പാലായിലേറ്റ പ്രഹരം


OCTOBER 4, 2019, 1:35 PM IST

പാലാക്കാര്‍ക്ക് കേരളാ കോണ്‍ഗ്രസിനോടും ഐക്യജനാധിപത്യ മുന്നണിയോടും ഇത്ര സ്‌നേഹമാണെന്ന് ആരറിഞ്ഞു? ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു? പക്ഷെ, ഇനി നിവൃത്തിയില്ല. പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. ഐക്യജനാധിപത്യ മുന്നണിയെ തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ സ്‌നേഹിക്കുന്ന പാലാക്കാര്‍ അവര്‍ക്ക് ഒരു ചെറിയ താക്കീത് കൊടുത്തു. ഇനി പേടിക്കാനില്ല. അല്ലേലും സര്‍ക്കാരിനെതിരെ ഇങ്ങിനെ ജനവികാരം ആഞ്ഞടിക്കുമ്പോള്‍ ഇത് ഐക്യജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരമാണെന്നെക്കെ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുമോ? ആകെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് കാര്യം പിടികിട്ടിയത്. അതുകൊണ്ടാണദ്ദേഹം ഉപതെരഞ്ഞെടുപ്പുഫലം വന്ന ഉടന്‍ പറഞ്ഞത്: 'പാലായില്‍ യുഡിഎഫിനെതിരായ വിധിയെഴുത്തല്ല നടന്നത്, യുഡിഎഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണ് ഈ ജനവിധി'.

താക്കീതെന്നു പറഞ്ഞാല്‍ തെറ്റ് ചെയ്തവര്‍ക്ക് ലഭിക്കുന്നതാണ്. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഹിതകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്. അപ്പോള്‍ ഇതില്‍ രണ്ടിലൊരു കുറ്റം  ഐക്യജനാധിപത്യ മുന്നണി ചെയ്തുവെന്ന് വേണം മനസിലാക്കാന്‍. പ്രതിപക്ഷനേതാവ് അത് തെളിച്ചു പറഞ്ഞില്ലെന്നേയുള്ളൂ. പാലാക്കാര്‍ കണ്ടത് ഈയിടെയായി കേരളത്തില്‍ കാണുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ബിജെപിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള ത്രികോണ മത്സരമല്ല. ഐക്യജനാധിപത്യ മുന്നണി ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധമാണ്. അപ്പോള്‍ അവരൊരു താക്കീത് കൊടുക്കാതിരിക്കുമോ?സമീപകാലത്ത് കേരളം കണ്ട ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്ന കെ. എം. മാണിയുടെ മരണത്തോടെ കേരളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അവകാശപ്പെട്ടു മുന്നോട്ട് വന്ന പി. ജെ. ജോസഫും അതംഗീകരിക്കാത്ത ജോസ് കെ. മാണിയും തമ്മിലുള്ള യുദ്ധത്തില്‍ ആര് ജയിക്കും എന്നത് മാത്രമായിരുന്നല്ലോ പാലായിലെ ചോദ്യം. കേരളാ കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ വിജയിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ താന്‍ തോല്‍ക്കുമെന്ന് നന്നായറിയാവുന്ന  ജോസഫ് തന്നെക്കൊണ്ടാകാവുന്ന ദോഷമൊക്കെ തുടക്കം മുതലേ ചെയ്തു. ആദ്യം ജോസ് ടോമിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാന്‍ വിസമ്മതിച്ചു, പിന്നെ തന്നെ തെരഞ്ഞെടുപ്പു പ്രചാരണ ഉദ്ഘാടന വേദിയില്‍ മാണി വിഭാഗം പ്രവര്‍ത്തകര്‍ കൂകി വിളിച്ച് അധിക്ഷേപിച്ചതോടെ മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിക്കാതെയായി. ഇത്രയൊക്കെ പോരേ ജനങ്ങള്‍ തിരിയാന്‍?

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാലാ അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്ന് മാത്രം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നേടിയത് 33,472 വോട്ടുകളുടെ വന്‍ ഭൂരിപക്ഷമാണ്. അത് ഒരു രാഷ്ട്രീയ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണെന്നോ മറ്റോ ജോസ് കെ. മാണിയും, ഒരുപക്ഷെ ഐക്യജനാധിപത്യമുന്നണി നേതൃത്വവും, തെറ്റിദ്ധരിച്ചു. അങ്ങിനെയല്ല എന്ന ഒരു ചെറിയ താക്കീത് പാലായിലെ വോട്ടര്‍മാര്‍ നല്‍കി. ജോസഫ് 'രണ്ടില' നിഷേധിച്ചപ്പോള്‍ 'കൈതച്ചക്ക'യുമായി വഴിയോരത്ത് നിന്ന ജോസ് ടോമിന് അനുകൂലമായി ഒരു തരംഗം പോയിട്ട് ഒരു ചെറുകാറ്റ് പോലും വീശാതിരുന്നത് എന്തുകൊണ്ടെന്ന് ഇപ്പോഴെങ്കിലും അവര്‍ക്ക് മനസിലായിട്ടുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ നല്ല പണിയെടുത്തു എന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞു കേട്ടിരുന്നത്. പക്ഷെ കേരളാ കോണ്‍ഗ്രസിലെ പോര് കണ്ട് മടുത്ത അവരുടെ അണികള്‍ മാറിച്ചിന്തിച്ചോ എന്ന ചോദ്യം മറുപടിയില്ലാതെ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. കെ. എം. മാണി എന്ന നേതാവ് ചെറിയ ഭൂരിപക്ഷത്തിനായാലും സമീപകാലത്ത് ജയിച്ചിരുന്നത് അദ്ദേഹത്തോട് വ്യക്തിപരമായും കുടുംബപരമായും അല്ലാതെയും കടപ്പാടുണ്ടായിരുന്ന വോട്ടര്‍മാര്‍മാരുടെ പിന്തുണയോടെയായിരുന്നു എന്നത് ഒരു രഹസ്യമല്ല. മാണി സാര്‍ മരിച്ച്, തോമസ് ചാഴികാടന് നല്ല ഭൂരിപക്ഷവും കൊടുത്ത്, തൃപ്തിയോടെ നിന്നിരുന്ന പാലായിലെ ആ വോട്ടര്‍മാര്‍ക്ക് കേരളാ കോണ്‍ഗ്രസിലെ ചക്കളത്തിപ്പോരാട്ടത്തിന് ഊര്‍ജം പകരാനുള്ള ബാധ്യതയൊന്നുമില്ലല്ലോ? വലിയ മനഃപ്രയാസമൊന്നുമില്ലാതെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയ ചായ്‌വുകളിലേക്കും താല്പര്യങ്ങളിലേക്കും മടങ്ങിയിരിക്കണം. അത് ഗുണപ്പെട്ടതാകട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പനും.

സമുദായ വോട്ടുകളുടെ കാര്യത്തില്‍, ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ കാപ്പന് എല്ലാ സമുദായങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചു എന്ന് വേണം കരുതാന്‍. ആകെ കാര്യങ്ങള്‍ 'വ്യക്തമായി' പറഞ്ഞത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ്. പാലായില്‍ കാപ്പന് അനുകൂലമായ സാഹചര്യമുണ്ടെന്ന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞ വെള്ളാപ്പള്ളി മണ്ഡലത്തിലെ ഈഴവ വോട്ടര്‍മാര്‍ക്ക് നല്‍കിയത് വ്യക്തമായ ഒരു സന്ദേശമായിരുന്നു. വെള്ളാപ്പള്ളി ഇടതുമുന്നണിയെ പിന്തുണയ്ക്കുമ്പോള്‍ അതേ നിരയില്‍ നില്‍ക്കാന്‍ എന്തായാലും എന്‍എസ്എസ് ഇല്ല. പരസ്യ പ്രസ്താവനയൊന്നും നടത്തിയില്ലെങ്കിലും എന്‍എസ്എസ് ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു എന്നതില്‍ സംശയമില്ല.ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാനും ഒരല്പം വകയുണ്ട്. കോട്ടയം ജില്ലയില്‍ തങ്ങളുടെ മുഖ്യ 'എതിരാളികളായ' കേരളാ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ അവര്‍ക്ക് ഉള്ളിന്റെയുള്ളില്‍ സന്തോഷമേ ഉണ്ടാകാനിടയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജോസഫ് ജോസ് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് അവര്‍ ഒരു പുതിയ കളി തുടങ്ങി വച്ചതാണ്. ആ കളി പാലായില്‍ കുറെയേറെ മുന്നേറി. ഇനിയും വരാനുണ്ടല്ലോ തെരഞ്ഞെടുപ്പുകള്‍. മാണിയില്ലാത്ത കേരളാ കോണ്‍ഗ്രസിന് പതിയെ ചിറകരിഞ്ഞ് മെരുക്കാന്‍ ആ ഓരോ തെരഞ്ഞെടുപ്പുകളും അവസരം നല്‍കുമല്ലോ?

പക്ഷെ അതിനൊപ്പം അവര്‍ ആശങ്കപ്പെടേണ്ട ഒന്നു കൂടെയുണ്ട്. ഐക്യജനാധിപത്യമുന്നണി എന്ന സംവിധാനം ഓരോ ദിവസം ചെല്ലും തോറും ദുര്‍ബലമാകുകയാണെന്ന സത്യം. മാറുന്ന ദേശീയ സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍ അവരുടെ ഉള്ളിലെ ഭീതികള്‍ക്ക് പ്രകാശനം നല്‍കുന്നത് ഇടതുപക്ഷത്തോട് കൂടുതല്‍ അടുത്ത് നിന്നാകുമ്പോള്‍ പഴയ സമവാക്യങ്ങള്‍ പൊളിച്ചെഴുതേണ്ടി വരും. മുന്നണിക്ക് ഉള്ളിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അവിടെ നേതൃദൗര്‍ബല്യം എന്ന വിനാശകരമായ അവസ്ഥ ഉരുണ്ടുകൂടി വരുന്നതും കാണാം. പുറമേക്ക് ഐക്യം ഭാവിക്കുന്ന കോണ്‍ഗ്രസ് അതിന്റെ നേതൃദൗര്‍ബല്യത്തിന് നല്‍കിയ വിലകൂടെയാണ് പാലാ എന്ന് കാണാതിരുന്നുകൂടാ. ഈ ഉപതെരഞ്ഞെടുപ്പില്‍ അദൃശ്യത കൊണ്ട് ശ്രദ്ധേയമായത് ബിജെപിയുടെ പ്രകടനമാണ്. ഉപതെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലാണ് ബിജെപി ഏതെങ്കിലും തരത്തില്‍ മത്സരത്തിലും മണ്ഡലത്തിലും വാര്‍ത്തകളിലും സ്ഥാനം പിടിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തന്നെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് മറിച്ചു നല്‍കാന്‍ മുന്നണി നേതൃത്വവുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ബിജെപിയുടെ മണ്ഡലം നേതാവ് വിളിച്ചു പറഞ്ഞതോടെയാണത്. ആ ആരോപണം ശക്തമായി നിഷേധിക്കപ്പെട്ടുവെങ്കിലും ബിജെപിക്ക് 2016 നെ അപേക്ഷിച്ച് കുറഞ്ഞത് 5700 ഓളം വോട്ടുകളാണ്. ആ വോട്ടുകള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് പാര്‍ട്ടി ഉത്തരം പറയേണ്ടി വരും. ഭൂരിപക്ഷം പഞ്ചായത്തുകളിലും പുറകോട്ട് പോയ ഐക്യജനാധിപത്യ മുന്നണിക്ക് പിടിച്ചുനില്‍ക്കാന്‍ ബിജെപിയുടെ ഒരു കൈ സഹായം ലഭിച്ചോ എന്ന ചോദ്യം അത്ര പെട്ടെന്ന് തള്ളിക്കളയാനാവില്ല എന്നത് തന്നെ കാരണം.

ഏതായാലും പാലായിലെ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്‍കിയിരിക്കുന്നത് വലിയ ഊര്‍ജമാണ്. അത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആശിച്ചത് പോലെ ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഒന്നരവര്‍ഷം കഴിഞ്ഞു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നതാണ് ഇനി കാണാനുള്ളത്.