വിദേശയാത്രാപര്‍വ്വം 


DECEMBER 6, 2019, 3:24 PM IST

കെ. കരുണാകരന്റെ ഭരണകാലം ഓര്‍ക്കുന്നവര്‍ കേരളത്തില്‍ കുറഞ്ഞു വരുന്ന സന്ദര്‍ഭമാണിത്. മാധ്യമങ്ങളുടെ കൊയ്ത്ത് കാലമായിരുന്നു അത്. മുഖ്യമന്ത്രി തന്നെ കത്തിച്ച് വിടുന്ന വാര്‍ത്തകള്‍ ഒരുവശത്ത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മറുവശത്ത്. മനോരമയും മാതൃഭൂമിയും മത്സരിച്ച് കെ. കരുണാകരനെ വളഞ്ഞിട്ടാക്രമിച്ച കാലം. 

ഇപ്പോള്‍ കരുണാകരനെ ഓര്‍ക്കാന്‍ കാരണം കേരള  ഹൈക്കോടതിയുടെ ഒരു പരമാര്‍ശമാണ്. കേരളത്തിലെ മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണ് താല്പര്യമെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പരാമര്‍ശം മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും കുടുംബസമേതം ജപ്പാനും കൊറിയയും സന്ദര്‍ശിക്കാന്‍ പോയതിനെക്കുറിച്ചാണെന്ന് വ്യക്തം. അതാകട്ടെ കരുണാകരന്‍ സര്‍ക്കാരിനെതിരെ ഏതാണ്ട് ദിവസേനയെന്നോണം ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന പരാമര്‍ശങ്ങളെ അനുസ്മരിപ്പിക്കുന്നതും.

സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത് മുതിര്‍ന്ന ജഡ്ജി ദേവന്‍ രാമചന്ദ്രനാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാളികേര വികസന കോര്‍റേഷനില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന് വാദിച്ച് ബന്ധപ്പെട്ട സെക്രട്ടറി തള്ളിയതാണ് കോടതിയെ ചൊടിപ്പിച്ചത്. മന്ത്രിമാര്‍ക്ക് വിദേശയാത്രകളിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ശീതീകരിച്ച മുറികളിലിരുന്ന് ഉത്തരവിടുന്നതിലും മാത്രമാണ് താല്പര്യമെന്ന വിമര്‍ശനമാണ് ജഡ്ജി ഉന്നയിച്ചത്. ഇവിടെ പരാമര്‍ശം ജഡ്ജിയുടെ വിമര്‍ശനത്തിന്റെ ആദ്യഭാഗത്തെ കുറിച്ച് മാത്രമാണ്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ 'ഭ്രമ'ത്തെ കുറിച്ച്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിക്കഴിഞ്ഞ വിഷയമാണത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നത് സത്യം. മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും കുടുംബസമേതം വിദേശത്ത് പോയിരിക്കുകയാണെന്നതും സത്യം. മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ജപ്പാന്‍, കൊറിയന്‍ പര്യടനത്തില്‍ കുടുംബസമേതം ഉള്ളത്. ഐഎഎസുകാരുടെ സംഘം, ആരോഗ്യമിഷന്റെയും ശുചിത്വമിഷന്റെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ കുടുംബസമേതം ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്റ്, അയര്‍ലന്റ് പര്യടനത്തിലാണ്.

ഇതെല്ലാം 'ഉല്ലാസയാത്ര'കളാണെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇതുവരെ വിവിധ വിദേശരാജ്യങ്ങളിലായി ആറു തവണയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പര്യടനം നടത്തിയത്. നിലവിലെ ജപ്പാന്‍ കൊറിയ പര്യടനത്തിന് മുന്‍പായി നെതര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, യു. കെ. എന്നീ യുറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 2016 ലും 2018 ലും യുഎ ഇയില്‍ പര്യടനം നടത്തി. രണ്ടു തവണ അമേരിക്ക സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശപര്യടനം സംബന്ധിച്ച് സര്‍ക്കാര്‍ ഉടനടി ധവളപത്രം ഇറക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

പ്രതിപക്ഷ നേതാവാകട്ടെ സര്‍ക്കാരിനെതിരെ ഒരു കുറ്റപത്രം തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഈ കൂട്ട വിദേശയാത്രകളെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വരുമാനമില്ല, പിരിച്ചെടുക്കാനുള്ള  നികുതി പിരിച്ചെടുക്കുന്നില്ല, 

ചിലവിനൊട്ട് കുറവുമില്ല. മന്ത്രിസഭ 100 ദിവസം തികച്ചപ്പോള്‍ 2.24 കോടി, ഒന്നാം വാര്‍ഷികത്തിന് 18.6 കോടി, ആയിരം ദിവസം തികച്ചപ്പോള്‍ 10.27 കോടി, ഷുഹൈബ് വധം സി.ബി.ഐക്ക് വിടാതിരിക്കാന്‍ 86 ലക്ഷം, പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ 45 ലക്ഷം, നവോത്ഥാന സമുച്ചയത്തിന് 70 കോടി, നവോത്ഥാന മതിലിന് 50 കോടി, ഇങ്ങിനെ പോകുന്നു സര്‍ക്കാര്‍ ചിലവുകള്‍ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കണക്കുകള്‍.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്ര നടത്തുന്നതില്‍ എന്തെങ്കിലും അപരാധം കാണേണ്ടതുണ്ടോ? അങ്ങിനെയെങ്കില്‍ പിന്നെയെങ്ങിനെയാണ് മറ്റ് നാടുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് അവര്‍ക്ക് മനസിലാക്കാനാവുക? മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ദേശങ്ങള്‍ കാണുക തന്നെ വേണം. അപ്പോള്‍ മാത്രമേ നമുക്ക് എത്താവുന്ന ഉയരങ്ങള്‍ കുറിച്ച് അവര്‍ക്ക് അറിവുണ്ടാകൂ. അല്ലാതെ കൂപമണ്ഡൂകങ്ങളായി ജീവിച്ച് എല്ലാം ചെയ്യാമെന്ന് കരുതിയാല്‍ മറ്റാരുടെയെങ്കിലുമൊക്കെ താളത്തിന് തുള്ളേണ്ടി വരും. ആ അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ വിദേശയാത്ര നടത്തിയതില്‍ ഒരു തെറ്റും കാണാനാവില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകരാറിലാണ്. അതുകൊണ്ട് ആരും വിദേശത്ത് പോകരുത് എന്നൊക്കെ പറഞ്ഞാല്‍ ഇനിയെല്ലാം ശരിയായിട്ടല്ലേ വിദേശത്ത് പോകാന്‍ പറ്റൂ? അപ്പോഴേക്ക് ലോകം എവിടെ നിന്ന് എവിടെയെത്തിയിട്ടുണ്ടാവും? പിന്നെ മറ്റൊരു കാര്യം. വിദേശയാത്രകളുടെ ഫലമായുണ്ടാകുന്ന കരാറുകളും ധാരണകളുമൊന്നും സ്വിച്ചിടുന്നത് പോലെ ഫലസിദ്ധിയിലെത്തില്ല. എല്ലാറ്റിനും അതിന്റേതായ സമയമെടുക്കും. ഒരുപക്ഷെ, പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കരാറാവാം ഇനി വരുന്ന സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുക. ഇപ്പോഴേ വിമര്‍ശിച്ച് എല്ലാം കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കുന്നതുകൊണ്ട് നാടിനും നാട്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല.

പക്ഷെ ഒന്നോര്‍ക്കണം. ഇത്തരം യാത്രകള്‍ ഫലവത്തായിരുന്നു എന്ന് തെളിയിക്കാന്‍ യാത്ര പോയവര്‍ക്ക് കഴിയണം. മുഖ്യമന്ത്രി സമീപകാലത്ത് നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ഫലമായി പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക കേരളത്തിലേക്ക് പകര്‍ത്താനുള്ള കര്‍മപദ്ധതിക്ക് തുടക്കമിട്ടുവെന്നും, നെതര്‍ലന്‍ഡ്‌സിന്റെ സഹകരണത്തോടെ വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയിലും ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പ്രോജക്ടിന്റെ (ഐയുആര്‍ഡബ്ല്യുടിഎസ്) ചുമതല നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ആന്റിയ നെതര്‍ലാന്‍ഡ് ബിവി (നെതര്‍ലാന്‍ഡ്‌സ്), യൂണിഹോണ്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിക്കാനായെന്നും സര്‍ക്കാര്‍ പറയുന്നു.

ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ലോക പുനര്‍നിര്‍മാണ കോണ്‍ഫറന്‍സില്‍ കേരള പുനര്‍ നിര്‍മ്മാണത്തിലേക്ക് ലോക ശ്രദ്ധ എത്തിക്കുവാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നും വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ 4500 കോടി രൂപയോളം കേരള പുനര്‍നിര്‍മാണത്തിനായി നല്‍കുവാന്‍ കരാര്‍ ആയിക്കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഇതിന് പുറമെ ജനീവയില്‍, ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ആയുര്‍വേദം, ക്യാന്‍സര്‍ പ്രതിരോധം, രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാങ്കേതികസഹായം ലഭ്യമാക്കാന്‍ തീരുമാനമായെന്നും ജനീവയിലും ബേണിലും പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ കേരളത്തിന് അനുയോജ്യമായവ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്തുവാന്‍ ധാരണയായെന്നും സര്‍ക്കാര്‍ പറയുന്നു.  

കഴിഞ്ഞ ഫെബ്രുവരിയിലെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ദുബൈയിലെ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മേഖലയില്‍ ഡി പി വേള്‍ഡ് 3500 കോടി, ടൂറിസം മേഖലയില്‍ ആര്‍പി ഗ്രൂപ്പ് 1000 കോടി, റീടെയില്‍  മേഖലയില്‍ ലുലു ഗ്രൂപ്പ് 1500 കോടി, ആരോഗ്യമേഖലയില്‍ ആസ്റ്റര്‍ 500 കോടി, വിവിധ മേഖലകളില്‍ മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്ന തരത്തിലും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ആദിയ) കേരളത്തില്‍ കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട്  1500 കോടി), മാരിടൈം ക്ലസ്റ്റര്‍ (വെല്ലിംഗ്ടണ്‍ ഐലന്റ്  3500 കോടി), എറോട്രോപോളിസ് (കണ്ണൂര്‍  1000 കോടി), കിന്‍ഫ്രാ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (പാലക്കാട്  400 കോടി), തിരുവനന്തപുരം വിമാനത്താവള വികസനം എന്നിങ്ങിനെ മുതല്‍ മുടക്കാന്‍ ധാരണയായിട്ടുണ്ടത്രെ. 

ഈയാഴ്ചത്തെ ജപ്പാന്‍ സന്ദര്‍ശനം ഇലക്ട്രിക് വാഹനരംഗത്ത് തോഷിബായുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനും, കേരളത്തിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്‌സുകള്‍ നടത്തുന്നതിനും, വിവിധ മേഖലകളില്‍ ഗവേഷണ സഹകരണത്തിനും, ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും  സംയോജിതമായി 4 + 2 ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതടക്കമുള്ള സഹകരണത്തിനും വഴി തുറക്കപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

ഇതൊക്കെ നടന്നിട്ടുണ്ടെങ്കില്‍ ചെറിയ കാര്യമല്ല. പക്ഷെ, എല്ലായെപ്പോഴും മുഖ്യമന്ത്രിമാര്‍ യാത്ര പോകുമ്പോള്‍ ഇത്തരം വലിയ അവകാശവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതാണ് പ്രശ്‌നം. അവയില്‍ ഭൂരിപക്ഷവും നടപ്പായിട്ടില്ല എന്നതിനാല്‍ ഇത്തരം അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യത ഒട്ടുമില്ല. ഇക്കുറി അങ്ങിനെയല്ല എന്ന് തെളിയിക്കേണ്ടത് ഈ സര്‍ക്കാരാണ്. 

അതല്ലെങ്കില്‍ കരുണാകരന്റെ കാലത്തെ പോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ കോടതികളില്‍ നിന്ന് ഇതേക്കുറിച്ചെല്ലാം വിമര്‍ശനവും തെരഞ്ഞെടുപ്പെത്തുമ്പോള്‍ ജനങ്ങളില്‍ നിന്ന് ശിക്ഷയും ഉറപ്പ്.