സൈബര്‍ ഇടത്തിലെ അപഥ സഞ്ചാരങ്ങള്‍


SEPTEMBER 27, 2019, 2:48 PM IST

സൈബര്‍ ഇടങ്ങളിലെ അപകടകരമായ ഇടപാടുകള്‍ നിയന്ത്രിക്കാനും ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കാനും നിലവിലുള്ള നിയമങ്ങള്‍ മതിയാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. സൈബര്‍ കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉറവിടങ്ങള്‍ പിടികൂടാന്‍ അടിയന്തര നടപടി വേണം. ദുരുപയോഗം തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്‍ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്‍ സന്തുലനം പാലിച്ചുകൊണ്ടായിരിക്കണം മാര്‍ഗനിര്‍ദേശങ്ങളെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത അനിരുദ്ധ ബോസെ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ദേശ സുരക്ഷ സംബന്ധിച്ച ആശങ്ക മനസിലുണ്ടായിരിക്കണമെന്നും ബെഞ്ച് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളില്‍ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

''സാമുഹിക മാധ്യമങ്ങളുടെ ദുരുപയോഗം അപകടകരമായിരിക്കുന്നു. ഇന്റര്‍നെറ്റിനെ കുറിച്ചല്ല, രാജ്യത്തെ കുറിച്ചാണ് ആവലാതി വേണ്ടത്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രം പിന്തുടര്‍ന്ന് പിടിക്കാന്‍ സാങ്കേതിക വിദ്യയില്ലെന്ന് നാം പറയരുത്. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സാേങ്കതിക വിദ്യയുണ്ടെങ്കില്‍ അതിനെ പിന്തുടരാനും സാേങ്കതികതയുണ്ടാകും. ഭരണകൂടത്തിന് സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ കഴിയും. പക്ഷെ വ്യക്തികളെന്ത് ചെയ്യും? ചില സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിക്കുന്ന രീതി അത്യന്തം അപകടകരമാണെന്നും തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഒഴിവാക്കി പഴയ ഫീച്ചര്‍ ഫോണിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുകയാണെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞപ്പോള്‍ അത് ബുദ്ധിപരമായ നീക്കമായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൊന്നിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. നമ്മളില്‍ ചുരുക്കം ചിലര്‍ അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കോടതിയല്ല സര്‍ക്കാറാണ് ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാറിന് മാത്രമാണെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ നയമുണ്ടാക്കി കഴിഞ്ഞാല്‍ അതിന്റെ നിയമപരമായ സാധുതകോടതിക്ക് തീരുമാനിക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യത പോലുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. ഇറക്കാന്‍ പോകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് മുന്നാഴ്ചക്കകം സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗുണദോഷ സമ്മിശ്രമാണ് നവമാധ്യമങ്ങളുടെ ഇ ലോകം. വിമത ശബ്ദങ്ങളുടെ ഉച്ചഭാഷിണിയാകാന്‍ സമൂഹ മാധ്യമങ്ങള്‍ വഴിതുറന്നു. അതുകൊണ്ടു തന്നെ വിവിധ രൂപത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ഭരണകൂടങ്ങള്‍ മാത്രമല്ല, സമാന്തര ശക്തികളും പ്രവര്‍ത്തിക്കുന്നു. വര്‍ഗീതയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും രാഷ്ട്രീയ ഉപകരണങ്ങളാണ് സമൂഹ മാധ്യമങ്ങള്‍. മനോവൈകൃതമുള്ളവരുടെ വ്യക്തിഹത്യ പ്രചാരണങ്ങള്‍ നടക്കുന്ന യുദ്ധഭൂമി കൂടിയാണതെന്ന് കൂട്ടിച്ചേര്‍ക്കാം. സുപ്രീംകോടതി ആവശ്യപ്പെടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ദൂഷ്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.

***        ***      ***

കശ്മീരിലെ സ്ഥിതി ഇപ്പോഴും ഭയാനകമാണെന്നും പിടിയിലായ മക്കള്‍ എവിടെയാണെന്ന് അറിയാത്ത അമ്മമാരുടെ വിലാപമാണ് എല്ലായിടത്തു നിന്നും കേള്‍ക്കുന്നതെന്നും വനിതാ സംഘടനകളുടെ വസ്തുതാന്വേഷണ സംഘം. വൈകിട്ട് ആറിനുശേഷം പുറത്തിറങ്ങുന്ന പുരുഷന്‍മാരെയും കുട്ടികളെയും സൈന്യം പിടികൂടി കൊണ്ടുപോവുകയാണ്. കശ്മീരിനു പുറത്തെ ജയിലുകളിലാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. സൈന്യത്തെ ഭയന്നാണ് ജനം കഴിയുന്നതെന്ന് കശ്മീര്‍ സന്ദര്‍ശിച്ച നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ നേതാക്കളായ ആനിരാജ, കവാല്‍ജിത് കൗര്‍, പാന്‍ഖുരി സഹീര്‍, പൂനം കൗശിക് (പ്രഗതിശീല്‍ മഹിള സംഘം), സൈദ ഹമീദ് (മുസ്ലിം വുമണ്‍ ഫോറം) എന്നിവര്‍ പറയുന്നു. സെപ്തംബര്‍ 17 മുതല്‍ 21 വരെ കശ്മീര്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത് കശ്മീര്‍ സാധാരണനില കൈവരിച്ചെന്ന് സര്‍ക്കാര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും സൈന്യം രൂക്ഷമായ കടന്നാക്രമണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തടവിലാക്കപ്പെട്ടതിന് സമാനമായാണ് തങ്ങള്‍ കഴിയുന്നത് എല്ലാ മേഖലയിലേയും ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നു. പൊതുഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

ആംബുലന്‍സ്‌സേവനം പരിമിതമാണ്. ചികിത്സാ സഹായം തേടാനും മരണവിവിരം പോലും ഉറ്റവരെ അറിയിക്കാനും കഴിയാത്ത സാഹചര്യമാണ് അവിടെയുള്ളതെന്നും ഡല്‍ഹി ഹൈകോടതി അഭിഭാഷകയായ പൂനം കൗഷിക് പറഞ്ഞു. ആതിക്രമങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. സാധാരണ നിലയിലെത്താന്‍ സൈനികരെയും അര്‍ധ സൈനികരെയും പിന്‍വലിക്കണം. പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പിടികൂടിയവരെ വിട്ടയച്ചും കേസുകള്‍ ഒഴിവാക്കിയും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം. ആശയവിനിമയഗതാഗത നിയന്ത്രണങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു.