വഴിതെറ്റിയ വിപ്ലവകാരികളും  വഴിമറന്ന വിപ്ലവകാരികളും


NOVEMBER 8, 2019, 3:27 PM IST

തോക്കിന്‍കുഴലിലൂടെ വിപ്ലവം നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പ്രസ്ഥാനം ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലെത്തുകയും അതിന്റെ സുഖം നുണഞ്ഞുനുണഞ്ഞ് പല്ലുകൊഴിയുകയും ചെയ്തതിന്റെ ലക്ഷണമാണ്, അതേ വിപ്ലവത്തില്‍ വിശ്വസിക്കുകയും അതിലൂടെ ഇന്ത്യയെ മോചിപ്പിക്കാമെന്നു വ്യാമോഹിക്കുകയും ചെയ്യുന്ന മാവായിസ്റ്റുകളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വിവാദത്തിന്റെ കാതല്‍.

അട്ടപ്പാടി വനത്തില്‍ നാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും, മാവോയിസത്തില്‍ വിശ്വസിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ എന്ന കരിനിയമം അനുസരിച്ച് കേസെടുക്കുകയും ചെയ്തത് വിപ്ലവവീര്യം ചോര്‍ന്നുപോയതിന്റെ ലക്ഷണമാണെന്ന് പ്രതിയോഗികള്‍ മാത്രമല്ല സഹയാത്രികളും ആരോപിക്കുമ്പോള്‍, അങ്ങനെയല്ല എന്ന് സ്ഥാപിക്കേണ്ടത് അധികാരത്തിലിരിക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നിലനില്‍പ്പിന് ആവശ്യമാണ്. അതിന്റെ തത്രപ്പാടാണ് നാം കാണുന്നത്. 

'മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്ന'തെന്നും അതിനെതിരെ 'കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെ'ന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം വരുത്തുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണെന്നും പത്രം പറഞ്ഞു.

മാവോയിസ്റ്റ്-നക്‌സലൈറ്റ് മുന്നേറ്റങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മാവോയിസ്റ്റു വേട്ടയെ സിപിഎം നേതാവ് പി. ജയരാജന്‍ ന്യായീകരിച്ചു: 'നക്‌സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യംവച്ചത്. നക്‌സലേറ്റുകള്‍ പശ്ചിമ ബംഗാളില്‍ മാത്രം 350 സി.പിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. 1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ നെക്‌സലേറ്റ് നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്. യു.ഡി.എഫ് ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ 'വ്യാജ ഏറ്റുമുട്ടലാണ്' എന്ന് പ്രചരിപ്പിക്കുന്നവര്‍ അന്ന് യഥാര്‍ത്ഥ ഏറ്റുമുട്ടലിലാണ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ചുനിരത്തിയത്.'

മാവോയിസ്റ്റുകളുടെ വഴി തെറ്റാണെന്നും പി. ജയരാജയന്‍ വാദിക്കുന്നു. 'സാമ്പത്തിക രാഷ്ട്രീയ രംഗത്തെ വര്‍ഗ്ഗ സമരങ്ങളാണ് വിപ്ലവകാരികള്‍ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവര്‍ത്തനത്തിനാണ് ഉന്മൂലന സിദ്ധാന്തക്കാര്‍ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേര്‍തിരിച്ചറിയാനാവണം. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതില്‍ അറിയാതെ പെട്ടുപോകുന്നവരുമുണ്ട്. കേരളത്തില്‍, ബംഗാളില്‍ ചെയ്തത് പോലെ, എല്‍.ഡി.എഫ് ഗവണ്മെന്റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകള്‍ എ.കെ 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാന്‍ എല്ലാവര്‍ക്കുമാകണ'മെന്നും ജയരാജന്‍ കുറിച്ചു.

'ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകരും' 'ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പാദസേവകരു'മായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന 'കപട കമ്യൂണിസ്റ്റു'കളെ തിരിച്ചറിയണമെന്ന് 'ജനകീയ മാവോവാദി വിപ്ലവകാരികള്‍' പറയുന്നത് മനസ്സിലാക്കാം. എന്നാല്‍, വിപ്ലവം എന്ന വാക്കുപോലും അന്യമായ സിപിഐ അതു ചെയ്താലോ? മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഏറ്റവും വലിയ വിമര്‍ശനമുയര്‍ത്തിയത് എല്‍ഡിഎഫ് ഘടകകക്ഷിയായ സി.പി.ഐ ആണ്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സി.പി.ഐ സംഘം വെടിവയ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനമെഴുതിയതിനെയും വിമര്‍ശിച്ചു. 

അവര്‍ക്കിത് എന്തുപറ്റി? ഇന്ത്യയില്‍ വിപ്ലവത്തിലുടെ അധികാരം പിടിക്കാമെന്ന് സിപിഐ എന്ന ഈര്‍ക്കില്‍ സംഘടന വിശ്വസിക്കുന്നുണ്ടോ? മാവോവദികളോട് അവര്‍ക്കെന്താണ് സോഫ്റ്റ് കോര്‍ണര്‍? മാവോയിസ്റ്റുകളിലൂടെ വിപ്ലവം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാമെന്ന് കരുതുന്നുണ്ടോ?

ഒന്നും ഉണ്ടായിട്ടല്ല, പ്രശ്‌നം പാര്‍ട്ടിയുടെ നിലനില്‍പ്പാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പിളര്‍പ്പിനു ശേഷം അണികള്‍ സിപിഎമ്മിനോടൊപ്പം നില്‍ക്കുകയും നേതാക്കള്‍ മാത്രം സിപിഐയില്‍ തുടരുകയും ചെയ്തപ്പോള്‍, കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരം പങ്കിട്ടുവെങ്കിലും പാര്‍ട്ടിപ്രസ്ഥാനത്തിന് അതു ഗുണം ചെയ്തില്ല. അങ്ങനെ നിലനില്‍പ്പ് അവതാളത്തിലായപ്പോള്‍ 'ഇടത് ഐക്യം' എന്ന ആഹ്വനം ഉള്‍ക്കൊണ്ട് സിപിഎമ്മുമായി സഖ്യമുണ്ടാക്കി.

സിപിഎമ്മിന്റെ തൊഴുത്തില്‍ താമസം തുടങ്ങിയതോടെ അണികള്‍ പിന്നെയും കുറഞ്ഞു. നിരന്തരം വല്യേട്ടന്‍ മനോഭാവം പ്രകടമാക്കുന്ന സിപിഎമ്മിന്റെ നയപരിപാടികള്‍ അംഗീകരിച്ച് അടങ്ങിയൊതുങ്ങി കഴിയാനാണെങ്കില്‍ സിപിഐ എന്ന പാര്‍ട്ടിതന്നെ അനാവശ്യമാണെന്ന് അണികള്‍ക്കു തോന്നിയെങ്കില്‍ സ്വാഭാവികം മാത്രം. അതിനുള്ള മറുമറുന്നാണ് സിപിഎം ചെയ്യുന്ന കാര്യങ്ങളെയെല്ലാം സ്ഥാനത്തും അസ്ഥാനത്തും എതിര്‍ക്കുക എന്നത്. അങ്ങനെ എതിര്‍ത്തില്ലെങ്കില്‍ തങ്ങള്‍ക്ക് നിലപാടില്ലെന്ന് അണികള്‍ ധരിക്കുകയും ചോര്‍ച്ചയുണ്ടാകുകയും ചെയ്യും. അതു തടയണം, അത്രമാത്രമേയുള്ളു സിപിഐക്ക്. അല്ലാതെ മാവോയിസ്റ്റുകളോടോ വിപ്ലവത്തോടൊ ഒരു അനുഭാവവും അവര്‍ക്കില്ല.  ''അയലത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണംപിടിച്ചുവന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു'' എന്ന് സി.പി.ഐക്കെതിരെ പി ജയരാജന്‍ ഒളിയമ്പെയ്തത് ഈ സാഹചര്യത്തിലാണ്. 

നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കള്‍ക്കെതിരെ എപിഎ ചുമത്തിയത് ശരിയായില്ലെന്നുമുള്ള ആരോപണം കത്തിനില്‍ക്കെ, ആദ്യത്തേതിനെ ന്യായീകരിച്ചും രണ്ടാമത്തേതിന് അനുകൂലമായി നിലപാടെടുത്തും സിപിഎം നേതൃത്വം രംഗത്തുവന്നു. ഒരു തരത്തിലുള്ള നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

എന്താണ് സിപിഎം ഇങ്ങനെ ഒരു നിലപാടെടുത്തത്? യുഎപിഎ അഥവാ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് എന്ന കിരാത നിയമത്തെ എക്കാലവും എതിര്‍ത്തുപോന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് അവരുടെ ചീഫ് മിനിസ്റ്ററുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് അതേ പാര്‍ട്ടിയില്‍ അംഗങ്ങളായ രണ്ടു വിദ്യാര്‍ത്ഥികളുടെ പേരില്‍ (അറസ്റ്റ് ചെയ്യപ്പെട്ട മൂര്‍ക്കനാട് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപുരിയില്‍ അലന്‍ ഷുഹൈബ്(20) എന്നിവര്‍ സി. പി. എം. ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്) ഈ നിയമത്തിന്റെ വകുപ്പുകള്‍ ചുമത്തുന്നതിലെ വിരോധാഭാസം ആര്‍ക്കും വ്യക്തമാവും. ആ വിദ്യാര്‍ത്ഥികളാകട്ടെ ഒരു വിധ്വംസക പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടതായി പരാതിയില്ല. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു, അവരുടെ ലഘുലേഖകളും പുസ്തകങ്ങളും സൂക്ഷിക്കുന്നു എന്നതിന്റെ പേരിലാണ് അറസ്റ്റ്. മാവോവാദിയാകുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. 

ഈ കണ്‍ഫ്യൂഷനിലാണ് അവരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതും യു.എ.പി.എ പിന്‍വലിക്കുന്നതില്‍ തീരുമാനം ആയില്ലെന്ന് ബോധിപ്പിച്ചതും. പക്ഷേ, യു. എ. പി. എ. ചുമത്താതെ നിര്‍വാഹമില്ലായിരുന്നു എന്ന പോലീസിന്റെ നിലപാടും, ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ യുഎപിഎ നിലനില്‍ക്കുമെന്ന് കോഴിക്കോട് സെഷന്‍സ് കോടതി കണ്ടെത്തിയും സിപിഎം നിലപാടിന് തിരിച്ചടിയായി. 

നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് അറസ്റ്റ് ചെയ്തത്; അട്ടപ്പാടിയില്‍നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന ലഘുലേഖയും വിദ്യാര്‍ഥികളില്‍ നിന്ന് കണ്ടെടുത്തതും ഒന്നുതന്നെയാണ്; അതിനാലാണ് യുഎപിഎ പ്രകാരം കേസെടുക്കാതെ മറ്റുനിര്‍വാഹമില്ലായിരുന്നു; നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂ - എനന്നിങ്ങനെയാണ് പോലീസിന്റെ നിലപാട്. അതു ന്യായീകരിക്കാന്‍ കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡി.ജി.പി.ക്ക് കൈമാറി. കോടതിയിലും ഹാജരാക്കി. മാദ്ധ്യമങ്ങള്‍ അവ പുറത്തുവിട്ടു.

നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ക്കൊപ്പം അലന്‍ ഷുഹൈബ് നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളുമുണ്ട്. മാവോവാദി സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ 'പാഠാന്തരം''രൂപവത്കരിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം സ്‌കൂള്‍ അധികൃതരും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിയെന്നുള്ള പരിഗണന നല്‍കി അന്ന് നടപടികളിലേക്ക് കടന്നില്ല. പക്ഷേ, അന്നുമുതല്‍തന്നെ അലന്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു.  ഈ സാഹചര്യത്തില്‍ യു. എ. പി. എ. അനുസരിച്ച് കേസെടുക്കാതിരുന്നാല്‍ ഇതിനും പഴികേള്‍ക്കേണ്ടിവരും. അതാണ് പോലീസിന്റെ പ്രശ്‌നം.