പച്ചമരങ്ങള്‍ വെട്ടിയാലും വസന്തം വരും...!


NOVEMBER 29, 2019, 1:04 PM IST

ഒരിന്ത്യാക്കരന്‍ അറിയപ്പെടുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങണമെങ്കില്‍ രണ്ടേമുക്കാല്‍ കോടി രൂപയെങ്കിലും വേണം. കേംബ്രിഡ്ജില്‍ പഠിക്കണമെങ്കില്‍ 2.4 കോടി രൂപയാകും. ഇങ്ങിനെയിരിക്കെ, കുറഞ്ഞ ചെലവില്‍ മൂല്യമുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെ എന്‍ യുവില്‍ പഠിക്കുക എന്നത് താരതമ്യേന കുറഞ്ഞ ചിലവില്‍ നടക്കുമായിരുന്നു. പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടിക്കൊണ്ടിരുന്ന ഈ കലാശാലയില്‍ നിന്ന്  ഇനി അങ്ങനെ സുളുവിന് വിദ്യ പഠിക്കേണ്ടതില്ല എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

ജെ എന്‍ യു ഒരു സമര കാലത്തിലൂടെ കടന്നു പോകുകയാണ്. പോരാട്ടങ്ങളും സമരങ്ങളും ജെ എന്‍ യുവിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല. മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങള്‍ വളരെ ഗൗരവതരമായി ചര്‍ച്ച ചെയ്തും അപഗ്രഥിച്ചുമാണ് ജെ എന്‍ യു അതിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തത്. 

അവിടെ നടക്കുന്ന അനീതികളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാന്‍ കൂടിയാണോ മഹാരാഷ്ട്രയില്‍ അമിത്ഷാ ജി മോദി ജി കുട്ടുകെട്ട് പതിവില്‍ക്കവിഞ്ഞ സെറ്റപ്പുകളുമായി രാഷ്ട്രീയ ചവിട്ടുനാടകം ആടിത്തകര്‍ക്കുന്നത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.  

ജെ എന്‍ യുവിന്റെ അന്തഃസ്സത്തയും ആത്മാവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം എന്ന നിലയില്‍ നിലവിലെ സമരത്തെ വേറിട്ട് തന്നെ കാണേണ്ടതാണെന്നാണ് ഗുളികന്റെ വിനീതാഭിപ്രായം. 1965ല്‍ ജെ എന്‍ യു സ്ഥാപിക്കുന്നതിനുള്ള ബില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യവേ അന്നത്തെ എം പി ആയിരുന്ന ഭൂഷണ്‍ ഗുപ്ത മുന്നോട്ടുവെച്ച ഒരു പ്രധാന നിര്‍ദേശം ആയിരുന്നു ജെ എന്‍ യു കേവലം മറ്റൊരു യൂണിവേഴ്സിറ്റി ആകരുത് എന്നത്. മറിച്ച് മാനവ വിഷയങ്ങള്‍ക്ക് പ്രാധാന്യവും ബൗദ്ധിക ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഇടവും നല്‍കുന്നതോടൊപ്പം, സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ആയിരിക്കണം ജെ എന്‍ യുവിനെ സംവിധാനിക്കേണ്ടത് എന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച സുപ്രധാന നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 28 ന് പ്രാഥമിക തലത്തില്‍ പാസ്സായ പുതിയ ഹോസ്റ്റല്‍ മാന്വല്‍ ആണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതുപ്രകാരം, മെസ്സ് ബില്ലിനും അനുബന്ധ ചെലവുകള്‍ക്കും പുറമേ, പുതുതായി നിലവില്‍ വരുന്ന 'യൂട്ടിലിറ്റി ചാര്‍ജ്', 'സര്‍വീസ് ചാര്‍ജ്' എന്നിവ കൂടി വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരുമത്രെ..!

യൂണിവേഴ്സിറ്റി നല്‍കുന്ന വെള്ളത്തിനും വൈദ്യുതിക്കും അവയുടെ ബില്‍ അനുസരിച്ച് നല്‍കേണ്ടിവരുന്ന ചെലവാണ് യൂട്ടിലിറ്റി ചാര്‍ജ്. മെസ്സ് ജീവനക്കാരുടെ വേതനത്തിനും അനുബന്ധ ചെലവുകള്‍ക്കും ആണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നിലവില്‍ ഒരു മാസം 3,000 രൂപയോളം വിദ്യാര്‍ഥികള്‍ക്ക് ചെലവ് വരുന്നുണ്ട്. എന്നാല്‍ പുതിയ നിര്‍ദേശത്തോടെ വിദ്യാര്‍ഥികളുടെ മാസ ചെലവ് ഏഴായിരത്തോളം രൂപയാകും. സാമ്പത്തികമായി നന്നേ പിന്നാക്ക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് വഹിക്കാവുന്നതിലും അപ്പുറമാണ് ഈ ഫീസ് വര്‍ധന. പലര്‍ക്കും പഠിത്തം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. പണ്ട് പ്രമാണിമാര്‍ പാവപ്പെട്ടവന്‍ അറിവ് നേടാതിരിക്കാന്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചതിന്റെ പുതിയ പതിപ്പെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മോദിജി ഭരണകൂടത്തിന്റെ സ്വകാര്യവത്കരണ നയങ്ങളാണ് പ്രശ്നങ്ങളുടെ പ്രഥമ ഹേതുവത്രെ. വി സിയും ഭരണ സമിതിയും വരുത്തുന്ന മാറ്റങ്ങളൊക്കെത്തന്നെ തികഞ്ഞ പിടിപ്പുകേടാണെന്ന് വിദ്യാര്‍ഥി യൂണിയനും ടീച്ചേഴ്സ് അസോസിയേഷനും ഒരേ സ്വരത്തില്‍ പറയുന്നു. പ്രതിമ വീക്ക്‌നസായ മോദിജി, വലിയ ചെലവില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിര്‍മിച്ചതും, സെക്യൂരിറ്റി ഗാര്‍ഡ് കോണ്‍ട്രാക്ട് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചതും ഭീമമായ ചെലവ് യൂണിവേഴ്സിറ്റിക്ക് വരുത്തിവെച്ചിട്ടുണ്ടെന്നത് ആരും അറിയില്ലെന്നാണ് തല്പരകക്ഷികള്‍ കരുതുന്നത്. 

വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയും ഭരണകൂടം അതിന്റെ അടിസ്ഥാന ഉത്തരവാദിത്വത്തില്‍ നിന്ന് കൈയൊഴിയുകയും ചെയ്യുന്ന പ്രവണതയാണ് മോദി യുഗത്തില്‍ ശക്തിപ്പെട്ടു വരുന്നത്. അനുകൂല രാഷ്ട്രീയ പാര്‍ട്ടികളും ജെ എന്‍ യുവിനെ ഉടച്ചുവാര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പക്ഷേ, പച്ചമരങ്ങള്‍ വെട്ടിക്കളഞ്ഞാലും വസന്തം വരുമെന്ന് ഓര്‍ക്കുന്നത് നന്ന്.