വിട്ടുമാറാത്ത രാജഭക്തി


NOVEMBER 30, 2023, 9:21 PM IST

''തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണവും 87-ാം ക്ഷേത്രപ്രവേശന സ്മരണ പുതുക്കലും'' സംബന്ധിച്ച ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിനായി എല്ലാ ഭക്തജനങ്ങളെയും ദേവസ്വം ഉദ്യോഗസ്ഥന്മാരെയും സ്വാഗതം ചെയ്തുകൊണ്ട് ബോര്‍ഡിന്റെ സാംസ്‌കാരിക-പുരാവസ്തുവകുപ്പ് ഡയറകത്ടര്‍, ബി. മധുസൂദനന്‍ നായര്‍ പുറത്തിറക്കിയ ക്ഷണക്കത്ത് വിവാദമായി.

പ്രജയും പൗരനും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാണ് ഇത്തരം ഒരു ക്ഷണക്കത്ത് തയ്യാറാക്കിയത്. സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രജയെന്ന ബോധത്തില്‍നിന്ന് പൗരനെന്ന ബോധത്തിലേക്ക് വളരാത്തതുകൊണ്ടാണ്.വിവാദമായപ്പോള്‍ പിന്‍വലിച്ച ക്ഷണക്കത്തിന്റെ പൂര്‍ണ്ണരൂപം: ''ധന്യാത്മന്‍, പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാല്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തൂല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബര ദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല 'സനാധന ധര്‍മ്മം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി സ്മൃതിസന്നിഭമായ ആ രാജകല്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണവും 87-ാം ക്ഷേത്രപ്രവേശന സ്മരണപുതുക്കലും ക്ഷേത്രപ്രവേശനവിളംബരദിനമായ 23-3-1199 (2.23 നവംബര്‍ 13) തിയതി തിങ്കളാഴ്ച രാവിലെ 9.30ന് ബഹു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.

തദവസരത്തില്‍ ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ എച്ച് എച്ച് പൂയംതിരുനാള്‍ ഗൗരീപാര്‍വ്വതീഭായി തമ്പുരാട്ടിയും എച്ച് എച്ച് അശ്വതി തിരുനാല്‍ ഹൗരീലക്ഷീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പ്രസ്തുത മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നതിലേക്കായി എല്ലാ ഭക്തജനങ്ങളെയും ദേവസ്വം ഉദ്യോഗസ്ഥന്മാരെയും സുവിനീതം സ്വാഗതം ചെയ്തുകൊള്ളുന്നു. ആശംസകളോടെ, ബി. മധുസൂദനന്‍ നായര്‍, ഡയറകത്ടര്‍, സാംസ്‌കാരിക പുരാവസ്തുവകുപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവനന്തപുരം, 9-11-2023.''ആദ്യമേ പറയട്ടെ, ഇത് തയ്യാറാക്കി പ്രസിദ്ധീകരിച്ചവര്‍ സനാതന ധര്‍മ്മത്തെ സനാധന ധര്‍മ്മമാക്കിയത് അക്ഷരജ്ഞാനത്തിന്റെ കുറവുകൊണ്ടാകാം.

പക്ഷേ, 75 വര്‍ഷം മൂമ്പ് രാജാധികാരം നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ പിന്മുറക്കാരെ വിശേഷിപ്പിക്കാന്‍ എച്ച് എച്ച് (ഹെര്‍ ഹൈനസ്) എന്നും ''ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാര്‍'' എന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചത് അസാമാന്യമായ രാജഭക്തി മൂലമാണ്. രാജഭരണം അവസാനിച്ചപ്പോള്‍ രാജകുടുംബാംഗങ്ങള്‍ മറ്റാരെയും പോലെ സാധാരണ പൗരന്മാരായി. അവര്‍ക്ക് പ്രത്യേക അധികാരാവകാശങ്ങളൊന്നുമില്ല; ഉണ്ടായിരുന്ന പ്രിവിപേഴ്‌സും നിറുത്തലാക്കി. ഇനിയും അവരെ 'ഹെര്‍ ഹൈന'സായും 'രാജ്ഞിമാരാ'യും കരുതുന്നത് പ്രജയുടെ അടിമത്ത ബോധമാണ്.

രാജഭരണത്തില്‍ പൗരന്മാരില്ല, പ്രജകളാണ് ഉണ്ടായിരുന്നത്. ജനാധിപത്യ ക്രമത്തില്‍ പ്രജകളില്ല, പൗരന്മാര്‍ മാത്രമേയുള്ളു. കാരണം ജനം ഭരണീയരല്ല, ഭരണകര്‍ത്താക്കളാണ്. എന്നാല്‍ നാം മനസുകൊണ്ട് ഇന്നും പ്രജകളാണ്, പൗരന്മാരായിട്ടില്ല. അതുകൊണ്ടാണ് നാം സര്‍ക്കാര്‍ ഓഫീസുകളില്‍ ഓച്ചാനിച്ചു നില്‍ക്കുന്നത്.പ്രജകള്‍ക്ക് അവകാശങ്ങളില്ല. മൗലികാവകാശങ്ങളെന്നല്ല, ജന്മാവകാശങ്ങള്‍ പോലുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് രാജാവ് കനിഞ്ഞരുളുന്നതാണ്. രാജാവ് നല്‍കിയില്ലെങ്കില്‍ ജീവിക്കാനുള്ള അവകാശംപോലുമില്ല. അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഇല്ലേയില്ല. അതൊക്കെ കുറ്റകരമായ രാജ്യദ്രോഹമായിരുന്നു. പ്രജകള്‍ക്ക് തുല്യതയില്ല. അവര്‍ക്കിടയില്‍ പ്രഭുക്കളും സാധാരണക്കാരുമുണ്ട്; മാടമ്പികളും അധമരുമുണ്ട്, ഉന്നതകുലജാതരും ശൂദ്രന്മരുമുണ്ട്. മാടമ്പി സാധാരണക്കാരനെ കൊന്നാല്‍പോലും കേസില്ല. പക്ഷേ, ജനാധിപത്യ ക്രമത്തില്‍ എല്ലാവരും തുല്യരാണ്.രാജത്വം, ഒരു രാഷ്ട്രീയ ഭരണ രൂപമാണ്. അതില്‍ ബഹുമാന്യനായ ഒരാളെ സമൂഹത്തില്‍നിന്ന് വേറിട്ട് നിര്‍ത്തുകയും അസാധാരണമായ അധീശത്വം (ജീവിതത്തിനും മരണത്തിനും മേലുള്ള അധികാരം) കല്പിച്ചുനല്‍കുകയും ചെയ്യുന്നു.

മാനവ ചരിത്രത്തില്‍ ഭൂരിഭാഗവും രാജഭരണമാണ് നിലനിന്നത്. ചെറിയ സമൂഹങ്ങളില്‍ ഏറ്റവും ശക്തിയുള്ളവന്‍ സ്വാഭാവികമായി നേതാവായി. ഒരു രാഷ്ട്രത്തെ നിലനിര്‍ത്താന്‍ കഴിയുംവിധം സമൂഹം വലുതാകുമ്പോള്‍ നേതാവ് രാജാവായി മാറുന്നു. രാജാധികാരം ദൈവദത്തമായി കരുതിപ്പോന്നു. രാജാവിനെ ദൈവമായി കണക്കാക്കിയിരുന്ന സമൂഹങ്ങളുണ്ട്. പഴയ റോമാ സാമ്രാജ്യം ഉദാരഹണം. അതിനാല്‍ അനീതികരമായ രാജാധികാരത്തെപ്പോലും ചോദ്യം ചെയ്യാന്‍ ആളുകള്‍ മുതിര്‍ന്നിരുന്നില്ല. രാജാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരുന്നതുമൂലം മക്കള്‍ അവകാശികളായി. അങ്ങനെ രാജവംശങ്ങള്‍ അല്ലെങ്കില്‍ രാജപരമ്പര ഉണ്ടായി.മറ്റു ജനതകള്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു രാജാവിനെ നിയമിച്ചുതരുക എന്ന് ആവശ്യപ്പെടുന്ന ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരോട് സാമുവല്‍ പ്രവാചകന്‍ രാജാധികാരത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ''രാജാവ് തന്റെ രഥത്തിനു മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്‍മാരുമായി നിങ്ങളുടെ പുത്രന്‍മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്‍മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണ നിര്‍മാതാക്കളുമായി അവരെ നിയമിക്കും.

നിങ്ങളുടെ പുത്രിമാരെ സുഗന്ധ തൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച് ഏറ്റവും നല്ലത് അവന്‍ തന്റെ സേവകര്‍ക്കു നല്‍കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് അവന്‍ തന്റെ കിങ്കരന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും നല്‍കും. നിങ്ങളുടെ ദാസന്‍മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും. അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും.'' പക്ഷേ, ജനം വാശിപിടിച്ചു; അവര്‍ക്ക് രാജാവിനെ കിട്ടി. സ്വയം അടിമകളായി.നമ്മുടെ ദൈവസങ്കല്പങ്ങളെ രൂപപ്പെടുത്തിയത് രാജകീയ പ്രൗഡിയും പ്രതാവും അധികാരവുമാണ്. സ്വര്‍ഗ്ഗലോകത്ത് സിംഹാസനത്തിലിരുന്ന് എല്ലാം നിയന്ത്രിക്കുന്ന ആളാണ് സങ്കല്പത്തിലെ ദൈവം. ദൈവികത്വം ഉപേക്ഷിച്ച്, സ്വയം ശൂന്യവല്‍ക്കരിച്ച്, ഭൂമിയില്‍ ജാതനായി എന്നു വിശ്വസിക്കപ്പെടുന്ന ദൈവപുത്രനെ രാജാധിരാജരാക്കാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചത്.

രാജത്വം വിട്ടുള്ള കളിയില്ല.പവിത്രമായ രാജത്വം ആധുനിക കാലത്ത് വളരെ നിര്‍ണ്ണായകമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. പക്ഷേ, വികലമായ രൂപങ്ങളില്‍, സ്വേച്ഛാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും രൂപത്തില്‍ ജനാധിപത്യ ഭരണഘടനകളുടെ മറവില്‍ അതു വീണ്ടും പിറവിയെടുക്കുന്നു.ഇനി, ''പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാല്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തൂല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബര''ത്തിന്റെ കാര്യമെടുത്താല്‍, അതിന്റെ ക്രെഡിറ്റ് ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന തര്‍ക്കം നിലനില്‍ക്കുന്നു. ചിലര്‍ അത് സര്‍ സി പിക്ക് നല്‍കുന്നു; രാജഭക്തര്‍ അത് രാജാവിനും. എന്തായാലും സിപിയുടെ മേല്‍നോട്ടത്തിലാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങള്‍മൂലം ഈഴവര്‍ മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് അവരില്‍ ഒരു ഭാഗം വാദിച്ചിരുന്നു. സി വി കുഞ്ഞുരാമന്‍ അതിനായി പുസ്തകം പോലും എഴുതി. ഇസ്ലാമില്‍ ചേര്‍ന്നാലും വിരോധമില്ല എന്നു പറഞ്ഞ ന്യൂനപക്ഷവുണ്ട്. ധനവും സ്വാധീനവും ഉണ്ടായിരുന്ന ബാങ്കറും പത്ര ഉടമയുമായ മിതവാദി കൃഷ്ണന്‍, ബുദ്ധമതത്തില്‍ ചേരണമെന്ന് വാദിക്കുക മാത്രമല്ല, ചേരുകയുമുണ്ടായി.

എന്നാല്‍, ഈഴവരെ ഹിന്ദുമതത്തില്‍ ഉറപ്പിച്ചു നിറുത്താനാണ് ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും പോലുള്ളവര്‍ ശ്രമിച്ചത്. കൃഷ്ണന്‍ മുന്നോട്ടുവച്ച മതംമാറ്റ ആശയത്തെ ഖണ്ഡിച്ചാണ് ആശാന്‍ 'മതപരിവര്‍ത്തനരസവാദം' എന്ന പ്രബന്ധം എഴുതിയത്.എന്തായാലും, 1917ലെ തളിസമരം, 1924ലെ വൈക്കം സത്യഗ്രഹം, 1931-32ലെ ഗുരുവായൂര്‍ സത്യഗ്രഹം, 1933ലെ നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി പൊതുസമരങ്ങള്‍ പലതു നടന്ന പശ്ചാത്തലത്തിലാണ് വിളംബരം ഉണ്ടായതെന്നു വ്യക്തം. പ്രായപൂര്‍ത്തിയായി ഭരണമേല്‍ക്കുമ്പോള്‍ പൊതുഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന് ചിത്തിര തിരുനാള്‍ ഗാന്ധിജിക്ക് വാക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്, സര്‍ സി പി രാമസ്വാമി അയ്യര്‍ 1933ല്‍ ഗസറ്റില്‍ പൊതുജനാഭിപ്രായം ആരാഞ്ഞത്. പ്രതികരണം ഭീമഹര്‍ജികളായി കിട്ടി. ചില മഠങ്ങള്‍ എതിര്‍ത്തു, ചില ഹിന്ദു സന്യാസിമാര്‍ അനുകൂലിച്ചു. സി രാജഗോപാലാചാരി, രംഗ അയ്യര്‍, ഡോ സുബ്ബരായന്‍, കെ പി കേശവ മേനോന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ ജനനായകരും അനുകൂലിച്ചു. തുടര്‍ന്ന് വിളംബരമുണ്ടായി. അതിന്റെ ക്രെഡിറ്റ് ആര്‍ക്കുള്ളതാണ്? ദൂര്‍ബ്ബലനായ രാജാവിനോ, സര്‍ സിപിക്കോ, നവോദ്ധാന നായകര്‍ക്കോ?