മോഡിയുടെ തിരിച്ചറിവ്


NOVEMBER 24, 2021, 8:47 PM IST

''മാര്‍പ്പാപ്പായെ കണ്ട് അനുഗ്രഹം വാങ്ങിവന്നതിനുശേഷം മോഡിയില്‍ നല്ല മാറ്റം കാണുന്നുണ്ട്: ഇന്ധനവില കുറച്ചു, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു...'' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്ന ഒരു തമാശയാണിത്. കാര്യം ഇത് തമാശയാണെങ്കിലും, എല്ലാവരും ചോദിക്കുന്ന ഒരുചോദ്യമുണ്ട്: ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന്‌മോഡി ഗവണ്മെന്റ് വാശിപിടിച്ചിരുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ എന്തുകൊണ്ട് തയ്യാറായി?ഉത്തരങ്ങള്‍ നിരവധിയാണ്. സംഘടിത കര്‍ഷകശക്തിക്കുമുമ്പില്‍ ഗവണ്മെന്റിനു പിടിച്ചുനില്‍ക്കാനായില്ലെന്നാണ് ഒരു വ്യാഖ്യാനം.

ദീപ്തവും നിലനില്‍ക്കുന്നതുമായ പോരാട്ടത്തിന്റെ വിജയമാണത്. ഇത് തങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. 'കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍,കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റിനകത്തും വിവിധ സംസ്ഥാനങ്ങളിലും ജനവികാരം പ്രതിഫലിപ്പിച്ചു' എന്നാണ്‌കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍നിന്ന്‌പോഠമുള്‍ക്കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍തോല്‍വി ഒഴിവാക്കാനുള്ള പിന്മാറ്റമാണ് ഇതെന്നാണ് മറ്റൊരു ഭാഷ്യം. 'തന്ത്രപരമായ പിന്മാറ്റ'മാണെന്നാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഗവണ്മെന്റെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അവര്‍ പറയുന്നു.മോദി ഗവണ്മെന്റിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്താനാണെന്നാണ് മറ്റൊരു ഭാഷ്യം. എന്തായാലും വിവാദ നിയമങ്ങള്‍ കര്‍ഷകര്‍ക്ക്‌ദോഷം ചെയ്യുന്നതാണെന്നബോദ്ധ്യത്തില്‍നിന്നുള്ള തിരുത്തല്‍ നടപടിയാണെന്ന് ആരും പറയുന്നില്ല. നിമയങ്ങള്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയുമ്പോഴും അവ കര്‍ഷകക്ഷേമത്തിനുവേണ്ടിയായിരുന്നു എന്നാണ്‌മോദി ആണയിടുന്നത്.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്. രാജ്യത്ത് ജനാധിപത്യം ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ തെളിവ്. ആദ്യത്തെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയമോദി ഗവണ്മെന്റെ് 2019ല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തോടെ വിജയിച്ചതോടെസ്വേച്ഛാധിപത്യ പ്രവണതകള്‍ കാട്ടിത്തുടങ്ങിയിരുന്നു. ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിലുംകൂടെ വിന്നിക്കൊടി പാറിച്ചതോടെ എന്തും ചെയ്യാനുള്ള ലൈസന്‍സാണ് ജനം തങ്ങള്‍ക്ക് നല്‍കിയെന്ന് അവര്‍ ധരിച്ചുവശായി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ രീതിതന്നെ ഈ പ്രവണതയുടെ പ്രതിഫലനമായിരുന്നു.2020 ജൂണ്‍ അഞ്ചിന് ഓര്‍ഡിനന്‍സുകള്‍വഴിയാണ് ഗവണ്മെന്റ് നിയമം കൊണ്ടുവന്നത്. അതുംകോവിഡ് മൂലം ജനം വീടുകളില്‍ അടച്ചുപൂട്ടി കഴിയുമ്പോള്‍.

എന്തിനായിരുന്നു ഈ ധൃതി? പിന്നീട്, ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴാകട്ടെ ചര്‍ച്ചകള്‍ക്ക് ഇടംനല്‍കിയില്ല.ലോക് സഭയില്‍ ജനാധിപത്യ മര്യാദകളും പാര്‍ലമെന്ററി കീഴ്വഴക്കങ്ങളും ലംഘിച്ചാണ് ബില്‍ പാസാക്കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്കോ സെലക്ട് കമ്മിറ്റിക്കോ ബില്ല് വിടാന്‍ തയ്യാറായില്ല. രാജ്യസഭയില്‍ ബില്‍ പാസാക്കിയ രീതിയും വന്‍പ്രതിഷേധത്തിനും വിവാദത്തിനും കാരണമായി. ഭൂരിപക്ഷമുണ്ടെന്ന അഹന്തയില്‍ ചെറിയൊരു വിട്ടുവീഴ്ചപോലും ചെയ്യാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ പിന്നോട്ടുപോകേണ്ടിവന്നത് അനിവാര്യമായ പതനമാണ്.ഓര്‍ഡിനന്‍സ് ഇറങ്ങിയപ്പോള്‍ത്തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ജൂണ്‍ ആറിന് കിസാന്‍സഭ ഓര്‍ഡിനന്‍സ്‌കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു. സെപ്റ്റംബറില്‍ ബില്ലുകള്‍ പാര്‍ലമെന്റ് പരിഗണിച്ചപ്പോള്‍ 250 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ പരമ്പര നടത്തി. ഒക്ടോബര്‍ 27ന് ഡല്‍ഹിയില്‍ സമ്മേളനം വിളിച്ച് 500 കര്‍ഷകസംഘടനകള്‍ചേര്‍ന്ന് കിസാന്‍മോര്‍ച്ച എന്ന സമരമുന്നണി രൂപീകരിച്ചു. നവംബര്‍ 26ന് 'ഡല്‍ഹി ചലോ മാര്‍ച്ച്' തടയാന്‍പോലീസ് വഴികളില്‍ ഒരുക്കിയ ബാരിക്കേഡുകളും ജലപീരങ്കിയുമൊക്കെ തകര്‍ത്തുംപോലീസ് അതിക്രമങ്ങള്‍ അവഗണിച്ചും കര്‍ഷകര്‍ സിംഘുവിലും തിക്രിയിലും തമ്പടിച്ചു. 11 വട്ടം ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.റിപ്പബ്ലിക് ദിനത്തിലെ കിസാന്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതിന്റെ പഴി മുഴുവന്‍ കര്‍ഷകരില്‍ കെട്ടിവച്ചു.

റോഡില്‍ ഇരുമ്പാണി നിരത്തിവെച്ചുംകോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയും മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നിഷേധിച്ചുംപോലീസ് സുരക്ഷയുടെ ഉരുക്കുകോട്ട കെട്ടിയപ്പോള്‍ സമരക്കാര്‍ സംയമനത്തോടെ ഉപരോധം തുടര്‍ന്നു. കര്‍ണാലില്‍പോലീസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്‍ മരിച്ചു.ഖേരിയില്‍കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനമിടിച്ച് കര്‍ഷകരെ കൊലപ്പെടുത്തി. കര്‍ഷകസമരത്തിനെതിരെ ഒട്ടേറെ വ്യാജപ്രചാരണങ്ങള്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ടു. അവയെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഖലിസ്താന്‍ വാദികളാണ് പിന്നിലെന്നായിരുന്നു പ്രധാന പ്രചാരണം. യു.എസില്‍ ഉള്‍പ്പെടെ ഖലിസ്താന്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളുടെ ദൃശ്യങ്ങള്‍ കര്‍ഷകസമരത്തിന്റേതാണെന്ന വ്യാജേന പ്രചരിപ്പിച്ചു. കര്‍ഷക സമരത്തിനിടയില്‍ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന സിഖുകാരന്റേതായി പ്രചരിപ്പിച്ച വീഡിയോ 2019ല്‍ ബ്രിട്ടനില്‍ നടന്നലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താനെ പിന്തുണയ്ക്കുന്ന ആരാധകന്റേതായിരുന്നു. 2011ല്‍ പഞ്ചാബിലെ മൊഹാലിയില്‍ ഔഷധവ്യാപാരികള്‍ നടത്തിയ സമരത്തിനിടെ സിഖ് യുവാവിനെപോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോകുന്ന വീഡിയോ കര്‍ഷക സമരത്തില്‍ സിഖുകാരനായിവേഷം മാറിയെത്തിയ നാസിര്‍ മുഹമ്മദ് എന്നയാളെപോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ദൃശ്യമാണെന്നു പ്രചരിപ്പിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകസമരത്തിലുമെത്തിയെന്നു സ്ഥാപിക്കാന്‍ രണ്ടു ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇരു സമരങ്ങള്‍ക്കും പിന്നില്‍ദേശവിരുദ്ധ ശക്തികളാണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ രണ്ടു ചിത്രങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. സമരത്തിനുപിന്നില്‍ ഇടതുതീവ്രവാദികളും മാവോ വാദികളും ആണെന്നും വ്യാജ പ്രചാരണം അഴിച്ചുവിട്ടിരുന്നു. അതൊന്നും കര്‍ഷകരുടെ സമരവീര്യം കെടുത്തിയില്ല.കര്‍ഷകര്‍ അസംഘടിതരാണ്. പക്ഷേ, പിഴവുറ്റ സംഘടനാപാടവമാണ് അവരെ വിജയത്തിലെത്തിച്ചത്. പ്രതിപക്ഷം മുഴുവന്‍ പിന്തുണയ്ക്കുമ്പോഴും അവരെവേദികളില്‍നിന്നകറ്റിനിറുത്തി സമരത്തിന് രാഷ്ട്രീയനിറം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതേ സമയം, തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയനിലപാട് വ്യക്തമാക്കി. ഡല്‍ഹി-ഹരിയാനറോഡില്‍ പതിനാറ്് കിലോമീറ്റര്‍ നീളുന്ന 'സമര ഗ്രാമ'മാണ് കര്‍ഷകസമരക്കാര്‍ സൃഷ്ടിച്ചത്. നാലുപേര്‍ക്കുവീതം താമസിക്കാവുന്ന പതിനായിരത്തിലേറെ ടെന്റുകള്‍, കുഴല്‍ക്കിണറുകള്‍, കുടിലുകള്‍, ഭക്ഷണത്തിനും വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍... ഒരു വര്‍ഷത്തിലേറെ പ്രക്ഷോഭം അവര്‍ ദിനചര്യയാക്കി.നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം നടപ്പാവാന്‍ ഇനി പാര്‍ലമെന്റിന്റെ ഇരുസഭകളിലും 'റദ്ദാക്കല്‍ ബില്‍'(റിപ്പീലിങ് ബില്‍) അവതരിപ്പിച്ച് പാസാക്കണം. അതുവരെ സമരം തുടരാനുള്ള കര്‍ഷകരുടെ തീരുമാനം അദ്ദേഹത്തിലുള്ള 'ഫെയ്ത്ത് ഡെഫിഷ്യന്‍സി'യാണ് കാണിക്കുന്നത്.

തീരുമാനംമോദിയുടെ രാഷ്ട്രതന്ത്രജ്ഞതയും വിവേകവുമായിട്ടാണ് ബി.ജെ.പി. വാഴ്ത്തുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ഏകാധിപത്യ ശൈലിക്കേറ്റ പ്രഹരമായി പ്രതിപക്ഷവും. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കപ്പെട്ടാലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇപ്പോഴുണ്ടായ 'ഫെയ്ത്ത് ഡെഫിഷ്യന്‍സി' നിലനില്‍ക്കും.കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് നിയമം കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചില വിദഗ്ധരും അത് ആവര്‍ത്തിക്കുന്നു. 1991ല്‍ ഉദാരവല്‍ക്കരണം എങ്ങനെ വ്യവസായ രംഗത്തിന് ഗുണകരമായോ അങ്ങനെ കാര്‍ഷികമേഖലയ്ക്ക് ഈ നിയമങ്ങള്‍ ഗുണകരമാകും എന്നാണ് അവര്‍ പറയുന്നത്. എങ്കില്‍ അത് കര്‍ഷകരെബോദ്ധ്യപ്പെടുത്തണമായിരുന്നു. നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തുകയും അവ എങ്ങനെ ഗുണകരമാകും എന്നതിനെപ്പറ്റി വ്യാപകമായ പൊതുജനചര്‍ച്ച നടത്താന്‍ അവസരം ഒരുക്കുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ലെന്നുമാത്രമല്ല പാര്‍ലമെന്റില്‍പോലും ചര്‍ച്ച നടന്നില്ല.

അനാവശ്യ ധൃതിയാണ് എല്ലാം തകര്‍ത്തത്. കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള വഴിതുറക്കുകയാണ് ഗവണ്മെന്റെന്ന പ്രചാരണം ശരിക്കും ഏറ്റു.കാര്‍ഷികമേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് സമിതി രൂപീകരിക്കുമെന്ന്‌മോദി പറഞ്ഞു. താങ്ങുവില സംവിധാനം മെച്ചപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുക, ചെലവുകുറഞ്ഞ കൃഷി രീതികള്‍പ്രോത്സാഹിപ്പിക്കുക, വിളരീതി മാറ്റുക തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണിത്.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷികസാമ്പത്തിക വിദഗ്ധര്‍ എന്നിവരുടെ പ്രതിനിധികളുണ്ടാകും. ഇത്‌നേരത്തെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു.ഒരു ജനാധിപത്യ ഗവണ്മെന്റും അജയ്യമായിരിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല. അവ ജനങ്ങളുടെ മുമ്പില്‍ മുട്ടുമടക്കണം. ജനാധിപത്യത്തിന്റെ ജീവനാണ് അത് കാണിക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൂടെകൂട്ടുമ്പോഴാണ്, അല്ലാതെ അവരുടെമേല്‍ സ്വന്തം അജണ്ട അടിച്ചേല്‍പ്പിക്കുമ്പോഴല്ല, ഗവണ്മെന്റ് വിജയിക്കുന്നതെന്ന് ഇപ്പോഴെങ്കിലും മോഡി തിരിച്ചറിഞ്ഞോ എന്നതാണ് പ്രധാനചോദ്യം.