വിചാരണയില്ലാതെ തടവ്


SEPTEMBER 22, 2022, 8:46 PM IST

''പ്രിയ റോഹിത്, താങ്കള്‍ക്ക് മറുപടി എഴുതാന്‍ ഇരിക്കുമ്പോള്‍, ഇന്ന് രാത്രി ജയില്‍വിമുക്തരാക്കാന്‍ പോകുന്നവരുടെ പേരുകള്‍ ഉച്ചഭാഷിണിയില്‍ പ്രഖ്യാപിക്കുന്നത് എനിക്ക് കേള്‍ക്കാം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ, കോടതികളില്‍ നിന്ന് 'രെഹായ് പര്‍ച്ചകള്‍' (വിടുതല്‍ ഉത്തരവുകള്‍) ജയില്‍ അധികാരികളിലേക്ക് എത്തുന്ന സമയമാണിത്. ഇരുട്ട് ഇറങ്ങി ജയില്‍ വളപ്പിനെ വിഴുങ്ങുമ്പോള്‍ ചില തടവുകാര്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കാണാന്‍ പോകുന്നു. അവരുടെ മുഖത്ത് ഞാന്‍ പരമാനന്ദം ദര്‍ശിക്കുന്നു. രണ്ട് വര്‍ഷമായി, എല്ലാ രാത്രിയിലും 'നാം നോട്ട് കരേന്‍, ഇന്‍ ബന്ദി ഭായിയോന്‍ കി റെഹായ് ഹൈ' (പേരുകള്‍ ശ്രദ്ധിക്കുക, ഈ തടവുകാരെ വിട്ടയക്കുന്നു) എന്ന അറിയിപ്പ് ഞാന്‍ കേള്‍ക്കുന്നു. എന്റെ പേര് കേള്‍ക്കുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞാന്‍ പലപ്പോഴും ആശ്ചര്യപ്പെടുന്നു: ഈ ഇരുണ്ട തുരങ്കത്തിന്റെ നീളം എത്രയാണ്? ഇനിയും വെളിച്ചമുണ്ടോ? ഞാന്‍ അവസാനത്തോട് അടുക്കുകയാണോ, അതോ ഞാന്‍ പാതിവഴിയില്‍ മാത്രമാണോ?

യഥാര്‍ത്ഥ അഗ്നിപരീക്ഷ ഇനിയും തുടങ്ങാനിരിക്കുകയാണോ?'ആസാദിയുടെ അമൃത് കാലി'ലേക്ക് നാം പ്രവേശിച്ചുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ അഗ്‌നിപരീക്ഷകള്‍ നാം (ബ്രിട്ടീഷ്) രാജിന്റെ ദിനങ്ങളിലേക്ക് മടങ്ങുകയാണെന്ന തോന്നലുണ്ടാക്കുന്നു. ഈയിടെയായി, കൊളോണിയല്‍ അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ക്രൂര നിയമങ്ങള്‍ ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, വിമതര്‍, രാഷ്ട്രീയ പ്രതിപക്ഷം എന്നിവര്‍ക്കെതിരെ ആയുധമാക്കുന്നത് തുടരുമ്പോഴാണിത്. നാം ജയിലില്‍ കഴിയാന്‍ കാരണമായ 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ'വും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച റൗലറ്റ് നിയമവും തമ്മിലുള്ള സാമ്യമൊന്നും ജനങ്ങള്‍ കാണുന്നില്ലേ? ജനങ്ങളുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും ലംഘനം സാധ്യമാക്കുന്ന കൊളോണിയല്‍ ഭരണത്തിന്റെ തുടര്‍ച്ചയായ ഈ ശിക്ഷാ ഉപകരണങ്ങളെ നാം ഇല്ലാതാക്കേണ്ടതല്ലേ? നമ്മളില്‍ പലരും, നമ്മളെപ്പോലെയുള്ള മറ്റ ചിലരും, ദീര്‍ഘനാളത്തേക്ക് വിചാരണ കൂടാതെ, വിചാരണ എപ്പോള്‍ തുടങ്ങും എന്നതിന് യാതൊരു ദൃശ്യപരതപോലുമില്ലാതെ, തടവിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ അമ്പരപ്പിക്കുന്നു. യുഎപിഎ ചുമത്തുന്നതുവഴി ഒന്നും തെളിയിക്കാതെ അവര്‍ക്ക് വര്‍ഷങ്ങളോളം നമ്മെ ജയിലില്‍ അടയ്ക്കാം. ഞങ്ങള്‍ക്കെതിരെയുള്ള അപഹാസ്യമായ ആരോപണങ്ങളൊന്നും കോടതിയില്‍ തെളിയിക്കാനുള്ള കഴിവില്ലായ്മ, ഈ കാലഘട്ടത്തില്‍ നമുക്കെതിരെ ദുരാരോപണങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് അവര്‍ക്ക് തടസ്സമല്ല....''നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം രണ്ടു വര്‍ഷമായി വിചാരണ കൂടാതെ തിഹാര്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പിഎച്ച്ഡി ഹോള്‍ഡറുമായ ഉമര്‍ ഖാലിദിന്റ വാക്കുകളാണിവ.

അയാള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ വിചക്ഷണനും ആക്ടിവിസ്റ്റുമായ രോഹിത് കുമാര്‍ എഴുതിയ തുറന്ന കത്തിന് നല്‍കിയ മറുപിടിയിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. 2020ലെ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്, 2022 സെപ്തംബര്‍ 13ന്, ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഖാലിദ് രണ്ട് വര്‍ഷം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടും വിചാരണ എന്നു തുടങ്ങുമെന്നുപോലും ഒരു തിട്ടവുമില്ല.യുഎപിഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം നീതിക്കുവേണ്ടി പോരാടുന്നവരെ വിചാരണകൂടാതെ വര്‍ഷങ്ങളോളം ജയിലിലിടാനുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന ഭയാനക സത്യത്തിലേക്കാണ് ഉമര്‍ ഖാലിദിന്റെ അനുഭവം വിരല്‍ ചൂണ്ടുന്നത്.

തീവ്രവാദികളെയും രാജ്യദ്രോഹികളെയും തടയുന്നതിന് വേണ്ടിയുള്ള പഴയ നിയമമാണ് യുഎപിഎ. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ 1967ല്‍ കൊണ്ടുവന്ന നിയമം പിന്നീട് 2008ലും 2012ലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശക്തിപ്പെടുത്തി. 2019 ജൂലൈയില്‍, നരേന്ദ്ര മോദി രണ്ടാം തവണയും വിജയിച്ച് ആഴ്ചകള്‍ക്ക് ശേഷം, കോടതിയില്‍ തെളിയിക്കേണ്ട ആവശ്യമില്ലാതെ, ആരാണ് തീവ്രവാദിയെന്ന് തീരുമാനിക്കാന്‍ ഗവണ്‍മെന്റിനെ (പോലീസിനെ) അനുവദിക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. 2014മുതല്‍ ഈ നിയമപ്രകാരം 10,000ത്തിലധികം ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്, അതില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് വിചാരണ നേരിട്ടിട്ടുള്ളത്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 90 ശതമാനത്തിലധികം തടവുകാരും വിചാരണത്തടവുകാരാണെന്ന് അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചു.ഖാലിദിനെതിരെയുള്ള കുറ്റങ്ങള്‍ അവ്യക്തവും വിചിത്രവുമാണ്. 2020 ഫെബ്രുവരിയില്‍ നഗരത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

ജനങ്ങള്‍ രോഷാകരല്ലെങ്കില്‍ ഒരു ചെറിയ കൂട്ടം ആളുകള്‍ ഗൂഢാലോചന നടത്തുന്നതുകൊണ്ട് കലാപം സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഖാലിദിനെതിരെയുള്ള കുറ്റങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ല, പക്ഷേ അയാള്‍ അനിശ്ചിതകാലത്തേക്ക് ജയിലില്‍ കഴിയേണ്ടിവരും. യുഎപിഎ നിമത്തിന്റെ കര്‍ശനമായ വകുപ്പുകള്‍ കാരണം ജാമ്യം ലഭിക്കുക ഏതാണ്ട് അസാദ്ധ്യമാണ്. 'ജാമ്യം നല്‍കുന്നത് നിയമവും ജയില്‍ അപവാദവുമാണെ'ന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും, സര്‍ക്കാര്‍ ശക്തമായി എതിര്‍ത്താല്‍ ജാമ്യം ലഭിക്കില്ല.ഇത്തരം പോലീസ് നടപടികള്‍ ക്രമരഹിതമോ വല്ലപ്പോഴും സംഭവിക്കുന്നതോ അല്ല; അവ രാജ്യത്ത് മറ്റെവിടെയും കാണാവുന്ന മാതൃകയുടെ ഭാഗമാണ്. 2020 മുതല്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ സുപ്രീം കോടതി ഇടപെട്ട് കഴിഞ്ഞ ആഴ്ചയാണ് മോചിപ്പിച്ചത്.

ഹാത്രാസില്‍ കൗമാരക്കാരക്കാരിയായ ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി മരിക്കുകയും തെളിവു നശിപ്പിക്കാന്‍ പോലീസ് വീട്ടുകാരുടെ അനുമതി കുടാതെ അന്ത്യകര്‍മങ്ങളും ആചാരങ്ങളും ഇല്ലാതെ ജഡം തിരക്കിട്ട് ദഹിപ്പിക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ യൂപിയിലെ ഹാത്രാസില്‍ എത്താന്‍ ശ്രമിച്ചതാണ് മലയാളിയായ പത്രപ്രവര്‍ത്തകന്‍ ചെയ്ത കുറ്റം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) അംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്തു എന്നാരോപിച്ചാണ് ഇയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി യോഗി സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് ശരിയാണെങ്കില്‍, അത് കോടതിയില്‍ തെളിയിക്കപ്പെടണം.യുഎപിഎയുടെ (ദുരു)പയോഗം എങ്ങനെ മികച്ചതാക്കാനാകുമെന്ന് ഗവേഷണം നടത്തുന്നതുപോലെയാണ് ചില സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നടപടികള്‍. കഴിഞ്ഞ വര്‍ഷം ത്രിപുരയില്‍ വിഎച്ച്പിയുടെയും എച്ച്‌ജെഎമ്മിന്റെയും അംഗങ്ങള്‍ മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു.

അവര്‍ വീടുകളും കടകളും ആക്രമിക്കുകയും ഒരു പള്ളി തകര്‍ക്കുകയും ചെയ്യുന്നു.അടുത്തതായി, ഒരു വസ്തുതാന്വേഷണ സംഘം പ്രദേശം സന്ദര്‍ശിക്കുകയും നിഷ്‌ക്രിയത്വത്തിന് പോലീസിനെ കുറ്റപ്പെടുത്തുന്ന കണ്ടെത്തലുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 'അസ്വീകാര്യമായ വാര്‍ത്തകളും/പ്രസ്താവനകളും' പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റുകളെ യുഎപിഎ (ഒപ്പം മറ്റ് ഐപിസി വകുപ്പുകളും) പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്നു. വസ്തുതാന്വേഷണ സംഘത്തിന്റെ സന്ദര്‍ശനവും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തമ്മില്‍ പരസ്പരബന്ധം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.ഇന്ത്യപാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ജമ്മു കശ്മീര്‍ പോലീസ് രണ്ട് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എതിരെ യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. നേരത്തെ, 2021 മാര്‍ച്ചില്‍, ഉധംപൂരിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറെ ഒരു പഴയ കേസില്‍ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

2021 ഫെബ്രുവരിയില്‍, വെടിയേറ്റ് മരിച്ച മകന്റെ ശവസംസ്‌കാര മാര്‍ച്ചിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പുല്‍വാമയിലെ ദുഃഖിതനായ പിതാവിനെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തു. 2020ലെ യുഎപിഎ കേസുകളില്‍ മൂന്നിലൊന്ന് ജമ്മു കശ്മീരില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2014-19 കാലത്ത് ഇത്തരം കേസുകളില്‍ അഞ്ചിരട്ടിയിലധികം വര്‍ധനവുണ്ടായി.ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം നീതിക്കുള്ള അവകാശമാണ്. കൊലപാതകികളോ ബലാത്സംഗികളോ തീവ്രവാദികളോ അല്ലാത്തപക്ഷം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുന്നത്, നിയമ നടപടി ശിക്ഷയായി മാറുന്ന അവസ്ഥ സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും, ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ യുഎപിഎ ഉപയോഗിക്കുന്നു. 26/11 മുംബൈ ആക്രമണത്തില്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് ന്യായമായ വിചാരണ നല്‍കിയ ഒരു രാജ്യം, മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥി നേതാക്കളെയും വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തിയത് എങ്ങനെയെന്ന് ആലോചിക്കണം.