പേപ്പട്ടി ബിസിനസ്


SEPTEMBER 15, 2022, 8:29 PM IST

തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി മരിച്ചു; 3 ഡോസ് വാക്‌സീന്‍ എടുത്തിട്ടും മരണം, വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു; മുഖത്തും തുടയിലും മുറിവ്, പാലക്കാട്ട് 6 മണിക്കൂറില്‍ കടിച്ചത് 26 പേരെ; ഭീതി പടര്‍ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം, അട്ടപ്പാടിയില്‍ മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു; മുഖത്തടക്കം പരിക്ക്, ആക്രമണം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനു നേരെ തെരുവ് നായ ആക്രമണം; കാലില്‍ കടിയേറ്റു, കൊല്ലത്ത് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു; കടിയേറ്റത് രണ്ടുപേര്‍ക്ക്, തെരുവുനായ ആക്രമണം: സംസ്ഥാനത്ത് നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു, കോഴിക്കോട്ട് ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു, കോഴിക്കോട്ട് തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരുക്ക്, കോഴിക്കോട് മോകേരിയില്‍ വഴിയില്‍ കാണുന്ന എല്ലാവരെയും കടിച്ച് തെരുവുനായ: ഒടുവില്‍ തല്ലിക്കൊന്ന് നാട്ടുകാര്‍, ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; 70കാരിക്ക് ഗുരുതര പരുക്ക്, ഇടുക്കിയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു, കാട്ടാക്കടയില്‍ കുട്ടികളടക്കം 3 പേര്‍ക്ക് കടിയേറ്റു, കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 8 പേര്‍ക്ക് പരുക്ക്; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു, തെരുവ് നായകുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു, വയനാട്ടില്‍ സഹോദരിക്കൊപ്പം ആടിനെ അഴിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു, തൃശൂരിലും കൊല്ലത്തും കോഴിക്കോട്ടും വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചു, തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്ക് പരുക്ക്, 6 വര്‍ഷം, നായകടിയേറ്റവര്‍ 10 ലക്ഷം; 7 മാസത്തില്‍ 20 മരണം, പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168ലും റാബീസ് വൈറസ്, വാക്‌സീന്‍ ഫലപ്രദമല്ലാത്തതിനാല്‍ തെരുവുനായ്ക്കളെ പിടികൂടാനില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍, പേവിഷ വാക്‌സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു.

തെരുവുനായ ശല്യം തടയാന്‍ അടിയന്തര നടപടികളെടുക്കുമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ്, തെരുവു നായ ശല്യത്തിന് പരിഹാരം കാണണം; ചട്ടം ഭേദഗതി ചെയ്യണം: സുപ്രീം കോടതി.......കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്രങ്ങളില്‍വന്ന വാര്‍ത്തകളാണ് ഇവയെല്ലാം. കേരളത്തില്‍ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഭക്ഷണം കിട്ടാതെ അലയുന്ന അവ കൂട്ടമായി ആളുകളെ ആക്രമിക്കുന്നു. മനേകാ ഗാന്ധി മുതല്‍, നമ്മുടെ രഞ്ജിനി ഹരിദാസ് മുതല്‍, അഞ്ജാത നാമങ്ങള്‍ക്കുപിന്നില്‍ മറഞ്ഞിരുന്ന് പട്ടികള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ വരെയുള്ള നായ സ്‌നേഹികള്‍ക്ക് പട്ടികളുടെ ജീവനാണ് വലുത്, മനുഷ്യരുടേതല്ല.എന്തുകൊണ്ടാണ് തെരുവുനായ്ക്കള്‍ പെരുകുന്നത്? നായ്ക്കളെ വളര്‍ത്തുന്നതിന് യാതൊരു നിയന്ത്രണവുമില്ലാത്തതാണ് എല്ലാറ്റിന്റെയും മൂലകാരണം. ആര്‍ക്കും വളര്‍ത്താം. ഒരു ലൈസന്‍സും വേണ്ടാ. കെട്ടിട്ടോ കൂട്ടിലിട്ടോ വളര്‍ത്തണമെന്ന് നിര്‍ബ്ബന്ധമില്ല. ഇഷ്ടംപോലെ അഴിച്ചുവിടാം. അവ തെണ്ടിനടന്ന് തിന്നാറാകുമ്പോള്‍ തിരിച്ചെത്തും. ഇതിലൊക്കെ ഉപരി, ഇഷ്ടമുള്ളപ്പോള്‍ ഉപേക്ഷിക്കാം. ആരും ചോദിക്കാനില്ല. കൗതുകത്തിനോ കുട്ടികളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയോ ആണ് പലരും പട്ടികളെ വാങ്ങുന്നത്.

ആദ്യത്തെ ആവേശം കഴിയുമ്പോള്‍ അവയെ തെരുവില്‍ തളളുന്നു. സ്റ്റാറ്റസ് സിംബള്‍ എന്ന നിലയില്‍ മുന്തിയ ഇനം നായ്ക്കളെ വന്‍തുക നല്‍കി വാങ്ങിവളര്‍ത്തുന്നവരും അതിന്റെ തീറ്റയ്ക്കും പരിചരണത്തിനും വൈദ്യസേവനത്തിനും വേണ്ടിവരുന്ന ഭാരിച്ച ചെലവ് മനസിലാക്കുമ്പോള്‍ തെരുവിലേക്ക് തള്ളുന്നു. പ്രായമേറുമ്പോള്‍ ചിലര്‍ നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നു. വീടുകളില്‍ ഉണ്ടാകുന്ന പട്ടിക്കുഞ്ഞുങ്ങള്‍ നല്ല ബ്രീഡ് അല്ലെങ്കില്‍ ആവശ്യക്കാരുണ്ടാകില്ല. അവയും തെരുവിലെത്തുന്നു.നായ്ക്കള്‍ തെരുവില്‍ പെറ്റുപെരുകുന്നതാണ് മറ്റൊരു പ്രതിഭാസം. അഞ്ചുമാറും കുഞ്ഞുങ്ങളുമായി അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ഏതൊരു നഗരസഭയിലെയും സ്ഥിരം കാഴ്ചയാണ്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നതും ഇമ്യൂണൈസ് ചെയ്യുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണെങ്കിലും മിക്കവാറും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും അതു ചെയ്യാറില്ല. ഒറ്റപ്പെട്ട ഏതെങ്കിലും ഒരു പ്രാദേശിക ഭരണകൂടം ചെയ്യുന്നതുകൊണ്ട് കാര്യവുമില്ല, സമീപ പഞ്ചായത്തുകളില്‍നിന്ന് പട്ടികള്‍ അവിടെയെത്തും. ഒരു സംയുക്ത സംരംഭത്തെപ്പറ്റി ആരും ഇതുവരെ ആലോചിക്കുകകൂടെയില്ല. തെരുവിലെ പല നായ്ക്കളും ചൊറിയും ചുരങ്ങും ചെള്ളും ബാധിച്ച്, കുത്തിയിരുന്ന് ശരീരമാസകലം ചൊറിഞ്ഞ്, രോമം പൊഴിഞ്ഞ് കഷ്ടപ്പെടുന്നവയാണ്. പട്ടിണി കിടക്കുന്നവയാണ്. ഇതൊന്നും പട്ടിസ്‌നേഹികള്‍ എന്നവകാശപ്പെടുന്നവര്‍ കണ്ടതായി പോലും നടിക്കുന്നില്ല.നായ്ക്കളുടെ ഇതുവരെ ഇല്ലാത്ത ആക്രമണം എങ്ങനെ പെട്ടെന്നുണ്ടായി എന്നാണ് ചിലരുടെ ചേദ്യം. അത് നേരത്തെ ഇല്ലാത്തതുകൊണ്ടല്ല, പട്ടി കടിക്കുന്നതും ആളുകള്‍ മരിക്കുന്നതും പലപ്പോഴും പ്രാദേശിക വാര്‍ത്തകളായിരുന്നതുകൊണ്ടാണ്.

ഒരു കരുന്നു ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും വാക്‌സിനെടുത്തവരില്‍ത്തന്നെ അഞ്ചു പേര്‍ മരിക്കുകയും ചെയ്തതോടയാണ് അത് ദേശീയ, അന്തര്‍ദ്ദേശീയ വാര്‍ത്തയായത്.എന്തുകൊണ്ട് തെരുവുപട്ടികള്‍ ആക്രമണകാരികളാകുന്നു എന്നത് മറ്റൊരു ചേദ്യം. എണ്ണം പെരുകുന്നതും കൂട്ടം കൂടുന്നതുമാണ് കാരണം. ഒറ്റയ്ക്ക് അവ അരക്ഷിതരാണ്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ വീട്ടുവളപ്പിനകത്തെങ്കിലും ശൗര്യം കാട്ടും. ഒരാള്‍ കയ്യോങ്ങിയാല്‍ ഒരു തെരുവു പട്ടി ഓടിയകലും. പക്ഷേ, കൂട്ടമാകുമ്പോള്‍ അവയ്ക്ക് ധൈര്യം കൂടും. പട്ടികളെ പേടിയുള്ള കുട്ടികളും മുതിര്‍ന്നവരും ഓടും. ഓടുന്ന ഇരയുടെ, അത് മൃഗങ്ങളായാലും മനുഷ്യരായാലും, പിന്നാലെ ഓടി ക്രൂരമായി കടിച്ചു കീഴ്‌പ്പെടുത്തുന്നത് അവയുടെ ജന്മസ്വഭാവമാണ്.സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ തെരുവുനായ്ക്കള്‍ വലിയ ഭീഷണിയാണ്. അത് എങ്ങനെ ഒഴിവാക്കാം? കൊല്ലുകയാണ് ഒരു വഴി. ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ അത് അനുവദിക്കുന്നില്ല. അത് പ്രായോഗികമല്ലെന്നും, പരീക്ഷിച്ച സ്ഥലങ്ങളില്‍ പരാജയപ്പെട്ടുവെന്നും ചിലര്‍ അവകാശപ്പെടുന്നു. പന്നിപ്പനി എന്നു കേട്ടാല്‍ ആയിരക്കണക്കിന് പന്നികളെയും, പക്ഷിപ്പനി എന്നു കേട്ടാല്‍ ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയും കൊല്ലുന്ന നാട്ടില്‍ പേനായ്ക്കളെ കൊല്ലാത്തതെന്ത്?വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരുമെന്നാണ് ചിലരുടെ വാദം.

വന്ധ്യംകരിച്ചാല്‍ ലൈംഗികശേഷി ഇല്ലാതാകുമെന്നല്ലാതെ കടിക്കുകയോ കൂട്ടമായി ആക്രമിക്കുകയോ ചെയ്യുന്ന സ്വഭാവത്തില്‍ മാറ്റംവരില്ല. എല്ലാ നായ്ക്കളെയും വന്ധ്യംകരിക്കുക പ്രായോഗികവുമല്ല. കേരളത്തില്‍ അഞ്ചു ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക് - സ്‌കയര്‍ കിലോമീറ്ററിന് 25 വീതം. അതില്‍ കൂടാനാണ് സാദ്ധ്യത. പ്രതിവര്‍ഷം വീടുകളില്‍നിന്ന് പുറംതള്ളപ്പെടുന്ന ആയിരങ്ങള്‍ വേറെയും.നിലവിലുള്ളവയെ പിടികൂടി വന്ധ്യംകരിച്ച് ഷെല്‍ട്ടറുകളിലേക്ക് നീക്കണം. സര്‍ക്കാരിന് പണമില്ലെങ്കില്‍ പട്ടിസ്‌നേഹികള്‍ അത് ഏറ്റെടുക്കട്ടെ. കൂടാതെ, വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തുകയും അവയെ ഉപേക്ഷിക്കുന്നത് തടയുകയും വേണം. വളര്‍ത്തുനായ്ക്കളെ വന്ധ്യംകരിക്കുന്നതും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതും നിര്‍ബ്ബന്ധമാക്കണം. അതു ചെയ്യാത്തവരെ ശിക്ഷിക്കാന്‍ വകുപ്പുണ്ടാക്കണം. ഇത്രയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എന്തായാലും പട്ടികളെ പിടികൂടി വന്ധ്യംകരിച്ച് തെരുവിലേക്കുതന്നെ വിടാന്‍ നിര്‍ദ്ദേശിക്കുന്ന നിയമവും ചട്ടവും ലോകത്ത് മറ്റൊരിടത്തും കേട്ടുകേഴ്വിപോലും ഇല്ലാത്തതാണ്. അത് അറബിക്കടലില്‍ തള്ളണം.

തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ആരാണ് തടസ്സം? തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട ഏതു കേസ് വന്നാലും ഓടിയെത്തി കക്ഷി ചേര്‍ന്ന് എതിര്‍ക്കുന്ന പട്ടിസ്‌നേഹികളുണ്ട്. അവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് മണിക്കൂറിന് പത്തുലക്ഷവും 20 ലക്ഷവും വാങ്ങുന്ന ഗോപാല്‍ സുബ്രഹ്മണ്യം, നാനി പല്‍ക്കിവാല തുടങ്ങിയ അഭിഭാഷകരാണ്. ഏത് പട്ടിയാണ് അതിനുള്ള ഫണ്ട് കൊടുക്കുന്നത്? പേവിഷത്തിന് മരുന്നുണ്ടാക്കുന്ന കമ്പനികളുടെ ലോബിയാണെന്ന് മുന്‍ തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ ആണയിട്ടു പറയുന്നു. ഇന്ത്യയില്‍ 2800 കോടി രൂപയുടെ മാര്‍ക്കറ്റാണ് പേവിഷമരുന്നുകള്‍ക്കുള്ളത്. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ 469 മരുന്നുകളുടെ ടെണ്ടര്‍ തനിക്ക് നിഷ്പ്രയാസം ഫൈനലൈസ് ചെയ്യാമായിരുന്നുവെങ്കിലും ആന്റിറാബിസ് വാക്‌സിന്റെ ടെണ്ടര്‍ ഫൈനലൈസ് ചെയ്യാന്‍ പറ്റുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

മനുഷ്യര്‍ക്ക് ദ്രോഹമുമുണ്ടാക്കാത്ത പോത്തിനെയും ആടിനെയും കോഴിയെയും താറാവിനെയും കൊല്ലാം, പട്ടിയെ മാത്രം കൊല്ലാന്‍ പാടില്ലെന്ന ചട്ടമുണ്ടാക്കിയിരിക്കുന്നു. അത് നിയമവിരുദ്ധമാണ്. മൃഗങ്ങളോടുള്ള ക്രൂരത അക്കമിട്ട് നിരത്തുന്ന, 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് ആക്ടിന്റെ 11-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ പറയുന്ന ഒരു കാര്യവും, നിയമം അനുവദിക്കുന്ന വിധത്തില്‍ തെരുവുനായ്ക്കളുടെ നശീകരണത്തിന് ബാധകമല്ലെന്ന് (3)(ബി) ഉപവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇത് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. പക്ഷേ, ഭരിക്കുന്നവര്‍ക്ക് ഒരു താല്പര്യവുമില്ല, ഇപോള്‍ കാണിക്കുന്ന ആവേശം വിഷയം മാദ്ധ്യമശ്രദ്ധയില്‍നിന്ന് മാറിയാല്‍ തീരും. പട്ടികള്‍ പിന്നെയും തെരുവില്‍ അലയും, മനുഷ്യരെ കൂട്ടമായി ആക്രമിക്കും. അത് കേരളത്തിന്റെ സ്വന്തം ശാപമാണ്.