സ്ത്രീവിമോചന പോരാട്ടം


SEPTEMBER 29, 2022, 5:02 PM IST

സഹിച്ചത് മതിയായി എന്ന് ജനത്തിനു തോന്നുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം ഏതെങ്കിലും ഒരു പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകയറുകയും ചെയ്യുന്നത്. വിഷയം എന്തായാലും സഹനത്തിന്റെ നെല്ലിപ്പടി കാണുന്ന അവസ്ഥയില്ലെങ്കില്‍ അത് പ്രാദേശികമായ പ്രതിഷേധമായിരിക്കുകയും എളുപ്പത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ആദ്യത്തെ ഗണത്തില്‍ പെടുന്നതാണ്.പൊതുജനപ്രക്ഷോഭങ്ങള്‍ അവിടെ പുത്തരിയല്ല. 2009ലെ പക്ഷോഭം മഹ്മൂദ് അഹമ്മദി നെജാദിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള രോഷം 2017ല്‍ പ്രതിഷേധമായി പൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ സുരക്ഷാ സേന 1,500 പേരെ കൊന്നതായി ആരോപിക്കപ്പെടുന്ന 2019ലെ പ്രക്ഷോഭം ഇന്ധനവിലക്കയറ്റത്തിന്റെ പേരിലായിരുന്നു. ഇത്തവണത്തേത് വ്യത്യസ്തമാണ്.

ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള വിവേചനാപരമായ പെരുമാറ്റം പുതിയ തലമുറയ്ക്ക് സഹിക്കാവുന്നതില്‍ അധികമായതിന്റെ പ്രതികരണമാണ്. മതഭരണകൂടം അനുശാസിക്കുന്ന വിധത്തില്‍ ഹിജാബ് ധരിച്ചില്ല എന്ന കാരണത്തിന് മൊറാലിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 കാരി പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. പടിഞ്ഞാറന്‍ ഇറാനിലെ കുര്‍ദിസ്ഥാനില്‍നിന്ന് കുടുംബാംഗങ്ങളോടൊപ്പം ടൂറിനു വന്ന അമിനി പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കോമയിലാകുകയും രണ്ടു ദിവസത്തിനു ശേഷം മരിക്കുകയുമായിരുന്നു.

പതിറ്റാണ്ടുകളായി ന്യൂനപക്ഷമായ കുര്‍ദുകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ഇറാനിലെ കുര്‍ദിസ്ഥാന്‍ മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. അത് പെട്ടെന്ന് ടെഹ്‌റാന്‍, മഷാദ്, ഉള്‍പ്പെടെ 80 നഗരങ്ങളിലേക്ക് വ്യാപിച്ചു. മരണം ഹൃദയസ്തംഭനം മൂലമാണെന്ന് അവകാശപ്പെട്ട് ജനക്കൂട്ടത്തെ ശാന്തമാക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പ്രതിഷേധക്കാര്‍ പോലീസുമായും മഫ്റ്റിയിലുള്ള സുരക്ഷാസേനയുമായും ഏറ്റുമുട്ടി. പല സ്ഥലങ്ങളിലും സ്ത്രീകളായിരുന്നു പ്രതിഷേധത്തിന്റെ മുന്‍നിരയില്‍.ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത നിരവധി വീഡിയോകള്‍ ഈ ദേഷ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. യുവാക്കള്‍ തെരുവില്‍ പോലീസിനെ നേരിടുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നു. ജനക്കൂട്ടം 'സ്വേച്ഛാധിപതിക്ക് മരണം' എന്ന് വിളിക്കുന്നു. സ്ത്രീകള്‍ തെരുവില്‍ നൃത്തം ചെയ്യുന്നു.

ഹിജാബ് ഊരി കത്തിക്കുന്നു. ഒരു സ്ത്രീ സ്വന്തം മുടി മുറിക്കുമ്പോള്‍ പുരുഷന്മാര്‍ ഹര്‍ഷാരവം മുഴക്കുന്നു. മുടി മറയ്ക്കാത്തതിനും നൃത്തം ചെയ്തതിനുമെല്ലാം സ്ത്രീകളെ ജയിലില്‍ അടയ്ക്കുകയും തല്ലുകയും ചെയ്യുന്ന ഭരണകൂടത്തിന് ഇതൊക്കെ പ്രതിവിപ്ലവമാണ്.1981ല്‍ ഹിജാബ് നിയമം ആരംഭിച്ചതുമുതല്‍ ഇറാനിയന്‍ സ്ത്രീകള്‍ അതിനെ വെല്ലുവിളിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ടു. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും ശിരോവസ്ത്രവും അയഞ്ഞ വസ്ത്രവും ധരിക്കണമെന്നാണ് ഇറാനിയന്‍ നിയമം. യുവതലമുറയിലെ സ്ത്രീകള്‍ വളര്‍ന്നപ്പോള്‍, പൊതുസ്ഥലത്ത് ശിരോവസ്ത്രം നീക്കം ചെയ്യാനും നിര്‍ബന്ധിത ഹിജാബ് ഊരിയെറിയാനും ധൈര്യപ്പെട്ടു. 2019ല്‍, പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ നുഴഞ്ഞുകയറിയതിന് അറസ്റ്റിലായ സഹര്‍ ഖോദയാരി എന്ന 29 കാരി സ്വയം തീകൊളുത്തി പ്രതിഷേധിച്ചു. അതേ വര്‍ഷം, ശിരോവസ്ത്രം അഴിച്ച സ്ത്രീകള്‍ക്കുവേണ്ടി വാദിച്ച പ്രമുഖ ഇറാനിയന്‍ അഭിഭാഷകയായ നസ്രിന്‍ സൊതൗദെക്ക് 38 വര്‍ഷം തടവും 148 ചാട്ടവാറടിയും ശിക്ഷ ലഭിച്ചു. വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പുരുഷ രക്ഷാധികാരിയുടെ അനുമതി കൂടാതെ ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള അവകാശം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള സ്ത്രീ മുന്നേറ്റത്തെ മര്‍ദനവും അറസ്റ്റും വെടിവയ്പും കൊണ്ട് ഭരണകൂടം നേരിട്ടു.

സ്ത്രീകളെ സാമൂഹികമായി 6-ാം നൂറ്റാണ്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഇറാനിലെ മതഭരണകുടം ശ്രമിക്കുന്നത്. സമാനമായ അടിച്ചമര്‍ത്തല്‍ നിലനിന്ന സൗദി അറേബ്യ പുതിയ ഭരണാധികാരിയുടെ കീഴില്‍ പതിയെ മാറാന്‍ തുടങ്ങി. മറ്റൊന്ന് അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ ഗവണ്മെന്റ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസംപോലും നിഷേധിക്കുന്നു. ഇറാനില്‍ പക്ഷേ, വിദ്യ സമ്പാദിക്കാനും ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്. എങ്കിലും അവര്‍ കൂടുതല്‍ സ്വാതന്ത്യം ആഗ്രഹിക്കുന്നു.എല്ലായിടത്തും ഗവണ്‍മെന്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരുന്ന അതേ പരാതികളാണ് ഇറാനികളെയും പ്രക്ഷോഭങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അഴിമതി, വഞ്ചന, കെടുകാര്യസ്ഥത... കയ്‌പേറിയ ഈ കൂട്ടുകഷായത്തോട് രാഷ്ട്രീയവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകള്‍ ചേരുന്നു.

ഇന്നത്തെ പ്രതിഷേധങ്ങളെ 2009ലേതില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഡസന്‍ കണക്കിന് ഘടകങ്ങളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഉള്‍പ്പെടുന്നു. 2009ല്‍ 2-3 ദശലക്ഷം വരെ ഇറാനികള്‍ ടെഹ്‌റാനില്‍ നിശബ്ദമായി പ്രതിഷേധിച്ചപ്പോള്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, അതിശയിപ്പിക്കുന്ന 48 ദശലക്ഷം ഇറാനികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു, അവരെല്ലാം സോഷ്യല്‍ മീഡിയയും ആശയവിനിമയ ആപ്പുകളുംകൊണ്ട് സജ്ജമാണ്. ടെലിഗ്രാമിന് മാത്രം 40 ദശലക്ഷം ഉപയോക്താക്കളുണ്ട്.ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമാണ് മതമൗലിക തീവ്രവാദ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ശത്രു. സ്വന്തം രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ജനം പുറംലോകം കാണുന്നു, പുതിയ ആശയങ്ങല്‍ അറിയുന്നു.

ആധുനിക കാലത്തെ പൊതുജന പ്രക്ഷോഭങ്ങള്‍ ഇത്രവേഗം പൊട്ടിപ്പുറപ്പെടുകയും പടരുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയുടെ സഹോയത്തോടെയാണ്. അത് അറിയാവുന്നതുകൊണ്ടാണ് ഇറാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നതും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയം നിയന്ത്രിക്കുന്നതും. ഒരുപക്ഷേ, ഭരണകൂലത്തിന്റെ പക്കലുള്ള ഏറ്റവും വലിയ ആയുധവും ഇന്റര്‍നെറ്റ് നിയന്ത്രണമാണ്. ഇറാന്‍ സാധാരണയായി അനുവദിക്കുന്ന ആശയവിനിമയ ഉപകരണങ്ങളായ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും നിയന്ത്രിച്ചതായി ഇന്റര്‍നെറ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് നെറ്റ്‌ബ്ലോക്ക്‌സ് പറഞ്ഞു. രണ്ട് ആപ്പുകള്‍ക്കും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്, സമീപ വര്‍ഷങ്ങളില്‍ ഫേസ്ബുക്കും ട്വീറ്ററും അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ അധികാരികള്‍ തടഞ്ഞതിന് ശേഷം ഇവ കൂടുതല്‍ ജനപ്രിയമായി. ടെലിഗ്രാം, യൂട്യൂബ്, ടിക് ടോക്ക് എന്നിവയും ഇടയ്ക്കിടെ അടച്ചുപൂട്ടലിനു വിധേയമാകുന്നു.

മിഡില്‍ ഈസ്റ്റിലെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ പൊതുവെ വലിയ അടിച്ചമര്‍ത്തലിനെ അഭിമുഖീകരിക്കുന്നു. സന്തോഷകരമായ അന്ത്യങ്ങള്‍ അവയ്ക്ക് അപൂര്‍വ്വമായേ ഉണ്ടാകൂ. ഒരു സ്വേച്ഛാധിപതിയെ അട്ടിമറിക്കുന്നതില്‍ 'വിജയിച്ചാല്‍പോലും, സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ അവര്‍ പരാജയപ്പെടുന്നു. മിക്ക മിഡില്‍ ഈസ്‌റ്റേണ്‍ രാജ്യങ്ങളും ഭരിക്കുന്നത് മതേതര സ്വേച്ഛാധിപതികളാണ്. അവര്‍ ഇസ്ലാമിസ്റ്റുകളെ ഭയപ്പെടുകയും അടിച്ചമര്‍ത്തുകയുംചെയ്യുന്നു. ഇറാനില്‍ നേരേ മറിച്ചാണ്. മതേതര പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ഇറാനിലേത്. നിരായുധരായ, അസംഘടിതരായ, നേതാവില്ലാത്ത, സാമ്പത്തിക അന്തസ്സും ബഹുസ്വരതയും തേടുന്ന സാധാരണക്കാര്‍, കനത്ത സായുധ, സംഘടിത, തിയോക്രസിയെ തോല്പിക്കാനുള്ള സാദ്ധ്യത വിരളമാണ്.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വധശിക്ഷാ നിരക്കുള്ള രാജ്യമാണ് ഇറാന്‍.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നു, സ്വവര്‍ഗ്ഗാനുരാഗികളെയും മതന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. സമാധാനപരമായ ഒരു പൗരാവകാശ പ്രസ്ഥാനം ഇറാനില്‍ വിജയിക്കില്ലെന്ന് വിശ്വസിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. ഭരണകൂടത്തിന്റെ ശക്തമായ ഉപകരണം - ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) ബാസിജ് മിലിഷ്യയും - സംഘടിതവും സായുധവും സമൃദ്ധവും അടിച്ചമര്‍ത്തലിന്റെ ക്രൂരമായ ശാസ്ത്രത്തില്‍ നന്നായി പരിശീലനം നേടിയവരുമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നിരായുധരും നേതാവില്ലാത്തവരും ചുക്കാന്‍ ഇല്ലാത്തവരുമാണ്. കൂടാതെ, ലെബനീസ് ഹിസ്ബുള്ള ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഷിയാ മിലിഷ്യകള്‍ ഇറാന്റെ പക്കലുണ്ട്. സിറിയന്‍ വിമതരുമായോ സുന്നി ജിഹാദികളുമായോ യുദ്ധം ചെയ്യുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് നിരായുധരായ ഇറാനിയന്‍ പ്രതിഷേധക്കാരെ തകര്‍ക്കുന്നത്.

ഇറാനോട് കടുത്ത ശത്രുതയിലാണെങ്കിലും ഗള്‍ഫ് മേഖലയിലെ സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ ഇറാന്‍ ജനതയുടെ പക്ഷത്തല്ല. കാരണം ഇറാന്‍ ഭരണകൂടത്തെ ജനങ്ങള്‍ക്ക് മറിച്ചിടാന്‍ കഴിഞ്ഞാല്‍, അറബ് വസന്തം പോലെ അതിന് 'ഡോമിനോസ് ഇഫക്ട്' ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. ഇറാനില്‍ അരാജകത്വം പടരുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതായത് ഇറാനിലെ ജനങ്ങള്‍ ഒറ്റയ്ക്കാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കാന്‍ ഇറാനിയന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, ചരിത്രം മറിച്ചാണ്. വരും ആഴ്ചകളിലും മാസങ്ങളിലും ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കണം. അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇറാന്റെ സുരക്ഷാ സേന തഴച്ചുവളരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ അവര്‍ അധികാരം വിപുലീകരിക്കുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ക്രൂരതയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രം സൂചിപ്പിക്കുന്നത്, മാറ്റം എളുപ്പമോ സമാധാനപരമായോ പെട്ടെന്നോ വരില്ല എന്നാണ്.