ജസ്റ്റിസ് അകില്‍ ഖുറേഷി എന്നും നീതിക്ക് പുറത്ത്  


SEPTEMBER 12, 2021, 11:25 PM IST

രമേശ് അരൂര്‍  

സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഒന്‍പത് ജഡ്ജിമാരുടെ പേരുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിലെ പ്രതിസന്ധി അവസാനിച്ചു. എന്നാല്‍, ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സീനിയോറിറ്റിയുടെ അഖിലേന്ത്യാ പട്ടികയില്‍ രണ്ടാമത്തെ പേരുകാരനായിട്ടും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താതെ പോയ ഒരാളുണ്ട്: ത്രിപുര ചീഫ് ജസ്റ്റിസ് അകില്‍ ഖുറേഷി.

രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന നിയമനങ്ങളിലെ പ്രതിസന്ധിക്ക് ഒരു കാരണം കൊളീജിയം സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി ജസ്റ്റിസ് ഖുറേഷിയുടെ പേര് ഉള്‍പ്പെടുത്താതിരുന്നതാണ്. 2019 മാര്‍ച്ച് മുതല്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ്. നരിമാന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ ഖുറേഷി എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയാല്‍ സമവായം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതോടെ ആ ലിസ്റ്റുകള്‍ വൈകുകയായിരുന്നു.

ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഖുറേഷിയെ ഒഴിവാക്കി സര്‍ക്കാരിന് മുന്നിലേക്ക് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് ഉയര്‍ത്തപ്പെടേണ്ടവരുടെ ലിസ്റ്റ് പോകാനിടയായി സാഹചര്യം അതാണ്. അഭയ് ഓകയുടെ പേര് കൊളീജിയത്തിന്റെ പുതിയ ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തപ്പെട്ടു, പക്ഷെ ഖുറേഷി വീണ്ടും തഴയപ്പെട്ടു. എന്തുകൊണ്ടാണ് ഖുറേശിയുടെ പേര് നിര്‍ദ്ദേശിക്കപ്പെടാതെ പോയത്? പ്രധാനമന്ത്രി  നരേന്ദ്ര മോഡിയും, ആഭ്യന്തരമന്ത്രി അമിത് ഷായും വെറുക്കുന്ന പേരാണത് എന്നതിനാല്‍ തന്നെ. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഹിതകരമല്ലാത്ത ചില വിധികള്‍ പുറപ്പെടുവിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. 

ജസ്റ്റിസ് അകില്‍ അബ്ദുല്‍ഹമീദ് ഖുറേഷി 1960ല്‍ ഒരു പ്രമുഖ ഗുജറാത്ത് കുടുംബത്തിലാണ് ജനിച്ചത്. മഹാത്മാഗാന്ധിയുടെ വരവിനു മുന്‍പായി ദണ്ഡി മാര്‍ച്ചിന്റെ പാതയിലൂടെ നടക്കാനിരുന്ന 'അരുണ്‍ തുക്ഡി'യുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഖുറേഷിയുടെ മുത്തച്ഛന്‍ ഗുലാം റസൂല്‍ ഖുറേഷിയെന്ന് ഗുജറാത്ത് വിദ്യാപീഠത്തിന്റെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അനാമിക് ഷാ ഓര്‍മ്മിപ്പിക്കുന്നു. 

അദ്ദേഹത്തിന്റെ പിതാവ് ഹമീദ് ഖുറേഷി 1917ല്‍ ഗാന്ധി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്ത അവസാനത്തെ ആളുകളില്‍ ഒരാളും ആശ്രമ സംരക്ഷണത്തിന്റെയും മെമ്മോറിയല്‍ ട്രസ്റ്റിന്റെയും മുതിര്‍ന്ന അഭിഭാഷകനും ട്രസ്റ്റിയുമായിരുന്നു. 2016ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്കനുസൃതമായി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്‌കരിച്ചത്.

1980ല്‍ ഗണിതത്തിലും 1983ല്‍ നിയമത്തിലും ബിരുദം നേടിയ അകില്‍ ഖുറേഷി പിതാവിന്റെ പാത പിന്തുടര്‍ന്നു. ബാറില്‍ ഏതാണ്ട് 20 വര്‍ഷം പ്രാക്ടീസ് ചെയ്തതിനു ശേഷം, 2004ല്‍, ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. കോടതിയില്‍ 14 വര്‍ഷം സേവനമനുഷ്ഠിച്ചെങ്കിലും ചീഫ് ജസ്റ്റിസാകാന്‍ നിശ്ചയിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റി.

അതിന് കാരണം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പായിരുന്നു. ഹൈക്കോടതി ജഡ്ജിയായിരിക്കെ, ജസ്റ്റിസ് ഖുറേഷി രണ്ട് സുപ്രധാന വിധികള്‍ നല്‍കിയത് അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു. 2010ല്‍ ഒരു വിചാരണ കോടതി ഉത്തരവ് അദ്ദേഹം മാറ്റിവെക്കുകയും, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ രണ്ടു ദിവസം സിബിഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. 2014 ല്‍, ഈ കേസില്‍ പ്രത്യേക സിബിഐ കോടതി ഷായെ കുറ്റവിമുക്തനാക്കി. ആ പക ഇന്നും തുടരുന്നു.

മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ എ മേത്തയെ ലോകായുക്തയായി നിയമിക്കാനുള്ള അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ തീരുമാനം 2011ല്‍ ജസ്റ്റിസ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവച്ചതിനെതിരെ അന്ന് മുഖ്യമന്ത്രി യായിരുന്ന നരേന്ദ്ര മോഡി എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തു.

2018 നവംബറില്‍ ഗുജറാത്ത് ചീഫ് ജസ്റ്റിസിന്റെ ഒഴിവ് വന്നപ്പോള്‍ കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെന്ന നിലയില്‍ ആ സ്ഥാനം ജസ്റ്റിസ് ഖുറേശിക്ക് ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ , ജസ്റ്റിസ് എ എസ് ദാവെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെടുകയും ജസ്റ്റിസ് ഖുറേഷിയെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ അവിടെ അദ്ദേഹം ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ അഞ്ചാമനായി മാറി.

ഈ പകപോക്കല്‍ നീക്കത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനില്‍ പെട്ട  1200ലധികം അഭിഭാഷകര്‍ സമരം ആരംഭിക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ബോംബെയിലേക്കുള്ള ജസ്റ്റിസ് ഖുറേശിയുടെ സ്ഥലംമാറ്റം തടയുകയും ചെയ്തു. 2019 മേയില്‍ ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ തിരിച്ചയച്ചു. ഒടുവില്‍, സെ്ര്രപംബറില്‍ കൊളീജിയം അദ്ദേഹത്തെ ത്രിപുര ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു.

2014 ല്‍ സബര്‍മതി ആശ്രമ ട്രസ്റ്റ്, സബര്‍മതി ഹരിജന്‍ ആശ്രമം ട്രസ്റ്റ്, മാനവ് സാധന ട്രസ്റ്റ് എന്നിവയുടെ പരിസരത്ത് കൈയേറ്റം ആരോപിച്ച് ഒരു പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് 2014 ല്‍ അദ്ദേഹം പിന്മാറിയിരുന്നു.  ഈ സംഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഖുറേഷിയുടെ സത്യസന്ധതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമാണെന്ന് ഗുജറാത്തിലെ നിയമവൃത്തങ്ങള്‍ ഉറപ്പ് നല്‍കുന്നു.

ത്രിപുര ചീഫ് ജസ്റ്റിസ് എന്ന നിലയില്‍, 2020ല്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസ് അദ്ദേഹം സ്വമേധയാ എടുത്തു; സദാചാര പോലീസിനായി പ്രതികള്‍ ശ്രമിച്ച ചില വീഡിയോകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഒരു സ്ത്രീയും ഭര്‍ത്താവിന്റെ ആത്മഹത്യ ചെയ്തത് അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചതോടെ സര്‍ക്കാരിന്റെ  വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ തിരുത്തിക്കാനും അദ്ദേഹത്തിനായി.

ജസ്റ്റിസ് ഖുറേഷി തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്  നിയമത്തിന്റെ എല്ലാ വശങ്ങളും കഠിനാധ്വാനം ചെയ്തു പരിശോധിച്ചാണെന്നും 'നീതിനിര്‍വഹണത്തില്‍ അദ്ദേഹം സ്വതന്ത്രനും യുക്തിയില്‍ മികച്ചയാളുമാണെന്നാണ്   ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ സാക്ഷ്യം. 2019 ല്‍ ജസ്റ്റിസ് ഖുറേഷി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള കേസുകളുടെ തീര്‍പ്പാക്കല്‍ നിരക്ക് അസാധാരണമാണെന്ന് ഒരു കോടതി ഉദ്യോഗസ്ഥനും പറയുന്നു. അക്കാലത്ത് 3,000 ത്തോളം കേസുകള്‍ തീര്‍പ്പാക്കാനുണ്ടായിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ 1500 കേസുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

അതേസമയം ജസ്റ്റിസ് ഖുറേഷിക്കെതിരെയുള്ള കേന്ദ്ര അവഗണനയും നീതിനിഷേധവും നേരിടാന്‍ ജുഡീഷ്യറിക്ക് മടിയാണെന്ന് നിയമ വൃത്തങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. 'ഒരു ജഡ്ജിയെ നിയമിക്കാത്തതിന് ആരെങ്കിലും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനുമുമ്പ്, എന്തുകൊണ്ടാണ് പേര് ഒരിക്കലും അയക്കാത്തതെന്ന് ജുഡീഷ്യറിയോടാണ് ചോദിക്കേണ്ടത്. ജസ്റ്റിസ് ഖുറേഷിയോ അല്ലെങ്കില്‍ സൗരഭ് കിര്‍പാലോ ആകട്ടെ,  സര്‍ക്കാര്‍ എതിര്‍ത്തേക്കാം, പക്ഷേ പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍ ആയിരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ക്ക് അതറിയാന്‍ കഴിയൂ,' ഡല്‍ഹി ആസ്ഥാനമായുള്ള ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

കൊളീജിയം നല്‍കുന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അവകാശുമുള്ളൂ എന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തലവനും മുന്‍ ബിജെപി എംഎല്‍എയുമായ യതിന്‍ ഓജാ പറഞ്ഞു. കൊളീജിയത്തില്‍ അര്‍ഹതയുള്ള ജഡ്ജിയുടെ പേര് ഉള്‍പ്പെടുത്താതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.