സവര്‍ക്കര്‍: വൈരുധ്യങ്ങളുടെ ആള്‍രൂപം


NOVEMBER 23, 2022, 4:11 PM IST

ഒരു ആശയഗതിക്ക് പ്രാധാന്യം കൂടുമ്പോള്‍ എതിരായ ആശയഗതിയും അതിന്റെ പ്രോക്താക്കളും തമസ്‌കരിക്കപ്പെടുന്നു. ഇപ്രകാരം തമസ്‌കരിക്കപ്പെടുന്ന ആശയഗതിക്ക് പില്‍ക്കാലത്ത് പ്രാധാന്യം വര്‍ദ്ധിച്ചാല്‍ അതിന്റെ പ്രോക്താക്കള്‍ ആദരണീയരും ആരാദ്ധ്യപുരുഷരുമായി പരണമിക്കും. അതു പക്ഷേ, ഒരു നീണ്ട പ്രക്രിയയാണ്. അതിന് ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായും വരും. അതായത,് ഏത് ആശയഗതിക്കാണ് സമകാലീന മുന്‍തൂക്കം എന്നതിനെ ആശ്രയിച്ചാണ് അവയുടെ പ്രോക്താക്കളുടെ ആരാദ്ധ്യതയും കാലികപ്രസക്തിയും നിലനില്‍ക്കുന്നത്.വിവിധ ആശയഗതികളുടെ സംഗമമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം. അഹിംസാമാര്‍ഗ്ഗത്തില്‍ വിശ്വസിച്ചിരുന്നവരും അക്രമമാര്‍ഗ്ഗത്തില്‍ വിശ്വസിച്ചിരുന്നവരും മതേതരജനാധിപത്യവാദികളും മതരാഷട്രവാദികളും പാരമ്പര്യവാദികളും പുരോഗമനവാദികളും ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും അതിന്റെ ഭാഗമായിരുന്നു. പരസ്പരവിരുദ്ധമായ ഈ ആശയഗതികളില്‍ പെട്ടവര്‍ വ്യത്യസ്തമായ രീതിയിലാണ് സ്വാതന്ത്ര്യസമരത്തോടു പ്രതികരിച്ചത്.

ഒടുവില്‍ അഹിംസാവാദികളും പുരോഗമന മതേതരവാദികളുമാണ് മേല്‌ക്കൈ നേടിയത്. സ്വാഭാവികമായി അവരുടെ നേതാക്കള്‍ (നെഹൃ, ഗാന്ധി മുതല്‍പേര്‍) ആദരണീയരാവുകയും മതരാഷ്ട്രവാദികള്‍ (സവര്‍ക്കര്‍, ഹെഗ്‌ഡെവാര്‍, ഗോള്‍വാള്‍ക്കര്‍) തമസ്‌കരിക്കപ്പെടുകയും ചെയ്തു.ഇപ്പോള്‍ മതരാഷ്ട്രവാദികളുടെ കാലമാണ്. തമസ്‌കരിക്കപ്പെട്ട നേതാക്കളെ ഉയര്‍ത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിലാണവര്‍. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്രക്കിടയില്‍ ഹിന്ദുത്വത്തിന്റെ പിതാവായി സംഘപരിവാര്‍ ആദരിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശം, ചരിത്രപരമായി സത്യമായിട്ടും, ഇത്ര വിവാദമായത്. ബ്രിട്ടീഷ് അധികാരികള്‍ക്ക് ദയാഹര്‍ജികള്‍ നല്‍കി ജയില്‍ മോചിതനാകുകയും അവരുടെ പെന്‍ഷന്‍ വാങ്ങി സ്വാതന്ത്ര്യസമരത്തില്‍നിന്ന് അകലം പാലിക്കുകയും ചെയ്ത സവര്‍ക്കറാണ് ഹിന്ദുത്വവാദികളുടെ ആരാധ്യനെന്നു വിമര്‍ശിക്കുക വഴി, ഒരു മുന്‍നിര സ്വാതന്ത്ര്യ സമര സേനാനിയെ താഴ്ത്തിക്കെട്ടുകയായിരുന്നു രാഹുല്‍.

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനം ബിജെപിയേക്കാള്‍ വെട്ടിലാക്കിയത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന(യുബിടി)യെയാണ്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പ്രഖ്യാപിത ഹിന്ദുത്വപാര്‍ട്ടിയാണ്. അതേ സമയം ബിജെപിയുമായി പിണക്കത്തിലുമാണ്. അതിനാല്‍ സവര്‍ക്കറെ തള്ളാനുമാകില്ല, രാഹുലിനെ അനുകൂലിക്കാനുമാകില്ല; അനുകൂലിച്ചാല്‍ താന്‍ ഹിന്ദുത്വ വിരുദ്ധനാണെന്ന് ബിജെപി സ്ഥാപിക്കും. 'രാഹുല്‍ പറഞ്ഞത് തെറ്റാണ്; അതുമായി യോജിക്കാനാവില്ല. ഞങ്ങള്‍ സവര്‍ക്കറെ അത്യന്തം ബഹുമാനിക്കുന്നു, അദ്ദേഹത്തില്‍ വിശ്വാസമുണ്ട്' എന്നു പറഞ്ഞ അദ്ദേഹം സവര്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്‌ന നല്‍കാത്തതിന് ബിജെപിയെ വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ, വിട്ടുകൊടുക്കാന്‍ രാഹുല്‍ രാഹുല്‍ തയ്യാറായില്ല. ബ്രിട്ടീഷുകാരുടെ ''ഏറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''വെന്ന് സവര്‍ക്കര്‍ എഴുതിയ കത്തുമായി രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി.രണ്ട് മഹാരാഷ്ട്ര ബ്രാഹ്മണരും രണ്ട് സംഘടനകളും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

സംഘടനകള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയും രാഷ്ട്രീയ സ്വയംസേവക സംഘവുമാണ്; നേതാക്കള്‍ വിനായക് ദാമോദര്‍ സവര്‍ക്കറും കേശവ് ബലിറാം ഹെഡ്‌ഗേവാറും. ഹിന്ദുക്കള്‍ക്കായി നിലകൊണ്ട ഇരുവരും പരസ്പരം പൊരുത്തപ്പെട്ടില്ല. അതുപോലെ, സവര്‍ക്കറും ആര്‍എസ്എസ് മേധാവി എംഎസ് ഗോള്‍വാള്‍ക്കറും ഒരിക്കലും യോജിച്ചിരുന്നില്ല. ഗോള്‍വാള്‍ക്കറുടെ താടിയുള്ള സന്യാസി വേഷം സവര്‍ക്കര്‍ വിലമതിച്ചില്ല. കാരണം ഇന്ത്യയുടെ ആദ്ധ്യാത്മിക മഹത്വം ബാഹ്യമായ വേഷവിധാനങ്ങള്‍കൊണ്ട് സ്വായത്താമാക്കാനാവില്ലെന്ന് സവര്‍ക്കര്‍ കരുതി. തന്റെ സഹോദരന്‍ ബാബുറാവുവിന്റെ സിദ്ധാന്തങ്ങള്‍ ഗോള്‍വാള്‍ക്കര്‍ സ്വായത്തമാക്കുകയും സ്വന്തമെന്ന നിലയില്‍ അവ പ്രചരിപ്പിക്കുകയുമാണ് ചെയ്തതെന്ന് സവര്‍ക്കര്‍ വിശ്വസിച്ചു. ആര്‍എസ്എസില്‍ ചേര്‍ന്നതല്ലാതെ ജീവിതത്തില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഒരിക്കല്‍ ആര്‍എസ്എസ് സ്വയംസേവകരെ അവഹേളിച്ചു പറഞ്ഞു.

മുസ്ലീം ലീഗിനെതിരെ നേരിട്ടുള്ള പ്രതികരണമായിരുന്നു ഹിന്ദു മഹാസഭ. ബംഗാള്‍ വിഭജനമായിരുന്നു ആദ്യ വിഷയം, തുടര്‍ന്ന് മുസ്ലീങ്ങള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഹിന്ദുക്കള്‍ ഭയപ്പെട്ടിരുന്ന മോര്‍ലിമിന്റോ പരിഷ്‌കാരങ്ങളായി. ഈ സംഭവവികാസങ്ങള്‍ ഹിന്ദു താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടനയുടെ രൂപീകരണം വേഗത്തിലാക്കി. ലാലാ ലജ്പത് റായ് പഞ്ചാബില്‍ സ്ഥാപിച്ച ഹിന്ദു സഭയായിരുന്നു ആദ്യത്തേത്. ഒരു വര്‍ഷത്തിനുള്ളില്‍ ബിഹാര്‍, ബംഗാള്‍, ബോംബെ പ്രസിഡന്‍സി മുതലായവയില്‍ നിരവധി ഹിന്ദു സഭകള്‍ രൂപീകരിച്ചു. 1915ല്‍ കുംഭമേളയുടെ അവസരത്തില്‍ എല്ലാ പ്രാദേശിക സംഘടനകളും ഒത്തുചേന്നു. എന്നാല്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ എന്ന പേര് ലഭിക്കാന്‍ ആറു വര്‍ഷമെടുത്തു. രസകരമെന്നു പറയട്ടെ, അതിന്റെ ഭരണഘടന ബ്രിട്ടീഷുകാരോട് വിശ്വസ്തത പ്രകടിപ്പിക്കുന്നതായിരുന്നു.

1930കളുടെ തുടക്കത്തില്‍ ബാലകൃഷ്ണ ശിവറാം മുന്‍ജെയും സവര്‍ക്കറും സംഘടനയില്‍ ചേര്‍ന്നതിനു ശേഷമാണ് മഹാസഭയ്ക്ക് ശക്തി ലഭിച്ചത്. ഇരുവര്‍ക്കും ഗാന്ധിയുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.സവര്‍ക്കറുടെ ചില ആശയങ്ങള്‍ സംഘ്പരിവാര്‍-ബിജെപി രാഷ്ട്രീയ നിലപാടുകളുമായി പൊരുത്തപ്പെടുന്നതല്ല. ഉദാഹരണത്തിന്, സവക്കറുടെ അഭിപ്രായത്തില്‍, പശു വലിയ ഉപയോഗമുള്ള ഒരു മൃഗം മാത്രം; അതിനെ ഗോമാതാവായി ആരാധിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഇടത് ബുദ്ധിജീവി എം എന്‍ റോയിയുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിരുന്ന അദ്ദേഹം പ്രത്യേക സിദ്ധികള്‍ അവകാശപ്പെടുന്ന ആള്‍ദൈവങ്ങളോട് അല്‍പ്പംപോലും ക്ഷമ കാണിച്ചില്ല. മതപരമായ ആചാരങ്ങള്‍ക്കായി പണം ശേഖരിക്കുന്നത് നിര്‍ത്തി പകരം ദരിദ്രര്‍ക്ക് സംഭാവന നല്‍കാന്‍ അവരെ ഉപദേശിച്ചു. ആളുകള്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതും വാങ്ങാന്‍ കഴിയുന്നതുമായ ഭക്ഷണം കഴിക്കണമെന്ന് ശക്തമായി വാദിച്ചു. 1950കളിലെ ക്ഷാമകാലത്ത്, സസ്യാഹാരികള്‍ മത്സ്യവും മുട്ടയും കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

ഹിന്ദുമതത്തെ നവീകരിക്കാന്‍ ആഗ്രഹിച്ച സവര്‍ക്കര്‍ യുക്തിവാദിയായിരുന്നു. ജാതി വ്യവസ്ഥയുടെ പൂര്‍ണമായ ഉന്മൂലനത്തിനുവേണ്ടിയായിരുന്നു ലക്ഷ്യം. 1934 ലെ ബീഹാറിലെ ഭൂകമ്പത്തെ 'ഇന്ത്യക്കാരുടെ മേലുള്ള ദൈവത്തിന്റെ ശാപം' എന്ന് വിശേഷിപ്പിച്ചതിന് സവര്‍ക്കര്‍ ഗാന്ധിയെ വിമര്‍ശിച്ചു. സവക്കറുടെ യുക്തിവാദ, പുരോഗമന സമീപനം ഹിന്ദു മഹാസഭയുടെ ജനപ്രീതി പരിമിതപ്പെടുത്തിയിരിക്കാം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം ശക്തിപ്രാപിച്ചപ്പോഴും സവര്‍ക്കറും ഹിന്ദു മഹാസഭയും ബ്രിട്ടീഷ് വിരുദ്ധരായി കാണപ്പെട്ടിരുന്നില്ല. ഇത് സവര്‍ക്കറെ സ്വാതന്ത്ര്യാനുകൂല ശക്തികളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കുന്നു.ഇപ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുന്ന ദയാഹര്‍ജികള്‍ 'തന്ത്രപരമായ പിന്‍വാങ്ങല്‍' ആയിരുന്നു എന്ന് സവര്‍ക്കറുടെ അനുയായികളും ഹിന്ദുത്വവാദികളും അവകാശപ്പെടുന്നു. എന്നിരുന്നാലും, പല ചരിത്രകാരന്മാരും ഇതിനെ ഭരണാധികാരത്തിന് പൂര്‍ണ്ണമായ കീഴടങ്ങലാണെന്ന് വിശ്വസിക്കുന്നു. മോചിതനായ ശേഷം അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധത അവസാനിപ്പിച്ചു. രത്‌നഗിരിയിലെ വീട്ടുതടങ്കലിലായിരുന്ന സവര്‍ക്കറും മുന്‍ജെയും ഹിന്ദുമഹാസഭയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ അനുകൂല നിലപാടിനെ ഇരുവരും വിമര്‍ശിച്ചു. ഇരുവരും ഉറച്ച ഹിന്ദുക്കളായിരുന്നു, വ്യക്തമായും മതഭൂരിപക്ഷരാഷ്ട്രീയമായിരുന്നു മുന്നോട്ടുവച്ചത്. ഗാന്ധിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും ഹിന്ദു അനുകൂല നേതാക്കളുടെ ദ്രുതഗതിയിലുള്ള പാര്‍ശ്വവല്‍ക്കരണവും ഇരുവരെയും പ്രകോപിതരായി. ഇത് ഹിന്ദു മഹാസഭയുടെ പരാജയത്തെ എടുത്തുകാണിച്ചു.

സവര്‍ക്കറുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ഹെഡ്‌ഗേവാര്‍ മറ്റൊരു ഹിന്ദു കേന്ദ്രീകൃത സംഘടനയായ ആര്‍എസ്എസ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത് ഇവിടെയാണ്.ചുരുക്കത്തില്‍, ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കറിനേക്കാള്‍ വൈരുധ്യം നിറഞ്ഞ ഒരു വ്യക്തി ഉണ്ടാകാനിടയില്ല. അദ്ദേഹം പൂര്‍ണ്ണമായും ആരുടെയും ആളായിരുന്നില്ല. എന്നാല്‍ മുസ്ലീം വിരുദ്ധനായതിനാല്‍ ഹിന്ദുത്വവാദികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു, പക്ഷേ ഹിന്ദു മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അവര്‍ അവഗണിക്കുന്നു. അധികം എഴുതപ്പെടാത്ത അദ്ദേഹത്തിന്റെ ശാസ്ത്രീയ മനോഭാവത്തെ യുക്തിവാദികള്‍ ബഹുമാനിക്കുന്നു; എന്നാല്‍ അദ്ദേഹത്തിന്റെ നഗ്‌നമായ വലതുപക്ഷ വീക്ഷണങ്ങളെ അനാദരിക്കുന്നു. ഗാന്ധിവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ചരിത്രപരമായിത്തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. സവര്‍ക്കറെക്കുറിച്ചുള്ള ബിജെപി ആഖ്യാനം മൂലം അദ്ദേഹത്തെ അവര്‍ വെറുക്കുകയും ചെയ്യുന്നു. സവര്‍ക്കറിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അതിന്റെ പ്രതിഫലനമാണ്. ചുരുക്കത്തില്‍ സമകാലിക രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും, അത് കോണ്‍ഗ്രസോ ബിജെപിയോ ശിവസേനയോ ആകട്ടെ, സവര്‍ക്കറെ ന്യായമായ രീതിയില്‍ വിലയിരുത്താന്‍ ആഗ്രഹിക്കുന്നില്ല. അതാണ് സത്യം.