മാധ്യമങ്ങൾക്ക് ഇന്ത്യയിൽ ഇത് ദുരിതപർവം 


SEPTEMBER 18, 2023, 10:41 AM IST

എന്‍. റാം

(മുൻ എഡിറ്റർ, ദ് ഹിന്ദു )

രണ്ടര നൂറ്റാണ്ട് കാലത്തെ മാധ്യമ പ്രവര്‍ത്തന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. സ്വാതന്ത്ര്യ സമരത്തില്‍ അതിന്റെ പങ്ക് വളരെ വലുതാണ്. നിലവില്‍ ഇന്ത്യയില്‍ ഒരു ലക്ഷം പത്രങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ ഒരു റിപ്പോര്‍ട്ടില്‍ വായിച്ചത്. ഒരുപക്ഷേ അവയില്‍ പലതും കടലാസിലെ മാത്രം എണ്ണമായിരിക്കാമെന്നതിനാല്‍ ഈ കണക്കില്‍ അതിശയോക്തിയുണ്ടായേക്കും.

അതോടൊപ്പം 380 ടിവി ചാനലുകളും നിരവധി സ്വതന്ത്ര  മാധ്യമ പ്രവര്‍ത്തകരുമുണ്ട്.സാമാന്യവത്ക്കരിക്കേണ്ടതില്ലെങ്കിലും, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് 2023ന്റെ വേള്‍ഡ് പ്രസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം ലോകമാകെ മാധ്യമ പ്രവര്‍ത്തനമെന്നത് വളരെ ഗുരുതരമായ അവസ്ഥയിലാണ്. പത്തില്‍ ഏഴ് രാജ്യങ്ങളിലും പത്രപ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം മോശമാണ്. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇത് തൃപ്തികരം.മാധ്യമ പ്രവര്‍ത്തനം വളരെ ഗുരുതരമായ അവസ്ഥകൾ നേരിടുന്ന രാജ്യങ്ങളുടെ എണ്ണം 31 ആണ്. 42 രാജ്യങ്ങളില്‍ അത് 'ബുദ്ധിമുട്ടുകൾ നിറഞ്ഞതും' 55 രാജ്യങ്ങളില്‍ 'പ്രശ്നസങ്കീർണവും' 52 രാജ്യങ്ങളില്‍ 'മെച്ചപ്പെട്ടതും' 'തൃപ്തികര'വുമാണ്. ഇന്ത്യ ഉള്‍പ്പെടുന്നത്  മാധ്യമ പ്രവർത്തനം 'ബുദ്ധിമുട്ടായ' രാജ്യങ്ങളുടെ പട്ടികയിലാണ്.

ഇതുവരെ 'വളരെ ഗൗരവമുള്ള' വിഭാഗത്തില്‍ പെട്ടില്ലെങ്കിലും മുമ്പ് സംസ്ഥാനവും ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശവുമായ ജമ്മു കാശ്മീരില്‍ അത് തീര്‍ച്ചയായും ഗുരുതരമായ അവസ്ഥയിലാണ്.സമീപകാല സംഭവവികാസങ്ങള്‍ പരിശോധിച്ച്‌ നോക്കുക. ക്രൂരവും മാരകവും വംശീയവുമായ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലേക്ക് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഒരു വസ്തുതാന്വേഷണ സംഘത്തെ അയച്ചു. എഡിറ്റേഴ്സ് ഗില്‍ഡിന്റെ പത്രപ്രസ്താവന തങ്ങളുടെ ദൗത്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ കവറേജും മാധ്യമങ്ങളുടെ പ്രകടനവും പരിശോധിക്കാനായിരുന്നു അത്. അവര്‍ റിപ്പോര്‍ട്ടര്‍മാര്‍, എഡിറ്റര്‍മാര്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, പൊതു ബുദ്ധിജീവികള്‍, അക്രമത്തിനിരയായ സ്ത്രീകള്‍, അക്രമം ബാധിച്ച ഗോത്രവര്‍ഗ വക്താക്കള്‍ എന്നിവരേയും സുരക്ഷാ സേനയുടെ പ്രതിനിധികളെയും നേരില്‍ കണ്ട് സംസാരിച്ചു.എന്നാല്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് പൊലീസ് തുനിഞ്ഞത്. സംസ്ഥാനത്തെ ഒരു വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പത്രപ്രവര്‍ത്തക സംഘടനയ്ക്കെതിരെ രൂക്ഷമായ ആക്രമണം നടത്താനാണ് സമയം കണ്ടെത്തിയത്. ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തടവിൽ കഴിയുന്ന മാധ്യമ പ്രവര്‍ത്തരുടെ എണ്ണം കൃത്യമായി പുറത്തറിയില്ല.

ചിലര്‍ ജാമ്യത്തിന് അപേക്ഷിച്ചപ്പോഴാണ് അവർ അറസ്റ്റിലായിരുന്നുവെന്ന വിവരം  അറിയുന്നത്. കോടതി ജാമ്യം അനുവദിച്ചാലും ഉടന്‍ മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്യുകയാണ്.സ്വതന്ത്ര ശബ്ദമായ 'കശ്മീര്‍ വാല'യ്ക്ക് എന്ത് സംഭവിച്ചുവെന്ന് പുറത്തുവന്നിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റ് ആക്‌സസ് റദ്ദാക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് മാത്രമല്ല  അതിൻറെ സ്ഥാപകന്‍ ഫഹദ് ഷാപ ജയിലഴിക്കുള്ളിലാവുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഷാപ്പ തടവറിക്കുള്ളിലാണ്. ആസിഫ് സുല്‍ത്താന്‍, സജാദ് ഗുല്‍, ഇര്‍ഫാന്‍ മെഹ്രാജ് തുടങ്ങി നിരവധി കശ്മീരി മാധ്യമ പ്രവര്‍ത്തകരും അറസ്റ്റു ചെയ്യുപ്പെട്ട് തടവിൽ കഴിയുകയാണ്.മാധ്യമ സ്വാതന്ത്ര്യം ഒഴിച്ചുകൂടാനാകാത്ത ഘടകമായ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംബന്ധിച്ച് വികസ്വര രാജ്യങ്ങളുടെ നിരയില്‍ തീര്‍ച്ചയായും ഇന്ത്യ അസൂയാവഹമായ സ്ഥാനത്താണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

40 വര്‍ഷം മുമ്പ്, 1975നും 1977നും ഇടയില്‍, മൊത്തം സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്ന അടിയന്തരാവസ്ഥ ഉണ്ടായിരുന്നു. അപ്പോഴും  പത്രസ്ഥാപനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യന്‍ ഭാഷാ മാധ്യമ സ്ഥാപനങ്ങൾങ്ങള്‍, (ഇന്ത്യയില്‍ അക്കാലത്ത് വാര്‍ത്താ ടെലിവിഷന്‍ ഉണ്ടായിരുന്നില്ല) വളരെ ഊര്‍ജ്ജസ്വലമായ രീതിയിലാണ് പത്രങ്ങള്‍ പുറത്തിറക്കിയത്.അന്വേഷണാത്മക പത്രപ്രവര്‍ത്തനവും നിരവധി ശബ്ദങ്ങളും അക്കാലത്തുണ്ടായിരുന്നു. അക്കാലത്ത് പത്രസ്വാതന്ത്ര്യം ശരിക്കും നിലനിന്നുവെങ്കിലും വര്‍ഷങ്ങളായി സ്ഥിതിഗതികള്‍ ഏറെ മോശമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മൊത്തത്തില്‍ സ്ഥിതിഗതികള്‍ ഇത്ര മോശമായ മറ്റൊരു കാലമുണ്ടായിട്ടില്ല. ദിനപത്രങ്ങളില്‍ ചിലതിന് ഇപ്പോഴും മികച്ച സര്‍ക്കുലേഷനും വായനക്കാരുമുണ്ട്. അച്ചടിക്കു പുറമേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവ ലഭ്യമാണ്. പ്രിന്റ് സര്‍ക്കുലേഷന്‍ ക്രമേണ കുറയുന്നുണ്ടെങ്കിലും ഇപ്പോഴും ഗണ്യമായ ശക്തി തന്നെയാണത്.

പരസ്യ വരുമാനത്തിന്റെ പങ്കിലും കുറവുണ്ടെങ്കിലും പത്രങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് അവ തന്നെയാണ്.ഇന്ത്യയില്‍ നിരവധി വാര്‍ത്താ ചാനലുകളുണ്ടെങ്കിലും ഇംഗ്ലീഷിലെ പ്രധാന ചാനലുകളെല്ലാം വന്‍കിട ബിസിനസുകാരുടെ കയ്യിലാണ്. അവയാകട്ടെ നരേന്ദ്ര മോഡി സര്‍ക്കാറിനെയാണ് പിന്തുണക്കുന്നത്. എന്‍ഡിടിവി പോലൊരു സ്വതന്ത്ര വാര്‍ത്താ ചാനലിനെ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതാണ് അടുത്ത കാലത്ത് കേട്ട ഞെട്ടിക്കുന്ന വാര്‍ത്തകളിലൊന്ന്.കുപ്രസിദ്ധി നേടിയ ചില ചാനലുകള്‍ പലപ്പോഴും അവരെ ഏല്‍പ്പിച്ച ജോലി ചെയ്യുകയാണ്. അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്നുമാത്രമല്ല സ്വതന്ത്രരായി സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. ഇന്ത്യയില്‍ വളരെ വ്യാപകമായി  മാറിയിരിക്കുന്ന ഒരു പ്രവണതയാണിത്.വിവിധ ഇന്ത്യന്‍ ഭാഷകളിലെ ചാനലുകളെ കുറിച്ച് വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല. തമിഴ്‌നാട്ടിലെ ടി വി വാര്‍ത്താ ചാനലുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യമുണ്ടെന്ന് അറിയാം. സമാന സാഹചര്യം നീലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ അശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ ദേശീയ ചാനലുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് ചാനലുകളുടെ അവസ്ഥ വളരെ മോശമാണ്. ലോകത്തിലെ ഏറ്റവും മോശം ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങള്‍ നമ്മുടേതാണ്. ഏറ്റവും മോശപ്പെട്ട ബ്രിട്ടീഷ് ടാബ്ലോയിഡുകളുമായി താരതമ്യപ്പെടുത്താവുന്ന സംഗതിയാണിത്.മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ റാങ്കിംഗ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലുള്ള ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി താഴേക്കാണ് പോയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള ഏറ്റവും 'അപകടകരമായ' സ്ഥലങ്ങളിലൊന്നായാണ് ഇന്ത്യ വിശേഷിക്കപ്പെടുന്നത്.

ലോകമെമ്പാടും 1596 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ നിന്നും 62 പേരാണ് ആ  പട്ടികയിൽ ഇടംപിടിച്ചത്. 1992 മുതല്‍ ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അഴിമതി, രാഷ്ട്രീയ ദുഷ്പ്രവര്‍ത്തി, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഇവരില്‍ ഏറെപ്പേരും. മാത്രമല്ല ചെറുകിട മാധ്യമ പ്രവര്‍ത്തകരും വിദൂര പ്രദേശങ്ങളിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകരുമായിരുന്നു അവരില്‍ പലരും. എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ ചില പ്രമുഖ പത്രപ്രവര്‍ത്തകരെ ലക്ഷ്യമിടുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.2004 മെയ് മുതല്‍ 2014 വരെ പത്ത് പത്രപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെങ്കില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മെയ് ഒന്‍പത് മുതല്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുകയും അന്തിമ നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണ്. ഇത്തരം നാണക്കേടില്‍ സ്ഥിരാംഗമാണ് ഇന്ത്യ. 

ഇത്തരം കേസുകളില്‍ 80 ശതമാനത്തിലും കൊലയാളികളെ കണ്ടെത്താനാവുന്നില്ലെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് കണ്ടെത്തിയിട്ടുണ്ട്. അതായത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്ന ഭരണകൂടത്തിന് എന്തോ വലിയ കുഴപ്പമുണ്ട്. ഇന്ത്യയില്‍ എ്ല്ലാ മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്നില്ല. എന്നാല്‍ അപകടകരമായി കണക്കാക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കൃത്യമായി ലക്ഷ്യമിടുന്നുണ്ട്.ഭരണകക്ഷിയുടെ 'ഐടി' മേധാവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍, ഡിജിറ്റല്‍ പ്ലെയര്‍മാര്‍, ദ് വയര്‍ പോലുള്ള വാര്‍ത്താ പ്രസാധകര്‍ തുടങ്ങിയവരെ തികച്ചും പരിഹാസ്യമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് റെയ്ഡ് ചെയ്‌തത്‌.അടുത്തിടെ കര്‍ഷക പ്രക്ഷോഭം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തവരേയും ലക്ഷ്യമിട്ടു. അതോടെയാണ് ചൈനീസ് ബന്ധം പറഞ്ഞ് ചില ടെലിവിഷന്‍ ചാനലുകളുടെ പിന്തുണയോടെ സോഷ്യല്‍ മീഡിയയില്‍ അവർക്കെതിരെ കാംപയിന്‍ നടത്തിയത്.തീവ്രവാദവുമായി ബന്ധപ്പെട്ട നിയമങ്ങളായ യുഎപിഎയും മറ്റു നിയമങ്ങളും ചേര്‍ത്താണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് സമീപ മാസങ്ങളില്‍ ആശങ്ക ഉയര്‍ത്തി നിരവധി പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.സംഭവിക്കുന്ന മറ്റൊരു കാര്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പാണ്. ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് ലോകത്ത് ഒരു  പതിവായി മാറിയിരിക്കുന്നു.

ഒരുപക്ഷേ, ഇത് ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലായിരിക്കും.2000ലെ ഐ ടി ആക്ട് പ്രകാരം രൂപീകരിച്ച നിയമങ്ങളെ കുറിച്ചും ആശങ്കയുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമെന്ന് ഭരണകൂടം കരുതുന്നതും ഒരു പരിഹാരവുമില്ലെന്ന് തോന്നുന്നതുമായ ഏതൊരു ഉള്ളടക്കവും തടയാനും നീക്കം ചെയ്യാനും ഈ നിയമങ്ങള്‍ സര്‍ക്കാറിനെ അനുവദിക്കുന്നു.ഇന്റര്‍നെറ്റ് റദ്ദാക്കുന്നതിനെതിരെ ചില ഹൈക്കോടതികള്‍ ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല.ലോകത്തിലെ ഏറ്റവും വലിയ തെറ്റായ വിവര വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയിലാണുള്ളതെന്ന് കൂടി കൂട്ടിച്ചേര്‍ക്കണം. അവരില്‍ കൂടുതലും നിലവിലുള്ള ഭരണകര്‍ത്താക്കളുടെ അനുയായികളായാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അവർ ഭക്തര്‍ എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യക്കാരാവണം ലോകത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഉപയോക്താക്കള്‍, ലോകത്തിലെ ഏറ്റവും വലിയ വാട്‌സ്ആപ് ഉപയോക്താക്കള്‍, ഒരുപക്ഷേ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്ക ളും. ഇതൊരു വിഷമകരമായ സാഹചര്യമാണ്. എങ്കിലും സങ്കടകരമായ ഒരു ചിന്തയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിരവധി ശബ്ദങ്ങളുണ്ടെന്നും ആളുകള്‍ സംസാരിക്കുന്ന നിരവധി ഇടങ്ങളുണ്ടെന്നും കരുതുന്നു. ധാരാളം അക്കാദമിക് വിദഗ്ധരും പത്രപ്രവര്‍ത്തകരും മുന്‍ ജഡ്ജിമാര്‍ പോലും ഭരണകൂടത്തിന്റെ തെറ്റായ പ്രവണതയ്ക്കും മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്കുമെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.