സുപ്രീം കോടതി സിന്ദാബാദ് !


NOVEMBER 22, 2019, 3:40 PM IST

അപ്പോള്‍ ഇക്കുറി അമ്മിണിയും ബിന്ദുവും കനകദുര്‍ഗയുമൊന്നും ശബരിമലയിലേക്ക് കെട്ടുമുറുക്കി പോകണ്ട. അടി കിട്ടും. പിണറായി വിജയന്റെ പൊലീസ് അവരെ സംരക്ഷിക്കുകയില്ല. 2018 സെപ്തംബര്‍ 28 ന് തങ്ങള്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്  തീരുമാനിച്ചതോടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നവോത്ഥാന നിലപാട് മാറിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'ഉര്‍വ്വശീശാപം ഉപകാരമായി' എന്ന പഴമൊഴി അന്വര്‍ത്ഥമായിരിക്കുന്നു. 

സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ 2018 സെപ്തംബര്‍ 28 ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാന്‍ മാത്രമാണ് നവംബര്‍ 17 ന് വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ  ബെഞ്ച് തീരുമാനിച്ചുള്ളൂ. 2018 ലെ ബെഞ്ചിന്റെ വിധി പ്രകാരം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിച്ചതിന് സ്‌റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബെഞ്ചിന്റെ ഈ ഭൂരിപക്ഷ വിധിക്കെതിരെ നിലപാട് സ്വീകരിച്ച ജഡ്ജിമാര്‍ ആര്‍. എഫ്. നരിമാനും ഡി. വൈ. ചന്ദ്രചൂഡും പഴയ വിധിക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, അതിനെതിരെ തങ്ങള്‍ നിരത്തിയിട്ടുള്ള ന്യായവാദങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കണമെന്ന് കേരള സര്‍ക്കാരിന്  നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എങ്ങിനെയെങ്കിലും ശബരിമലയില്‍ പിടിച്ച പുലിവാലില്‍ നിന്ന് കൈയെടുക്കാന്‍ തീരുമാനിച്ചുറച്ച സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷ വിധിയെ സ്റ്റേ ആയി പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ല എന്ന കാര്യവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന്  അവതരിപ്പിച്ചത് വെറുമൊരു പൊറാട്ടുനാടകമല്ലേയെന്നാണ് സര്‍ക്കാരിന്റെ ശത്രുക്കള്‍ ചോദിക്കുന്നത്. ആ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. 

'നവോത്ഥാനം' ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറിയില്ലെന്ന തിരിച്ചറിവില്‍ നിന്നാവണം ഈ നിലപാട് മാറ്റത്തിന്റെ തുടക്കം, അല്ലാതെ സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ നിന്നാവില്ല. തങ്ങളുടെ നിലപാട് മാറ്റം സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത് ഇങ്ങിനെയാണ്: '1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍. ഡി. എഫ്. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. 'സത്യത്തില്‍ ഈ നിലപാടില്‍ ഒരു തെറ്റുമില്ല. പ്രശ്‌നം 2018 ലെ വിധി നടപ്പാക്കാന്‍ തീരുമാനിച്ചതിലുമല്ല, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും പാളിച്ച പറ്റിയത് അതിനെ ഒരു രാഷ്ട്രീയ ക്യാംപയിന്‍ ആക്കി മാറ്റിയതിലാണ്, അതിനെ നവോത്ഥാന മുന്നേറ്റമെന്നൊക്കെ വലിയ വായില്‍ വ്യാഖ്യാനിച്ച് സ്വയം അപകടത്തില്‍ എടുത്ത് ചാടിയതിലാണ്. 

ഈ കുറിപ്പുകളില്‍ 2018 ലെ വിധിയുടെ കാതല്‍ എന്താണ് എന്ന കാര്യം പല കുറി ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടെ അത് വിശദീകരിക്കാം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതിന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുള്ള 1991 ലെ വിധി പ്രകാരം സംഭവിച്ച പ്രധാന കാര്യം 1965 ലെ കേരള ഹിന്ദു ആരാധനാലയങ്ങള്‍ (പ്രവേശനാധികാര) ചട്ടങ്ങള്‍ ഭേദഗതി ചെയ്യപ്പെട്ടു എന്നതാണ്.  ജസ്റ്റിസ് കെ. എസ്. പരിപൂര്‍ണ്ണന്‍ നയിച്ച രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്റെ 1991 ലെ വിധി പ്രകാരം സബോഡിനേറ്റ് ലെജിസ്ലേഷന്‍ വഴിയാണ് (എന്നുവച്ചാല്‍ സര്‍ക്കാരിന്റെ ഒരു ഉത്തരവ് പ്രകാരം) 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്ന ചട്ടം 3 (ബി) 1965 ലെ നിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. അതിന് കാരണമാകട്ടെ 1991 ല്‍ അന്ന് ദേവസ്വം കമ്മീഷണര്‍ ആയിരുന്ന ജെ. ചന്ദ്രിക അവരുടെ പേരക്കുട്ടിക്ക് ശബരിമലയില്‍ വച്ച് ചോറൂണ് നടത്തിയെന്നതും അതില്‍ മാസമുറ മാറാത്ത സ്ത്രീകള്‍ പങ്കെടുത്തു എന്നതുമാണ്. അതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതി ഹര്‍ജിയായി പരിഗണിച്ച് കോടതി വിധി പറയുകയായിരുന്നു.

2018 ലെ സുപ്രീം കോടതി വിധിയുടെ കാതല്‍ ഇത്രമാത്രം: 1965 ലെ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി എല്ലാ ഇന്ത്യന്‍ പൗരവ്യക്തികള്‍ക്കും ഭരണഘടനയുടെ അനുച്ഛേച്ചം 25(1) ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. അത് നീക്കം ചെയ്യണം. അതങ്ങ് ചെയ്ത് ഉത്തരവിറക്കി കഴിഞ്ഞ മണ്ഡല കാലം പ്രശ്‌നങ്ങളില്ലാതെ പോകുന്നു എന്ന് ഉറപ്പ് വരുത്തി മുന്നോട്ട് പോകുകയായിരുന്നു വിവേകമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു പകരം സാമൂഹ്യ മാധ്യമങ്ങളിലെ ഉത്സാഹക്കമ്മിറ്റിക്കാര്‍ ഉയര്‍ത്തിയ പ്രചണ്ഡ താളത്തിനൊത്ത് തുള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഫലമാണ് അവര്‍ അനുഭവിച്ചത്, ഇന്നും അനുഭവിക്കുന്നത്, ഇപ്പോള്‍ ഒരു കരണം മറിച്ചിലിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് അല്പം അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ അപകടസന്ധിയില്‍ സര്‍ക്കാര്‍ ചെന്നുപെട്ടില്ലായിരുന്നു, ഇപ്പോള്‍ ചെയ്യുന്നത് പോലെ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിയെന്നൊക്കെ തൊടുന്യായങ്ങള്‍ പറഞ്ഞ് തലവഴി മുണ്ടിട്ട് പിന്‍വാതിലിലൂടെ രക്ഷപ്പെടേണ്ട ഗതിവരില്ലായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോള്‍ അതിന് കനം വരുന്നത് അതുകൊണ്ടാണ്. 

ശബരിമലയില്‍ കഴിഞ്ഞ മണ്ഡല കാലം കലാപഭരിതമാക്കിയതിനും ലക്ഷോപലക്ഷം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയതിനും മറുപടി പറയാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് മുല്ലപ്പള്ളി പറയുന്നു. 'നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തടിയൂരുന്നത്. ശബരിമലയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളുടെ വികാരം നേരത്തെ മാനിക്കാന്‍  മുഖ്യമന്ത്രി തയ്യാറായിരുന്നുവെങ്കില്‍ വലിയ വിപത്തില്‍ നിന്നും മാനക്കേടില്‍ നിന്നും കേരളത്തെ രക്ഷിക്കാമായിരുന്നു.' ഇതൊരു സത്യപ്രസ്താവനയല്ലെങ്കില്‍ മറ്റെന്താണ്? 

കഴിഞ്ഞ മണ്ഡലകാലത്ത് നടന്നതൊന്നും ചെറിയ കാര്യങ്ങളായിരുന്നില്ലല്ലോ? ആകെ 55,650 പേരാണ് ശബരിമലയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ കേസില്‍പ്പെട്ടത്. മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ 2200 പേര്‍ ജയിലില്‍ കിടന്നു. തൊണ്ണൂറ് ദിവസം വരെ ജയില്‍ ശിക്ഷ അനുഭവിച്ചവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജാമ്യത്തിലിറങ്ങുന്നതിന് 3.5 കോടി രൂപ കെട്ടിവയ്‌ക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യുവതികളെ മലകയറ്റാന്‍ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥര്‍ കയ്യും മെയ്യും മറന്ന് കഠിനാധ്വാനം ചെയ്യുന്നത് കേരളം കണ്ടതാണ്. തമിഴ്‌നാട്ടില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും ആക്ടിവിസ്റ്റുകളെ പോലീസ് അകമ്പടിയില്‍ മലകയറ്റാന്‍ നടത്തിയ ശ്രമം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഈ ബഹളത്തിന്റെ മറവില്‍ ഇരുമുടിക്കെട്ടില്ലാതെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പതിനെട്ടാം പടിയിലെത്തി പൊലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും 100 കോടിയെങ്കിലും വരുമാന ഇനത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1,200 ക്ഷേത്രങ്ങളില്‍ 1150 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ ആശ്രയിക്കുന്നവയാണ്.  ദേവസ്വം ബോര്‍ഡിന് 100 കോടിരൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നല്‍കിയത് 30 കോടി മാത്രം. 

ശബരിമല പ്രശ്‌നത്തെ സ്ത്രീയവകാശത്തിനുമപ്പുറം ഹിന്ദുമതത്തിനുള്ളിലെ സവര്‍ണ്ണഅവര്‍ണ്ണ വിഭാഗങ്ങള്‍ കൂടെയാക്കി മാറ്റിയ സര്‍ക്കാരിന് ഇപ്പോള്‍ ആ രംഗത്തും തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ആഘോഷമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെയുമൊക്കെ ഉള്‍പ്പെടുത്തി രൂപീകരിച്ച നവോത്ഥാന സമിതി പൊട്ടിത്തകര്‍ന്നു കഴിഞ്ഞു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെന്നാണ് പുന്നല ശ്രീകുമാര്‍ ആരോപിക്കുന്നത്. യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടുന്ന ശ്രീകുമാര്‍ യുവതികള്‍ കോടതി ഉത്തരവുമായി വന്നാല്‍ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ നിലപാടിനെതിരെയും നിശിതമായ വിമര്‍ശനമാണ് അഴിച്ചു വിട്ടിട്ടുള്ളത്. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടെ കാര്യങ്ങള്‍ എവിടെയെത്തിയെന്ന് വ്യക്തം. ഇനി കേള്‍ക്കാനുള്ളത് ഒരാളുടെ പുളിച്ച വര്‍ത്തമാനം കൂടെ മാത്രം: വെള്ളാപ്പള്ളിയുടേത്. അതിന് ഇനി വലിയ കാലതാമസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന് അദ്ദേഹത്തിന് തോന്നിയാല്‍ മതി, അപ്പോള്‍ കാണാം അദ്ദേഹത്തിന്റെ തനിനിറം. ഏതായാലും നിയന്ത്രണവും നവോത്ഥാനവുമൊന്നും ഇല്ലാത്തത് കൊണ്ടാവാം, ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് ഇക്കുറി അനുഭവപ്പെടുന്നത്. സ്വാമിയേ ശരണമയ്യപ്പാ!