കാശ്‌മീർ കത്തുന്നു


OCTOBER 17, 2021, 7:32 PM IST

ശ്രീനഗര്‍: ജമ്മു-കാശ്മീരിന്റെ സ്വയംഭരണാവകാശം കവർന്നെടുത്ത്, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്, അധികാരം പൂർണമായും കേന്ദ്രസർക്കാരിൻറെ കൈകളിലാക്കിയിട്ടും കാശ്മീരിന്റെ ദുരിതം ഏറുകയാണ്. കാശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കാശ്മീരി പണ്ഡിറ്റുകള്‍ക്കിടയില്‍ പരിഭ്രാന്തി പടരുകയാണ്. നിരവധി കുടുംബങ്ങൾ വീണ്ടും താഴ്വര വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഏഴുപേരില്‍ രണ്ടുപേര്‍ കാശ്മീരി പണ്ഡിറ്റുകളാണ്. താഴ്‌വരയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ മാത്രം മാത്രം ലക്ഷ്യംവെച്ചാണ് അക്രമികളെത്തുന്നത്.

സാധാരണ ജീവിതം അസാധ്യമാകുന്നവിധം പരിഭ്രാന്തിയിലായതോടെ നിരവധി പണ്ഡിറ്റുകളാണ് പ്രദേശം വിട്ട് മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നത്.കൊലപാതകങ്ങള്‍ക്കെതിരെ ജമ്മു കശ്മീരില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. ഏതു സാഹചര്യത്തിലും ജന്മനാട് വിട്ട് ഒരിടത്തേക്കും പോകരുതെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടവും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും പണ്ഡിറ്റുകളോട് പറയുന്നത്. പണ്ഡിറ്റ് വിഭാഗങ്ങള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് പറഞ്ഞ ദുരിതാശ്വാസ കമ്മീഷണര്‍ എ.കെ. പണ്ഡിത ഇതിനായി രംഗത്തിറങ്ങുവാന്‍ താഴ്‌വരയിലെ ജില്ലാ കമ്മീഷണര്‍മാരോട് ആവശ്യപ്പെട്ടു.

അതേസമയം, താഴ് വരയലെ നിയുക്ത എന്‍ക്ലേവുകളില്‍ താമസിക്കുന്ന പണ്ഡിറ്റുകളോട് യാത്രകള്‍ ഒഴിവാക്കാനും ഒരിടത്തു തന്നെ സുരക്ഷിതരായി കഴിയാനും ജില്ലാ കമ്മീഷണര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉറപ്പുകള്‍ക്കിടയിലും പണ്ഡിറ്റുകള്‍ സുരക്ഷിതകേന്ദ്രങ്ങള്‍ തേടി പരക്കം പായുകയാണ്. നിരപരാധികളായ പണ്ഡിറ്റുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഭയചകിതരാണെന്നും കുടുംബാംഗങ്ങലെ ജമ്മുവിലേക്ക് മാറ്റുകയാണെന്നും ശ്രീനഗര്‍ ആസ്ഥാനമായുള്ള കശ്മീരി പണ്ഡിറ്റ് അദ്ധ്യാപിക പറഞ്ഞു. പത്തുദിവസത്തേക്ക് ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിക്കുകയാണെന്നും അവര്‍ പറഞ്ഞു.ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് താഴ്‌വരയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ സ്‌കൂളുകളിലും മറ്റും ജോലിചെയ്യുന്ന പണ്ഡിറ്റ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പത്തുദിവസത്തെ അവധി നല്‍കിയിരിക്കുകയാണ് അധികൃതര്‍. താഴ് വരയില്‍ പണ്ഡിറ്റ് വിഭാഗം സുരക്ഷിതരല്ലെന്ന തോന്നല്‍ വ്യാപകമായിരിക്കുകയാണെന്നും ഭയം മൂലമാണ് പലരും എത്രയും പെട്ടെന്ന് പ്രദേശം വിടുന്നതെന്നും 1990കളില്‍ താഴ്വരയില്‍ നിന്ന് കുടിയേറിയവരെ പ്രതിനിധീകരിക്കുന്ന കശ്മീര്‍ പണ്ഡിറ്റ് സംഘ് സമിതി (കെപിഎസ്) നേതാവ് സഞ്ജയ് ലോക്ക് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുപീന്ദര്‍ കൗറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സിഖുകാര്‍ കുറ്റവാളികള്‍ക്കെതിരെ അതിവേഗ നടപടികള്‍ ആവശ്യപ്പെട്ട് നഗരത്തിലെ തെരുവുകളില്‍ മാര്‍ച്ച് ചെയ്തു. ശ്രീനഗറില്‍ സിവില്‍ സെക്രട്ടേറിയറ്റിന് മുന്നിലും അവര്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ ഭയന്ന് നിങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ടും പോകരുതെന്നും അങ്ങനെ ചെയ്ത് അക്രമികളുടെ ലക്ഷ്യം നിറവേറ്റാന്‍ അനുവദിക്കരുതെന്നും തീവ്രവാദി ആക്രമണത്തിൻറെ ഒരു ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അഭ്യര്‍ത്ഥിച്ചു.താഴ്‌വരയിലെ ഭൂരിഭാഗവും നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഭൂരിപക്ഷ സമുദായത്തിന് ബാധ്യയുണ്ട്. അത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്-ഒമര്‍ അബ്ദുല്ല പറഞ്ഞു.

"കൊല്ലപ്പെട്ട സുപീന്ദർ  കൗറിന്റെ രണ്ട് കൊച്ചുകുട്ടികളെ കണ്ടത് വളരെ വേദനാജനകമായ അനുഭവമായിരുന്നു. അവര്‍ എന്തുതെറ്റാണ് ചെയ്തത്?"-- ആക്രമണത്തിന് ഇരയായ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു.അതിനിടയില്‍ ആക്രമണങ്ങളെ അപലപിക്കാനും സാഹചര്യം വിലയിരുത്താനും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയുടെ അധ്യക്ഷതയില്‍  പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സര്‍വകക്ഷിയോഗം ചേര്‍ന്നു. മെഹബൂബ മുഫ്തിയും യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി സര്‍ക്കാറിന്റെ നയങ്ങള്‍ പരാജയപ്പെട്ടതിന്റെ ഫലമാണെ ഗുപ്‍കർ സഖ്യ വക്താവും സിപിഎം നേതാവുമായ എം.വൈ. തരിഗാമി പറഞ്ഞു. ഹുര്‍രിയത്ത് ചെയര്‍മാന്‍ മിര്‍വായ്‌സ് ഉമര്‍ ഫാറൂഖും കൊലപാതകങ്ങളെ അപലപിച്ചു.ഇതിനിടെ കാശ്മീരിലെ പൂഞ്ച് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു,

ഇതേ തുടർന്ന് സുരക്ഷാ സേന മൂന്ന് ഭീകരരെ ഷോപിയാനിൽ വച്ച് വധിച്ചു.  ഈ പ്രദേശത്ത് നടത്തിയ വ്യാപകമായ തെരച്ചിലിൻറെ ഇടയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ കൊന്നൊടുക്കിയത്. ഇതിനിടെ ഉത്സവസീസണിൽ ഡൽഹിയടക്കമുള്ള ഇടങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മു-കാശ്മീരിലെ രാഷ്ട്രീയ പ്രക്രിയ ആകെത്തന്നെ അട്ടിമറിച്ച് തീവ്രവാദത്തെ തോൽപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റുകയാണെന്നാണ് സമീപദിവസങ്ങളിലെ ഈ സംഭവവികാസങ്ങൾ കാട്ടുന്നത്.