പുതിയ H -1B തൊഴിൽ വിസകൾക്ക്  രജിസ്‌ട്രേഷൻ ആരംഭിക്കുന്നു  


FEBRUARY 23, 2021, 11:44 AM IST

ജെയ്‌സ് ജോസഫ്


ഏറെ അനിശ്ചിതത്വങ്ങൾക്ക് അവസാനം ഈ വർഷത്തെ പുതിയ (ക്യാപ്) H-1B  തൊഴിൽ വിസകൾക്കുള്ള രജിസ്‌ട്രേഷൻ തീയതിയും നടപടികളും USCIS സ്ഥിരീകരിച്ചു. മാർച്ച് മാസം 9 മുതൽ 25 വരെ തീയതികളിൽ ആണ് രജിസ്‌ട്രേഷൻ നടത്തുവാൻ അവസരം ഉള്ളത്.

രജിസ്‌ട്രേഷൻ ചെയ്തവരിൽ നിന്നും ലോട്ടറിയിലൂടെ തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങൾ മാർച്ച് മാസം 31 നു പ്രഖ്യാപിക്കും. വിസക്ക് സെലെക്ഷൻ ലഭിച്ചവർക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ 90 ദിവസം വരെ അപേക്ഷ സമർപ്പിക്കുന്നതിന് സമയം ലഭിക്കും. US മാസ്റ്റർ ഡിഗ്രി വിദ്യാഭാസം നേടിയവർക്ക് മാത്രമുള്ള 20000  വിസകൾ ഉൾപ്പെടെ 85000 പുതിയ H -1B വിസകൾ ആണ് ഓരോ വർഷവും പുതിയതായി നൽകുന്നത് .

ഇതിനായി ഏകദേശം 275000 രജിസ്‌ട്രേഷൻ ആണ് മുൻവർഷം ഉണ്ടായിരുന്നത്.

കൂടുതലുള്ള രജിസ്ട്രേഷനിൽ നിന്നും ലോട്ടറിയുടെ തിരഞ്ഞെടുക്കുന്നതിന് പകരം, അധിക വേതനം ഉള്ളവർക്ക്‌ മുൻഗണന കൊടുക്കുന്നതുൾപ്പെടെ ട്രംപ് ഭരണത്തിന്റെ അവസാനം കൊണ്ടുവന്ന പല ഭേദഗതികളും നിർദ്ദേശങ്ങളും അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു എങ്കിലും ഈ നിർദ്ദേശങ്ങൾ ഒന്നും നടപ്പിലാക്കാതെ ആണ് പുതിയ രജിസ്‌ട്രേഷൻ നടപടികൾ പ്രസിദ്ധീകരിച്ചത്.  

ഏതെങ്കിലും പ്രത്യേക മേഖലയിൽ ബാച്‌ലർ ഡിഗ്രിയോ അതിനു മുകളിലോ വിദ്യാഭാസ യോഗ്യത വേണ്ടതും  സങ്കീർണവും ആയ വിദഗ്ധ ജോലികൾക്കു വിദേശത്തു നിന്നും ജോലിക്കാരെ കൊണ്ടുവരുന്നതിന് നൽകി വരുന്ന വിസയാണ് H -1B. ജോലി നൽകുന്ന  സ്ഥാപനം ആണ് വിസക്കുള്ള അപേക്ഷ നൽകേണ്ടത്. അഭ്യസ്തവിദ്യരും തൊഴിൽ പരിചയവും ഉള്ള  ജോലിക്കാരെ രാജ്യത്തിന് പുറത്തുനിന്നും കണ്ടെത്തി കൊണ്ടുവരുന്നതിന് അമേരിക്കൻ സ്ഥാപനങ്ങൾക്കുള്ള വലിയ അവസരം ആണ് H -1B. ഒപ്പം തന്നെ അമേരിക്കയിലേക്ക് വരാൻ അവസരം  ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാര്ഥികള്ക്കും. 

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഉള്ള ഉദ്യോഗാർത്ഥികൾ ആണ് H -1B വിസകൾ ലഭിക്കുന്നതിൽ ഏറ്റവും മുൻപിൽ. പ്രധാനമായും ഐ ടി മേഖലയിൽ ഉള്ള കമ്പനികൾ ആണ് H -1B വിസയുടെ സാധ്യതകൾ ഉപയോഗിക്കുന്നത്. എഞ്ചിനീയറിംഗ് / ടെക്നോളജി തുടങ്ങി ഏറെ ഇതര മേഖലകളിൽ H -1B വിസകളിൽ വിദഗ്ധ ജോലിക്കാരെ വിദേശത്തു നിന്നും കൊണ്ടുവരുന്നതിന് അവസരം ഉണ്ടെങ്കിലും  ഈ സാധ്യതയെ കുറിച്ച് അറിയാത്തതിനാൽ പല കമ്പനികളും H -1B വിസകൾ ഉപയോഗപ്പെടുത്താറില്ല. വിദേശത്തുനിന്നും വിദഗ്ധരായ ജോലിക്കാരെ കൊണ്ടുവരുന്നതിനും അവരുടെ സേവനം ഉപയോഗിക്കുന്നതിനും ആഗ്രഹിക്കുന്ന കമ്പനികൾക്കു ഈ അവസരം ഉപയോഗപ്പെടുത്തി വിസക്ക് വേണ്ടി ഈ സമയം  രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.