അധികാര കവര്‍ച്ച


MAY 25, 2023, 8:32 PM IST

ഇഷ്ടമല്ലാത്തതാണെങ്കിലും പ്രതികൂലമായ ജനവിധികളെയും അന്തിമമായ കോടതിവിധികളെയും മാനിക്കാനുള്ള സന്നദ്ധത ഒരു ഭരണകൂടത്തിന്റെ ജനാധിപത്യ ബോധത്തിന്റെ അളവുകോലാണെങ്കില്‍ മോദി ഗവണ്മെന്റിന് ജനാധിപത്യ ബോധം തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയേണ്ടിവരും. തങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അവര്‍ ഒരു പാര്‍ട്ടിയെ ഭരണമേല്പിച്ചാല്‍, അതും മൃതഗീയ ഭൂരിപക്ഷത്തിന്, അതു മാനിക്കാനുള്ള കടമ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും ഗവണ്മെന്റിനുമുണ്ട്. അതിന്റെ അധികാരങ്ങള്‍ വളഞ്ഞ വഴികളിലൂടെ കവര്‍ന്നെടുത്ത് യഥാര്‍ത്ഥ ഭരണം തങ്ങളുടേതാക്കുന്നത് ജനാധിപത്യത്തിന്റെ മറുപുറമാണ്. അത് ജനവിധിയെ പല്ലിളിച്ചുകാണിക്കലാണ്.

അതുപോലെ, ഭരണഘടന വ്യാഖ്യാനിച്ച് രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിക്കുന്ന വിധികളും ഗവണ്മെന്റിന്റെ ഇംഗിതങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും എതിരാകാം. പക്ഷേ അതു മാനിച്ചാല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളു.പാര്‍ലമെന്റാണ് സുപ്രീം എന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കപ്പെട്ട തത്വമാണ്. കോടതിവിധികളെ നിയമനിര്‍മ്മാണത്തിലുടെ മറികടക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അധികാരമുണ്ട്. പക്ഷേ ആ നിയമം സുപ്രീം കോടതി വിധി എടുത്തുകാട്ടിയ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായിരിക്കാനാകില്ല. അതായത്, വിധി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തിരുത്തി നിയമം പാസാക്കാം.

അത് മുന്‍കാലപ്രാബല്യമുള്ളതോ വരാനിരിക്കുന്നതോ ആകാം. ഈ തത്വംവച്ചു നോക്കിയാലും ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ അധികാരങ്ങള്‍ ഓര്‍ഡിനന്‍സ് വഴി കവര്‍ന്നെടുത്ത മോദി ഗവണ്മെന്റിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നു പറയേണ്ടിവരും.ഡല്‍ഹിക്ക് സംസ്ഥാനപദവി നല്‍കണമെന്ന ദീര്‍ഘകാലമായി നിലനിന്ന ആവശ്യം പരിഗണിക്കാന്‍ നിയമിതമായ എസ് ബാലകൃഷ്ണന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 1991ല്‍ 69-ാം ഭരണഘടന ഭേദഗതിയിലൂടെ അനുച്ഛേദം 239എഎ കൂട്ടിച്ചേര്‍ത്താണ് ഡല്‍ഹിയെ പ്രത്യേക പദവിയുള്ള കേന്ദ്രഭരണപ്രദേശമാക്കിയത്. അതനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അടങ്ങിയ നിയമനിര്‍മ്മാണ സഭ ഉണ്ടായിരിക്കണം. അതിന് നിയമനിമ്മാണാധികാരം ഉണ്ടായിരിക്കും. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ ലഫ്റ്റനന്റെ ഗവര്‍ണ്ണറെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയും ഉണ്ടായിരിക്കണം. മുഖ്യമന്ത്രിയെ നിയമിക്കേണ്ടത് പ്രസിഡണ്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മറ്റു മന്ത്രിമാരെയും. മന്ത്രിസഭയക്ക് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കും.

അനുച്ഛേദം 239എഎ അനുസരിച്ച് നിയമസഭയുടേയും ഗവണ്മെന്റിന്റെയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നിയമവും 1991ല്‍ത്തന്നെ പാര്‍ലമെന്റ് പാസാക്കി - ദി ഗവണ്മെന്റ് ഓഫ് നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ആക്ട്. അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ജനഹിതത്തിനും ജനാധിപത്യ തത്വങ്ങള്‍ക്കും അനുസൃതമായി സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം ഉണ്ട്.എട്ടു വര്‍ഷമായി ഡല്‍ഹി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. ദീര്‍ഘ കാലം ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞാണ് 2015ല്‍ ജനം അരവിന്ദ് കേജ്രിവാള്‍ എന്ന അഴിമതിവിരുദ്ധ പോരാളി നയിക്കുന്ന പാര്‍ട്ടിയെ 70ല്‍ 67 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. ബിജെപിക്കു കിട്ടിയത് വെറും 3 സീറ്റ് മാത്രം. കോണ്‍ഗ്രസ് വട്ടപ്പൂജ്യവുമായി. 2020ലെ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് കുറഞ്ഞെങ്കിലും വിജയം ആവര്‍ത്തിച്ചു. ബിജെപിക്ക് പിടിക്കാനായത് എട്ടു സീറ്റ്.ആംആദ്മി പാര്‍ട്ടി ഗവണ്മെന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ശ്രമം വെറും മൂന്നു സീറ്റില്‍ മാത്രം ജയിച്ച 2015ല്‍ത്തന്നെ തുടങ്ങിയതാണ്. ''സര്‍വ്വീസുകളെ'' കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാക്കി അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ഇതിനെ ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

2017ല്‍ കോടതി വിജ്ഞാപനം ശരിവച്ചു. അപ്പീലില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. 2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായിരുന്നു. വലിയ ചോദ്യങ്ങള്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമ്പോള്‍, പ്രത്യേക വിഷയങ്ങള്‍ രണ്ടംഗ ബെഞ്ചാണ് തീരുമാനിക്കേണ്ടതെന്നും വിധിച്ചു.പക്ഷേ, 'സര്‍വ്വീസുകള്‍' ആരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന വിഷയത്തില്‍ രണ്ടംഗ ബഞ്ചിന് യോജിക്കാനായില്ല. അതിനാല്‍ വിഷയം പിന്നീട് മൂന്നംഗ ബെഞ്ചിലേക്കും ഒടുവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്കും പോയി. ലളിതമായി പറഞ്ഞാല്‍, തലസ്ഥാന നഗരത്തിലെ ബ്യൂറോക്രസിയുടെ മേലുള്ള ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് നിയന്ത്രണം ഡല്‍ഹി സര്‍ക്കാരാണോ കേന്ദ്ര സര്‍ക്കാരാണോ എന്നതായിരുന്നു കോടതി തീരുമാനിക്കേണ്ട വിഷയം. ഒരു കേന്ദ്രഭരണ പ്രദേശത്തിനും സര്‍വ്വീസുകളുടെ മേല്‍ അധികാരമില്ലാത്തതിനാല്‍ ഡല്‍ഹിക്കും അത്തരം അധികാരമില്ലെന്നും, മറ്റ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അനുമതിയുള്ള വിഷയങ്ങളില്‍ മാത്രമേ ഡല്‍ഹിക്കും നിയമനിര്‍മ്മാണം നടത്താന്‍ കഴിയൂ എന്നും കേന്ദ്രം വാദിച്ചു.

ഈ വാദം തള്ളിയ കോടതി, ഭരണഘടനാ സ്‌കീമിന് കീഴിലുള്ള ഡല്‍ഹി 'സുയി ജനറിസ്' (അതുല്യമായ) മാതൃകയാണെന്നും മറ്റേതെങ്കിലും കേന്ദ്രഭരണ പ്രദേശങ്ങളുടേതിന് സമാനമല്ലെന്നും കണ്ടെത്തി. അനുച്ഛേദം 239എഎ ഡല്‍ഹിക്ക് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്നു. അതേ അനുച്ഛേദം ഡല്‍ഹി സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ അധികാരത്തിന്റെ പരിധിയില്‍ നിന്ന് ഭൂമി, പോലീസ്, പൊതു ക്രമം എന്നിവയെ പ്രത്യേകമായി ഒഴിവാക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രദേശത്തിന്റെ ദൈനംദിന ഭരണകാര്യത്തില്‍ ഡല്‍ഹി ഗവണ്മെന്റിന്റെ നയങ്ങളും കാഴ്ചപ്പാടുകളും നടപ്പിലാക്കുന്നതിന് പ്രസക്തമാണെന്ന് മെയ് 11 ന്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായ വിധിച്ചു. ഈ വിധി മറികടക്കാന്‍, പാര്‍ലമെന്റ് സമ്മേളിക്കുംവരെ കാത്തുനില്‍ക്കാനുള്ള ക്ഷമ പോലും കേന്ദ്ര ഗവണ്മെന്റ് കാണിച്ചില്ല. എട്ടാംപക്കം ഓര്‍ഡിനന്‍സ് ഇറക്കി.ഓര്‍ഡിനന്‍സ് നിയമപരമായ ഒരു പുതിയ അതോറിറ്റിയെ സൃഷ്ടിക്കുന്നു - നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി.

മുഖ്യമന്ത്രി തലവനും ചീഫ് സെക്രട്ടറിയും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയും അംഗങ്ങളുമായ അധോരിറ്റി എല്ലാ കാര്യങ്ങളും 'പങ്കെടുക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന' അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുകള്‍ വഴി തീരുമാനിക്കണമെന്നാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. അതായത് കേന്ദ്രം നിയോഗിക്കുന്ന രണ്ട് ബ്യൂറോക്രാറ്റുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ മറികടക്കാം. ബ്യൂറോക്രാറ്റുകളുടെ 'നിയമനം, സ്ഥലംമാറ്റം, നിയന്ത്രണം, വിജിലന്‍സ്, മറ്റ് ആകസ്മിക കാര്യങ്ങള്‍' എന്നിവ ലഫ്റ്റനന്റ് ഗവര്‍ണ്ണറിലും അതുവഴി കേന്ദ്ര ഗവണ്മെന്റിലും ഓര്‍ഡിനന്‍സ് നിക്ഷിപ്തമാക്കുന്നു. ഇവ സംബന്ധിച്ച് അധോരിറ്റി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് 'ശുപാര്‍ശകള്‍' നല്‍കണം. ശിപാര്‍ശയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യസമുണ്ടെങ്കില്‍ പുനഃപരിശോധന ആവശ്യപ്പെടാം. അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണെങ്കില്‍, 'ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും.' ചുരുക്കത്തില്‍ അധികാരം ഡല്‍ഹി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിര്‍യ സുപ്രീം കോടതിയുടെ വിധിയെ ഓര്‍ഡിനന്‍സ് തലതിരിച്ചുവയ്ക്കുന്നു. ഡല്‍ഹിയുടെ ഭരണത്തില്‍ ലെഫ്റ്റനന്റ്ഗവര്‍ണറുടെ നിയന്ത്രണം പുനഃസ്ഥാപിക്കുക മാത്രമല്ല, വിപുലീകരിക്കുകയും ചെയ്യുന്നു.മെയ് 11ലെ വിധി 'ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടന'ക്ക് കോടതി പ്രഹരമേല്പിച്ചു എങ്കില്‍, ഓര്‍ഡിനന്‍സ് ഭരണഘടനാപരമായ ഫെഡറലിസത്തെ അക്ഷരത്തിലും ആത്മാവിലും തുരങ്കം വയ്ക്കുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍, കേന്ദ്രത്തിന്റെ നീക്കം ഡല്‍ഹിയിലെ ജനങ്ങളും അവരുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധത്തെ അവഗണിക്കുന്നു.

ജനം തെരഞ്ഞെടുത്തവരെ വെറും നോക്കുകുത്തികളാക്കുന്ന ഈ നടപടി വിവേകശൂന്യവും ലജ്ജയില്ലാത്തതുമാണെന്നതില്‍ രണ്ടുപക്ഷമില്ല.പാര്‍ലമെന്റിനാണ് പരമാധികാരം എന്നു പറഞ്ഞ് 'ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ഓര്‍ഡിനന്‍സി'നെ സര്‍ക്കാര്‍ ന്യായീകരിച്ചേക്കാം. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രത്യേകാവകാശം എക്‌സിക്യൂട്ടീവ് ഏകപക്ഷീയമായി പുറപ്പെടുവിച്ച ഓര്‍ഡിനനല്‍സിന് നേര്‍ത്ത മൂടുപടത്തിന്റെ സംരക്ഷണം പോലും നല്‍കുന്നില്ല. ഭരണകക്ഷിയിലെയും ഗവണ്‍മെന്റിലെയും മുതിര്‍ന്ന അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും നയങ്ങളുടെയും ന്യായീകരിക്കാന്‍ ജനവിധിയെ ഉദ്ധരിക്കുന്നു. ഡല്‍ഹി നിയമസഭയും സര്‍ക്കാരും ജനഹിതത്തെ പ്രതിനിധീകരിക്കുന്നു.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വിജയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് പ്രധാനമെന്ന സന്ദേശമാണ് ഓര്‍ഡിന്‍സ് നല്‍കുന്നത്; അതിന്റെ അധികാരം യാതൊരു പരിശോധനയും വേണ്ടാത്തതാണെന്നും. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ ഏക ലക്ഷ്യം തെരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ കഴിയാത്ത കെജ്‌രിവാള്‍ സര്‍ക്കാരില്‍നിന്ന് അധികാരം തട്ടിയെടുക്കുക എന്നതാണ്. കേരളം പോലെ അധികാരത്തില്‍ വരാന്‍ സാദ്ധ്യതയില്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി, അവിടുത്തെ ഗവണ്മെന്റിനെ മറികടന്ന് സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്പിക്കാനും കേന്ദത്തിനു കഴിയും എന്നതാണ് ഇതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്ത്.