മൊബൈലും ജങ്ക് ഫുഡും


NOVEMBER 8, 2019, 3:30 PM IST

സ്‌കൂള്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായി ദോഷം ചെയ്യുന്ന രണ്ടിനങ്ങളുണ്ട്: ഒന്ന്, മൊബൈല്‍ ഫോണ്‍. രണ്ട്, ജങ്ക് ഫുഡ്. ഇതു രണ്ടിന്റെയും ആകര്‍ഷക വലയത്തില്‍ വീഴുകയും അടിമകളാവുകയും ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്. തടഞ്ഞു നിര്‍ത്താന്‍ രക്ഷിതാക്കള്‍ക്കോ സമൂഹത്തിനു തന്നെയോ സാധിക്കാത്ത സ്ഥിതി. മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടിയുടെ പഠന ഏകാഗ്രത ചോര്‍ത്തിക്കളയുന്നു. പോഷകാംശമുള്ള ഭക്ഷണം വിട്ട് ജങ്ക് ഫുഡിനു പിന്നാലെ പോകുന്ന കുട്ടികള്‍ സ്വന്തം ആരോഗ്യവും ചോര്‍ത്തുന്നു. വിവര സാങ്കേതിക വിദ്യയുടെ ഇന്നത്തെ കാലത്ത് പുതിയ സാങ്കേതിക വിദ്യകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താമോ, ഇത്തിരി സ്വാദു നുണയുന്നതില്‍ എന്താണ് പ്രശ്‌നം തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തം. എന്നാല്‍ അവിടെയല്ല കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അഡിക്ടുകളായി മാറിപ്പോകുന്നു എന്നതാണ് വിഷയം. നിയന്ത്രിത ഉപയോഗം പലപ്പോഴും സാധ്യമാവില്ല തന്നെ. കുട്ടിയുടെ പിടിവാശികളാണ് വിജയിക്കുന്നതെന്ന്, സാഹചര്യങ്ങളാണ് നിയന്ത്രണം അസാധ്യമാക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. 

ഇതിനിടയിലാണ് രണ്ടു സുപ്രധാന നടപടികളിലേക്ക് കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും തിരിഞ്ഞിരിക്കുന്നത്. സ്‌കൂള്‍ പഠന സമയത്ത് അധ്യാപകരും കുട്ടികളും മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. പോഷകാംശം കുറഞ്ഞ, കൃത്രിമ രുചിക്കൂട്ടുകള്‍ കൊണ്ട് തയാറാക്കുന്ന 'ജങ്ക് ഫുഡ്' ഇനങ്ങള്‍ സ്‌കൂള്‍ പരിസരത്തും കാന്റീനിലും ഹോസ്റ്റലുകളിലും നിരോധിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ). കൂടിയ അളവില്‍ കൊഴുപ്പും മധുരവും ഉപ്പും പുളിയും പ്രയോഗിച്ച് നാവിനു മാത്രം തൃപ്തി നല്‍കുന്ന ഇനങ്ങളാണ് ജങ്ക്ഫുഡ്. കുപ്പിയില്‍ അടച്ച പാനീയങ്ങള്‍, കാറ്റുനിറച്ച് പാക്കറ്റിലാക്കിയ ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ളവ, ബര്‍ഗര്‍, പിസ തുടങ്ങിയവക്കാണ് വിലക്ക് വരുന്നത്. പാക്കറ്റിലും കുപ്പികളിലുമായി എത്തുന്ന ഇത്തരം ഭക്ഷണ ഇനങ്ങള്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ തന്നെ നിരോധനം പ്രാബല്യത്തില്‍ വരുത്താന്‍ പാകത്തില്‍ അതോറിട്ടി കരട് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. ജങ്ക് ഫുഡ് വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും മാത്രമല്ല, അതേക്കുറിച്ച പരസ്യങ്ങള്‍ക്കുമുണ്ട് വിലക്ക്. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കുന്നിന് വേണ്ടി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി റെഗുലേഷന്‍സ് 2019 പ്രകാരമാണ് നടപടി.

സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും, സ്‌കൂള്‍ കാന്റീന്‍, ഹോസ്റ്റല്‍, സ്‌കൂള്‍ കായിക മേള നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ, അവയെക്കുറിച്ച് പരസ്യം നല്‍കുകയോ അരുത്. പാഠപുസ്തകങ്ങളുടെ പുറംചട്ടയിലോ, സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്യുന്ന സാധനങ്ങളിലോ, സ്‌കൂളിലെ ഉപകരണങ്ങളിലോ ഇവയുടെ പരസ്യമോ, ലോഗോയോ പാടില്ല. സംസ്ഥാന ഭക്ഷ്യസാധന അതോറിറ്റി പരിശോധന നടത്തി വില്‍പന തടയുകയും നടപടി സീകരിക്കുകയും ചെയ്യണം. സ്‌കുള്‍ അധികാരികളും ഇത്തരം ഭക്ഷണ സാധനങ്ങള്‍ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പവന്‍ അഗര്‍വാള്‍ നിര്‍ദേശിച്ചു. ജങ്ക് ഫുഡില്‍ ആകര്‍ഷിക്കപ്പെടുന്ന കുട്ടികളില്‍ വിശപ്പില്ലായ്മയും പോഷകാഹാരക്കുറവും വര്‍ധിച്ചുവരുന്നുവെന്ന പഠനങ്ങള്‍ക്കിടെയാണ് കേന്ദ്രനിര്‍ദേശം.

****     ****    ****

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച പ്രഖ്യാപനത്തിന്റെ മൂന്നാം വാര്‍ഷികം കടന്നു പോവുകയാണ്. അതുകൊണ്ട് എന്തു ഗുണഫലങ്ങള്‍ ഉണ്ടായി എന്ന ചോദ്യവും ചര്‍ച്ചയും അവസാനിക്കുന്നതേയില്ല. അതിന്റെ കൂടി ബാക്കിയാണ് ഇപ്പോള്‍ തെളിഞ്ഞു കാണുന്ന സാമ്പത്തിക മാന്ദ്യമെന്ന് നിത്യം കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയിലാണ് മോദിസര്‍ക്കാര്‍. ഏതായാലും മാന്ദ്യം യാഥാര്‍ഥ്യമാണ്. അതിന്റെ രൂക്ഷത ഏറി വരുകയുമാണ്. മറികടക്കാന്‍ പാകത്തില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് സര്‍ക്കാര്‍. 

എന്നാല്‍ അത് എത്രത്തോളം ഗുണഭോക്താക്കള്‍ക്ക് ഗുണകരമായി മാറുന്നു എന്ന ചോദ്യം ബാക്കി. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഫഌറ്റ് നിര്‍മാതാക്കള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയാണ്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിര്‍മാണം നിലച്ചു പോയ ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ധനസഹായ പദ്ധതി കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചു. സര്‍ക്കാര്‍ 10,000 കോടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി തുടങ്ങിയ സ്ഥാപനങ്ങള്‍ ബാക്കി തുകയും ലഭ്യമാക്കി ഫഌറ്റ് നിര്‍മാതാക്കളെയും അതുവഴി നിക്ഷേപമിറക്കി ഫഌറ്റ് കൈമാറിക്കിട്ടാന്‍ കാത്തിരിക്കുന്നവരെയും സഹായിക്കാനുള്ള സ്വപ്‌ന പദ്ധതിയാണിത്.

ബദല്‍ നിക്ഷേപ നിധിയെന്ന പേരില്‍ തുടങ്ങുന്ന പ്രത്യേക പദ്ധതിയില്‍ നിന്ന് ആസ്തിമൂല്യമുള്ള നിര്‍മാതാക്കള്‍ക്ക് സഹായം ലഭ്യമാക്കും. ഇതിന്റെ നിര്‍വഹണ ചുമതല 'എസ്്.ബി.ഐ ക്യാപി'നായിരിക്കും. പാതിവഴിയിലെത്തിയതും തീര്‍ക്കാന്‍ ഫണ്ടില്ലാതെ വിഷമിക്കുന്നതുമായ ഭവന പദ്ധതികള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്ത് ചുരുങ്ങിയത് 1600 ഭവനസമുച്ചയ നിര്‍മാണ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നുണ്ട്. ഇതുവഴി 4.58 ലക്ഷം വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാകാത്തത്. ഫഌറ്റ് ബുക്കുചെയ്തവര്‍ക്ക്, അതെന്നു കിട്ടുമെന്നറിയാത്ത സ്ഥിതി. 

പണഞെരുക്കം മൂലം നിര്‍മാതാക്കള്‍ക്ക് പണി തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. ഈ സാഹചര്യം മറികടക്കുകയാണ് ബദല്‍ നിക്ഷേപ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.