന നേതാക്കളില്‍ ആരെങ്കിലുമോ അതിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നതാണ് ഏറെ ആശങ്കാജനകം. എന്താണ് അതിനര്‍ത്ഥം? അവര്‍ ഇതിനെ അംഗീകരിക്കുന്നു എന്നാണോ?'ധര്‍മ് ഗുരുക്ക'ളുടെ വാക്കുകളും പ്രവൃത്തികളും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ നേരിട്ടുള്ള വെല്ലുവിളിയാണ്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന 'ഇന്ത്യ എന്ന ആശയ'ത്തിന്റെ മുഖത്തുള്ള പ്രഹരമാണ്. ഇന്ത്യ ഒരു 'മതേതര ജനാധിപത്യ റിപ്പബ്ലിക്ക് 'ആണെന്ന് അതിന്റെ ആമുഖം വ്യക്തമാക്കുന്നു. എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും, ആവിഷ്‌കാരം നടത്തുന്നതിനും, ഇഷ്ടമുള്ള വിശ്വാസം പുലര്‍ത്തുന്നതിനും, ആരാധന നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നു. ഒരു മതസമൂഹത്തെ ഒന്നാകെ ആക്രമിക്കുന്നതിനും വംശീയമായി ഉന്മൂലനം ചെയ്യുന്നതിനും നഗ്‌നമായ ആഹ്വാനം നല്‍കിയിട്ടും, ഐപിസി 153എ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുയും ചിലരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തതുപോലും അത് വലിയ വിവാദമായതിനു ശേഷമാണ്. മുനവര്‍ ഫാറൂഖി എന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും മറ്റു ചിലര്‍ക്കും സംഭവിച്ചതുമായി ഇതിനെ താരതമ്യപ്പെടുത്തുക: ഒരു ഷോയ്ക്കിടയില്‍ ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ഫാറൂഖിക്ക് ഒരു മാസത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗുമായി പങ്കിട്ടതിന് കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകയായ 22 കാരി ദിശ രവിക്ക് 10 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. 'ശത്രുത വളര്‍ത്തി'യതിന് അവര്‍ക്കെതിരെ ചുമതത്തിയത് രാജ്യദ്രോഹക്കുറ്റം. ഹത്രാസ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ 2020 ഒക്ടോബര്‍ മുതല്‍ ജയിലിലാണ്.

അദ്ദേഹത്തിനെതിരെ ചമുത്തിയതും രാജ്യദ്രോഹക്കുറ്റവും യുഎപിഎ എന്ന കരിനിയമം പ്രകാരമുള്ള കുറ്റങ്ങളും.2020 ഡിസംബറില്‍ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീങ്ങളോട് വാഗ്ദാനം ചെയ്തത്, ഒരു ഇന്ത്യന്‍ പൗരനെയും മതത്തിന്റെ പേരില്‍ പിന്നാക്കം പോകാന്‍ അനുവദിക്കില്ലെന്നും, എല്ലാവര്‍ക്കും അവരുടെ ഭാവി സംബന്ധിച്ചും ഭരണഘടനാപരമായ അവകാശങ്ങള്‍ സംബന്ധിച്ചും സുരക്ഷിതബോധം ഉളവാക്കുമെന്നുമായിരുന്നു. രാഷ്ട്രീയത്തിനും അധികാരത്തിനും അതീതമായ പ്രശ്‌നങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സമയം കളയാതെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതില്‍ (ആത്മനിര്‍ഭര്‍) ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിനുമുമ്പ്, 2018 മാര്‍ച്ചില്‍ ജോര്‍ദാനിലെ അബ്ദുള്ള രാജാവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ ജനാധിപത്യം പുരാതന ബഹുസ്വരതയുടെ ആഘോഷമാണെന്ന വസ്തുതയ്ക്ക് പ്രധാനമന്ത്രി അടിവരയിടുകയും, മുസ്ലീം യുവതയെ ശാക്തീകരിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുപറയുകയും ചെയ്തു.

അവര്‍ ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറും ഏന്തണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി നല്‍കിയ ഈ വാഗ്ദാനങ്ങളെ അവഹേളിക്കുന്നതാണ് ഹരിദ്വാര്‍ സന്‍സദ് സംഘാടകരുടെ നിലപാടുകളില്‍ കാണുന്ന പാരമ്പര്യപിന്മാറ്റം. എന്തെന്നാല്‍, മഹത്തായ സനാതന ധര്‍മ്മം സ്‌നേഹത്തിന്റെ സ്ഥാനത്ത് വിദ്വേഷം വാഴുന്ന ലോകത്തെക്കുറിച്ച് തത്ത്വചിന്ത നടത്തിയിട്ടില്ല.ജുഡീഷ്യറിയുടെ പങ്ക് രാജ്യത്തെ നിയമങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, നിയമവും ഭരണഘടനയും അനുസരിച്ച് ഓരോ പൗരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതുംകൂടിയാണ്.

അതുകൊണ്ടാണ് പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മീഷനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിയമിച്ചത്. ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തിയിരുന്ന നാല് കര്‍ഷകരെ വാഹനംകയറ്റി കൊന്ന സംഭവത്തില്‍ ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സ്വമേധയാ കേസെടുത്ത് പ്രശ്‌നത്തില്‍ ഇടപെട്ടതിനുശേഷം മാത്രമാണ്. അതുവരെ സംസ്ഥാന ഭരണകൂടം ഇഴഞ്ഞുനീങ്ങുകയും ജൂനിയര്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് തമസ്‌കരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാനും മേല്‍നോട്ടത്തിന് ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കാനും സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ലഖിംപൂര്‍ ഖേരി കേസിലെ എസ്‌ഐടിയുടെ കണ്ടെത്തലുകള്‍, ഉന്നതരെയും ശക്തരെയും സംരക്ഷിക്കാന്‍ ഭരണകൂടത്തിനും നിയമപാലക സംവിധാനത്തിനും എങ്ങനെ സാദ്ധ്യമാകുമെന്ന് വ്യക്തമാക്കുന്നതാണ്. സുപ്രീം കോടതി സ്വതന്ത്ര എസ്‌ഐടി രൂപീകരിച്ചില്ലെങ്കില്‍, സത്യം മിക്കവാറും മൂടിവെക്കപ്പെടുമായിരുന്നു.

ശീതകാല അവധിക്ക് ശേഷം സുപ്രീം കോടതി സമ്മേളിക്കുമ്പോള്‍ സമാനമായ ഹരിദ്വാര്‍ വിഷയത്തിലും സമാനമായ നടപടി ജനം പ്രതീക്ഷിക്കുന്നുണ്ട്. കാരണം അതിലും ഭീകരമാണ് ഹരിദ്വാറില്‍ സംഭവിച്ചത്. അവിടെ സംസാരിച്ച ഓരോ വാക്കും ഓരോ അക്ഷരവും അക്രമാസക്തമായിരുന്നു. വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഈ 'രോഗ'ത്തിനുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയും ഭരണകക്ഷിയിലെ ഉന്നത നേതാക്കള്‍ കാതടപ്പിക്കുന്ന മൗനം പാലിക്കുകയും ഭരണഘടനയോടും നിയമത്തോടും ബഹുമാനവുമില്ലാത്തവരുമായി ഒത്തുകളിക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍ 76 പ്രമുഖ പൗരന്മാര്‍ ഹരിദ്വാറിലും ഛത്തീസ്ഗഡിലും നടന്ന സംഭവങ്ങള്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസിനു മാത്രമല്ല, സുപ്രീം കോടതിയിലെ ഓരോ ജഡ്ജിക്കും അത് ചെയ്യാം. കാരണം എല്ലാവരും തുല്യമായ അധികാരം ഉള്ളവരാണ്.വര്‍ദ്ധിച്ചുവരുന്ന ഈ അന്യമതവിദ്വേഷത്തെ ഇന്ത്യ നിയമപരമായി നേരിട്ടില്ലെങ്കില്‍, രാജ്യത്തിന്റെ പുരോഗതിയെയും മതേതര ജനാധിപത്യമെന്ന പ്രശസ്തിയെയും സാരമായി ബാധിക്കും.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്റെ (യുഎസ്‌സിഐആര്‍എഫ്) 2021ലെ റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ കാര്യത്തില്‍ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' ഇന്ത്യയെ പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു എന്നത് ഓര്‍ക്കണം. ഇന്ത്യ റിപ്പോര്‍ട്ട് അവഗണിച്ച് തള്ളിയെങ്കിലും വിദ്വേഷത്തിന്റെ ഈ തീ അനിയന്ത്രിതമായാല്‍, അത് ഇന്ത്യയിലുടനീളം പടരുന്ന ദിവസം വിദൂരമായിരിക്കില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല.