കേരളത്തിലെ കര്‍ഷകരുടെ ദുരിതവും തളര്‍ച്ചയും


SEPTEMBER 18, 2023, 10:38 AM IST

നിയതി

(റിട്ട. ചീഫ്സോഷ്യൽ സർവീസസ് ഡിവിഷൻസ്റ്റേറ്റ് പ്ലാനിങ് ബോർഡ് )

ഓണം കൃഷിയുമായി ബന്ധപ്പെട്ട സംസ്ക്കാരത്തിന്‍റെ ഭാഗമാണ്. വിളപ്പെടുപ്പ് കഴിഞ്ഞുള്ള സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ആഘോഷം കൂടിയാണ് ഓണം. എന്നാല്‍ നവകേരളനിര്‍മ്മാണം കൃഷിക്കാര്‍ക്ക് നല്‍കുന്നത് ദുരിതവും അസന്തോഷവുമാണ്. കാര്‍ഷികവിളകളുടെ താഴുന്ന വില വരുമാനനഷ്ടം സൃഷ്ടിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ താങ്ങുവിലയും വിളസംഭരണവും വിപണി ഇടപെടലും വരുമാന സുരക്ഷ ഉറുപ്പുവരുത്തുവാന്‍ സഹായകരമാകുന്നില്ല.

ഇതെല്ലാം കൊണ്ട് ചെറുകിട നാമമാത്ര കൃഷിക്കാര്‍ ദുരിതത്തില്‍ കഴിഞ്ഞ കാലമാണ് 2023ലെ ഓണം.കേരളത്തിലെ മൂന്നു പ്രധാന വിളകളാണ് നെല്ല്, തെങ്ങ്, റബ്ബര്‍. സംസ്ഥാനത്തെ മൊത്തം കൃഷിഭൂമി 25.70 ലക്ഷം ഹെക്ടറാണ്.ഇതില്‍ 59% വരുന്ന 15.14 ലക്ഷം ഹെക്ടറില്‍ ഈ മൂന്നു വിളകളും കൃഷി ചെയ്യുന്നു. നെല്ല് ഭക്ഷ്യവിളയും തേങ്ങ ഭക്ഷ്യ-വ്യവസായ വിളയും റബ്ബര്‍ വ്യവസായ വിളയുമാണ്. മൂന്നു വിളകളും തകര്‍ച്ചയിലും  കൃഷിക്കാര്‍ ദുരിതത്തിലുമാണ്.

നെല്‍കൃഷി

കേരളം എന്നും ഭക്ഷ്യകമ്മി സംസ്ഥാനമാണ്. നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എങ്കിലും നെല്‍കൃഷി വിസ്തൃതിയും ഉത്പാദനവും വര്‍ദ്ധിക്കുന്നില്ല. 

നെല്‍കൃഷി വിസ്തൃതി 2021-22ല്‍ 1.94 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങിയിട്ടുണ്ട്. 2022-ല്‍ 2021നെ അപേക്ഷിച്ച് വിസ്തൃതി 4 ശതമാനവും ഉത്പാദനം 10 ശതമാനവും താഴ്ന്നു. ഉയരുന്ന ചെലവുകളും താഴുന്ന വരുമാനവുമാണ് നെല്‍കൃഷി ചുരുങ്ങുവാനുള്ള മുഖ്യകാരണം.മൊത്തം കൃഷിഭൂമിയില്‍ 10.5 ശതമാനത്തില്‍ മാത്രമാണ് ഭക്ഷ്യധാന്യങ്ങളുടെ നെല്‍കൃഷി.നെല്‍കൃഷി കേവലം 7.7 ശതമാനത്തില്‍ മാത്രവും. മൊത്തം കൃഷിഭൂമിയില്‍ 65 ശതമാനത്തിലും വാണിജ്യവിളകളാണ് കൃഷി ചെയ്യുന്നത്. 1978 വരെ നെല്‍കൃഷിഭൂമിയുടെ വിസ്തൃതിയും ഉത്പാദനവും വര്‍ദ്ധിച്ചിരുന്നു. ഏകദേശം 8 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 1978-ല്‍ നെല്‍കൃഷി ചെയ്തു 13 ലക്ഷം ടണ്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 1978നു ശേഷം നെല്‍കൃഷി ക്രമേണ ചുരുങ്ങി 2021-ല്‍ വിസ്തൃതി 1.94 ലക്ഷം ഹെക്ടറും ഉത്പാദനം 5.59 ലക്ഷം ടൺ  ആയി, കേരളം ഭക്ഷ്യക്കമ്മി സംസ്ഥാനവുമായി.പൊതുവിതരണസംവിധാനം വഴി കേന്ദ്രം കേരളത്തിനു 2021-22 ല്‍ 11.05 ലക്ഷം ടണ്‍ അരി വിതരണം ചെയ്തു.

ശക്തമായൊരു ഭക്ഷ്യധാന്യ പൊതുവിതരണസംവിധാനം കേരളത്തിനുള്ളതുകൊണ്ട് ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നില്ല. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിന് സബ്സ്ഡി ആയി 232 കോടി രൂപ 2021-22-ല്‍ കേരളം ചെലവഴിക്കുകയും ചെയ്തു. മൊത്തത്തില്‍ നെല്‍കൃഷി ചെലവിന്‍റെ 60% വേതനമാണ്. ഇതു മനസ്സിലാക്കി 1970കളില്‍ കൃഷിയാവശ്യങ്ങള്‍ക്ക് ട്രാക്ടര്‍ ഉപയോഗിക്കുവാനുള്ള കൃഷിക്കാരുടെ ശ്രമം തൊഴില്‍ നഷ്ടത്തിന്‍റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പുകാരണം നടപ്പായില്ല. ക്രമേണ നെല്‍കൃഷി താഴുകയും ചെയ്തു. ഇന്നു തൊഴിലാളികളും നെല്‍കൃഷിയും ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് കേരളം.നെല്ലിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ താങ്ങുവില നല്‍കി സപ്ലൈകോവഴി സംഭരിക്കുന്നുണ്ടെങ്കിലും വില കൃത്യമായി സമയത്ത് നല്‍കുന്നില്ല.

2023 മാര്‍ച്ചില്‍ 2,49,305 കൃഷിക്കാരില്‍ നിന്നും 2070 കോടി രൂപയുടെ 73.11 കോടി കിലോ നെല്ല് സപ്ലൈകോ സംഭരിച്ചു. സംഭരിച്ച നെല്ലിന്‍റെ വില അഞ്ചുമാസം കഴിഞ്ഞ ഓണക്കാലത്തും ഗവണ്‍മെന്‍റ് നല്‍കി തീര്‍ത്തില്ല. ഇനിയും കൃഷിക്കാര്‍ക്ക് 283 കോടി രൂപ (ഇതെഴുതുമ്പോള്‍) നല്‍കാനുണ്ടെന്ന സ്ഥിതീകരിക്കാത്ത വാര്‍ത്തയുണ്ട്.സര്‍ക്കാരിന്‍റെ ധനപ്രതിസന്ധിയും ബാങ്ക് വായ്പ കിട്ടുവാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും സംഭരിച്ച നെല്ലിന്‍റെ വില നല്‍കുവാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. കൃഷിക്കാര്‍ തിരുവോണദിവസം പ്രതിഷേധിച്ചു നിരാഹാര സമരവും നടത്തി. നെല്ല് സംഭരണം, വില നല്‍കല്‍ എന്നിവയ്ക്കു വ്യക്തമായ നയസമീപനം ഇല്ല. സംഭരിച്ച നെല്ല് വിതരണം ചെയ്ത വില ശേഷിക്കുന്ന കുടിശ്ശിക എന്നു നല്‍കാന്‍ കഴിയും എന്നിവ സംബന്ധിച്ച് സുതാര്യമായ കണക്കുകള്‍ കൃഷിക്കാരെ അറിയിക്കുന്നുമില്ല. ഇതാണ് നെല്‍കര്‍ഷകരുടെ ഓണക്കാലദുരിതം.

ഇത്തരം സാഹചര്യത്തില്‍ നെല്‍കൃഷി വളരുമോ? തളരുമോ? ഉത്തരം പറയേണ്ടത് കേരള സര്‍ക്കാരാണ്.

നാളികേരം

കേരളം 2022-ല്‍ മൊത്തം കൃഷിഭൂമിയില്‍ 7.65 ലക്ഷം ഹെക്ടറില്‍ (30%) നാളികേരം കൃഷി ചെയ്യുന്നു. 2017-ല്‍ വിസ്തൃതി 7.81 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2021ല്‍ 7.65 ലക്ഷം ആയി താഴ്ന്നു. താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്. പച്ചതേങ്ങ സംഭരണത്തിനു 129 കേന്ദ്രങ്ങളുമുണ്ട്. വിപണിവിലയും സംഭരണവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്കു വിതരണം ചെയ്യുവാന്‍ കേരാഫെഡിനു സര്‍ക്കാര്‍ തുക നല്‍കുന്നു.പച്ചതേങ്ങ വില ക്വിന്‍റലിനു 2020-ല്‍ 3600 രൂപ ആയിരുന്നത് 2022ല്‍ 2500 രൂപ ആയും 2023 ആഗസ്റ്റില്‍ 2400 ആയും താഴ്ന്നു. ക്വിന്‍റലിന് 1200 രൂപയുടെ കുറവ്.

നാളികേരം സംഭരിച്ച വകയില്‍ കൃഷിക്കാര്‍ക്കു നല്‍കുവാനുള്ള കുടിശ്ശിക 16 കോടിരൂപയാണ്. ഇത്തരം സാഹചര്യത്തില്‍ തെങ്ങുകൃഷി വളരുമോ? തളരുമോ?

റബ്ബര്‍

കേരളത്തിലെ മൊത്തം കൃഷിഭൂമിയില്‍ 5.55 ലക്ഷം ഹെക്ടറില്‍ (22%) റബ്ബര്‍ കൃഷി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും നാമമാത്രമായ കൃഷിക്കാരാണ്. റബ്ബറിന്‍റെ വിലയും ഗണ്യമായി താഴുകയാണ്. 2021-ല്‍ റബ്ബറിന്‍റെ ശരാശരി വില കിലോക്ക് 171 രൂപ ആയിരുന്നത് 2023 ആഗസ്റ്റില്‍ 140 രൂപയായി താഴ്ന്നു. റബ്ബറിന്‍റെ വില കിലോയ്ക്ക് 100 രൂപ കുറയുമ്പോള്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് 7000 കോടി രൂപയുടെ നഷ്ടം ഒരു വര്‍ഷം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാൻ മടിച്ചു നില്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ റബ്ബറിന്‍റെ സംഭരണവില കിലോക്ക് 170 രൂപയായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിപണി വിലക്കു റബ്ബര്‍ വില്‍ക്കുന്ന കൃഷിക്കാര്‍ക്ക് ബാക്കി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുകയാണ്. കൃഷിക്കാര്‍ക്ക് നല്‍കേണ്ട ഈ വില സ്ഥിരതാ ഫണ്ട് 2022 നവംബര്‍ മുതല്‍ നല്‍കിയിട്ടില്ല. കുടിശ്ശിക 110 കോടി രൂപയെന്ന അനൗദ്യോഗിക വാര്‍ത്തയമുണ്ട്. ഓണത്തിനു 25 കോടി രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചത്. ഇതു കൃത്യമായി കിട്ടുവാനുള്ള കൃഷിക്കാരെ ബുദ്ധിമുട്ടിലാക്കും.ഓണക്കാലത്ത് മൊത്തം കുടിശ്ശിക ധനപ്രതിസന്ധി കാരണം നല്‍കുവാനും കഴിഞ്ഞില്ല.കേരളത്തിലെ 60% ഭൂമിയില്‍ കൃഷി ചെയ്യുന്ന നെല്ല്, തെങ്ങ്, റബ്ബര്‍ എന്നീ മൂന്നു വിഭാഗം കൃഷിക്കാരുടെ ഇന്നത്തെ നവകേരളത്തിലെ സ്ഥിതയാണിത്. കൃഷിക്കാര്‍ വളരുമോ? തളരുമോ?