വരുന്നു മിനി ജനറല്‍ ഇലക്ഷന്‍


SEPTEMBER 27, 2019, 2:54 PM IST

ഒക്ടോബര്‍ 21 ന് കേരളം വീണ്ടും പോളിംഗ് ബൂത്തിലെത്തും. 'കേരളം' എന്ന് മനഃപൂര്‍വം പറഞ്ഞതാണ്. കാരണം, കേരളത്തില്‍ അന്ന് നടക്കാന്‍ പോകുന്നത് അഞ്ച് ഉപതെരഞ്ഞെടുപ്പുകളാണ്. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള അസംബ്ലി മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, പത്തനംതിട്ടയില്‍ കോന്നി, ആലപ്പുഴ എറണാകുളം അതിര്‍ത്തിയില്‍ അരൂര്‍, എറണാകുളത്ത് എറണാകുളം, വടക്കേയറ്റത്ത് കാസര്‍കോട്ട് മഞ്ചേശ്വരം. സാമാന്യേന കേരളത്തിന്റെ ജനസംഖ്യാ വൈവിധ്യം വിളിച്ചോതുന്ന മണ്ഡലങ്ങളാണിവ. ഈ വരികള്‍ അച്ചടിച്ച് വരുമ്പോള്‍ പാലായിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നിരിക്കും. അതും ഈ നാല് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്ന വോട്ട് രാഷ്ട്രീയവും കൂടെ ചേര്‍ത്ത് വച്ച് വായിച്ചാല്‍ ഏകദേശം രാഷ്ട്രീയകേരളം ഇന്ന് എവിടെ നില്കുന്നു എന്ന് വ്യക്തമാകും.

യുവാക്കളെ രംഗത്തിറക്കി മത്സരിക്കാനാണ് സിപിഎം ഇക്കുറി തീരുമാനിച്ചിട്ടുള്ളത് എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പുകളുടെ ഒരു സവിശേഷത. അത് ഐക്യജനാധിപത്യ മുന്നണിക്കും ബിജെപിക്കും മേല്‍ സമ്മര്‍ദ്ദമുയര്‍ത്തിയാല്‍ അവരും താരതമ്യേന ചെറുപ്പക്കാരായവരെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതരാകും. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ച് സിപിഎം രംഗത്തെത്തിക്കഴിഞ്ഞു. ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തങ്ങളുടെ ഏക സീറ്റായ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഈ വരികള്‍ എഴുതുന്നത് വരെ വ്യക്തമല്ല. ബിജെപിയും അല്പം ആശയക്കുഴപ്പത്തിലാണ്. എങ്കിലും ഇരു പാര്‍ട്ടികളും ഈ വരികള്‍ അച്ചടിച്ച് വരുമ്പോഴേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കും.

പാലാ ഐക്യജനാധിപത്യമുന്നണിക്ക് ഏറെ വേരോട്ടമുള്ള മണ്ഡലമാണ്. കെ. എം. മാണി എന്ന അതികായന്‍ അടക്കിവാണിരുന്ന മണ്ഡലം. അദ്ദേഹത്തിന്റെ ജീവിതാവസാനം കടുത്ത പ്രതിപക്ഷ ആക്രമണം നേരിടേണ്ടി വന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിച്ചില്ല. അങ്ങിനെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ 'പാലാ മെമ്പര്‍'ക്ക് 'പാലാ മെമ്പര്‍' ആയി തന്നെ മരിക്കാന്‍ സാധിച്ചു. ഐക്യജനാധിപത്യ മുന്നണി വലിയ ആഭ്യന്തര പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്ത് എത്തിയത്. പക്ഷെ ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന തോന്നലാണ് പോളിംഗ് ദിവസമെത്തിയപ്പോഴേക്ക് ഉണ്ടായത്. അതിന്റെ പ്രതിഫലനം വോട്ടുകളില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് ഐക്യജനാധിപത്യ മുന്നണി നേതൃത്വം പങ്കു വയ്ക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലിലും (വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം)  2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഐക്യജനാധിപത്യമുന്നണിയാണ്. മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസും ഒരെണ്ണത്തില്‍ മുസ്ലിം ലീഗും. ശേഷിക്കുന്ന ഒരു സീറ്റ് (അരൂര്‍) മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങളുടെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും ഐക്യജനാധിപത്യ മുന്നണി വലിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. ഈ മൂന്നു മണ്ഡലങ്ങളും ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എന്നതാണത്. ഉപതെരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും നടക്കാനിടയുള്ള തീപാറുന്ന മത്സരം കൂടെയാകുമ്പോള്‍ സ്ഥിതി അവരെ സംബന്ധിച്ചിടത്തോളം ഗുരുതരമാകും.

വട്ടിയൂര്‍ക്കാവില്‍ 2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ നേടിയത് 51,322 വോട്ടുകളാണെങ്കില്‍ തൊട്ടുപിന്നാലെയെത്തിയ കുമ്മനം രാജശേഖരന്‍ 43700 വോട്ടുകള്‍ നേടിയിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിലെ ടി. എന്‍. സീമയ്ക്ക് നേടാനായത് 40,441 വോട്ടുകള്‍ മാത്രവും. പിന്നീട് 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സമാനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. വീണ്ടും കുമ്മനം മത്സരരംഗത്തെത്തിയാല്‍ അത് കോണ്‍ഗ്രസിനും സിപിഎമ്മിനും വലിയ വെല്ലുവിളിയാണുയര്‍ത്തുക.

നായര്‍ സമുദായത്തിന്റെ വന്‍ സാന്നിധ്യമുള്ള മണ്ഡലത്തില്‍ ഈഴവസമുദായത്തില്‍ പെട്ട തിരുവനന്തപുരം മേയര്‍ വി. കെ. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. അതാണ് പ്രശാന്തിനെ മത്സരത്തിനിറക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചിട്ടുള്ള ഒരു മുഖ്യ ഘടകം. ആ തീരുമാനം വ്യാപകമായ പ്രശംസ സിപിഎമ്മിനും നേടിക്കൊടുത്തിട്ടുണ്ട്. ജാതി പരിഗണനകള്‍ മാറ്റിവച്ച് ഒരു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പാര്‍ട്ടി തയാറായി എന്നതാണ് ശഌഘനീയമായി ഏവരും കണ്ടിട്ടുള്ളത്. പക്ഷെ, ആ തീരുമാനം വോട്ടായി മാറുമോ എന്നതിന് ഉറപ്പില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദുര്‍ബലനെങ്കില്‍ തീര്‍ച്ചയായും പ്രശാന്തിന് മുന്നേറാനാവും. പക്ഷെ, അവിടെ നേരിടേണ്ടി വരുക ഒരുപക്ഷെ കുമ്മനം എന്ന വലിയൊരു വെല്ലുവിളിയാകും.

കോന്നിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ എന്ന പോലെ കോന്നിയില്‍ അടൂര്‍ പ്രകാശ് ഏതാണ്ട് എതിരാളികളില്ലാത്ത യോദ്ധാവായിരുന്നു. അദ്ദേഹം എംപിയായതോടെ കോണ്‍ഗ്രസിന് ആ താലപ്പൊക്കമുള്ള ഒരാളെ കണ്ടെത്തുക എളുപ്പമല്ലാതെ വന്നിരിക്കുകയാണ്. ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റ് ജിനേഷ് കുമാറിനെ കോന്നിയിലും മനു സി. പുളിക്കനെ അരൂരും എറണാകുളത്ത് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകന്‍ മനു റോയിയേയും മഞ്ചേശ്വരത്ത് മുന്‍ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവിനെയുമാണ് സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയിട്ടുള്ളത്.

സാമാന്യേന പ്രതികൂല സാഹചര്യം നേരിടുന്ന കോന്നിയിലും എറണാകുളത്തും മഞ്ചേശ്വരത്തും വിധി തങ്ങള്‍ക്കെതിരായാല്‍ പോലും ഈ പരീക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന ചിന്തയാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സിപിഎം വട്ടിയൂര്‍ക്കാവില്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഇതേ തന്ത്രം തന്നെയാവും എറണാകുളത്തും ആരോരുമെങ്കിലും പ്രയോഗിക്കപ്പെടുക.

അതൊക്കെ ഫലിക്കുമോ എന്നത് മറ്റൊരു കാര്യം. മറുവശത്ത്, ഐക്യജനാധിപത്യ മുന്നണി പാലായില്‍ വിജയിച്ചാല്‍ അതിന്റെ ആവേശവുമായാവും അഞ്ചു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനെത്തുക. ഇതിനെല്ലാമിടയില്‍ ബിജെപി എന്തെങ്കിലും അദ്ഭുതം സൃഷ്ടിക്കുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിന്റെ പേരിലുള്ള വികാരവിക്ഷോഭമൊന്നും ഇപ്പോള്‍ ആ തീഷ്ണതയോടെ ഇല്ല. എങ്കിലും, തങ്ങള്‍ക്ക് ശക്തിയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിന്റെ പ്രതിഫലനം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടാവുകയും ചെയ്യും.