ബന്ദിന്റെ അന്ത്യം


JANUARY 26, 2023, 8:09 PM IST

ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടം ഈടാക്കാനുള്ള നടപടികളില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കര്‍ കട്ട കലിപ്പിലാണ്. പക്ഷേ, എന്തു ചെയ്യാം, പുറത്തുപറയാന്‍ പറ്റില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ നിയമമുണ്ടെങ്കിലും ഹര്‍ത്താലിന്റെയും മറ്റും പേരില്‍ പൊതുമുതല്‍ നശിപ്പിച്ച ആര്‍ക്കുമെതിരെ നടപടിയെടുത്ത ചരിത്രം കേരളത്തിനില്ല. അതിനാല്‍ ശിക്ഷാഭയമില്ലാതെ പൊതുമുതല്‍ നശിപ്പിക്കുന്നത് ഒരു കലാപരിപാടിയായി എല്ലാ പാര്‍ട്ടിക്കാരും സംഘടിത ഗ്രൂപ്പുകളും തുടര്‍ന്നു. ഭീകരപ്രവര്‍ത്തനനത്തിന് കോപ്പുകൂട്ടിക്കൊണ്ടിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി രായ്ക്കുരാമാനം പോക്കിയതില്‍ പ്രതിഷേധിക്കാന്‍ നടത്തിയ ഹര്‍ത്താലിലും കലാപരിപാടി ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിക്കുമാത്രം 5.20 കോടി രൂപയുടെ നഷ്ടമുണ്ടായി. കലാപകാരികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം ഈടാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇടതുപക്ഷ ഗവണ്മെന്റ് കാര്യമായി എടുത്തില്ല.

ആറു മാസത്തോളം ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ, കോടതി വിട്ടുവീഴ്ചയില്ലാതെ നീങ്ങിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ജപ്തി നോട്ടീസി പതിച്ചത്.പിഎഫഐക്കാര്‍ അടക്കമുള്ള മുസ്ലീമുകളോടുള്ള സ്‌നേഹത്തേക്കാളും എല്‍ഡിഎഫിനെ അലട്ടിയത് നഷ്ടപരിഹാരം ഈടാക്കല്‍ നടപടി തങ്ങള്‍ക്കും വിനയാകും എന്ന തിരിച്ചറിവാണ്. നിസ്സാര കാര്യങ്ങളുടെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും (ചിലപ്പോള്‍ അത് പൊതു പണിമുടക്ക് എന്ന പേരിലായിരിക്കും) പൊതുമുതല്‍ മാത്രമല്ല സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്യുന്നത് കുത്തകാവകാശമായി കരുതുന്നവരാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളത്.

നശിപ്പിച്ചവരില്‍നിന്ന് നഷ്ടം ഈടാക്കുന്നത് ഒരു കീഴ്വഴക്കമായാല്‍ കേരളത്തില്‍ ഒരു ബന്ദും വിജയിക്കുകയില്ല. ഇപ്പോള്‍ അക്രമം ഭയന്നാണ്ബസുടമകളും കച്ചവടക്കാരും യാത്രക്കാരും സഹകരിക്കുന്നത് എന്ന് അവര്‍ക്ക് നന്നായി അറിയാം.മുസ്ലീംലീഗ് ഒഴിച്ചുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ കോടതി നടപടിക്കെതിരെ ഒട്ടുംതന്നെ പ്രതികരിക്കാതിരുന്നത് കോടതിയലക്ഷ്യമാകും എന്നതിനേക്കാള്‍ കോടതിയുടെ നടപടിയെ ഭൂരിപക്ഷംവരുന്ന പൊതുജനം പിന്താങ്ങുന്നു എന്ന് അറിയാവുന്നതുകൊണ്ടാണ്. എന്നാല്‍, ജപ്തി നടപടികള്‍ നേരിടുന്നത് തീവ്രവാദികളാണെങ്കിലും മുസ്ലീമുകളായതിനാല്‍ ലീഗിന് മിണ്ടാതിരിക്കാനും വയ്യാ. അതുകൊണ്ടാണ് 'ജപ്തിയുടെ മറവില്‍ നിരപരാധികളെ വേട്ടയാടാനുള്ള പൊലീസ് നീക്കം അനുവദിക്കില്ലെ'ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. 'തീവ്രവാദികളെ നേരിടാന്‍ നിയമപരമായ ഏതു വഴിയും സര്‍ക്കാരിനു സ്വീകരിക്കാം. എന്നാല്‍ മുസ്‌ലിം നോമധാരികളായതുകൊണ്ടു മാത്രം മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല.

മലപ്പുറത്ത് 2 ലീഗ് ജനപ്രതിനിധികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേര് എങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും' എന്നും തങ്ങള്‍ പറഞ്ഞു. 'ആളുമാറി ജപ്തി ചെയ്യുന്ന പൊലീസ് നടപടി'യെ ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. 'കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ് നയം. പോപ്പുലര്‍ ഫ്രണ്ടുകാരേയും മറ്റു രാഷ്ട്രീയക്കാരേയും തമ്മില്‍ തിരിച്ചറിയാത്തവരാണോ കേരള പൊലീസ്' എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മുസ്‌ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ലീഗ് ജനപ്രതിനിധികളുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടി. സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും സലാം പറഞ്ഞു.

ലീഗില്‍ അംഗമായാല്‍ തീവ്രവാദി ആകില്ല എന്നുണ്ടോ, ആവോ?ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് വര്‍ഗ്ഗിയ കലാപങ്ങള്‍ വളരെ കുറഞ്ഞു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡല്‍ഹിയിലും ഉത്തരപ്രദേശത്തും രാജ്യത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ദീപാവലിക്ക് പഠക്കം പൊട്ടുന്നതുപോലെയാണ് ഒരു കാലത്ത് ബോംബ് പൊട്ടിയിരുന്നത്. പക്ഷേ, അത്തരം സംഭവങ്ങള്‍ ഇപ്പോള്‍ വിരളമാണ്. പൗരത്വ രജിസ്റ്ററിനെതിരെ 2020ല്‍ നടന്ന ഡല്‍ഹി കലാപമാണ് അവസാനമായി നാം കണ്ടത്. ജാതി സംഘര്‍ഷങ്ങളും ഗണ്യമായി കുറഞ്ഞു. ഹിന്ദു-മുസ്ലീം മൈത്രി വളര്‍ന്നതാണോ കാരണം? ഒരിക്കലും ആയിരിക്കില്ല. മുസ്ലീം തീവ്രവാദികളുടെ ഉള്ളില്‍ ഭയം ജനിച്ചു എന്നതുതന്നെ കാരണം. കലാപമുണ്ടായാല്‍ കലാപകാരികളുടെ വീടുകളും കടകളും പൊളിച്ച് അപ്പോഴപ്പോള്‍ പ്രതികരിക്കുന്ന ഗവണ്മെന്റാണ് യുപിയിലും മദ്ധ്യപ്രദേശിലും കര്‍ണ്ണാടകയിലുമുള്ളത്. കെട്ടിടം അനധികൃമായിരുന്നു എന്നാണ് ന്യായീകരണം. അതിനാല്‍ കോടതി ഇടപെടാറില്ല. അനധികൃതമല്ലെങ്കില്‍ അതു തെളിയിക്കാന്‍ സമയമെടുക്കും. അതുവരെ കഷ്ടത അനുഭവിച്ചേപറ്റൂ.ഇത് ന്യായീകരിക്കാനാവുന്നതാണോ? അല്ല. പക്ഷേ, മുസ്ലീം തീവ്രവാദം മാത്രമല്ല, എല്ലാത്തരം കലാപങ്ങളും അക്രമങ്ങളും കുറഞ്ഞു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

1970കളുടെ അവസാനം മുതല്‍ ഗുജറാത്ത് കലാപം നടന്ന 2002 വരെയുള്ള കാല്‍നൂറ്റാണ്ടോളം ഹിന്ദു-മുസ്ലിം അക്രമങ്ങള്‍ മാരകമായിരുന്നു. 1970കള്‍ മുതല്‍ നൂറ്റാണ്ടിന്റെ അവസാനം വരെ, കലാപങ്ങളുടെ കാര്യത്തില്‍ മുന്‍ കാലത്തെ അപേക്ഷിച്ച് ഏതാണ്ട് അഞ്ചിരട്ടി വര്‍ധനയുണ്ടായി. 1990കളുടെ അവസാനത്തോടെ ഇത് കുറയാന്‍ തുടങ്ങിയെങ്കിലും 2009നും 2017നും ഇടയില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായി. 2013ലെ മുസ്സാഫര്‍നഗര്‍ കലാപം അതില്‍ പെടുന്നു. 2017 നും 2021 നും ഇടയില്‍ രാജ്യത്ത് 2,900 ലധികം മതകലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഡിസംബറില്‍ പാര്‍ലമെന്റില്‍ അറിയിച്ചു.1980 മുതല്‍ നാല് പതിറ്റാണ്ടുകള്‍ ഇന്ത്യ നാല് വലിയ കലാപങ്ങളാല്‍ കലുഷിതമായിരുന്നു: 1980 കളിലും 1990 കളുടെ തുടക്കത്തിലും പഞ്ചാബില്‍ ഖാലിസ്ഥാന്‍ വിഘടനവാദം (20,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു), കാശ്മീരിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും വിഘടനവാദം, മധ്യ,പടിഞ്ഞാറന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് അക്രമങ്ങള്‍. 'ഗ്‌ലോബല്‍ ടെററിസം ഇന്‍ഡക്‌സ് 2020' അനുസരിച്ച്, 2001 മുതല്‍ ഇന്ത്യയില്‍ 8,749 പേര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.

എന്നാല്‍, കശ്മീര്‍ ഒഴിച്ച് മറ്റ് പ്രദേശങ്ങളില്‍ 2010 മുതല്‍ അക്രമങ്ങള്‍ ഗണ്യമായ കുറഞ്ഞു. ഇടതുപക്ഷ തീവ്രവാദ ആക്രമണങ്ങള്‍ 2018നും 2020നും ഇടയില്‍ മൂന്നില്‍ രണ്ട് - 71ല്‍ നിന്ന് 21ലേക്ക് (70%) - കുറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് ആശയപരമായ പിന്തുണ നല്‍കിയതായി കരുതപ്പെടുന്ന ഒട്ടേറെ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ഭീകരവിരുദ്ധ നിയമം അനുസരിച്ച് ജയിലിലാണ്. അതിനെ ന്യായീകരിക്കാനാവില്ലെങ്കിലും, മാവോയിസ്റ്റുകള്‍ ഇപ്പോള്‍ പൊതുവെ ശാന്തരാണ്. ഈ കാലയളവില്‍ സിവിലിയന്‍, സുരക്ഷാ സേനയുടെ മരണങ്ങളുടെ എണ്ണം നാലില്‍ മൂന്ന് ആയി കുറഞ്ഞു.തിരഞ്ഞെടുപ്പ് അക്രമങ്ങളും ഉയര്‍ന്ന രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞു. പോളിംഗ് സ്‌റ്റേഷനുകളിലെ അക്രമം നാലിലൊന്നായി കുറഞ്ഞു, 1989 നും 2019 നും ഇടയില്‍ തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 70% കുറഞ്ഞു. തിരഞ്ഞെടുപ്പ് കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയും വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം ഇരട്ടിയാകുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പുകാലത്ത് കലാപങ്ങളും അക്രമങ്ങളും നിയന്ത്രിക്കാന്‍ സഹായിച്ചത് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ വര്‍ധിച്ച ഉപയോഗം, ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണം, മൊബൈല്‍ ഫോണ്‍ ടവറുകള്‍, ഉറപ്പുള്ള പോലീസ് സ്‌റ്റേഷനുകള്‍, പുതിയ റോഡുകള്‍, വര്‍ദ്ധിച്ച ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ മൂലമാണ്.അക്രമം കുറയുന്നതുകൊണ്ട് അതിന്റെ പുനരുജ്ജീവനം തള്ളിക്കളയാനാവില്ല എന്ന് വിദഗ്ധര്‍ പറയുന്നു.

സാമൂഹിക സൗഹാര്‍ദത്തിന് ഭീഷണിയായാല്‍, തൊഴിലില്ലായ്മയും അസമത്വവും വളര്‍ന്നാല്‍, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ശാശ്വതമായ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നാല്‍ അക്രമം വര്‍ധിച്ചേക്കാം.നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്റലിജന്‍സ് സംവിധാനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2047ല്‍ ഇന്ത്യയെ ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കാമെന്ന മൂഢവിശ്വാസത്തില്‍ കഴിയുന്ന പിഎഫ്‌ഐക്കാരെ സംസ്ഥാന പോലീസിന്റെയും ഇന്റലിജന്‍സിന്റെയും സഹായമില്ലാതെ കൃത്യമായി കണ്ടെത്തി ഒറ്റ രാത്രികൊണ്ട് റാഞ്ചിക്കൊണ്ടു പാകാന്‍ കഴിഞ്ഞത് ഇതിന്റെ തെളിവാണ്. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ഇന്‍കംടാക്‌സ്, ഇഡി, സംസ്ഥാന പോലീസ് തുടങ്ങിയ ഏജന്‍സികള്‍ എന്തെങ്കിലും നടപടിയെടുത്താന്‍ കാക്കക്കൂട്ടങ്ങളെപ്പോലെ പറന്നെത്തി പ്രതിഷേധിക്കുന്ന രീതിയാണ് കണ്ടുവന്നിരുന്നത്.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവര്‍ പലവുരി തെളിയിച്ചതാണ്. പക്ഷേ, കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹി, ആസ്സാംസ മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയാണ് മുന്‍നിര നേതാക്കളെ അറസ്റ്റ് ചെയ്തത്. അതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ അക്രമാസക്തമായ ബന്ദ് നടന്നു. അതുണ്ടാക്കിയ നഷ്ടം പ്രതികളില്‍നിന്ന് ഈടാക്കാനുള്ള കോടതിയുടെ നീക്കം ശ്ലാഘനീയമാണ്. അത് ഫലവത്തായാല്‍ ബന്ദുകള്‍ക്കും അവയുടെ പേരിലുള്ള അക്രമങ്ങള്‍ക്കും അറുതിവരുമെന്ന് തീര്‍ച്ച.