തീര്‍ഥാടന നഗരമായ ബദരിനാഥിലേക്കുള്ള കവാടമാണ് ജോഷിമഠ്. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം 6 മാസം അടഞ്ഞുകിടക്കുമ്പോള്‍ അവിടത്തെ പൂജകള്‍ നടത്തെപ്പെടുന്നത് ജോഷിമഠിലെ നരസിംഹക്ഷേത്രത്തിലാണ്. 6150 അടി (1875 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, ആദി ശങ്കരൻ സ്ഥാപിച്ച നാല് ശാരദാപീഠങ്ങളിൽ ഒന്നെന്ന പുകഴ്‌പെറ്റ, ജോഷിമഠ് ഇന്ന് ഭീതിയുടെ പിടിയിലാണ്.നിരവധി ഹിമാലയന്‍ മലകയറ്റ പര്യവേഷണങ്ങള്‍ ആരംഭിക്കുന്ന, ബദരീനാഥ് പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ കവാടമെന്ന് വിളിക്കപ്പെടുന്ന ജോഷിമഠ് ഈ പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ടാവുകയും ഒരു ക്ഷേത്രം തകര്‍ന്നുവീഴുകയും ചെയ്തതോടെ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ നടത്തുന്ന അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഭൂമി ഇടിഞ്ഞു താഴുന്നതിന് കാരണമായി പറയപ്പെടുന്നത്.
ഇതിനകം അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയാരംഭിച്ചു.ഇപ്പോള്‍ 25,000ത്തിലധികം ജനങ്ങളാണ് അവിടെ താമസിക്കുന്നത്. പരിധികള്‍ അവഗണിച്ച് മുന്നോട്ടുപോകുന്ന ടൂറിസവും റോഡ് നിര്‍മാണവുമെല്ലാം ഈ പര്‍വതനഗരത്തെ നശിപ്പിക്കുമെന്നുള്ള മുന്നറിയിപ്പുകള്‍ പലയിടത്തുനിന്നും ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ, അവയൊന്നും കാര്യമായി ഗൗനിക്കപ്പെട്ടില്ല.ഇങ്ങനെ നടപ്പാക്കപ്പെടുന്ന വികസന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ചാര്‍ധാം റോഡ് നിര്‍മാണം. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും യാത്രികര്‍ക്ക് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാകും. 900 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാതയുടെ 291 കിലോമീറ്റര്‍ ദൂരം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.
അശാസ്ത്രീയമായ ഈ പദ്ധതിക്ക് തുടക്കമിട്ട ഘട്ടത്തില്‍ത്തന്നെ പല വിദഗ്ധരും അതുണ്ടാക്കാവുന്ന പ്രാകൃതികാഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ വരെ കേസെത്തിയെങ്കിലും ആശങ്കകള്‍ ചെവിക്കൊള്ളപ്പെട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിച്ച വിധിപ്രഖ്യാപനത്തിനുശേഷം സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ രവി ചോപ്ര ആ സ്ഥാനത്തുനിന്ന് രാജിവെച്ച് പോയി. തന്റെ രാജിക്കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ''ആധുനിക ഉപകരണങ്ങളും യന്ത്രസാമഗ്രികളുമൊക്കെയായി എന്‍ജിനീയര്‍മാര്‍ ഹിമാലയപര്‍വതത്തെ കീറിമുറിക്കുകയാണ്.
പ്രാചീനവും അകളങ്കിതവുമായ വനമേഖലകളെ അവര്‍ വെട്ടിനിരപ്പാക്കി; അതിലോലമായ താഴ്വാരങ്ങളെ അവര്‍ കീറിമുറിക്കുന്നു. വാസ്തുശില്‍പികള്‍ പ്രകൃതിയെ കീഴടക്കി തങ്ങള്‍ കെട്ടിപ്പൊക്കുന്നതൊക്കെ ചിത്രങ്ങളാക്കി അഹങ്കാരത്തോടെ പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ, തങ്ങളും പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയില്ലാതെ നിലനില്‍ക്കാനാവില്ലെന്നും അവര്‍ അറിയുന്നില്ലല്ലോ.''1999ല്‍ ചമോലിയില്‍ 6.8 തീവ്രതയുള്ള ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഉദ്യോഗസ്ഥർ ആ പ്രദേശം സന്ദര്‍ശിച്ച് പഠനം നടത്തയിരുന്നു. നൂറിലധികം ജനങ്ങള്‍ മരിച്ച ആ ഭൂകമ്പത്തില്‍ അനേകം വീടുകള്‍ തകര്‍ന്നുവീഴുകയും പലയിടങ്ങളിലും മലയിടിച്ചില്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഭൂകമ്പത്തില്‍ ജോഷിമഠില്‍ കാര്യമായ നാശങ്ങളുണ്ടായില്ലെങ്കിലും കേന്ദ്രസംഘം അവിടെയും സന്ദര്‍ശിക്കുകയുണ്ടായി.പര്‍വതപാതകളില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. ഒന്നുറക്കെ സംസാരിച്ചാല്‍ ഊര്‍ന്നുവീഴുമെന്ന മട്ടില്‍ നിലകൊള്ളുന്ന പാറകള്‍ ഭൂകമ്പത്തിന്റെ കുലുക്കത്തില്‍ ഉരുണ്ടുവീണുപോയതില്‍ അത്ഭുതമില്ല. കുറച്ചുകൂടി ശക്തിയുള്ള ഭൂചലനം ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്നുറപ്പാണ്.
പക്ഷെ, ഈ പ്രദേശത്ത് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.ഉത്തരാഖണ്ഡിലെ പലവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആശങ്കാജനകമാണ്. ത്വരിതഗതിയില്‍ നടന്നുപോന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. വരുന്ന10 വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ 66 ഭൂഗര്‍ഭപാതകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 18 പാതകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. ഈ ഭൂഗര്‍ഭപാതകളുടെ നിര്‍മാണം കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പുക മൂലമുണ്ടാകുന്ന വായു മലിനീകരണം, ഇരുട്ട് നിറഞ്ഞതും വായുസഞ്ചാരമില്ലാത്തതുമായ തുരങ്കങ്ങളില്‍ അവ കെട്ടിനില്‍ക്കുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ ഒരുവശത്ത്. ട്രെയിന്‍ ഗതാഗതം മൂലമുണ്ടാകുന്ന കമ്പനങ്ങള്‍ മറ്റൊരു വശത്ത്.ഇപ്പോള്‍ത്തന്നെ ബലഹീനമായിരിക്കുന്ന മലഞ്ചരിവുകള്‍ ഇടിഞ്ഞുവീഴാന്‍ ഈ കമ്പനങ്ങള്‍ മതിയാകും എന്നതില്‍ സംശയമില്ല.
ആ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന മണ്ണിടിച്ചില്‍ ഈ പ്രവണതയാണ് സൂചിപ്പിക്കുന്നത്. പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 2013ലെ കേദാര്‍നാഥ് പ്രളയം പ്രകൃതി ജനങ്ങള്‍ക്കും അധികൃതര്‍ക്കും നല്‍കിയ മുന്നറിയിപ്പ് ഇനിയും ആരും വകവയ്ക്കുന്നില്ലെന്ന് വ്യക്തം. ജോഷിമഠും പരിസര പ്രദേശങ്ങളും പ്രതിവര്‍ഷം 6.5 സെന്റീമീറ്റര്‍ അല്ലെങ്കില്‍ 2.5 ഇഞ്ച് എന്ന തോതില്‍ താഴേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് നടത്തിയ രണ്ട് വര്‍ഷം നീണ്ട പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പ്രദേശത്തിന്റെ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഭൂമിയുടെ അന്തര്‍ഭാഗത്ത് വളരെയധികം മാറ്റങ്ങള്‍ കാണുകയും ഇവ വളരെ സെന്‍സിറ്റീവായതാണെന്ന് തിരിച്ചറിയുകയും ചെയ്തു.കെട്ടിടങ്ങളിലും റോഡുകളിലും വന്‍തോതില്‍ വിള്ളലുകള്‍ വികസിച്ചതോടെ കുറച്ചുകാലമായി 'ഇടിഞ്ഞുകൊണ്ടിരുന്ന ക്ഷേത്രനഗരമായ ജോഷിമഠ് ഈ വര്‍ഷം ഏറെ പ്രതിസന്ധിയിലായി.
90 കിലോമീറ്റര്‍ താഴെയുള്ള മറ്റൊരു നഗരത്തിലും വിള്ളലുകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമീപത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ തപോവന്‍ വൈദ്യുത പദ്ധതിയാണ് സ്ഥിതി വഷളാക്കിയതെന്ന് ജോഷിമഠിലെ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ മുഴുവന്‍ പ്രദേശവും സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു. ചുവന്ന ഡോട്ടുകള്‍ മുങ്ങുന്ന ഭാഗങ്ങളെ അടയാളപ്പെടുത്തുന്നു. അവ താഴ്വരയില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്നതില്‍ നിന്ന് ഭൂമി ഇടിഞ്ഞു താഴല്‍ പ്രതിഭാസം ജോഷിമഠ് പട്ടണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് സൂചിപ്പിക്കുന്നു. താമസ സ്ഥലങ്ങള്‍ അപകടാവസ്ഥയിലായതോടെ ജോഷിമഠിലെ 110-ലധികം കുടുംബങ്ങള്‍ വീടുവിട്ടിറങ്ങി. നഗരം മുഴുവന്‍ ഒഴിപ്പിക്കാനാണ് ഇപ്പോൾ പദ്ധതി.എന്നാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ നാട്ടുകാരെ രോഷാകുലരാക്കിയിരിക്കുകയാണ്. തീര്‍ഥാടകരുടെ തിരക്കിനെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന നഗരത്തിലെ വ്യാപാരികളും ഹോട്ടല്‍ ഉടമകളും തങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് പറഞ്ഞാണ് പ്രതിഷേധമുയര്‍ത്തിയത്. "എന്റെ ഹോട്ടല്‍ പൊതുതാല്‍പ്പര്യാര്‍ത്ഥം പൊളിക്കുകയാണെങ്കില്‍, എനിക്ക് അതില്‍ കുഴപ്പമില്ല.
പക്ഷേ എനിക്ക് നോട്ടീസ് നല്‍കണമായിരുന്നു," പൊളിക്കപ്പെട്ട ഹോട്ടലുകളില്‍ ഒന്നിന്റെ ഉടമ താക്കൂര്‍ സിംഗ് റാണ പറഞ്ഞു."ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് അവരുടെ വീടുകള്‍ നിര്‍മ്മിച്ചത്, എന്നാല്‍ ഇപ്പോള്‍ അവര്‍ അവ ഉപേക്ഷിക്കേണ്ടി വരുകയാണ്," സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തേക്ക് അയച്ച ഉത്തരാഖണ്ഡില്‍ നിന്നുള്ള ജൂനിയര്‍ പ്രതിരോധ മന്ത്രിയും എംപിയുമായ അജയ് ഭട്ട് പറഞ്ഞു."എല്ലാവരേയും സുരക്ഷിതരാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളും ഉണ്ടാക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും കൂടാതെ 678 വീടുകള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
സംഭവിക്കുന്ന ദുരന്തം ജോഷിമത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ജോഷിമഠിന്റെ കവാടമായി കാണുന്ന കര്‍ണപ്രയാഗിലെ ഒരു പ്രദേശമായ ബഹുഗുണ നഗറിലെ താമസക്കാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞത് 50 വീടുകളിലെങ്കിലും പ്രത്യക്ഷപ്പെട്ട വലിയ വിള്ളലുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഇക്കാര്യം പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.