ഭക്തിക്ക് നിരക്കുന്നതും യുക്തിക്ക് നിരക്കാത്തതും


MAY 22, 2020, 12:26 PM IST

അടുത്ത കാലത്ത് വാട്ട്‌സാപ്പില്‍ ചുറ്റിത്തിരിയുന്ന ഒരു മെസേജാണ് താഴെചേര്‍ത്തിരിക്കുന്നത്. ആര് എഴുതിയതാണെന്നറിയില്ല. പക്ഷേ, കോവിഡ് 19 എന്ന മഹാമാരി എല്ലാ തരക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്നു; ആര്‍ക്കും ഉത്തരമില്ല എന്ന സത്യത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

''ദൈവകോപമെന്ന് വിശ്വാസി, ദൈവമില്ലെന്ന് ഉറപ്പായെന്ന് അവിശ്വാസി; മര്‍ത്യരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് മതം, ദൈവത്തെ ആദ്യം രക്ഷിക്കൂവെന്ന് യുക്തിവാദി; മുമ്പേ അറിഞ്ഞിരുന്നെന്ന് പ്രവാചകര്‍, മുമ്പേ പറയാഞ്ഞതെന്തെന്ന് നിഷേധികള്‍; ശനിയുടെ അപഹാരമെന്ന്‌ജ്യോതിഷി, പൂജചെയ്ത് കുടത്തിലാക്കാമെന്ന് മന്ത്രവാദി; കൊന്നു തിന്നതിന്റെ ശാപമെന്ന് സസ്യഭോജി, ശാപമില്ലാത്തോര്‍ക്കും വന്നില്ലേയെന്ന് മാംസഭോജി; ഓര്‍മയിലേ ഇല്ലെന്നു പഴമക്കാര്‍, ഓര്‍ക്കാനേ വയ്യെന്ന് ഭീരു; മരണമാണ് ഭേദമെന്ന് മനോരോഗി, ഇതും കടന്നുപോകുമെന്ന് തത്വജ്ഞാനി; എന്തും നേരിടുമെന്ന് ധീരന്‍; ഒരു ചുക്കും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം, നിങ്ങളാണെങ്കില്‍ നാടു ചുക്കായേനെ എന്ന് ഭരണപക്ഷം; പരിസ്ഥിതിക്ക് ഉപകാരമെന്ന് നീരീക്ഷകര്‍, പ്രകൃതിയിലേക്കു മടങ്ങാറായെന്ന് പ്രകൃതിസ്‌നേഹി; ആത്മീയത മാത്രമാണ് അഭയമെന്ന് ആത്മാന്വേഷകന്‍; വെര്‍ച്വല്‍ ലോകമാണ് യാഥാര്‍ഥ്യമെന്ന് ടെക്കി; ചികിത്സയില്ലെന്ന് വൈദ്യം; ലേശം കഴിച്ചാല്‍ വരില്ലെന്ന് മദ്യശാസ്ത്രത്തിലുണ്ടെന്ന് മുക്കുടിയന്‍; ചൂടില്‍ പെരുകില്ലെന്ന് ഉച്ചവട്ടന്‍; 'മഹാഭാരത'ത്തില്‍ പണ്ടേ മരുന്നുണ്ടെന്ന് ഒരു മരത്തലയന്‍; ചെലവ് കൂടുമെങ്കിലും വാക്‌സിന്‍ ഉടണ്ടന്ന് ശാസ്ത്രം; വെറും പത്തു രൂപയുടെ സോപ്പില്‍ തീര്‍ക്കാമെന്ന് ട്രോളന്‍; പറയാത്ത ചെടിയുടെ അറിയാത്ത വേര് സമൂലം വച്ചു കഴിച്ചാല്‍ മതിയെന്ന് പ്രശസ്ത യൂട്യൂബ് വൈദ്യന്‍ മഠയോധാരന്‍; അന്തിച്ചര്‍ച്ചയില്‍ കൊഞ്ഞനംകുത്തി കൊന്നുകാണിക്കാമെന്ന് മാധ്യമങ്ങള്‍; മുറിയടച്ചിരുന്ന് നേരിടാമെന്ന് സ്‌റ്റേറ്റ്, അതിര്‍ത്തികള്‍ അടച്ച് തുരത്തുമെന്ന് രാജ്യങ്ങള്‍; ചൈനയുടെ കെണിയെന്ന് ട്രംപ്, ഞങ്ങടെ വൈറസ് ഇങ്ങനല്ലെന്ന് ചൈന; ട്രംപിന് ഭ്രാന്തെന്ന് ലോകം; നടുവില്‍ നട്ടം തിരിഞ്ഞ് മനുഷ്യര്‍! എങ്കിലും എന്റെ കോറോണേ, ഇത്തിരി കുഞ്ഞന്‍ നീ മറഞ്ഞിരുന്നു കാണിക്കുന്ന മായാജാലമൊന്നും കാണിച്ചിട്ടില്ല, ഒരു മാന്ത്രികനും ഭൂമിയിലിന്നോളം.''

ഇതിനോടുചേര്‍ക്കാന്‍ ഇനിയുമുണ്ട്. ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണയെ നേരിടാമെന്ന് ചില ചാണകത്തലയന്മാര്‍! സ്വന്തം ദൈവം (അതും ഏക ദൈവം) പരമകാരുണികനാണെന്നും അദ്ദേഹം അറിയാതെ ഒന്നും വരുന്നില്ലെന്നും സംഘടിത മതങ്ങള്‍! എങ്കില്‍ ദൈവം ഇത് എന്തിനു ചെയ്യുന്നു എന്ന് ചോദിക്കുന്ന മനുഷ്യര്‍!

ഇത് ശിക്ഷയോ? മുന്നറിയിപ്പോ? അടയാളമോ? പരീക്ഷണമോ?എല്ലാം ദൈവശിക്ഷയാണ്, ദൈവത്തിന്റെ പരീക്ഷണമാണ്, മുന്നറിയിപ്പാണ്, അടയാളമാണ് എന്നൊക്കെ ന്യായീകരണം പറയുന്നത് സംഘടിത മതങ്ങളുടെ രീതിയാണ്, പ്രത്യേകിച്ച് ക്രൈസ്തവരുടെ. എന്നാല്‍ കൊറോണ പോലുള്ള ഒരു പ്രതിസന്ധിക്ക് ഉത്തരമില്ല; ക്രൈസ്തവര്‍ അത് തേടേണ്ടതുമില്ല എന്നാണ് പുതിയനിയമ വിദഗ്ദ്ധനും, പൗളീന്‍ തിയോളജിയനും, പ്രഭാഷകനും, ആംഗ്ലിക്കന്‍ ബിഷപ്പുമായ നിക്കോളാസ് തോമസ് റൈറ്റ് എന്ന ടോം റൈറ്റ് പറയുന്നത്.

എല്ലാറ്റിനും നാം ഉത്തരം തേടുന്നു. കാരണം തലമുറകള്‍ക്കു മുമ്പുതന്നെ ക്രൈസ്തവര്‍ യുക്തിചിന്തയെ വിശ്വാസവുമായി കൂടിക്കുഴച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാറ്റിനും ഉത്തരം വേണമെന്ന് ശഠിക്കുന്നു. പക്ഷേ, എല്ലാറ്റിനും ഉത്തരമില്ലെങ്കിലോ? ആശ്രയിക്കാന്‍ പറ്റാത്ത ചില അനുമാനങ്ങളെ കൂട്ടിയിണക്കി 'അത് അങ്ങനെയാണ്' എന്നു പറയാന്‍ മനുഷ്യബുദ്ധിക്ക് കഴിവില്ലെന്നു വന്നാലോ? 1940 ല്‍ ടി. എസ്. എലിയട്ട് പറഞ്ഞതുപോലെ, 'പ്രതീക്ഷയില്ലാതെ കാത്തിരിക്കുക, കാരണം ശരിയല്ലാത്ത കാര്യത്തിനുവേണ്ടിയാകാം നാം കാത്തിരിക്കുന്നത്' എന്ന ഉപദേശം മാത്രം നല്കാന്‍ കഴിയുന്ന നിമിഷങ്ങളാണുള്ളതെങ്കില്‍ എന്തുചെയ്യും?വിലാപത്തിന്റെ ബിബ്ലിക്കല്‍ പാരമ്പര്യം തിരിച്ചുപിടിക്കുക മാത്രമാണ് ഇത്തരം അവസ്ഥകളില്‍ മറ്റെന്തിനേക്കാളും ഒരു പക്ഷേ നമുക്കാവശ്യം എന്നാണ് ബിഷപ് റൈറ്റിന്റെ അഭിപ്രായം.

എന്തുകൊണ്ട് എന്ന് നാം ചോദിക്കുകയും ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണ് വിലാപം. നാം നമ്മുടെ പാപങ്ങളെയും വീഴ്ചകളെയും പറ്റിയുള്ള സ്വാര്‍ത്ഥമായ വ്യഥയ്ക്ക് അപ്പുറത്തേക്കു നീങ്ങുകയും ലോകത്തിന്റെവേദനകളെ വിശാലമായിനോക്കിക്കാണുകയും ചെയ്യുന്നിടത്താണ് അത് സംഭവിക്കുന്നത്. ന്യൂയോര്‍ക്കിലോ ലണ്ടനിലോ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് മോശമായ കാര്യമാണ്. പക്ഷേ, അത് ഒരു ഗ്രീക്ക് ദ്വീപിലെ ജനനിബിഡമായ അഭയാര്‍ത്ഥി ക്യാമ്പിലാണെങ്കിലോ? ഗാസയിലോ, സൗത്ത് സുഡാനിലോ ആണെങ്കിലോ?ഈ നിമിഷത്തിലാണ് ബൈബിളിന്റ സ്വന്തം പ്രാര്‍ത്ഥനാ പുസ്തകമായ സങ്കീര്‍ത്തനങ്ങള്‍ രക്ഷയ്ക്ക് എത്തുന്നത്. 'കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!' എന്ന് ആറാം സങ്കീര്‍ത്തനത്തില്‍ സങ്കീര്‍ത്തകന്‍ വിലപിക്കുന്നു. 'കര്‍ത്താവേ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നുനില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?' എന്ന് പത്താം സങ്കീര്‍ത്തനത്തില്‍ കേഴുന്നു. 'കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുപിടിക്കും?' എന്ന് 13-ാം സങ്കീര്‍ത്തനം. 'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!' എന്ന് കുരിശില്‍ കിടന്നുകൊണ്ട് 22-ാം സങ്കീര്‍ത്തനം ഉദ്ധരിച്ച് യേശു വിലപിച്ചു. പക്ഷേ, ഈ വിലാപങ്ങളൊക്കെ അവസാനിക്കുന്നത് ദൈവ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പുതിയ അവബോധത്തോടും പ്രതീക്ഷയോടും കൂടെയാണ്.

മറ്റുവിധത്തിലുള്ള സങ്കീര്‍ത്തനങ്ങളുമുണ്ട്: 'കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും' എന്ന് ദൈവത്തിന്റെ നന്മയെയും വാഗ്ദാനങ്ങളെയും പുകഴ്ത്തിക്കൊണ്ട് ആരംഭിക്കുന്ന 89-ാം സങ്കീര്‍ത്തനം പെട്ടെന്നുതന്നെ 'അങ്ങ് അവനെ പരിത്യജിച്ചുകളഞ്ഞു; അങ്ങയുടെ അഭിഷിക്തന്റെ നേരേ അങ്ങു ക്രുദ്ധനായിരിക്കുന്നു' എന്ന വിലാപത്തിലേക്കു മാറി. 'കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍ നിലവിളിക്കുന്നു' എന്നാരംഭിക്കുന്ന 88-ാം സങ്കീര്‍ത്തനം തീരുന്നത് 'സ്‌നേഹിതരെയും അയല്‍ക്കാരെയും അങ്ങ് എന്നില്‍നിന്ന് അകറ്റിയിരിക്കുന്നു; അന്ധകാരം മാത്രമാണ് എന്റെ സഹചരന്‍' എന്നാണ്.ബൈബിള്‍ പാരമ്പര്യത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഈ വിലാപം മനുഷ്യരുടെ നിരാശ, സങ്കടം, ഒറ്റപ്പെടല്‍, സംഭവിക്കുന്നത് എന്ത്, എന്തിന്, എന്നൊക്കെ അറിയാനുള്ള കഴിവില്ലായ്മ എന്നിവയുടെ ബഹിര്‍സ്ഫുരണം മാത്രമല്ല, ബൈബിള്‍ കഥയുടെ രഹസ്യംതന്നെ ദൈവവും വിലപിക്കുന്നു എന്നതാണ്. എന്നാല്‍ ദൈവം ഇതിനൊക്കെ അതീതനാണ്, എല്ലാം അറിയുന്ന, എല്ലാം നിയന്ത്രിക്കുന്ന ദൈവം അക്ഷോഭ്യനും ലോകത്തിന്റെ പ്രശ്‌നങ്ങളൊന്നും ഏശാത്തവനും ആണെന്ന് ചിന്തിക്കാനുമാണ് പല ക്രൈസ്തവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ മനുഷ്യരുടെ ദുഷ്ടതയില്‍ ദൈവം ദുഖിക്കുന്നതായി ഉല്‍പ്പത്തി പുസ്തകം പ്രഖ്യാപിക്കുന്നു. സ്വന്തം ജനതയായ ഇസ്രയേല്‍ തന്നില്‍നിന്ന് അകന്നുപോകുന്നതില്‍ തീവ്ര ദുഖത്താല്‍ ദൈവം തകര്‍ന്നുപോകുന്നതായും കാണാം. മനുഷ്യനായി സ്വന്തം ജനത്തിന്റെ ഇടയിലെത്തിയപ്പോള്‍ (അതല്ലെങ്കില്‍ ജീസസിന്റെ കഥ അര്‍ത്ഥശൂന്യമാണ്) സ്‌നേഹിതന്റെ ശവകുടീരത്തിനടുത്ത് കരയുന്നുണ്ട്. 'സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് മനോവേദന അനുഭവിക്കുമ്പോള്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ പരിശുദ്ധാത്മാവ് നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു' എന്ന് സെന്റ്‌പോള്‍ പറയുന്നു.ജീസസിന്റെ കണ്ണീരിലും പരിശുദ്ധാരൂപിയുടെ മനോവ്യഥയിലും ഏക ദൈവത്തെ തിരിച്ചറിയാനാണ് ത്രീത്വത്തിന്റെ പ്രബോധനം നമ്മെ പഠിപ്പിക്കുന്നത്. അതിനാല്‍, എന്തു സംഭവിക്കുന്നു, എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വിശദീകരിക്കാന്‍ കഴിയാതിരിക്കുന്നത് ക്രിസ്ത്യാനി ആയിരിക്കുന്നതിന്റെ ഭാഗമാണ് - അദ്ദേഹം പറയുന്നു.

നാം വിലപിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മില്‍ വിലപിക്കും. സ്വമേധയാ ഒറ്റയ്ക്കാകുമ്പോഴും ദൈവസാന്നിദ്ധ്യവും സൗഖ്യമാക്കുന്ന ദൈവസ്‌നേഹവും കുടിയിരിക്കുന്ന കൊച്ചുദേവാലയങ്ങളായി നാം മാറും. അതില്‍നിന്ന് പുതിയ സാദ്ധ്യതകള്‍, അനുകമ്പയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍, പുതിയ ശാസ്ത്രീയ അറിവുകള്‍ പുതിയ പ്രതീക്ഷകള്‍ പ്രവഹിക്കും.ഈ വ്യാഖ്യാനം ഭക്തിക്ക് നിരക്കുന്നതാണ്; യുക്തിക്ക് നിരക്കുന്നതല്ല. എല്ലാം ദൈവം അറിയുന്നു; ദൈവം ആഗ്രിഹിക്കാതെ ഒന്നും നടക്കുന്നില്ല എന്നു പറയുന്നതും, മനുഷ്യന്‍ സ്വന്തം പ്രവൃത്തികള്‍ക്ക് ഉത്തരവാദിയാണെന്ന് പറയുന്നതും പരസ്പരവിരുദ്ധമാണ്. ദൈവം സ്‌നേഹമാണെന്നു പറയുകയും, ദൈവസ്‌നേഹത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അല്ലെങ്കില്‍ പരീക്ഷിക്കാന്‍ അദ്ദേഹം വേദനകളും ദുരന്തങ്ങളും ദുരിതങ്ങളും അയക്കുന്നു എന്നു പറയുന്നതും പരസ്പരവിരുദ്ധമാണ്. ദുരിതങ്ങളും വേദനകളും ചിലര്‍ക്ക് കൂടുതലായി ലഭിക്കുന്നത് അവരെ ദൈവം കൂടുതലായി സ്‌നേഹിക്കുന്നതുകൊണ്ടാണെന്നു പറയുന്നതും അയുക്തിയാണ്. അതിനാലാണ് ഭക്തിക്കു നിരക്കുന്ന വ്യാഖ്യാനങ്ങള്‍ യുക്തിക്കു നിരക്കാത്തത്. ഇതില്‍ ഏതു വ്യാഖ്യാനം സ്വീകരിക്കണമെന്നത് വ്യക്തിഗതമായ കാര്യമാണ്. ഒന്നു സ്വീകരിക്കുന്നവരെ മറ്റുള്ളവര്‍ക്ക് കുറ്റം പറയാന്‍ അവകാശമില്ല.