ജീവന്‍ ആരുടേതാണ്


OCTOBER 21, 2021, 8:50 PM IST

അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന ചലനശേഷി നഷ്ടമാക്കുന്ന ചികിത്സയില്ലാത്ത രോഗത്തിന് അടിമയായ മാര്‍ത്താ സെപുള്‍വെദയുടെ തീരുമാനം ക്രിസ്ത്യന്‍ ലോകത്താകെ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. യുത്തനേസിയ അഥവാ ദയാവധത്തിന് വിധേയയാകാനായിരുന്നു അമ്പത്തൊന്നുകാരിയായ ഈ കൊളംബിയന്‍ കത്തോലിക്കാ യുവതിയുടെ തീരുമാനം. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈ മാസം 10-ാം തിയതി അതിനായി നിശ്ചയിക്കുകയും ചെയ്തിരുന്നു.

പക്ഷേ, അവസാന നിമിഷം ദയാവധം നടപ്പാക്കേണ്ട സ്ഥാപനം കാലുമാറി.പേന പിടിക്കാനോ കമ്പ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനോ ബുദ്ധിമുട്ടുളവാക്കുംവിധം തള്ളവിരലില്‍ അനുഭവപ്പെട്ട ബലഹീനതയായിരുന്നു തുടക്കം. 2018 നവംബറില്‍ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തി: അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (അമേരിക്കയില്‍ 'ലൂ ഗെറിഗ്‌സ് ഡിസീസ്' എന്നും അറിയപ്പെടുന്നു). ക്രമാനുഗതമായി ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുന്ന ന്യൂറോളജിക്കല്‍ രോഗം. തുടര്‍ന്നുള്ള മാസങ്ങളില്‍ കാലുകളിലെ പേശികളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അത് കൂടുതല്‍ വഷളാകുകയേയുള്ളുവെന്ന് അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. 'എനിക്ക് കിടക്കയില്‍ കയറാനോ പരസഹായമില്ലാതെ ശുചിമുറിയില്‍ പോകാനോ കഴിയാതെ വന്നാല്‍ എന്ത് സംഭവിക്കും?' എന്നു ചിന്തിച്ച് അവള്‍ രാത്രി കരയും; 'ഇങ്ങനെ ഞാന്‍ എത്ര നാള്‍ പോകും?' എന്ന് ഏക മകനോട് കേഴും.വരാനിരിക്കുന്ന ദുരന്തം ഒഴിവാക്കാന്‍ ഒരു വഴിയേ അവളുടെ മുമ്പില്‍ തെളിഞ്ഞുള്ളു:

ദയാവധം. ലാറ്റിനമേരിക്കയില്‍ ദയാവധം അനുവദിക്കുന്ന ഒരേയൊരു രാജ്യം കൊളംബിയയാണെന്ന് അവള്‍ മനസിലാക്കി. ലോകത്തുതന്നെ ദയാവധം നിയമവിധേയമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഈ കത്തോലിക്കാ ഭൂരിപക്ഷ രാജ്യം. അമേരിക്കയില്‍ പോലും ദയാവധം നിയമവിരുദ്ധമാണ്, സമീപ വര്‍ഷങ്ങളില്‍ നാലോ അഞ്ചോ സംസ്ഥാനങ്ങള്‍ മരണാസന്നര്‍ക്ക് 'അന്തസ്സോടെ മരണം' വരിക്കാനുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും.ഈ വര്‍ഷം വരെ കൊളംബിയയില്‍, ആറ് മാസമോ അതില്‍ കുറവോ ജീവിതം ബാക്കിയുള്ളു എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ദയാവധം നിയമപരമായി ലഭ്യമായിരുന്നുള്ളൂ.

എഎല്‍എസ് ചികിത്സയില്ലാത്ത രോഗമാണെങ്കിലും അത് 'മാരക'മെന്നു പറയാനാവില്ല. വ്യത്യസ്ത നിരക്കുകളില്‍ പുരോഗമിക്കുന്ന രോഗവുമായി രണ്ട് മുതല്‍ 10 വരെ വര്‍ഷം ജീവശ്ശവമായി പരസഹായത്തോടെ ജീവിച്ച പലരുമുണ്ട്. അതിനാല്‍ എഎല്‍എസ് ബാധിച്ചവര്‍ക്ക്, അവരുടെ അവസ്ഥ എത്ര മോശമാണെങ്കിലും, 1997ല്‍ നിലവില്‍വന്ന ഈ നിയമത്തിന്റെ ആനുകൂല്യം ലഭ്യമായിരുന്നില്ല. എന്നാല്‍ ദയാവധത്തിനുള്ള അവകാശം മരണാസന്നരായ രോഗികള്‍ക്ക് മാത്രമല്ല, 'ശാരീരികമായ പരിക്കുകള്‍ മൂലമോ, ഗുരുതരമായതും ചികിത്സയില്ലാത്തതുമായ രോഗങ്ങള്‍ മൂലമോ, ശക്തമായ ശാരീരിക, മാനസിക പീഡനം സഹിക്കുന്നവര്‍ക്കും ബാധകമാണെന്ന് കൊളംബിയയിലെ ഭരണഘടനാ കോടതി കഴിഞ്ഞ ജൂലൈയില്‍ വിധിച്ചതോടെ കഥയാകെ മാറി. ദയാവധത്തിനുള്ള അപേക്ഷകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ 2014ല്‍ത്തന്നെ കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു.

ഇതോടെ മരണാസന്നരായ രോഗികള്‍ക്ക് മാത്രം നിയമപരമായി അനുവദനീയമായ ദയാവധം സെപുള്‍വെദയെപ്പോലെ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടമായ മാറാരോഗികള്‍ക്കും അനുവദനീയമായി. അത്തരത്തിലുള്ള ആദ്യ വ്യക്തിയാകാന്‍ കത്തോലിക്കാ വിശ്വാസിയും ഭക്തയുമായ സെപുള്‍വെദ പദ്ധതിയിടുന്നു. 'ഞാന്‍ ദൈവത്തില്‍ ഉറച്ച വിശ്വാസിയാണ്. എന്നെയോ മറ്റേതെങ്കിലും വ്യക്തിയെയോ വേദനയില്‍ കാണാന്‍ ദൈവം ആഗ്രഹിക്കുന്നില്ല അവര്‍ പറഞ്ഞു. 'കുട്ടികള്‍ കഷ്ടപ്പെടുന്നത് കാണാന്‍ ഒരു പിതാവും ആഗ്രഹിക്കുന്നില്ല.'അത് ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കത്തോലിക്കാ രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചു. അതിന്റെ അലയടികള്‍ പാശ്ചാത്യലോകത്താകെ പ്രകടമായി. ട്വിറ്ററില്‍ മാത്രം 2.5 ദശലക്ഷത്തിലധികം പ്രതികരണങ്ങളുണ്ടായി. വാഷിംഗ്ടണ്‍ പോസ്റ്റ്, എന്‍ബിസി ന്യൂസ്, ദി ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയവ അന്താരാഷ്ട്ര കവറേജ് നല്‍കി. കൊളംബിയയിലെ എല്ലാ രൂപതകളിലെയും ബിഷപ്പുമാര്‍ ഉള്‍ക്കോള്ളുന്ന എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ്, 'കുപ്രസിദ്ധമായ' തീരുമാനത്തില്‍നിന്ന് സെപുള്‍വെദയെ പിന്തിരിപ്പിക്കാന്‍ ദേശീയതലത്തില്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തു. പ്രധാന നഗരങ്ങളില്‍ ബാനറുകള്‍ സ്ഥാപിച്ചു. ദൈവം അവളോട് കരുണ കാണിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ഉപദേശിച്ചു. 'ശാന്തമായി ചിന്തിക്കാന്‍' മിസ് സെപുള്‍വെദയെ ഉപദേശിച്ചു.'ഞങ്ങളുടെ ഏറ്റവും ആഴത്തിലുള്ള ക്രിസ്തീയ വിശ്വാസങ്ങളനുസരിച്ച്, ഒരു സാഹചര്യത്തിലും വേദനയ്ക്കും കഷ്ടപ്പാടുകള്‍ക്കും മരണം ചികിത്സാ ഉത്തരമാകില്ല,' മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ അന്റോണിയോ സെബാലോസ് എസ്‌കോബാര്‍ പറഞ്ഞു.

'മഹത്വപൂര്‍ണ്ണമായ മനുഷ്യ ജീവിതത്തി'ന് സഭ നല്‍കുന്ന വ്യാഖ്യാനവുമായി പൊരുത്തപ്പെടുന്നില്ല ദയാവധം,' അദ്ദേഹം പറഞ്ഞു. അതോടെ ദയാവധം നടപ്പാക്കേണ്ട കൊളംബിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെയിന്‍ പതിനൊന്നാം മണിക്കൂറില്‍ തീരുമാനം മാറ്റി. 'രോഗിയുടെ ആരോഗ്യവും പരിണാമവും സംബന്ധിച്ച പരിഷ്‌കരിച്ച കാഴ്ചപ്പാടുണ്ടെ'ന്ന് അവര്‍ പറഞ്ഞു. ഏതാനും മാസമായി സെപുള്‍വെദയുടെ സ്ഥിതി മെച്ചപ്പെട്ടുവെന്നും അവര്‍ അവകാശപ്പെട്ടു.ദയാവധം സ്വീകര്യമാണോ? ആണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്, അതും ശക്തമായിത്തന്നെ. ബൊഗോട്ടയിലെ പൊന്തിഫിക്കല്‍ സേവ്യേറിയന്‍ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസറും ജെസ്യൂട്ട് പുരോഹിതനുമായ ആല്‍ബെര്‍ട്ടോ മനേര, ദയാവധം 'മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണ്ണ മൂല്യം' സംബന്ധിച്ച സഭയുടെ പഠനങ്ങളിലെ 'അപവാദ'മാണെന്ന് വാദിക്കുന്നു. 'കത്തോലിക്കര്‍ സ്വന്തം മനസ്സാക്ഷിയെ പിന്തുടരുമ്പോള്‍, അത് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമാണെങ്കില്‍പ്പോലും, ദൈവദൃഷ്ടിയില്‍ 'നന്നായ പെരുമാറ്റമായിരിക്കും' എന്നദ്ദേഹം വാദിക്കുന്നു.ഏതാണ് ശരി? ഉത്തരം, നിങ്ങളുടെ കാഴ്ചപ്പാടിനെയും വിശ്വാസങ്ങളെയും ആശ്രയിച്ചിരിക്കും.

ജീവന്‍ 'ഈശ്വരന്‍ നല്‍കിയ മഹാദാനമാണെ'ന്ന് വിശ്വസിക്കുന്നവര്‍ക്ക് ദയാവധം അംഗീകരിക്കാനാവില്ല. അതേ സമയം ജീവിതം ഒരു 'ആക്‌സിഡന്റ്' ആണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ ജീവിയുടെ സ്വന്തമാണ്. അത് അവസാനിപ്പിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്.ജീവന്‍ ദൈവിക ദാനമാെങ്കില്‍ വധശിക്ഷയെ എങ്ങനെ ന്യായീകരിക്കാനാകും? ഹീനമായ കുറ്റം ചെയ്തവരെ വധശിക്ഷയ്ക്കു വിധിക്കാനും വധിക്കാനും രാജ്യത്തെ ഭരണസംവിധാനത്തിന് അധികാരമുണ്ട് എന്ന് നാം ധരിച്ചുവച്ചിരിക്കുന്നു. കാലക്രമത്തില്‍ രൂപപ്പെട്ട ആ ധാരണ ശരിയാണെന്ന് എങ്ങനെ പറയാനാകും? കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നത് നീതി ആയിരിക്കാം. അവര്‍ കുറ്റം ആവര്‍ത്തിച്ച് സമൂഹത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കാതിരിക്കാന്‍ അവരെ ജയിലില്‍ അടയ്ക്കുന്നതിനും നീതീകരണം കണ്ടെത്താം. പക്ഷേ, ഒരിക്കലും തിരിച്ചുകൊടുക്കാനാകാത്ത ജീവന്‍ എടുക്കാന്‍ അധികാരമുണ്ടെന്ന് പറയാനാകുമോ? കുറ്റം ചെയ്യാത്തവരെ വിചാരണ നടത്തി സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് 'കണ്ടെത്തി' ശിക്ഷിച്ച സംഭവങ്ങളുണ്ടല്ലൊ. ഇനി ഹീനമായ കുറ്റം ചെയ്തു എന്നുതന്നെ വച്ചാലും അയാളുടെ ജീവനെടുക്കാനുള്ള അധികാരം എവിടെനിന്നു കിട്ടി? അങ്ങനെ ഒരു അധികാരമുണ്ടെന്നത് കാലം സൃഷ്ടിച്ച പ്രിസംഷന്‍ മാത്രമാണ്.

അതുപോലെ, യുദ്ധത്തില്‍ ശത്രുപക്ഷത്ത് നില്‍ക്കുന്നവരെ കൊല്ലുന്നത് തെറ്റായി നാം കരുതുന്നില്ല. കൂടുതല്‍ പേരെ കൊല്ലുന്നവരെ നാം ആദരിക്കുന്നു. യുദ്ധത്തില്‍ ശത്രുപക്ഷത്ത് നില്‍ക്കുന്നവര്‍ ആരും നമ്മുടെ ശത്രുക്കളല്ല. തൊഴിലിന്റെ ഭാഗമായി യുദ്ധം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്നവരാണ്. അവരുടെ ജീവന്‍ അമൂല്യമല്ലേ?കത്തോലിക്കാ സഭയാണ് ദയാവധത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനം. അത് യുദ്ധങ്ങള്‍ നയിച്ചിട്ടില്ലേ? 'മതവിരുദ്ധതയെ വേരോടെ പിഴുതെറിയാനും ശിക്ഷിക്കാനും' പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ ഇന്‍ക്വിസിഷന്‍ എന്ന പ്രസ്ഥാനം വഴി ലക്ഷക്കണക്കിന് ആളുകളെ ക്രൂരമായി പീഡിപ്പിക്കുകയും ചുട്ടുകൊല്ലുകയും ചെയ്തിട്ടില്ലേ ഈ സഭ? ദുര്‍മന്ത്രവാദിനികള്‍ എന്ന് മുദ്രകുത്തി അനേകായിരം സ്ത്രീകളെ കൊന്നത് സഭയുടെ ആശീര്‍വ്വാദത്തോട ആയിരുന്നു. അതേ സഭ ദയാവധത്തെയും ഭ്രൂണഹത്യയെയും എതിര്‍ക്കുന്നത് പുതിയകാലത്ത് അതിനുണ്ടായ തിരിച്ചറിവായി കാണേണ്ടതാണ്. ഇന്നിപ്പോള്‍ സഭ വധശിക്ഷയെപ്പോലും എതിര്‍ക്കുന്നു.

ജീവന്റെ ഉടമ ആരാണെന്നത് ഇന്നും തര്‍ക്കവിഷയമാണ്. ആ തര്‍ക്കം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. എന്റെ ജീവന്‍ എന്റേതാണെങ്കില്‍ അത് നിലനിറുത്താനും അവസാനിപ്പിക്കാനും എനിക്ക് അവകാശമുണ്ട്. ആത്മഹത്യ കുറ്റകൃത്യമാക്കുന്ന വകുപ്പ് ഇന്ത്യന്‍ സുപ്രീം കോടതി റദ്ദാക്കി, പിന്നെ പുനഃസ്ഥാപിച്ചു. പിന്നെയു റദ്ദാക്കി. ജീവന്റെ ഉടമയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസമാണ് ഇത് കാണിക്കുന്നത്. ജീവന്‍ ദൈവദാനമാണെന്നത് വിശ്വാസത്തിന്റെ കണ്ണുകളിലുടെ കാണുന്ന കാഴ്ചയാണ്. അതാണ് ശരിയെങ്കില്‍ ഭ്രൂണഹത്യയും വല്ലപ്പോഴുംമാത്രം മടക്കുന്ന ദയാവധവും മാത്രമല്ല വധശിക്ഷയും യുദ്ധക്കൊലകളും അതേ ആവേശത്തോടെ എതിര്‍ക്കപ്പെടേണ്ടതാണ്.