കശ്മീര്‍ രാഷ്ട്രീയ ശൂന്യതയിലേക്ക് 


SEPTEMBER 6, 2019, 11:28 AM IST

കശ്മീരില്‍ സൈനിക ആധിപത്യം സൃഷ്ടിച്ചും അവിടുത്തെ രാഷ്ട്രീയ നേതാക്കളെ തടവില്‍ പാര്‍പ്പിച്ചും കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നടപടികള്‍ കശ്മീരിനെ ഒരു രാഷ്ട്രീയശൂന്യതയിലേക്ക് നയിക്കുകയാണോ?

കശ്മീരിനുണ്ടായിരുന്ന  അര്‍ദ്ധ സ്വയംഭരണാവകാശം റദ്ദാക്കുകയും അതിനെ പൂര്‍ണ്ണമായും കേന്ദ്ര ഗവണ്മെന്റിനു കീഴില്‍കൊണ്ടുവരുകയും ചെയ്യുന്നതിന് ഒരു മാസം മുമ്പാണ് കശ്മീരിലെ ഏറ്റവും വലിയ നഗരമായ ശ്രീനഗറിലെ ഒരു രാഷ്ട്ര മീമാംസ വിദ്യാര്‍ത്ഥിയായ സാക്വിബ് റഹുമാന്‍ കശ്മീരിന്റെ ഭാവി സംബന്ധിച്ച് കോളേജില്‍ നടന്ന ഒരു സംവാദത്തില്‍ പങ്കെടുത്ത് ഇങ്ങിനെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. അന്ന് ഗവണ്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച 21കാരനായ ആ വിദ്യാര്‍ത്ഥി ഇന്ന് അങ്ങനെയല്ല. 'ഞങ്ങള്‍ക്കായി ഒന്നും അവശേഷിപ്പിച്ചിട്ടില്ലല്ലോ' എന്നാണു ആ വിദ്യാര്‍ത്ഥി ഇപ്പോള്‍ ചോദിക്കുന്നത്.

ശ്രീനഗറില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം   പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികര്‍ക്കു നേരെ ഇഷ്ടികക്കഷണങ്ങളും പാറക്കല്ലുകളും വലിച്ചെറിയുന്നു. സുരക്ഷാ സൈനികര്‍ അവര്‍ക്കുനേരെ നാടന്‍ തിരകളുതിര്‍ക്കുന്നു. തെരുവുകള്‍ വിജനമാണ്. ചുരുക്കം ചില ആശുപത്രികളും ഫാര്‍മസികളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു.

ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഭാരതീയ ജനതാ  പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചിക്കുകയോ പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യുന്നില്ല. ഓഗസ്റ്റ് ആദ്യം മുതല്‍ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ബിസിനസ്സുകാരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തതായി പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസും യു എന്‍ മനുഷ്യാവകാശ കൗണ്‍സിലും നല്‍കുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാണ്. ഇപ്പോഴും എത്രപേര്‍ തടവില്‍ കഴിയുന്നുണ്ടെന്നോ വീട്ടു തടങ്കലിലാണെന്നോ അധികൃതര്‍ പറയുന്നില്ല. ആരെയും കാണാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കുന്നുമില്ല.

കശ്മീരിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്ദുള്ള, ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന കശ്മീരിലെ മറ്റൊരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ്  മെഹ്ബൂബ മുഫ്തി എന്നിവര്‍ തടവിലാക്കപ്പെട്ട പ്രമുഖ നേതാക്കളുടെ കൂട്ടത്തിലാണ്.

ഇവര്‍ മൂന്നുപേരും മുഖ്യമന്ത്രിമാരായിരുന്നവരാണ്. അവരെ കാണാന്‍ ഭരണാധികാരികളും സുരക്ഷാ സൈനികരും ആരെയും അനുവദിക്കുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്ക് ശേഷം രാഷ്ട്രത്തോടായി ചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും  അസ്സംബ്ലി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തശേഷം പുതിയ  രാഷ്ട്രീയ നേതൃത്വം നിലവില്‍ വരുമെന്ന് പ്രധനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. എന്നാല്‍ എപ്പോഴത് സംഭവിക്കുമെന്ന് വ്യക്തമാക്കിയില്ല.പൂര്‍ണ്ണമായും  സത്യസന്ധവും സുതാര്യവുമായ സാഹചര്യത്തില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശവും പ്രത്യേകമായുള്ള സാമ്പത്തിക അവകാശങ്ങളും സ്വന്തം നേട്ടങ്ങള്‍ക്കും അനുയായികള്‍ക്കുമായി ചൂഷണം ചെയ്യുകയായിരുന്നു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെന്ന് മോദിയും മറ്റു ബിജെപി നേതാക്കളും കുറ്റപ്പെടുത്തുന്നു. കാശ്മീരിന് നല്‍കിയ സ്വയം ഭരണാവകാശമാണ് അവിടെ വിഘടന വാദത്തിനു തിരികൊളുത്തിയതെന്നും അവര്‍ പറയുന്നു.