ദുസ്സഹം ജീവിതച്ചിലവുകൾ!


JUNE 20, 2022, 11:08 AM IST

വാഷിംഗ്‌ടൺ: അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും ദുർവഹമായ ജീവിതച്ചിലവുകൾക്കിടയിൽ പെട്ട് നട്ടം തിരിയുകയാണ്.തങ്ങളുടെ പ്രതിമാസവരുമാനം കൊണ്ട് രണ്ടറ്റവും മുട്ടിക്കാനാവാതെ മില്യൺ കണക്കിന് കുടുംബങ്ങൾ വിഷമിക്കുമ്പോൾ അത് അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ സംഭവിക്കാത്ത ഒരു ദുരന്തമായി മാറുകയാണ്. കണക്കുകളുടെ കള്ളികളിൽ ഒതുക്കാവുന്ന ദുരന്തമല്ലിത്. മറിച്ച്, നല്ല ജീവിതം സ്വപ്നം കണ്ട് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബങ്ങളടക്കമുള്ളവരുടെ സ്വപ്നഭംഗത്തിൻറെ കഥയാണ്.കുതിച്ചുയരുന്ന പണപ്പെരുപ്പവും, സാധനദൗർലഭ്യവും, ഉയർന്ന ഊർജ്ജച്ചിലവും, രോഗഭീതിയുമെല്ലാം ചേർന്ന് ദുരിതപൂർണമാക്കുന്ന ഈ ജീവിതസാഹചര്യത്തെ നേരിടുന്നതിനുള്ള ഒരു നടപടിയും ഫെഡറൽ തലത്തിൽ കാര്യമായി നടക്കാത്ത സാഹചര്യത്തിൽ ഒരു അനിശ്ചിതത്വത്തിൻറെ വേനൽക്കാലത്തെയാണ് അമേരിക്ക മധ്യവർഗ കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. 

യുഎസിലെ ഭക്ഷ്യവിലപ്പെരുപ്പം 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചുയരുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗ്യാസ് വില 5 ഡോളര്‍ കവിയുകയും ചെയ്തിരിക്കുകയുമാണ്.രാജ്യത്തെ ജനസംഖ്യയുടെ 36 ശതമാനത്തോളം കുടുംബങ്ങൾ തങ്ങളുടെ പ്രതിമാസ വരുമാനം ഏതാണ്ട് മുഴുവനുപയോഗിച്ചാണ് ചെലവുകൾക്ക് വേണ്ട പണം കണ്ടെത്തുന്നതെന്ന് ഏറ്റവും പുതിയ പഠനങ്ങൾ കാട്ടുന്നത്. പ്രതിവർഷം 250,000 ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കൻ കുടുംബങ്ങളുടെ അവസ്ഥയാണിത്. ഇത് വീട്ടുചിലവിൻറെ മാത്രം പ്രശ്നമല്ല, മറ്റ് നിരവധി ചിലവുകൾ കൂടെ ഒന്നിനു പുറകേ ഒന്നായി വരുമ്പോഴുള്ള അവസ്ഥയാണ്.ധനമേഖലയുമായി ബന്ധപ്പെട്ട പേയ്മെൻറ്സ് ഡോട്ട് കോം, ലെൻഡിങ് ക്ലബ് ഡോട്ട് കോർപ്പ് എന്നിവർ ചേർന്ന് നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം മാധ്യമശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതെങ്കിലും ഇത് ഓരോ സാധാരണ അമേരിക്കൻ കുടുംബത്തിന്റെയും അനുഭവയാഥാർഥ്യമാണ്. 

ഏകദേശം 4,000 യുഎസ് ഉപഭോക്താക്കൾക്കിടയിലാണ് ഏപ്രില്‍ 6 മുതല്‍ 13 വരെ പണപ്പെരുപ്പകാലത്തെ കുടുംബച്ചിലവുകളെപ്പറ്റി സര്‍വേ നടത്തിയത്.ഏറ്റവും താഴ്ന്ന വരുമാനമുള്ളവരും ഏറ്റവും ഉയർന്ന വരുമാനമുള്ളവരും താരതമ്യേന സുരക്ഷിതരാണെന്നാണ് ഈ സർവേ കാട്ടുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഫെഡറൽ സർക്കാർ വാരിക്കോരി നൽകിയ ധനസഹായം ഏറ്റവും താഴെത്തട്ടിലുള്ളവരെ തൊഴിലന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിച്ചു. വീണ്ടും തുറക്കലിൻറെ വേളയായപ്പോഴാകട്ടെ മഹാമാരിക്ക് മുൻപ് 8 ഡോളർ വരെ മാത്രം എത്തിയിരുന്ന അവരുടെ വേതനം 12-13 ഡോളറിലേക്ക് ഉയർന്നു. ഇത് രണ്ട് ഫലങ്ങളാണ് ഉളവാക്കിയത്. ഒന്നാമത്, തങ്ങൾക്ക് വേണ്ട, ഉയർന്ന വേതനം ഉറപ്പ് നൽകുന്ന,  തൊഴിൽ മാത്രമെടുക്കുന്ന നിലപാടിലേക്ക് ഏറെപ്പേർ ചുവടുമാറി.

ഉയർന്ന വേതനം നൽകാൻ കെൽപ്പില്ലാത്ത ചെറുകിട-ഇടത്തരം ബിസിനസുകൾ പ്രതിസന്ധിയിലായി. ഒന്നുകിൽ വേതനം ഉയർത്തുക അല്ലെങ്കിൽ കൗമാരപ്രായക്കാരെ കൂടുതലായി ജോലിക്കെടുത്ത് ആൾക്ഷാമത്തിന് പരിഹാരം കാണുക--ഇങ്ങനെ വിഷമകരമായ അവസ്ഥയിലാണ് ഇന്ന് ചെറുകിട ബിസിനസുകൾ ചെന്ന് നിൽക്കുന്നത്.ഇപ്പോള്‍ 20കളുടെ മദ്ധ്യം മുതൽ 40കളുടെ തുടക്കം വരെ പ്രായമുള്ള (മില്ലേനിയൽ) തലമുറയിലെ ഉയര്‍ന്ന വരുമാനക്കാരില്‍ പകുതിയിലധികം പേരുടേയും ശമ്പളത്തില്‍ വളരെക്കുറച്ചുമാത്രമാണ് മാസാവസാനം ശേഷിക്കുന്നതെന്നാണ് സർവേ കാട്ടുന്നത്. അവരില്‍ 61 ശതമാനം പേരും ഏപ്രിൽ മാസത്തിൽ തങ്ങളുടെ മുഴുവൻ വരുമാനവും ചെലവഴിച്ചാണ് ഏപ്രിലില്‍ കഴിഞ്ഞത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ദ്ധനവാണ്  പെട്ടവരുടെ എണ്ണത്തിൽ ഈ വർഷം കണ്ടത്.ഉയർന്ന വരുമാനമുള്ളവരെ ഈ സ്ഥിതിവിശേഷം ചെയ്തത് ക്രെഡിറ്റ് കാർഡുകളുടെ വർദ്ധിത ഉപയോഗത്തിലൂടെയാണ്--ഇന്നത്തെ ചിലവുകൾ നാളത്തേക്ക് നീട്ടിവച്ചുകൊണ്ട്.

ഇത് മൂലം ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്കയിൽ കൺസ്യൂമർ രംഗത്ത് കടബാധ്യതകൾ റെക്കോഡ് തോതിലാണ് ഉയർന്നത്. ജീവിതച്ചിലവുകളുടെ വർദ്ധനവ് ഏറ്റവുമേറെ പ്രത്യാഘാതമുണ്ടാക്കിയിട്ടുള്ളത് യാത്രാമേഖലയിലാണ്. എണ്ണവില കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. അതിനനുസൃതമായി വിമാനടിക്കറ്റ് നിരക്കുകളും മുറി വാടകയും വർദ്ധിച്ചിട്ടുണ്ട്. ഇത് യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നവരെ പിന്നോട്ടടിക്കുകയാണ്.മെമ്മോറിയൽ ഡേ വീക്കെൻഡിൽ പ്രതിദിനം യുഎസ് എയർപോർട്ടുകളിലെ ചെക്ക്പോയിന്റുകളിലൂടെ കടന്നുപോയത് 2.23 മില്യൺ യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 24 ശതമാനം വർദ്ധനവാണിത് കാട്ടുന്നതെങ്കിലും 2019ലെ ഇതേ അഞ്ചുദിവസങ്ങളിൽ യാത്ര ചെയ്‌തവരുടെ എണ്ണത്തെ അപേക്ഷിച്ച് 9 ശതമാനം കുറവാണ്. ആളുകളുടെ കയ്യിൽ യാത്ര ചെയ്യാൻ പണമില്ല, പിന്നെങ്ങോട്ട് പോകാൻ?