കടം തിരിച്ചടക്കാന്‍ പോയപ്പോള്‍ കൂടെക്കൂടിയത് ഭാഗ്യദേവത


FEBRUARY 11, 2020, 5:48 PM IST

കൂത്തുപറമ്പ്: കിട്ടുന്നുണ്ടെങ്കില്‍ ഇങ്ങനെ കിട്ടണം. കടമെടുത്തത് തിരിച്ചടയ്ക്കാന്‍ പോകും വഴി എല്ലാ കടവും വീട്ടാന്‍ പോന്ന ഭാഗ്യം. കൂത്തുപറമ്പ് തോലമ്പ്ര കുറിച്യമല കോളനി സ്വദേശി പി രാജന് അത് അനുഭവസാക്ഷ്യം.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് രാജന്റ കുടുംബം കൂലിപ്പണിയെടുത്താണ് രാജന്‍ മക്കളെ പോറ്റുന്നത്.  മൂത്തമകളുടെ കല്യാണ ആവശ്യത്തിനായി ബാങ്കില്‍ നിന്നും എടുത്ത കടം വീട്ടുവാന്‍ ആയി പത്ത് ദിവസം മുമ്പ് ബാങ്കിലേക്ക് പോകും വഴിയാണ് രാജന്‍ കൂത്തുപറമ്പില്‍ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങിയത്. നമ്പര്‍ എസ് ടി 269609.

ചൊവ്വാഴ്ച പത്രം നോക്കിയപ്പോഴാണ് സമ്മാനം തനിക്കാണ് ലഭിച്ചതെന്ന് രാജന്‍ അറിഞ്ഞത്.  ഉടന്‍ തന്നെ ഭാര്യയെയും മക്കളെയും വിളിച്ചു കൂട്ടി വിശേഷം പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ കേരളാ ബാങ്കില്‍ ഏല്‍പ്പിച്ചു.

ആതിര, അക്ഷര, റികേഷ് എന്നിവരാണ് രാജന്റെ മക്കള്‍. മകന്‍ റികേഷ് കൂലി പണിക്കാരനാണ്. മകള്‍ അക്ഷര പ്ലസ് ടു വിദ്യാര്‍ത്ഥി. രജനിയാണ് രാജന്റെ ഭാര്യ.

ലോട്ടറി അടിച്ചതിലുള്ള അടക്കാനാവാത്ത  സന്തോഷം രാജന്റെ കണ്ണില്‍ തിളങ്ങുന്ന ഒരു ജലകണം.

വീടിന്റെ പണി പൂര്‍ത്തിയാക്കണം. മകളുടെ കല്യാണ ആവശ്യത്തിന് എടുത്ത ലോണ്‍ അടച്ചു തീര്‍ക്കണം. ഇളയ മകളെ നല്ല രീതിയില്‍ പഠിപ്പിക്കണം- രാജന്‍ നിറകണ്ണുകളോടെ മാധ്യമങ്ങളോട് പറഞ്ഞു.