കാശ്മീര്‍ നടപടിയുടെ കാണാപ്പുറങ്ങള്‍


AUGUST 23, 2019, 1:01 PM IST

ഒരു രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നത് ഉചിതമാണോ? തീര്‍ച്ചയായും അല്ല. തുല്യതയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വം. വ്യക്തികളായാലും പ്രദേശങ്ങളായാലും സംസ്ഥാനങ്ങളായാലും തുല്യ പരിഗണന അര്‍ഹിക്കുന്നു. അതിനാല്‍ ഇന്ത്യയുടെ ഭാഗമായ കാശ്മീറിന് പ്രത്യേകപദവി നല്‍കിയത് ഉചിതമായില്ല.പ്രത്യേക പദവി നല്‍കിയതാകട്ടെ അന്നത്തെ പ്രത്യേക സാഹചര്യങ്ങളിലാണ്. ജമ്മു കാശ്മീര്‍ എന്ന മുസ്ലീം ഭൂരിപക്ഷ നാട്ടുരാജ്യത്തെ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ഹിന്ദു രാജാവിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്ന പ്രജകളെ പ്രീണിപ്പിക്കാനും ഇന്ത്യന്‍ അനുകൂല നിലപാടെടുത്ത ഷെയ്ക്ക് അബ്ദുള്ള പോലുള്ള നേതാക്കളുടെ ഇംഗിതം നിറവേറ്റി അവരെ വശത്താക്കാനുമായിരുന്നു. അങ്ങനെ പ്രത്യേക പദവിയും പരിഗണനയും നല്‍കി ഏഴു ദശാബ്ദങ്ങള്‍ കുടെനിറുത്തിയിട്ടും ഇന്ത്യയുടെ ഭാഗമായിരിക്കാന്‍ സംസ്ഥാനത്തിലെ ഭൂരിപക്ഷം ജനങ്ങളും തയ്യാറായിട്ടില്ല. ചിലര്‍ പാക്കിസ്ഥാനോടു ചേരാന്‍ ആഗ്രഹിക്കുന്നു; മറ്റു ചിലര്‍ സ്വതന്ത്ര രാഷ്ട്രമാകാനും. ചുരുക്കത്തില്‍ ഇന്ത്യയില്‍നിന്നു വിട്ടുപോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതുകൂടെ കണക്കാക്കുമ്പോള്‍ പ്രത്യേക പദവിയും പരിഗനനയും നിലനിറുന്നത് ആനാവശ്യമാണ്.

തന്റെ പൂര്‍വ്വികരുടെ നാടായ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലനിറുത്താന്‍ ആഗ്രഹിച്ച നെഹ്‌റു നയിച്ച കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ വിട്ടുവിഴ്ചകളെ ഹിന്ദു പരിവാര്‍ തുടക്കംമുതല്‍ എതിര്‍ത്തിരുന്നു. കാരണം അവര്‍ സ്വപ്‌നം കണ്ട ഹിന്ദുസ്ഥാനില്‍ കാശ്മീര്‍ മാത്രമല്ല പാക്കിസ്ഥാനും  അഫ്ഗാനിസ്ഥാനുംപോലും, ഉള്‍പ്പെട്ടിരുന്നു. അധികാരത്തില്‍ വന്നാല്‍ ജമ്മു കാശ്മീറിന്റെ പ്രത്യേക പദവി എടുത്തുകളുയുമെന്ന് ബിജെപി നേരിത്തേതന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പ്രത്യേകപദവി എടുത്തുകളയാനുള്ള ന്യായീകരണങ്ങള്‍ ഇവയാണ്: പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ വിവേചനാപരമാണ്, ഇന്ത്യയുമായി സമന്വയം പ്രാപിക്കുന്നതിനു പകരം വിഘടനത്തിനുള്ള ഉപാധിയായി അവ മാറി. കാശ്മീറില്‍ ശക്തമായ നിലപാടെടുക്കാന്‍ മുന്‍ ഗവണ്മെന്റുകള്‍ ധൈര്യം കാട്ടിയില്ല. കാശ്മീറില്‍ മൗലികവാദം വേരൂന്നിയ സാഹചര്യത്തില്‍ അടിച്ചമര്‍ത്തല്‍ ആവശ്യമായി. അതിനുള്ള അന്തര്‍ദ്ദേശീയ കാലാവസ്ഥ അനുകൂലമാണ്. അന്തര്‍ദ്ദേശീയ തലത്തില്‍ ആരും മനുഷ്യാവകാശങ്ങള്‍ക്ക് ഇപ്പോള്‍ വിലകല്പിക്കുന്നില്ല. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 1990കളിലെ ഇസ്ലാമിക ഭീകരതയില്‍ സംസ്ഥാനം വിടേണ്ടിവന്ന പണ്ഡിറ്റുകള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അതിനാല്‍ ബലപ്രയോഗത്തിലുടെയാണെങ്കിലും കാശ്മീറിനെ വരുതിക്കു കൊണ്ടുവരണം. അക്കാര്യത്തില്‍ ചൈനയുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്....

ഇതില്‍ സത്യങ്ങളുണ്ട്. പക്ഷേ, എന്താണ് ചൈനയുടെ മാതൃക? അവര്‍ മുസ്ലീം ഭൂരിപക്ഷ സിന്‍സിയാങ് പ്രവിശ്യയിലും ബുദ്ധമത ഭൂരിപക്ഷമുള്ള ടിബറ്റിലും  ചെയ്യുന്നതാണ് മാതൃക. വിപ്ലവത്തിനു മുമ്പ് സ്വയംഭരണ ചരിത്രമുള്ള പ്രദേശങ്ങളായിരുന്നു രണ്ടും. കമ്യൂണിസ്റ്റ് ഭരണകൂടം ബലപ്രയോഗത്തിലുടെ ഇവയെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവന്നു. എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തി. ഇരു മേഖലകളിലേക്കും ഹാന്‍ ചൈനീസ് വംശജരെ വന്‍തോതില്‍ കുടിയിരുത്തി. ഇപ്പോള്‍ മിക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് നഗരമേഖലകളില്‍, ചൈനക്കാര്‍ക്കാണ് ഭൂരിപക്ഷം. ഇതുമൂലം രണ്ടു മേഖലകളിലെയും തനതായ സംസ്‌കാരവും ഭാഷയും ജീവിതരീതിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.അക്കൂട്ടത്തില്‍ ഒന്നുകൂടെ ചൈനീസ് നേതൃത്വം ചെയ്തു: ഈ മേഖലകളുടെ വികസനത്തിന് പണമൊഴുക്കി. ഈ രണ്ട് ഓണംകേറാമൂലകളെയും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ റെയില്‍റോഡുകള്‍കൊണ്ട് ബിന്ധിച്ചു; പുതിയ നഗരങ്ങളും പട്ടണങ്ങളും രൂപപ്പെട്ടു; ബുള്ളറ്റ് ട്രെയിനുകള്‍ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും കൊണ്ടുവരുന്നത്. ഇതുമൂലം ഈ മേഖലകളുടെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെട്ട് ചൈനീസ് ശരാശരിയേക്കാള്‍ മുമ്പിലായി.

ഇതുതന്നെയാണ് മോദി ഗവണ്മെന്റ് കാശ്മീറിലും ചെയ്യാനുദ്ദേശിക്കുന്നത്. പക്ഷേ, ജനാധിപത്യമില്ലാത്ത, ഭരണം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയായ, ചൈന ഇന്ത്യയ്ക്ക് അനുകരണീയമല്ല.കാശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ അനുഛേദം സംസ്ഥാനത്തെ 'സ്ഥിരതാമസക്കാര്‍' ആരെന്ന് നിശ്ചയിക്കാനുള്ള അവകാശം കാശ്മീറിന്റെ ഭരണഘടനാനിര്‍മ്മാണ സഭയ്ക്കു നല്‍കുന്നു. പരമ്പരാഗത താമസക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ സ്ഥലവും വീടും സ്വന്തമാക്കാന്‍ അവകാശമില്ല. കാശ്മീറികളല്ലാത്തവരെ വിവാഹം കഴിക്കുന്ന കാശ്മീറി സ്ത്രീകള്‍ക്ക് സ്വത്തവകാശം നഷ്ടമാകും. അനുഛേദം 35എ ഇല്ലാതായതോടെ അവിടെ ആര്‍ക്കും സ്ഥലംവാങ്ങാം, ബിസിനസ് തുടങ്ങാം. ''ഇനി കാശ്മീറി സുന്ദരികളെ വിവാഹം കഴിക്കാം എന്ന തിരിച്ചറിവ് ബി.ജെ.പി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നു'' എന്ന ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ എം.എല്‍.എ വിക്രം സൈനിയുടെ പരമാര്‍ശം ബാലിശമെങ്കിലും കഴമ്പില്ലാത്തതല്ല. ആര്‍ക്കും സ്വത്തു വാങ്ങാമെന്നുവന്നാല്‍ കാശ്മീറിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടാകും. ടൂറിസ്റ്റ് പറുദീസയില്‍ വന്‍ മുതല്‍മുടക്കു നടക്കും.

ഇസ്രയേല്‍ ഗവണ്മെന്റെ അധിനിവേശ പലസ്തീന്‍ മേഖലകളില്‍ ചെയ്യുന്നതുപോലെ കുടിയേറ്റക്കാര്‍ക്ക് സൈന്യം സുരക്ഷയൊരുക്കും. എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കും. ക്രമേണ അവിടെ മുസ്ലീങ്ങള്‍ ഭൂരിപക്ഷമല്ലാതാകുകയും വിഘടനവാദത്തിന് ശമനമുണ്ടാകുകയും ചെയ്യും. കാശ്മീറില്‍നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക ബിജെപിയുടെ ദീര്‍ഘകാല അജണ്ടയാണ്. പക്ഷേ ഇതിനായി ഗവണ്മെന്റ് തെരഞ്ഞെടുത്ത വഴി അത്യന്തം ജനാധിപത്യവിരുദ്ധമാണെന്ന സത്യം നിലനില്‍ക്കുന്നു. കാശ്മീറിന്റെ പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തപ്പോള്‍ ആ പ്രദേശത്ത് ജീവിക്കുന്നവരുടെ ഇംഗിതം എന്താണെന്നത് മോദിക്കോ അനുചരന്‍ അമിത് ഷായ്‌ക്കോ പ്രശ്‌നമായില്ല. അതീവ രഹസ്യമായ നീക്കങ്ങളാണ് നടത്തിയത്. കാശ്മീറില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തുള്ള നേതാക്കള്‍ക്കുപോലും ഒരു സൂചനയും ഉണ്ടായിരുന്നില്ല.വന്‍തോതില്‍ സൈന്യത്തെ വിന്യസിപ്പിച്ച് സംസ്ഥാനത്തെ ബൂട്ട്‌സിനു കീഴിലാക്കി. മുന്‍മുഖ്യമന്ത്രിമാരെയും പ്രമുഖ നേതാക്കളെയും ജയിലിലാക്കി. ഇന്റര്‍നെറ്റും മറ്റു കമ്യൂണിക്കേഷന്‍ ചാനലുകളും അടച്ചു. ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വൈദ്യസഹായം പോലും കിട്ടാതെ ജനം വലഞ്ഞു. ആശുപത്രിയിലേക്കുപോകാന്‍ വിളിച്ച ഒട്ടോറിക്ഷാ സൈനികര്‍ തടഞ്ഞതിനാല്‍ അഞ്ചു കിലോമീറ്റര്‍ വയറുംതാങ്ങി നടന്ന ഗര്‍ഭിണിയുടെ ചിത്രം കടുത്ത മാദ്ധ്യമവിലക്കുകള്‍ക്കിടയിലും പുറത്തുവന്നു....

ഇതെല്ലാം താല്കാലിക നടപടികളാണെന്ന് സുപ്രീം കോടതി ന്യായീകരിക്കുമ്പോഴും എത്രനാള്‍ നീണ്ടുപോകുമെന്ന് തിട്ടമില്ല. പ്രത്യേക പദവി, സ്വത്തവകാശം, പുറത്തുനിന്നുള്ളവരുടെ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ വിഘടനവാദികളും ഇന്ത്യാപക്ഷക്കാരും എല്ലാം ഒരേ മനസാണ്. അതിനാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന കാര്യം ഊഹിക്കാവുന്നതല്ല.ഭരണഘടനാപരമായ വാഗ്ദാനമാണ് യാതൊരു ചര്‍ച്ചയുമില്ലാതെ ലംഘിക്കപ്പെട്ടത്. ഇത് മറ്റു സംസ്ഥാനങ്ങിലിലും സംഭവിക്കാവുന്നതാണ്. അതിനുള്ളപരീക്ഷണമാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു നിയമവും ജനാധിപത്യ മര്യാദകളും ഗവണ്മെന്റിന് തടസ്സമായില്ല. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തടസ്സമായില്ല. പച്ചയായ അധികാരവിനിയോഗം, അടിച്ചമര്‍ത്തല്‍ - അതുമാത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത്. സ്വതന്ത്രമായ വിധേയത്വം നേടിക്കാനുള്ള ഭരണഘടനാപരമായ നടപടികളല്ല, മറിച്ച് ഭരണഘടനാ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ്. അത്തരം വാഗ്ദാനങ്ങളെ മറ്റിടങ്ങളിലും ലംഘിക്കാന്‍ ഇത് കീഴ്വഴക്കമാകും. ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത കേരളത്തിന്റെയോ തമിഴ്‌നാടിന്റെയോ ബംഗാളിന്റെയോ സംസ്ഥാനപദവി എടുത്തുകളഞ്ഞ് അതിനെ വിഭജിച്ച് കേന്ദ്രഭരണത്തിന്‍ കീഴിലാക്കിയാല്‍ എന്താകും സ്ഥിതി? ജനാധിപത്യവും ഫെഡറല്‍ സംവിധാനവും ശക്തമാകുന്നത് രാജ്യത്തിനും ഏകജാതീയ സംസ്‌കാരത്തിലും തടസ്സമാണെന്ന ചൈനീസ് ഭരണഘടനാ ആശയത്തെ അനുസ്മരിപ്പിക്കുന്ന നടപടിയാണത്.

അന്യസംസ്ഥാനക്കാര്‍ക്ക് സ്വത്ത് വാങ്ങാന്‍ തടസ്സമുള്ള സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്. ഉദാഹരണം നാഗാലാന്റ്. അത് അങ്ങനെതന്നെ നിലനിറുത്തിക്കൊണ്ട് കാശ്മീരിന് ആ അവകാശം ഏകപക്ഷിയമായി എടുത്തുകളയാന്‍ തയ്യാറായാല്‍, ഏതൊരു സംസ്ഥാനത്തും അതാവര്‍ത്തിക്കാനാകും. കേന്ദ്രത്തിന്റെ കരുണകൊണ്ടാണ് ഒരു സംസ്ഥാനം കേന്ദ്രഭരണപ്രദേശമാകാത്തത് എന്ന അവസ്ഥ. കാശ്മീറില്‍ ബലപ്രയോഗം ആവശ്യമുണ്ടായിരുന്നു എന്നു സമ്മതിച്ചാല്‍പോലും അത് ചെയ്യുന്നത് സ്വതന്ത്രമായ വധേയത്വം വിളിച്ചുവരുത്തുംവിധം രാഷ്ട്രീയ-ഇന്‍സ്റ്റിറ്റിയൂഷണല്‍ ചട്ടക്കൂടിലല്ല. പ്രതിപക്ഷം ഇതൊന്നും തിരിച്ചറിയുന്നില്ലെന്നതും പ്രതികരിക്കുന്നില്ലെന്നതും ജനാധിപത്യ പരാജയത്തിന് ആഴം വര്‍ദ്ധിപ്പിക്കുന്നു. കാശ്മീറിലെ നടപടിയെ എതിര്‍ക്കുന്നത് രാജ്യസ്‌നേഹത്തിനെതിരാണെന്ന ധാരണ സ്വന്തം നിലപാടുകളിലും വിശ്വാസങ്ങളിലും ഉറച്ചുനില്‍ക്കാന്‍ അവരെ അധീരരാക്കുന്നു. കപട ദേശീയത വളര്‍ത്തുന്ന പ്രൊപ്പഗാന്ത ജനാധിപത്യ സ്ഥാപനങ്ങളെയും മാദ്ധ്യമങ്ങളെയും സ്വതന്ത്ര നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കുന്നു. ഗവണ്മെന്റ് നടപടിയുടെ നിയമസാധുത പരിശോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുന്നു. ഇത് രാജ്യത്ത് ജനാധിപത്യം പരാജയപ്പെടുന്നതിന്റെ നാന്ദിയല്ലെങ്കില്‍ മറ്റെന്ത്?

Other News