സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഫാക്ട്ചെക്കിങ് വെബ്സൈറ്റായ 'ആള്‍ട്ട് ന്യൂസി'ന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ കഴിഞ്ഞ ആഴ്ച തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. 'ഹണിമൂണ്‍ ഹോട്ടല്‍' എന്ന പഴയ ഹിന്ദി സിനിമയിലെ ഒരു ഷോട്ട്, വള്ളിയും പുള്ളിയും മാറ്റി 'ഹനുമാന് ഹോട്ടല്‍' എന്നാക്കി ട്വീറ്റ് ചെയ്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി എന്ന കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സുബൈര്‍ മൂന്നാഴ്ച ജയിലില്‍ കിടന്നു. ഈ കേസ് നിലനില്ക്കുമ്പോള്ത്തന്നെ അതേ കുറ്റത്തിന് ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലായി ആറു കേസുകള്കുടെ ഫയല്‍ ചെയ്യപ്പെട്ടു. ഒരു കേസില്‍ ജാമ്യം കിട്ടിയാല്‍ മറ്റു കേസുകളില്‍ ജയിലിലിടാനുള്ള 'വിഷ്യസ് സൈക്കിള്‍' ആണ് ഇതെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും, ഭാവിയില്‍ രജിസ്റ്റര്‍ ചയ്യാനിടയുള്ള കേസുകളിലും, ഇടക്കാല ജാമ്യം അനുവദിക്കുകയും, എഫ്ഐആറുകള്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലേക്ക് മാറ്റുകയും അവ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.
ഇതിനൊക്കെ പുറമെ, സുബൈര്‍ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന ഉത്തര്‍പ്രദേശിന്റെ അപേക്ഷ കോടതി നിരസിച്ചു. 'ഒരു പത്രപ്രവര്‍ത്തകനോട് എഴുതരുതെന്ന് എങ്ങനെ പറയാന്‍ കഴിയും? അവന് ഒരക്ഷരം മിണ്ടരുതെന്ന് എങ്ങനെ പറയും? അയാള്‍ നിയമവുരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ നിയമത്തിനു മുമ്പാകെ ഉത്തരം പറയേണ്ടിവരും. പക്ഷേ, ഒരു പൗരന് ശബ്ദിക്കുന്നത് തടയാനാവില്ല'' എന്നും കോടതി പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും വിഷയത്തില്‍ സുപ്രീം കോടതി അടുത്തകാലത്ത് നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണിത്. പക്ഷേ, ഈ ലക്ഷ്വറി സമാനമായ രീതിയില്‍ തടവില്‍ കഴിയുന്ന അധികമാര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് 'പുതിയ' ഇന്ത്യയിലെ പ്രശ്നം. 2019 ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയയിലും എഎംയുവിലും നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ അറസ്റ്റിലായ ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം 2020 ജനുവരി 28 മുതല്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ഡല്‍ഹിക്കു പുറമെ അസം, യുപി, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് 2020 ഫെബ്രുവരിയിലെ കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്. ഹത്രാസില്‍ ദലിത് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് 2020 മുതല്‍ ജയിലിലാണ്. ജിഹാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്. അത് ശരിയാണെങ്കില്‍ത്തന്നെ, ഈ സംഘടന നിരോധിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ മകന് ആര്യനെ ഒരു ക്രൂയിസ് കപ്പലില്‍നിന്നു വലിച്ചിറക്കി ഒരു മാസത്തേക്ക് പൂട്ടിയിട്ടു.ഭീമാ കൊറേഗാവ് കേസിലെ 16 പ്രതികളുടെ അവസ്ഥയേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്ന് ഇക്കാലത്ത് വേറെയില്ല. മറാത്തകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ദളിതര്‍ പോരാടി വിജയിച്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ഒത്തുചേരല്‍ ഡോ. അംബേദ്ക്കറുടെ കാലംമുതല്‍ നടക്കാറുണ്ട്. 200-ാം വാര്‍ഷികം പ്രമാണിച്ച് 2018 ജനുവരി 1ന് ഒത്തുചേരല്‍ നടക്കുമ്പോള്‍ വലതുപക്ഷ ഗ്രൂപ്പുകള്‍ അക്രമവും കല്ലേറും നടത്തി ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ദളിത്, ഇടത് പക്ഷ നിലപാടുകളോട് അനുഭാവമുള്ള നിരവധിപേരെ അറസ്റ്റ് ചെയ്തു.അവരില്‍ ഒരു അഭിഭാഷകനും കവിയും പുരോഹിതനും എഴുത്തുകാരും പ്രൊഫസര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടും ഇവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു.84 കാരനായ ജെസ്യൂട്ട് പുരോഹിതന് ഫാദര്‍ സ്റ്റാന്‍ സ്വാമി 2021 ജൂലൈ 5ന് ജയിലില്‍ മരിച്ചു. 82 കാരനായ പ്രശസ്ത കവി വരവര റാവു മാത്രമാണ് 2021 സെപ്റ്റംബര്‍ മുതല്‍ ഇടക്കാല മെഡിക്കല്‍ ജാമ്യത്തില്‍ പുറത്തുള്ളത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും ഡിജിറ്റല്‍ വാര്‍ത്താ പ്ലാറ്റ്ഫോമുകള് നടത്തുന്നവര്‍ക്കും ഇന്ത്യന്‍ നീതിയുടെ വില താങ്ങാനാവില്ല.ചിലത് നികുതി റെയ്ഡിന് വിധേയമാണ്. ഈ റെയ്ഡുകള്‍ വിയോജിപ്പിനെ നിശബ്ദമാക്കുക എന്ന ദൗത്യം കൈവരിക്കുന്നു.ആരോപണങ്ങള്‍ തെറ്റാ ശരിയോ എന്നതല്ല കാര്യം, എന്തുകൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് എന്നതാണ്. അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കാണുന്നതുവരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. വിചാരണ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. അതുവരെ പ്രതികള്‍ ജയിലില്‍ കിടക്കണോ? അതാണ് നിയമമെങ്കില്‍ അത് തിരുത്തിയെഴുതണം. പക്ഷേ, അതല്ല നിയമം. ''ക്രിമിനല്‍ നടപടി നിയമത്തിലെ വിവിധ വകുപ്പുകളില്‍ നിന്ന് മനസ്സിലാക്കേണ്ട തത്വം, ജാമ്യം അനുവദിക്കുന്നത് നിയമവും നിരസിക്കുന്നത് അപവാദവുമാണെന്നാണെ'ന്ന് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുര്‍ബക്ഷ് സിംഗ് സിബ്ബിയയുടെ കേസില്‍ (1980), സുപ്രീം കോടതിയുടെ ഒരു ഭരണഘടനാ ബെഞ്ച് വിശദീകരിച്ചിട്ടുണ്ട്. 2014ല്‍ അര്‍ണേഷ് കുമാറിന്റെ കേസില്‍, ''അറസ്റ്റിനുള്ള അധികാരം പലപ്പോഴും ഉപദ്രവത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഉപകരണമായി കണക്കാക്കപ്പെടുന്നു, തീര്‍ച്ചയായും അത് പൊതുജനസൗഹൃദമായി കണക്കാക്കപ്പെടുന്നില്ല'' എന്ന് കോടതി അഭിപ്രായപ്പെട്ടു.
2020 ജനുവരി 29ന്, സുശീല അഗര്‍വാളിന്റെ കേസില്‍ മറ്റൊരു ഭരണഘടനാ ബെഞ്ച് ഗുര്‍ബക്ഷ് സിംഗ് സിബ്ബിയയുടെയും അര്‍ണേഷ് കുമാറിന്റെയും കേസുകളിലെ വിധി ശരിവയ്ക്കുകയും സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള കോടതികളുടെ അധികാരവും കടമയും ഊന്നിപ്പറയുകയും ചെയ്തു: ''നിയന്ത്രണങ്ങളല്ല, പൗരന്മാര് ആഴമായി വിലമതിക്കുന്ന അവകാശങ്ങളാണ് മൗലികമായത്''-കോടതി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജൂലായ് 11ന് സതേന്ദര്‍ കുമാര്‍ ആന്റിലിന്റെ കേസിലും 2022 ജൂലൈ 20ന് മുഹമ്മദ് സുബൈറിന്റെ കേസിവും അറസ്റ്റ് ചെയ്യാനുള്ള അധികാരം വെട്ടിക്കുറച്ചുകൊണ്ട് സുപ്രീം കോടതി നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു.എന്നിട്ടും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇന്ത്യയില്‍ ക്രൂരമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഭീമാ കൊറെഗോവ് കേസിലെ പ്രതികളും ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, സിദ്ദിഖ് കാപ്പന് തുടങ്ങിയവരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ശിക്ഷിക്കപ്പെടാതെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.അതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, എന്‍. വി. രമണ പറഞ്ഞത്: ''നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ നടപടിക്രമങ്ങള്‍ ശിക്ഷയായി മാറുന്നു'' എന്ന്. ''തിടുക്കത്തിലുള്ളതും വിവേചനരഹിതവുമായ അറസ്റ്റുകള്‍ മുതല്‍ ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ട് വരെ, വിചാരണത്തടവുകാര്‍ ദീര്‍ഘകാലം ജയിലില്‍ കഴിയാന്‍ കാരണമാകുന്ന നടപടി ക്രമങ്ങള്‍ അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്നു... രാജ്യത്തുടനീളമുള്ള 6,10,000 തടവുകാരില്‍ 80 ശതമാനവും വിചാരണ തടവുകാരാണ് എന്നത് ഗുരുതരമായ പ്രശ്നമാണ്...
വിചാരണ കൂടാതെ ഇത്രയും നീണ്ട കാലം തടവില്‍ കഴിയാനിടയാക്കുന്ന നടപടിക്രമങ്ങളെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.അധികാരികള്‍ വിമതശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നിയമത്തിന്റെ വഴി തേടുമ്പോള്‍ ബിജെപിയുടെ ട്രോള്‍ സൈന്യം അവരെ സ്വഭാവഹത്യ ചെയ്യുന്നു. സുബൈര്‍ തടവിലായിരിക്കെ, അയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്നും, ഏതോ വിദേശശക്തിയുടെ ഏജന്റാണെന്നും, ട്വീറ്റ് ചെയ്യാന്‍ പണം വാങ്ങിയെന്നും, നൂപുര്‍ ശര്‍മയുടെ പ്രവാചക പരാമര്‍ശം രാജ്യത്തെ വെട്ടിലാക്കാന്‍ മനപ്പൂര്‍വ്വം ട്വീറ്റ് ചെയ്തതാണെന്നും പ്രചരിപ്പിച്ചു. ആര്യന് ഖാനെ അന്താരാഷ്ട്ര മയക്കുമരുന്ന് കാര്‍ട്ടലുകളുടെ ശൃംഖലയിലെ കണ്ണിയാക്കി ചിത്രീകരിച്ചു.സ്വഭാവഹത്യ എന്ന പുതിയ ആയുധം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അത് ലക്ഷ്യം വയ്ക്കുന്ന വ്യക്തിയെ എന്നതുപോലെ ഭരണകൂടത്തിന്റെ ഇമേജിനെയും ബാധിക്കുന്നു. മോദി സര്‍ക്കാരിന് അന്താരാഷ്ട്ര അഭിപ്രായത്തെ അവഗണിക്കാനാകുമോ?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്ന മനുഷ്യന് വിയോജിപ്പുകളെ തകര്‍ക്കാന്‍ അനുദിനം പുതിയ രീതികള്‍ കണ്ടുപിടിക്കാന്‍ തന്റെ അനുയായികളെ അനുവദിച്ചാല്‍ അതദ്ദേഹതിതന്റെ ഇമേജിനെ ബാധിക്കും. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അന്തര്‍ദേശീയ നിരീക്ഷകര്‍ ഇന്ത്യയുടെ റാങ്കിംഗ് താഴ്ത്തുമ്പോള്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' എന്നു മുറവിളി കൂട്ടുന്നതില്‍ അര്‍ത്ഥമില്ല.ജനാധിപത്യം എന്നത് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനപ്പുറമാണ്.
തെരഞ്ഞെടുപ്പ് വിജയിച്ചതിനു ശേഷമാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളികള്‍ ആരംഭിക്കുന്നത്. ഈ വെല്ലുവിളികളില്‍ ഏറ്റവും വലുത് ഭിന്ന അഭിപ്രായങ്ങളെ നേരിടുന്ന രീതിയാണ്. അതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പരീക്ഷണം.വിമത ശബ്ദം പുറപ്പെടുവിക്കുന്നവരെ നിശ്ശബ്ദരാക്കുകയാണെങ്കില്, അതിനര്‍ത്ഥം ജനാധിപത്യം അസ്വാതന്ത്ര്യത്തിലേക്ക് സാവധാനം വഴുതിവീഴുകയാണെന്നാണ്. ഇതിനു തടയിടേണ്ട കടമ ജുഡീഷ്യറിയുടേതാണ്. അനാവശ്യമായി തടവിട്ടിരിക്കുന്നവരുടെ മോചനം കോടതികളുടെ കയ്യിലാണ്. കുറ്റം തെളിയിക്കപ്പെടാതെ അനേകായിരം പേരെ ജയിലില്‍ പാര്‍പ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തപ്പറ്റി പ്രസംഗിക്കുന്നത് അര്‍ത്ഥശൂന്യമാണ്.