കുഞ്ഞുമാണിയില്‍ നിന്നും മാണിയിലേക്ക്


OCTOBER 4, 2019, 1:14 PM IST

ആപ്പിള്‍ മനുഷ്യജീവിതത്തില്‍ പല പല മാറ്റങ്ങളും പുരോഗതിയും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ പൈനാപ്പിള്‍ അങ്ങിനെയല്ല. മുള്ളുകൊണ്ട് മുള്‍ക്കിരീടം ചുടിയാണ് നില്‍പ്പുതന്നെ.  ചിലതിനെയൊക്കെ അങ്ങ് ദഹിപ്പിച്ചുകളയും. ഇവിടെ പാലായിലും സംഭവിച്ചത് അതുതന്നെയാണ്. ഇലവന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്ന് പഴമക്കാര്‍ പറഞ്ഞ് ഗുളികന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കണം വെറുതെ ഇലയെ കേടാക്കേണ്ട എന്ന് ഔസേപ്പന്‍ കരുതിയത്. ആനയേയും കുതിരയേയും തള്ളി രണ്ടിലയുമായി വിലസുകയായിരുന്നല്ലോ കേരള കോണ്‍ഗ്രസ്‌കാര്‍. എന്തായാലും  ഇല മടക്കി സേഫില്‍ വച്ചു. അതോടെ  പൈനാപ്പിളുമായി ഇറങ്ങിയ ടോം ജോസിനെ പൈനാപ്പിള്‍ ദഹിപ്പിച്ചുകളഞ്ഞു...!

രണ്ടില വേണ്ടെന്നും മാണിയാണ് ചിഹ്നമെന്നും ടോം ജോസ് പുലിക്കുന്നേല്‍ പറഞ്ഞതോടെ പാലാക്കാര്‍രണ്ടിലൊന്ന് ഉറപ്പിച്ചിരുന്നു. അതേ, മാണിതന്നെ മതിയെന്ന.് മാണി സി കാപ്പാന്‍ എന്ന മണി. നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ചെയര്‍മാന്‍ പി ജെ ജോസഫിനെ ജോസ് കെ മാണിപക്ഷക്കാര്‍ ആര്‍ത്തുവിളിച്ച് കൂകിപ്പായിക്കാന്‍ നോക്കിയതോടെ പുലിക്കുന്നേക്കാരന്‍ ടോമിന്റെ പരാജയത്തിന്റെ കാഹളം മുഴങ്ങുകയായിരുന്നെന്ന് വിവരമുള്ളവര്‍ക്കെല്ലാം മനസ്സിലായിരുന്നു. എന്തായാലും ജോസ്‌മോന്റെ പൈനാപ്പിളിനെ രണ്ടില വിഴുങ്ങിക്കളഞ്ഞു. ഈ വിഴുങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ജോസ്‌മോന്‍ ബി ജെ പിയുടെ വോട്ടുകള്‍ കച്ചവടമാക്കിയെന്നാണ് ഭരണങ്ങാനത്തും പരിസരപ്രദേശങ്ങളിലും പാണന്മാര്‍ പാടിനടന്നിരുന്നത്. എന്തായാലും ബി ജെ പിയ്ക്ക് കടുത്ത പേരുദോഷമുണ്ടായി എന്നതുമിച്ചം.     ഇനി  മാണി സി കാപ്പന്റെ ഊഴമാണ്. നോക്കിപ്പിടിച്ചെടുത്താല്‍ ഇനിയുള്ള കാലം പാലായിലെ മാണിയായും മാണിക്യമായും വിലസാം.

ഒരുകാലത്ത് ഏറെ മെയ്‌വക്കമുള്ള വോളിബോള്‍ കളിക്കാരനായിരുന്ന കാപ്പന് അതിനൊക്കെ കഴിയുകയും ചെയ്യും. സിനിമ നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍,  ഒടുവില്‍ തനി രാഷ്ട്രീയക്കാരനായി രൂപാന്തരം പ്രാപിച്ച വ്യക്തി.പാലായില്‍ കാപ്പില്‍ കുടുംബത്തില്‍ ചെറിയാന്‍ ജെ കാപ്പന്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളില്‍ ഏഴാമത്തെ പുത്രനായി ജനനം. അപ്പന്‍ ചെറിയാന്‍ ജെ കാപ്പന്‍ സ്വന്തന്ത്ര്യ സമരസേനാനി, അഭിഭാഷകന്‍, ലോക്‌സഭാ അംഗം, നിയമസഭ അംഗം, എന്തിനേറെ മഹത്തായ പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്നു. മാണി സി കാപ്പനോടൊപ്പം മറ്റ് രണ്ട സഹോദരന്മാരും പാല മുന്‍സിപ്പല്‍ കൗണ്‍സിലറന്മാരായിരുന്ന് കാപ്പന്‍ ബ്രദേഴ്‌സ് ചരിത്രം സൃഷ്ടിച്ചിട്ടുമുണ്ട്.

 കോണ്‍ഗ്രസ് എസ് സംസ്ഥാന ട്രഷറര്‍, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, എന്‍സിപിയുടെ സംസ്ഥാന ട്രഷറര്‍ ഇങ്ങനെ പല വേഷങ്ങളും മാണി സി കാപ്പന്‍ കെട്ടിയാടിക്കൊണ്ടിരിക്കുന്നു. 14 വര്‍ഷത്തോളും കായിക രംഗത്ത് നിലയുറപ്പിച്ചതുകൊണ്ട് നല്ല മെയ്‌വഴക്കം മാത്രമല്ല, മാനസീക പക്വതയും ആര്‍ജിച്ചു എന്നതിന് ഉത്തമതെളിവല്ലേ,  2012-ല്‍ 'മേലേ പറമ്പില്‍ ആണ്‍വീട്' എന്ന ടിയാന്റെ ചിത്രം ആസാമിസ് ഭാഷയില്‍ കക്ഷി തന്നെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചുക്കൊണ്ട് പുറത്തിറക്കിയത്. 

 മൂന്നുവട്ടം  എല്‍ഡിഫ് നിയമസഭാ സ്ഥാനാര്‍ത്ഥിയായി പാലായില്‍ കെ എം മാണിയെ നേരിടാന്‍ ചങ്കൂറ്റം കാട്ടി. ഇപ്പോഴിതാ 54 വര്‍ഷം കുഞ്ഞുമാണികയ്യടക്കിവച്ച പാലായെ പാട്ടിലാക്കി വിജയശ്രീലാളിതനായിരിക്കുന്നു. കാപ്പന് നമോവാകം.