മഹാ രാഷ്ട്രീയം


NOVEMBER 29, 2019, 1:09 PM IST

നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം മഹാരാഷ്ട്ര പല വിധത്തിലാണ് അമ്പരപ്പിക്കുന്നത്. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ശിവസേനയുമായി സഖ്യമുണ്ടായിട്ടും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അവകാശ തര്‍ക്കം മൂത്ത് ശിവസേന സഖ്യം വിട്ടതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി മാത്രമായി ബി.ജെ.പി മാറി. ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷമില്ല, ശിവസേനയുടെ സമ്മര്‍ദത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല എന്ന സ്ഥിതി. ശിവസേന കൂട്ടത്തില്‍ നിന്നു പോയാല്‍ സ്വന്തം രാഷ്ട്രീയത്തിന് വളരാന്‍ കൂടുതല്‍ ഇടം കിട്ടുമെന്ന കണക്കു കൂട്ടലില്‍ കൂടിയായിരുന്നു ബി.െജ.പി. കോണ്‍ഗ്രസിന് ശിവസേനയുമായി ചേരാന്‍ കഴിയില്ലെന്ന താത്വിക പ്രശ്‌നവും മുതല്‍ക്കൂട്ടായി ബി.ജെ.പി കരുതി.

എന്നാല്‍ സംഭവിച്ചത് ശിവസേന വലിയ പരിവര്‍ത്തനത്തിന് തയാറാകുന്നതാണ്. ഭരണം അഭിമാന പ്രശ്‌നമായി എടുത്ത അവര്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം നിന്ന് സര്‍ക്കാറുണ്ടാക്കാന്‍ പൊതു മിനിമം പരിപാടി രൂപപ്പെടുത്തുന്നതിലേക്ക് വരെ എത്തി. അത് ബി.ജെ.പി പ്രതീക്ഷിച്ചതല്ലെന്നിരിക്കേ, പിന്നീട് കണ്ടത് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വരുന്നതും ദിവസങ്ങള്‍ക്കകം പാതിരാവില്‍ അത് പിന്‍വലിച്ച് ദേവേന്ദ്ര ഫട്‌നവിസിനെ ആരോരുമറിയാതെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതുമാണ്. എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എന്‍.സി.പിയില്‍ നിന്ന് അടര്‍ന്നു മാറിയ അജിത് പവാര്‍ അടക്കം തിരിച്ച് പ്രതിപക്ഷ സഖ്യത്തിലേക്ക് പോയി. പ്രതിപക്ഷ സഖ്യം കോടതി കയറിയപ്പോള്‍ ഏറെ സാവകാശം കിട്ടാതെ തന്നെ നിയമസഭയില്‍ ഫട്‌നവിസിന് ഭൂരിപക്ഷം തെളയിക്കണമെന്ന സ്ഥിതി വന്നു. ഒടുവില്‍ ഫട്‌നവിസ് രാജിവെക്കുകയും പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വരുന്നതിന് വഴിയൊരുങ്ങുകയും ചെയ്തു.

മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ നടത്തിയ പാതിരാ അട്ടിമറി അങ്ങനെ ആന്റി ക്ലൈമാക്‌സിലാണ് എത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ മലര്‍ത്തിയടിക്കുന്ന അസാധാരണ ചാണക്യ സൂത്രങ്ങള്‍ക്ക് പേരെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്ക് തന്ത്രം പിഴച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ ഒത്തൊരുമയുള്ള നീക്കത്തിനു മുന്നില്‍ ബി.ജെ.പി ആകെത്തന്നെ നാണംകെട്ടു.

രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും പ്രതിഛായ നഷ്ടപ്പെടുത്തി സംഭവം കൂടിയായി അത്. ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിക്ക് രാജ്ഭവനില്‍ തുടരാനുള്ള ധാര്‍മികത ചോദ്യം ചെയ്യപ്പെടുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം അക്ഷരം പ്രതി അനുസരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യം തകരുകയും ബി.ജെ.പിക്ക് അധികാരത്തില്‍ വരാനുള്ള വഴി അടയുകയും ചെയ്തതിനു പിന്നാലെ ഭരണഘടനാ വ്യവസ്ഥകള്‍ പലവട്ടം ഗവര്‍ണര്‍ കാറ്റില്‍ പറത്തി. ഭരണഘടനയുടെ കാവലാളെന്ന നിലയില്‍ ഉത്തമബോധ്യത്തോടെ അധികാരം പ്രയോഗിക്കാന്‍ ബാധ്യതയുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെെൈകയാപ്പോടെ, ഫട്‌നവിസിന് സത്യപ്രതിജ്ഞ ചെയ്യാന്‍ പാകത്തില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത് ശനിയാഴ്ച പുലര്‍ച്ചെ 5.47നാണ്. ഭരണഘടനയിലേക്ക് നോക്കാെത കേന്ദ്രം ഭരിക്കുന്നവരുടെ ഇംഗിതം മാത്രം നോക്കിയെന്ന വിമര്‍ശനമാണ് രാഷ്ട്രപതി ഏറ്റുവാങ്ങുന്നത്. അതുവഴി രാഷ്ട്രപതി ഭവന്റെ നിഷ്പക്ഷത ചര്‍ച്ചയായി.

നാലു ദിവസം കൊണ്ട് മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണത്, ആറുമാസമായി അങ്കലാപ്പില്‍ കഴിഞ്ഞ പ്രതിപക്ഷ നിരക്ക് പുതിയ ആവേശം നല്‍കുന്നുണ്ട്. 

ബി.ജെ.പിയുടെ പാതിരാ അട്ടിമറി ദുരന്ത പര്യവസായിയായി മാറുേമ്പാള്‍ ശിവസേനയും കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മിക്കവാറും ഇല്ലാതായിക്കഴിഞ്ഞു. കാവിരാഷ്ട്രീയം പിന്‍പറ്റുന്ന ശിവസേനയുമായി മതേതര മുഖമുള്ള കോണ്‍ഗ്രസ് ബന്ധം സ്ഥാപിക്കുന്നത് അനുചിതമാണെന്ന ചര്‍ച്ചകളാണ് ശിവസേന-കോണ്‍ഗ്രസ്്-എന്‍.സി.പി സഖ്യനീക്കങ്ങള്‍ വൈകിച്ചത്. മഹാരാഷ്ട്ര ഭരണം എങ്ങനെയും നിലനിര്‍ത്താനുള്ള മോദിഅമിത്ഷാമാരുടെ കരുനീക്കങ്ങള്‍, ഈ സഖ്യത്തെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുകയാണ് ചെയ്തത്. ശിവസേന പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷിയായി പൊടുന്നനെ മാറിയിരിക്കുന്നു. സര്‍ക്കാറിന്റെ ഭരണഘടനാ ദിനാചരണ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ ചൊവ്വാഴ്ച ശിവസേന മുന്‍പേയിറങ്ങി. പാര്‍ലെമന്റിലെ പ്രതിപക്ഷ നിരക്ക് കൂടുതല്‍ വീര്യം നല്‍കുന്നതാണ് ശിവസേനയുടെ മുന്നണി മാറ്റം. എന്നാല്‍ ഈ സഖ്യത്തിന്റെ ആയുസ് എത്രയെന്ന വലിയ ചോദ്യത്തിനു മുന്നില്‍ക്കൂടിയാണ് പ്രതിപക്ഷം.

****       ****     ****

പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഭരണഘടനാ ദിനം ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് ആചരിച്ചു. പാര്‍ലന്റെിന്റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന ചടങ്ങ് സെന്‍ട്രല്‍ ഹാളില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചപ്പോള്‍, അതു ബഹിഷ്‌ക്കരിച്ച് പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമക്കു മുന്നില്‍ ഒത്തുകൂടുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ അടക്കം ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്ന രീതികളില്‍ പ്രതിഷേധിച്ചായിരുന്നു ഈ ബഹിഷ്‌ക്കരണം. 

ഇന്ത്യന്‍ ഭരണഘടന ഇടക്കാല നിയമനിര്‍മാണ സഭ അംഗീകരിച്ചതിന്റെ വാര്‍ഷികമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 

70ാം വാര്‍ഷിക ദിനമെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ഇതു പ്രമാണിച്ചാണ് സെന്‍ട്രല്‍ ഹാളില്‍ ലോക്‌സഭ, രാജ്യസഭ അംഗങ്ങെള രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. വേദിയില്‍ രാഷ്ട്രപതിക്കു പുറമെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ക്കാണ് ഇരിപ്പിടം ഒരുക്കിയത്. ഇത്തരമൊരു ചടങ്ങില്‍ പ്രതിപക്ഷത്തു നിന്നൊരു നേതാവിനും വേദിയിലേക്ക് ക്ഷണം ഉണ്ടായിരുന്നതുമില്ല.

സെന്‍ട്രല്‍ ഹാളില്‍ ഈ ചടങ്ങ് മുന്നോട്ടു പോകുേമ്പാള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം.പിമാരും സമ്മേളിച്ചത്. പ്രതിപക്ഷ നിരയിലേക്ക് വന്ന ശിവസേനയും ബഹിഷ്‌ക്കരണത്തില്‍ പങ്കെടുത്തു. ഭരണഘടനയിലെ വിവിധ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ നിന്ന് ഓരോ ഭാഗം വായിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ഭരണഘടനാ ദിനാചരണം.