അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും


OCTOBER 14, 2021, 9:16 PM IST

ക്രിസ്ത്യന്‍ യുവതികളെ പ്രണയം നടിച്ച് വശീകരിച്ച് മതംമാറ്റി ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലൗ ജിഹാദിനോടൊപ്പം, മയക്കുമരുന്നിന് അടിമയാക്കി ക്രിസ്ത്യന്‍ യുവതയെ നശിപ്പിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്ന പാലാ മെത്രാന്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന നിരവധി കാരണങ്ങളാല്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പക്ഷേ, അതുപോലെ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ് 'ഞങ്ങളെല്ലാം വിശുദ്ധരാണെ'ന്ന മുസ്ലീം നേതാക്കളുടെയും സംഘടനകളുടെയും നിലപാടും. പ്രണയിച്ചും, പ്രണയം നടിച്ചും, മറ്റുവിധത്തില്‍ സ്വാധീനിച്ചും ക്രിസ്ത്യന്‍, ഹിന്ദു യുവതികളെ മതംമാറ്റിയ നിരവധി സംഭവങ്ങളുണ്ടെന്നു മാത്രമല്ല, അത്തരം കെണികളില്‍ പെടുന്ന യുവതികളെ രഹസ്യമായി പാര്‍പ്പിച്ച് മതപഠനം എന്ന പേരില്‍ മസ്തിഷ്‌കപ്രക്ഷാളനം നടത്താനുള്ള 'സത്യസരണി' പോലുള്ള സംവിധാനങ്ങള്‍ സജീവമാണെന്നതും തര്‍ക്കമറ്റ കാര്യമാണ്.

മതംമാറാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളുമായി മാതാപിതാക്കള്‍ക്കു പോലും ബന്ധപ്പെടാതിരിക്കാന്‍ നിരവധി കാറുകളില്‍ അനേകം ആളുകളുടെയും അകമ്പടിയോടെയാണ് അവരെ കോടതിയില്‍പോലും ഹാജരാക്കാറുള്ളത്. അതു കാണിക്കുന്നത് ഇത്തരം മതംമാറ്റത്തിന് എന്തുമാത്രം പ്രാധാന്യം അവര്‍ നല്‍കുന്നു എന്നതാണ്.പക്ഷേ, ഇതൊരു ജിഹാദാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം. നല്ല പെണ്‍കുട്ടികളെ കാണുമ്പോള്‍, അവരുമായി ഇടപെടുമ്പോള്‍ യുവാക്കള്‍ക്ക് പ്രണയം തോന്നും. പെണ്‍കുട്ടികള്‍ക്കും അവരെ ഇഷ്ടമായെന്നുവരാം. മതം അവിടെ പ്രശ്‌നമാകാറില്ല. സാമ്പത്തിക ശേഷിയോ വിദ്യാഭ്യാസമോ ജോലിയോ ഒന്നും പ്രശ്‌നമാകില്ല. പ്രേമത്തിന് കണ്ണുംമൂക്കുമില്ല എന്ന് നാം സാധാരണ പറയാറുള്ളതാണ്. മതം പ്രശ്‌നമാകുന്നത് ഇരുവരും വിവാഹജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴാണ്. മതസഹിഷ്ണുതയുടെ ഈറ്റില്ലമാണ് കേരളം എന്ന് നാം കൊട്ടിഘോഷിക്കുമ്പോഴും രണ്ടുമതത്തില്‍ പെട്ടവര്‍ വിവാഹം കഴിച്ച് ഒരേ കൂരയ്ക്കുകീഴില്‍ താമസിക്കുന്നത് ഇവിടെ വിരളമാണ്.

അതിനാല്‍ അവരില്‍ ആരെങ്കിലും മതം മാറിയേ തീരൂ.ആര് മതം മാറണം എന്നതാണ് പിന്നത്തെ പ്രശ്‌നം. പുരുഷന് സ്ത്രീയുടെ മതം സ്വീകരിക്കാം. പക്ഷേ അത് സാധാരണമല്ല. വിവാഹശേഷം സത്രീ പുരുഷന്റെ വീട്ടില്‍ താമസമാക്കുന്നതാണ് കേരളത്തിലെ സാമൂഹ്യരീതി. അതിനാല്‍ വീട്ടിലും ബന്ധപ്പെട്ട സമൂഹത്തിലും ബന്ധത്തിന് സ്വീകാര്യത ലഭിക്കാന്‍ പുരുഷന്റെ മതം സ്ത്രീ സ്വീകരിക്കുന്നതാണ് കൂടുതല്‍ പ്രായോഗികമെന്നു വരുന്നു. മാത്രമല്ല, ഇഷ്ടപ്പെട്ട ആളിനെ വിവാഹം കഴിക്കാന്‍ ഏത് ത്യാഗത്തിനും തയ്യാറാകുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളായിരിക്കുമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.ഇതുപോലെ സ്വാഭാവികമായ ഒരു പ്രക്രിയയാണോ, ഇന്ന് ലൗ ജിഹാദ് എന്ന് ആരോപിക്കപ്പെടുന്ന പ്രണയവിവാഹങ്ങള്‍? സ്ത്രീയും പുരുഷനും സ്വാഭാവികമായി ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതാണെങ്കില്‍ അതിനെ ലൗ ജിഹാദ് എന്ന് വിളിക്കാനാവില്ല. മറിച്ച് മതത്തില്‍ ആളുകൂട്ടാനുള്ള ഒരു മിഷനായി ആരെങ്കിലും അതിനെ കാണുന്നുണ്ടോ, അതിനായി ശ്രമിക്കുന്നുണ്ടോ? അതു പറയാന്‍ ആവശ്യമായ ഡാറ്റാ ആരോപണം ഉന്നയിക്കുന്നവരുടെ പക്കല്‍പോലും ഉണ്ടെന്നു തോന്നുന്നില്ല.പ്രണയത്തില്‍ കുടുങ്ങി മതംമാറി വിവാഹം മുസ്ലീം യുവാക്കളെ വിവാഹം കഴിച്ച പെണ്‍കുട്ടികളെയെല്ലാം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം.

കോഴിക്കോട് ജില്ലയില്‍ത്തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അറുപത് പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം കഴിച്ചു എന്നാണ് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നത്. അവരൊക്കെ വിവാഹ ശേഷം എങ്ങനെ ജീവിക്കുന്നു? ആരെങ്കിലും ഭീകരപ്രവര്‍ത്തനത്തിന് പോയോ? ഇതേക്കുറിച്ച് ഒരു പഠനവും ആരും നടത്തിയിട്ടില്ല. നേരത്തെ ഐഎസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാരോടൊപ്പം വാടുവിട്ട ഒന്നുരണ്ടു പേരുടെ കാര്യമാണ് എല്ലാവരും എപ്പോഴും പറയുന്നത്. മുസ്ലീം മതം സ്വീകരിച്ച പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന് സ്ഥാപിക്കാനും ആരുടെയും പക്കല്‍ ഡാറ്റാ ഇല്ല.സ്വന്തം മകള്‍ അല്ലെങ്കില്‍ സഹോദരി മറ്റു മതത്തില്‍പെട്ടെ, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍പ്പെട്ട, ഒരാളെ വിവാഹം കഴിക്കുന്നത് ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയൊന്നും കേരളീയനില്ല. അവന്റെ മതസൗഹാര്‍ദ്ദം മറ്റു മതക്കാരുമായി സൗഹൃദത്തില്‍ കഴിയുന്നതില്‍ അവസാനിക്കുന്നു. സ്വന്തം മതത്തില്‍നിന്ന് ആളുകള്‍ ചോര്‍ന്നുപോകുന്നത് മതസമൂഹവും ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് അംഗസംഖ്യ കുറഞ്ഞുപോകുന്നു എന്ന് വേവലാതിപ്പെടുന്ന സമൂഹങ്ങള്‍. അംഗബലം കുറയുന്നതില്‍ ഏറ്റവും വേവലാതിപ്പെടുന്ന സമൂഹമാണ് കേരളത്തിലെ ക്രൈസ്തവര്‍.പാലാ ബിഷപ്പിന്റെ പ്രസംഗത്തില്‍ ലൗ ജിഹാദിനെപ്പറ്റിയുള്ള പരാമര്‍ശനത്തേക്കാള്‍ വിവാദമായത് നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പ്രയോഗമാണ്. 'നാര്‍ക്കോട്ടിക് ജിഹാദ് എന്നൊന്നില്ല, നാര്‍ക്കോട്ടിക്‌സ് മാത്രമല്ല മദ്യംപോലും ഇസ്ലാമിന് ഹറാമാണ്' എന്നാണ് മുസ്ലീം നേതാക്കള്‍ പറയുന്നത്. ഇതു കേട്ടാല്‍ തോന്നും എല്ലാവരും മതശാസനകള്‍ക്ക് അനുസൃതമായാണ് ജീവിക്കുന്നതെന്ന്. മാത്രമല്ല, മതശാസനകള്‍ക്ക് ഐകരൂപ്യമില്ല.

സഹിഷ്ണുതയും സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് മതത്തിന്റെ കാതല്‍ എന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍, മറ്റു മതത്തിലുള്ളവരുമായി ചങ്ങാത്തം പാടില്ല, അവരുമായി സഹകരിക്കരുത്, അവരെയെല്ലാം ബലാല്‍ക്കാരമായി മതംമാറ്റണം അല്ലെങ്കില്‍ കൊന്നൊടുക്കണം എന്നതാണ് മതത്തിന്റെ കാതലായ പഠനം എന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. അതിനാല്‍ മതശാസന അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല.ലോകത്ത് നാര്‍ക്കോട്ടിക്ക് ജിഹാദുണ്ട്. അത് കേരളത്തില്‍ ഉണ്ടോ എന്നതുമാത്രമാണ് തര്‍ക്കവിഷയം. ആരെങ്കിലും മതം വളര്‍ത്താനും അന്യമതക്കാരെ തകര്‍ക്കാനും നാര്‍ക്കോട്ടിക് ഡ്രഗ്ഗുകള്‍ ഉപയോഗിക്കുന്നുണ്ടോ, അത് ജിഹാദിന്റെ ഒരു ഭാഗമായി ഉപയഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അതിന് വ്യക്തമായ തെളിവുകളോ ഡാറ്റയോ ഇല്ല. കോഴിക്കോട്ട് ഒരു പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് മതംമാറ്റാന്‍ നിര്‍ബ്ബന്ധിക്കുന്നു എന്ന ഒരു സംഭവമാണ് എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത്. സ്‌നേഹത്തിന് അടിമയായ ഒരു പെണ്‍കുട്ടി കാമുകന്റെ പ്രേരണയ്ക്ക് വശംവദയായി ഹോട്ടല്‍മുറിയില്‍ പോകാന്‍ തയ്യാരാകുകയും ചതിയില്‍ പെടുകയും ചെയ്ത സംഭവമാണത്. ഇത്തരത്തില്‍ ചതിപറ്റാതിരിക്കാന്‍ എല്ലാവരും കുട്ടികളെ പഠിപ്പിക്കേണ്ടതായുണ്ട്.

ചുരുക്കത്തില്‍, ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യത്തിന് ഡാറ്റാ ഇല്ലാതെ ഒരു ആശങ്കകല്‍ വിളിച്ചുപറഞ്ഞു എന്നതാണ് പാലാ മെത്രാന്‍ ചെയ്ത തെറ്റ്. പറയുന്നതില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടോ, ആവര്‍ത്തിക്കുന്നതുകൊണ്ടോ, ഒരു വിഭാഗത്തിന്റെ കട്ടപിന്തുണ നേടുന്നതുകൊണ്ടോ പ്രശ്‌നം തീരുന്നില്ല. തെളിവ് നല്‍കണം. എന്തായാലും കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് മെത്രാന്റെ പ്രസ്താവനയും അതിനോട് മുസ്ലീമുകള്‍ പ്രതികരിച്ച രീതിയും ഉണ്ടാക്കിയ ക്ഷതം ചില്ലറയല്ല. മതസൗഹാര്‍ദ്ദ സംമ്മേളനങ്ങളും അവിടെ നടത്തുന്ന വാചക കസര്‍ത്തുകളുംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ക്ഷതമല്ല സംഭവിച്ചത്.മെത്രാന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം സമുദായത്തിന് ശക്തമായി പ്രതിഷേധിക്കാമായിരുന്നു. തെളിവ് ചോദിക്കാമായിരുന്നു. സംവാദം നടത്തി മെത്രാന്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാമായിരുന്നു. പക്ഷേ, അവര്‍ പ്രതിഷേധം നേരെ തെരുവിലേക്ക് കൊണ്ടുപോകുകയാണ് അവര്‍ ചെയ്തത്. കേരളത്തില്‍ മൗലികവാദം എത്രമാത്രം വേറുറച്ചു എന്നതിന്റെ തെളിവാണത്.കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ മൗലികവാദം വളരുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്നു. ദാവാ പ്രവര്‍ത്തകര്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്നു. ഈ മൗലികവാദം ചിലരെയെങ്കിലും ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിച്ചിട്ടുമുണ്ട്. അതിന് തടയിടേണ്ടത് മുസ്ലീം സമൂഹവും ഗവണ്മെന്റുമാണ്. വോട്ട് നേടി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന ഗവണ്മെന്റുകള്‍ ക്രമസമാധാനത്തിന് ഭീഷണിയാകുമ്പോള്‍ മാമ്രേ അത് ചെയ്യൂ. അതുവരെ അവര്‍ ഉറക്കം നടിക്കും.

മൗലികവാദം വളരുന്നതിനെപ്പറ്റി മുസ്ലീം സമൂഹത്തിന്റെ പൊതുവെയുള്ള നിലപാട് എന്താണ്? അനുകൂലമോ, പ്രതികൂലമോ? അതാണ് കാതലായ പ്രശ്‌നം.കേരളത്തില്‍ മുസ്ലീം ഭരണം സ്വപ്‌നം കാണുന്ന മറ്റൊരു കൂട്ടരുണ്ട്. മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി തലവന്‍ ഫസല്‍ ഗഫൂറിനെപ്പോലെ മതേതരമുഖം കാട്ടുന്നവരാണ് അക്കൂട്ടത്തിലുള്ളത്. കേവലം അഞ്ചോ ആറോ സീറ്റുമാത്രം നേടിയിരുന്ന മുസ്ലീംലീഗ് ശക്തി പ്രാപിച്ച് കേരള ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്ക് സമൂഹത്തെ സമ്പന്നമാക്കി. ഇനി ഒരു കൈ നോക്കാം എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ക്രിസ്ത്യന്‍ സമൂഹമാകട്ടെ എണ്ണത്തില്‍ ശുഷ്‌കിക്കുന്നു. കേരളാ കോണ്‍ഗ്രസ് എന്ന ക്രിസ്ത്യന്‍ ഭൂരുപക്ഷ പാര്‍ട്ടി പിളര്‍ന്നുപിളര്‍ന്ന് രാഷ്ട്രീയ ശക്തി അല്ലാതായിരിക്കുന്നു. ഈവക ആശങ്കകള്‍ ക്രിസ്ത്യന്‍ നേതൃത്വത്തെ അലട്ടുന്നുണ്ട്. സ്വാഭാവികമായും അവര്‍ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ തണല്‍ തേടുന്നു. അതാണ് പാലാ ബിഷപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്.'ലൗജിഹാദ്' തടയാന്‍ ചില രൂപതകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള യുവജനങ്ങളുടെ വിലപ്പെട്ട അവകാശമാണ് അതുവഴി ഹനിക്കപ്പെടുന്നത്.