കള്ളത്രാസ് പേറുന്ന നീതിദേവത 


AUGUST 13, 2019, 12:38 PM IST


അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും അധികാരത്തിന്റെ അതിരുകളില്‍ കഴിയുന്നവരും പുറത്തുള്ള സാധാരണക്കാരെ വേട്ടയാടുകയും, നിയമപരമായ കുരുക്കുകളില്‍ നിന്നെല്ലാം അധികാരത്തിന്റെ പിന്‍ബലത്തില്‍ മറികടക്കുകയും, വേട്ടയാടപ്പെടുന്നവര്‍ നിസ്സഹായരായിത്തീരുകയും ചെയ്യുന്ന കാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, സാധാരണമാണ്. ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ പരാജയമാണ് അത് ഉയര്‍ത്തിക്കാട്ടുന്നത്.

സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി നിസ്സഹായരായ സാധാരണക്കാരെ വേട്ടയാടുന്നവരില്‍ ഏറെയും രാഷ്ട്രീയത്തിലെ ക്രിമിനലുകളാണ്. അവരുടെ സഹായത്തോടെ നിസ്സഹായരെ വേട്ടയാടുന്ന പണക്കാരും മതനേതാക്കളുമുണ്ട്. അവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇരകള്‍ സഹിക്കേണ്ടിവരുന്നത് വലിയ നഷ്ടങ്ങളായിരിക്കും. 

കാരണം അവര്‍ ഇരകളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും. ക്രിമിനല്‍ നീതിനിര്‍വ്വഹണസംവിധാനത്തിലെ പ്രധാന കണ്ണികളായ പോലീസ് അവരുടെ പക്ഷത്തായിരിക്കും; ജഡ്ജിമാരെ പണം കൊടുത്തോ മത-രാഷ്ട്രീയ സ്വാധീനമുപയോഗിച്ചോ വശത്താക്കും. പോലീസ് വേണ്ടവിധം അന്വേഷിച്ച് കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ നീതിയുക്തനായ ഒരു ജഡ്ജിക്കുപോലും ഈ ക്രിമിനലുകളെ ശിക്ഷിക്കാനുമാകില്ല.

നിസ്സഹായരായ 'ഇര'കളുടെ കണ്ണീര്‍ ദൈവം പോലും കാണാറില്ല. സിസ്റ്റര്‍ അഭയ കേസ് നാം കണ്ടു. ഈ യുവ കന്യാസ്ത്രി കിണറ്റില്‍ മരിച്ചുകിടക്കുന്നതു കണ്ടതുമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. അവരുടെ വരുതിക്കുനില്‍ക്കുന്ന പോലീസ് ഓഫീസര്‍മാര്‍ തെളിവുകള്‍ ഒന്നാകെ നശിപ്പിച്ചു. കോടതിയുടെ ഇടപെടലുണ്ടായിട്ടും ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല.

സ്വന്തം നിയന്ത്രണത്തിലുള്ള സന്യാസിനീ സഭയിലെ ഒരംഗത്തെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൂടെയാണ് സഭാനേതൃത്വം. പോലീസ് അന്വേഷിച്ച് കോടതി വിധി തീര്‍പ്പാക്കുംമുമ്പ്, പ്രതി 'വിശുദ്ധ'നും ഇര തെറ്റുകാരിയുമാണെന്ന് സഭാനേതൃത്വം വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവരുടെ ആദൃശ്യ സ്വാധീനത്തെ മറികടക്കാന്‍ പോലീസിനോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനോ കഴിയില്ലെന്നതാണ് സത്യം.

പോലീസ് സ്വതന്ത്ര സംവിധാനമാണെന്നാണ് വയ്പ്. ഇന്ത്യയില്‍ പക്ഷേ അതൊരു മിഥ്യാധാരണയാണ്. ഇഷ്ടമില്ലാത്തവരെ യാതൊരു തത്വദീക്ഷയുമില്ലാതെ ഇഷ്ടംപോലെ, ഇഷ്ടമുള്ള സമയത്ത് സ്ഥലം മാറ്റാനും നടപടിയെടുക്കാനും രാഷ്ട്രീയ നേതൃത്വത്തിനു കഴിയും. സ്വന്തം ചൊല്പ്പടിക്കു നില്‍ക്കുന്നവരെ വേണ്ടിടത്ത് പ്രതിഷ്ഠിച്ച് കേസിന്റെ ഗതി നിയന്ത്രിക്കാനും നേതൃത്വത്തിനാകും.

അതിനാല്‍ കുറ്റമറ്റ ക്രിമിനല്‍ നീതിനിര്‍വ്വഹണം മരീചികയാണ്. മരീചിക നാം കാണുന്നതല്ലാതെ അതില്‍ എത്തിച്ചേരുന്നില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. എല്ലാം ദൈവം കാണുന്നുണ്ട് എന്ന് ഒടുവില്‍ ജനം സമാശ്വസിക്കുന്നു.

വേട്ടയാടപ്പെട്ട ഇര നീതി തേടുന്നതിന്റെ പരിണിതഫലം എത്ര കടുത്തതാകാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'ഉന്നാവോ പെണ്‍കുട്ടി' എന്ന് വിളിക്കപ്പെടുന്ന 17 കാരിയുടെ ജീവിതം. രണ്ടു വര്‍ഷം മുമ്പ് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ഒരു എംഎല്‍എയെയും സഹചരന്മാരെയും നീതിക്കുമുമ്പില്‍ കൊണ്ടുവരാന്‍ ശ്രമിച്ച അവള്‍ ഇപ്പോള്‍ ലക്‌നൗ കിംഗ് ജോര്‍ജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ജീവനോടു മല്ലടിക്കുകയാണ്. അവള്‍ക്ക് അച്ഛനെയും രണ്ട് അമ്മായിമാരെയും നഷ്ടപ്പെട്ടു. അമ്മാവന്‍ ജിയിലിലായി. രണ്ടു പ്രധാന സാക്ഷികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു.

മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛന്‍ പൊലീസിനെ സമീപിച്ചതോടെയാണ് തുടക്കം. പത്തുദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തുമ്പോഴേക്കും അവള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം മൊഴി രേഖപ്പെടുത്തുമ്പോള്‍ അവള്‍ നാട്ടുകാരനും ബി ജെ പി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ പേരും പറഞ്ഞു. പൊലീസ് ആ പേര് പ്രഥമവിവര റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ കൂട്ടാക്കിയില്ല. 

അങ്കണവാടിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 2017 ജൂണ്‍ 4 നാണ് ശശി സിങ് എന്ന സ്ത്രീ ഗ്രാമത്തിലുള്ള എംഎല്‍എയുടെ വസതിയില്‍ എത്തിച്ചത്. എംഎല്‍എ അവളെ പീഡിപ്പിച്ചു; സ്ത്രീ കാവല്‍നിന്നു. ഭയം കാരണം അവളതു പുറത്തുപറഞ്ഞില്ല. മൂന്നു ദിവസത്തിനു ശേഷം എംഎല്‍എയുടെ അടുത്ത അനുയായികള്‍ അവളെ കാറില്‍ തട്ടിക്കൊണ്ടുപോയി പത്തു ദിവസത്തോളം പീഡിപ്പിച്ചതിനു ശേഷം 60,000 രൂപയ്ക്കു മറ്റൊരാള്‍ക്കു വിറ്റു. ശശി സിങ്ങിന്റെ മകനും അക്കൂട്ടത്തിലുണ്ടായിരുന്നു.

കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഉന്നാവ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. അതോടെയാണ് ആ കുടുംബത്തിന്റെ ജീവിതകഥ തന്നെ അവര്‍ മാറ്റിയെഴുതാന്‍ തുടങ്ങിയത്. ഏപ്രില്‍ 3ന് വാദം കേള്‍ക്കാന്‍ പോയി മടങ്ങവേ, എം എല്‍ എയുടെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗറും കൂട്ടാളികളും അച്ഛനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് തോക്ക് കൈവശം വച്ചു എന്ന കുറ്റം ചുമത്തി പോലീസ് അയാളെ അറസ്റ്റ് ചെയ്തു.

ഗതികെട്ടപ്പോള്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് അച്ഛന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. എന്നിട്ടും പോലീസ് എംഎല്‍ എക്കെതിരെ നടപടിയെടുത്തില്ല. പകരം അവര്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും അമ്മാവനുമെതിരെ കേസെടുത്തു. ബലാല്‍സംഗം നടക്കുമ്പോള്‍ കുട്ടി മൈനറായിരുന്നു എന്നു കാണിക്കാല്‍ വ്യാജരേഖ ചമച്ചു എന്നതാണ് കുറ്റം.

വ്യാജരേഖാ കേസില്‍ ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെ പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് നമ്പര്‍ പ്ലേറ്റ് മറച്ച ഒരു ട്രക്ക് ട്രാക്ക് തെറ്റിച്ചുവന്ന് ഇടിച്ചുകയറി. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിലാകുകയും രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ ഒരാള്‍ പീഡനക്കേസില്‍ സാക്ഷി ആയിരുന്നു. പെണ്‍കുട്ടിയുടെയും അഭിഭാഷന്റെയും ജീവന്‍ നിലനിറുത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയാണ്.

പോലീസ് ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തതുതന്നെ 2018 ഏപ്രില്‍ 12ന്- അതായത് അവള്‍ ആത്മഹത്യാശ്രമം നടത്തിയതിന്റെ നാലാം നാള്‍, അച്ഛന്‍ മരിച്ചതിന്റെ മൂന്നാം നാള്‍, ബലാല്‍സംഗം നടന്ന് 9 മാസം കഴിഞ്ഞ്. പ്രതികളെ രക്ഷിക്കാന്‍ ഗവണ്മെന്റ് ശ്രമിക്കുന്നെന്ന ആരോപണം രാഷ്ട്രീയ വിവാദമായപ്പോള്‍ കേസ് സിബിഐയ്ക്കു കൈമാറി. എന്നിട്ടും അറസ്റ്റ് നടന്നത് അലഹാബാദ് കോടതിയുടെ കര്‍ശന താക്കീതു വന്നതോടെ മാത്രം.

പക്ഷേ, കുടുംബത്തിന്റെ ദുരന്തങ്ങള്‍ അവസാനിച്ചില്ല. അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലും എംഎല്‍എയുടെ ആള്‍ക്കാര്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തുന്നു; എംഎല്‍എ ജയിലില്‍ നിന്ന് നേരിട്ടുവിളിച്ച് ഭീഷണിപ്പെടുത്തുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പോലീസിലും ജില്ലാ അധികൃതര്‍ക്കും രജിസ്റ്റേര്‍ഡ് പോസ്റ്റു വഴിയും പോലീസിന്റെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയും നല്‍കിയത് 35 പരാതികള്‍. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന പരാതികളില്‍ പക്ഷേ നടപടിയുണ്ടായില്ല. 33 പരാതികള്‍ കിട്ടിയതായി ഉന്നാവോ എസ്. പി സമ്മതിച്ചു. തുടരന്വേഷണത്തിനുള്ള യോഗ്യതയില്ലാത്തതിനാല്‍ മുന്നോട്ടു പോയില്ല എന്നാണ് വിശദീകരണം. 2019 ജൂലൈ 12ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് അയച്ച കത്ത് ജൂലൈ 28ന് അവള്‍ അപകടത്തില്‍ പെടുമ്പോഴും ലഭിച്ചിട്ടില്ല.

പല പാര്‍ട്ടി മാറി ബിജെപിയിലെത്തിയ സെന്‍ഗര്‍ അതീവ സ്വാധീനമുള്ളവനാണ്. മത്സരിച്ച 4 തവണയും മണ്ഡലം മാറി, പാര്‍ട്ടിമാറി. ഗ്രാമമുഖ്യനായിരിക്കെ, 2002ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റില്‍ ഉന്നാവില്‍ മത്സരിച്ചു ജയിച്ചു. 2007ല്‍ സമാജ്‌വാദി പാര്‍ട്ടിയിലെത്തി ബെങ്കാരമാവില്‍ നിന്ന് എംഎല്‍എയായി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഭഗവന്ത്‌നഗറിലേക്കു മണ്ഡലം മാറി. 2017ല്‍ ബിജെപിയിലെത്തുകയും എതിര്‍വാക്കില്ലാത്ത നേതാവാകുകയും ചെയ്തു. 

ഉന്നാവിലെ ജില്ലാ ജയിലില്‍ സെന്‍ഗറിനു സുഖവാസമായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കു സ്വന്തം തീര്‍പ്പു കല്‍പിക്കുന്ന സെന്‍ഗര്‍ പതിവുരീതികള്‍ തുടര്‍ന്നു. ജയില്‍മുറിയില്‍ സെന്‍ഗറിന്റെ ദര്‍ബാര്‍' നടക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധു കോടതിയെ സമീപിച്ചു. അതേത്തുടര്‍ന്ന് സീതാംപുര്‍ ജയിലിലേക്കു മാറ്റിയെങ്കിലും കാര്യങ്ങള്‍ തഥൈവ. ജയിലിനുള്ളില്‍ എം എല്‍ എയ്ക്കു ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളുണ്ട്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസ് സംഘംതന്നെ സെന്‍ഗറിന് യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാമര്‍ശം അപകടക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടാണ് അവളെ കൃത്യമായി ടാര്‍ജറ്റ് ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞത്. ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നു. അപകടം നടക്കുമ്പോള്‍ അംഗരക്ഷകര്‍ ആരും കൂടെയില്ലായിരുന്നു. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ പോയില്ല എന്നാണു വിശദീകരണം.

നീതിക്കായി ഇനി എത്ര മരണം കാണേണ്ടിവരുമെന്ന് ഉന്നാവ് പീഡനക്കേസ് ഇരയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. ഇനിയും ഉത്തരമില്ലാത്ത ചോദ്യമാണത്.