ഇന്ത്യൻ പ്രതിപക്ഷം ഐക്യവും വെല്ലുവിളികളും 


OCTOBER 18, 2021, 5:48 PM IST

മുജീബ് റഹ്‌മാൻ കരിയാടൻ 


രണ്ട് പ്രബല പാര്‍ട്ടികൾക്ക് മേൽക്കോയ്മയുള്ള രാഷ്ട്രീയസംവിധാനമെന്ന അവസ്ഥയിൽ നിന്ന് ഇന്ത്യ താൽക്കാലികമായെങ്കിലും പിൻവാങ്ങുകയാണ്. ഇന്ത്യയാകെ അടക്കി വാഴാനുള്ള കരുത്ത് കാട്ടുന്ന ഏകകക്ഷി ഇന്ന് ബിജെപിയായതോടെ ബിജെപി ഇതര പാര്‍ട്ടികള്‍ ഐക്യപ്പെടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളുടെ അനുഭവം കണക്കിലെടുക്കുമ്പോള്‍ പ്രതിപക്ഷ ഐക്യത്തിനുള്ള തടസ്സങ്ങള്‍ ഇപ്പോള്‍ തീര്‍ത്തും കുറവാണ്. കാരണം മിക്ക പാര്‍ട്ടികളും ചില ഘട്ടങ്ങളിലെങ്കിലും സഖ്യത്തിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ സമീപകാല വിജയങ്ങള്‍ക്ക് ശേഷം മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് ആവര്‍ത്തിച്ച് സൂചന നല്കി വരുകയാണ്. മമതയുടെ ശ്രമങ്ങള്‍ സ്വാഭാവികമായും സംസ്ഥാന പാര്‍ട്ടികളുടെ കാഴ്ചപ്പാടിലും ഫെഡറല്‍ അധികാരം പങ്കിടലിലുമാണ് കേന്ദ്രീകരിക്കുന്നത്. ബിജെപിയുടെ അഖിലേന്ത്യാതലത്തിലെ ഏക എതിരാളികളായ കോണ്‍ഗ്രസിനെ ഒഴിവാക്കാനും കോണ്‍ഗ്രസിതര, ബിജെപി ഇതര, പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. വിവേകത്തോടെയുള്ള സഖ്യത്തിന് മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പുണ്ടാവുകയുള്ളുവെന്ന് കോണ്‍ഗ്രസിനു തന്നെ അറിയാം.

അതുകൊണ്ടുതന്നെ ബിജെപി ഇതര പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാനുള്ള കഴിവ് കോൺഗ്രസിന് മാത്രമേയുള്ളൂ. ഇത്തരം കൂട്ടായ്മകളെല്ലാം സ്വാഭാവികവും ആവശ്യമുള്ളതുമാണെങ്കിലും കാലഹരണപ്പെട്ടതുമാണ്. തിടുക്കത്തിലൊരു ബിജെപി വിരുദ്ധത കൊണ്ടുവന്നാല്‍ എന്തുനേടാനാവുമെന്ന പരിഹാസ്യതയും നിലനില്‍ക്കുന്നുണ്ട്. ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരാതിരിക്കുകയും ഇന്ത്യയിൽ കനം വച്ചുവരുന്ന ഇരുളിനെ കുറിച്ച് യഥാര്‍ഥ ആശങ്കകള്‍ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തില്‍ പ്രതിപക്ഷം ആവശ്യമാണെന്നത് സൈദ്ധാന്തിക തലത്തില്‍ ശരിയാണ്. എന്നാൽ അത് പ്രായോഗികതലത്തിൽ കൊണ്ടുവരുക അത്ര എളുപ്പമല്ല.ജനാധിപത്യ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഘട്ടത്തിലാണ്. ബദല്‍ ഇല്ല എന്ന വാദം കേവലം തൊടുന്യായം മാത്രമാണ്. എന്നാല്‍ ഇത്തരമൊരു അടിയന്തര ആവശ്യം നിര്‍വഹിക്കുന്നതിലും ജനാധിപത്യം കെട്ടിപ്പടുക്കുന്നതിലും ബിജെപി ഇതര പാര്‍ട്ടികള്‍ ഇടറുകയും തെറ്റായ തുടക്കങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്.

ഗൗരവപൂർണമായ ബഹുജന കൂട്ടായ്മകള്‍ പൂര്‍ണമായും ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ മാത്രം ഊന്നല്‍ നല്കുന്നതിന് പുറമേ അഞ്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പരാജയം ശരിയായ സംരംഭങ്ങളുടേയും തുടർനടപടികളുടെയും അഭാവത്തിൽ പരാജയപ്പെടുക തന്നെ ചെയ്യും.നേതൃത്വമാണ് ആദ്യത്തെ പ്രശ്‌നം. നരേന്ദ്ര മോഡി രാജ്യത്ത് നേതൃപദവിയിൽ വന്നതു മുതല്‍ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിൻറെ നേതാവാരെന്ന ചോദ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമ്പോഴെല്ലാം മാധ്യമങ്ങള്‍ പല പ്രതിപക്ഷ നേതാക്കളുടേയും നേതൃസ്ഥാനത്തെത്താനുള്ള വ്യഗ്രത ചൂണ്ടിക്കാട്ടി അവയുടെ ഗൗരവം തകർക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ കെണിയില്‍ നിന്നും രക്ഷപ്പെടാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. മാധ്യമങ്ങള്‍ നേതൃത്വ വെല്ലുവിളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് ഉത്തരം നല്കുന്നതിന് പകരം ഉത്തരം നല്കാതിരിക്കുക എന്ന പരിഹാരമാണ് പ്രതിപക്ഷം ആദ്യം കാണേണ്ടത്. തീര്‍ച്ചയായും നേതൃത്വമെന്നത് പ്രധാനമായ സംഗതിയാണ്. പക്ഷേ. അത് ജനാധിപത്യ രാഷ്ട്രീയത്തിലെ ഒരേയൊരു പോംവഴിയാണെന്ന് ധരിക്കേണ്ടതില്ല. രാഷ്ട്രീയം പലപ്പോഴും നേതാക്കളെ മുമ്പിലേക്കിടുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയം ഒരു നേതാവിനെ ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ് എന്നതിന് മികച്ച ഉദാഹരണമാണ് മോഡി.രണ്ടാമത്തേത് കൂടുതല്‍ ഗൗരവമേറിയ വെല്ലുവിളിയാണ്. ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഭരണം മെച്ചപ്പെടുത്തുകയെന്നതാണത്. നിലവിലെ സര്‍ക്കാറിന്റെ മോശം ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ ജനങ്ങൾ ശ്രദ്ധിക്കണമെങ്കിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഒരു വ്യത്യാസം അനുഭവേദ്യമാകണം. പത്തിലേറെ പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപി ഇതര പാര്‍ട്ടികളാണ് ഭരണം നടത്തുന്നത്. അതുകൊണ്ടുതന്നെ ഭരണ പ്രതിസന്ധി ബിജെപിയെ പോലെ അവര്‍ക്കും ബാധ്യതയായി മാറുന്നുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ചകളുടെ കാര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനാകില്ല. അതിനാല്‍ ബിജെപിക്കും മോഡി സര്‍ക്കാരിനും എതിരായ പ്രതിപക്ഷത്തിന്റെ ആക്രമണത്തോടൊപ്പം തങ്ങളുടെ റെക്കോഡ് മെച്ചപ്പെടുത്താനുള്ള പ്രത്യക്ഷവും പ്രകടവുമായ ശ്രമങ്ങളും അവർ നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രതിപക്ഷ ഐക്യമെന്നത് 'നെഗറ്റീവ് അജണ്ട' മാത്രമായി അവശേഷിക്കും.

മോഡിയുടെ ഭരണത്തില്‍ പരാജയം ആരോപിക്കണമെങ്കിൽ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച ഭരണം ഉദാഹരണമായി ചൂണ്ടിക്കാട്ടാനുണ്ടാവണം. എന്നാല്‍ പല പ്രശ്നങ്ങളിലും കാര്യങ്ങള്‍ അങ്ങനെയല്ല നടക്കുന്നത്.മൂന്നാമത്തെ പ്രശ്‌നം ബിജെപി ഉയര്‍ത്തുന്ന പ്രധാന ആയുധം ഹിന്ദുത്വമാണെന്നതാണ്. രാഷ്ട്രീയ മത്സരം ചൂടുപിടിക്കുമ്പോള്‍ ഹിന്ദുത്വത്തിന്റെ ആര്‍പ്പുവിളികളാണ് അവര്‍ ഉച്ചത്തില്‍ മുഴക്കുക. വൈകാരികമായ ഒച്ചപ്പാടുകള്‍ക്ക് പൊതുവായ കാരണങ്ങളെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് സത്യം. വിവേകത്തോടെ എന്തുകാര്യങ്ങള്‍ വാദിച്ചാലും വികാരത്തെ എളുപ്പത്തില്‍ എതിര്‍ക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല. പ്രതിപക്ഷം ഈ കാര്യം തള്ളിക്കളഞ്ഞാലും  ബിജെപി ഉയര്‍ത്തി വിടുന്ന വൈകാരിക ഹിന്ദുത്വവാദം കേടുകൂടാതെ മുന്നേറും. ദേശീയത പുനര്‍നിര്‍വചിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് നമുക്കാവശ്യം. കപട ദേശീയതയുടെ ഇപ്പോഴത്തെ കുതിച്ചു ചാട്ടം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഭൂമിശാസ്ത്രത്തിനോ ചരിത്രത്തിനോ പകരം ജനങ്ങളെ ജനങ്ങളുമായി തുല്യമാക്കുന്ന വാദത്തിലാണ് ജനകീയ താത്പര്യം സൃഷ്ടിക്കാനാവുക.

അനുഭവപരവും ജീവിത യാഥാര്‍ഥ്യവുമായി അടുത്ത് നിൽക്കുന്നതുമായ ഒരു പുതിയ ദേശീയതയിലേക്ക് പാര്‍ട്ടികളും വിവിധ കൂട്ടായ്മകളും ചേരേണ്ടതുണ്ട്. എന്നാല്‍ ബിജെപി ഇതര കക്ഷികള്‍ ബുദ്ധിപരമായി കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകുകയോ രാഷ്ട്രീയ ധൈഷണികത പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ഏഴു വര്‍ഷം മുമ്പോ അല്ലെങ്കില്‍ മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പോ അവര്‍ സ്വീകരിക്കേണ്ട പാതയായിരുന്നു ഇത്.നാലാമത്തെ വെല്ലുവിളി പ്രതിപക്ഷത്തിന് തന്ത്രപരമായി വിനിയോഗിക്കാമെങ്കിലും അവര്‍ക്കതിന് സാധിക്കുന്നില്ല. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോഡി സര്‍ക്കാര്‍ ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. ബിജെപിയെ കുടുക്കാന്‍ ഏറ്റവും തന്ത്രപരമായി ഉപയോഗിക്കാനാവുന്ന വിഷയമായിട്ടും സൂക്ഷ്മമായ കാഴ്ചപ്പാടും ശ്രദ്ധാപൂര്‍വ്വമായ ചിന്തയും ഭാവനയും അവര്‍ പ്രയോജനപ്പെടുത്തുന്നില്ല.അവസാനത്തെ കാര്യം ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിക്കാന്‍ ആഗ്രഹിക്കാത്തതെന്താണെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് വളരെ പരിമിതമായ ഇടപെടൽ സാധ്യതകളേ ഇക്കാര്യത്തിലുള്ളൂ എന്നതാണ്. ബിജെപിക്ക് അധികാരം മാത്രമേ ആവശ്യമുള്ളു എന്നതില്‍ അവരെ മാറ്റണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസമുണ്ടാവുകയും എന്തുകൊണ്ട് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മനസ്സിലാക്കുകയും വേണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അടിസ്ഥാനപരമായ പലതും അപകടത്തിലാണെന്ന തിരിച്ചറിവും ആ അറിവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്നതിനെ കുറിച്ച് കൃത്യമായ ധാരണകളും വേണം. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ഭീഷണികളിലേക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങളിലേക്കും മാത്രം  ശ്രദ്ധ ചുരുക്കുന്നത് സ്വയം പരിമിതപ്പെടുത്തുന്ന വ്യായാമം മാത്രമായി അവസാനിക്കും. മുസ്‌ലിങ്ങളുടെ പാര്‍ശ്വവത്ക്കരണത്തിനും ബുദ്ധിജീവികൾ നേരിടുന്ന ഭീഷണികള്‍ക്കുമപ്പുറം വലിയ മറ്റ് പലതും അപകടത്തിലാണെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യയുടെ സ്വത്വവും ജനാധിപത്യവും രാഷ്ട്രീയവും അപകടത്തിലാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. അതിശക്തമായ തന്ത്രങ്ങളോ ആകസ്മികമായ രാഷ്ട്രീയ അവസരങ്ങളോ അല്ല, മറിച്ച് ഈ വെല്ലുവിളികള്‍ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള നിരന്തരമായ  കഴിവാണ് പ്രതിപക്ഷ ഐക്യത്തിന്റെ അവസരങ്ങള്‍ ശക്തിപ്പെടുമോ ഇല്ലയോ എന്നു നിര്‍ണയിക്കുക.