പാര്‍ലമെന്റ് മന്ദിരവും ചെങ്കോലും


MAY 25, 2023, 8:31 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

ഇന്ത്യക്ക് പുതിയ പാര്‍ലമെന്റ് മന്ദിരമായി. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹിഷ്‌കരണത്തിനും വിവാദങ്ങള്‍ക്കുമിടയിലേക്ക് ഒരു ചെങ്കോല്‍ കടന്നു വന്നു. ആ ചെങ്കോലിന് ഒരു കഥ പറയാനുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്ര ഇന്ത്യക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നു ഈ ദണ്ഡ്. അന്ന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മതപുരോഹിതരുടെ നേതൃത്വത്തില്‍ വൈസ്രോയി മൗണ്ട് ബാറ്റണില്‍ നിന്ന് അധികാര ദണ്ഡ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃവിന് കൈമാറി.

പിന്നീട് അലഹബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോലാണ് വീണ്ടും ഡല്‍ഹിയില്‍ എത്തിച്ചത്.തമിഴില്‍ 'സെങ്കോല്‍' എന്ന് വിളിക്കുന്ന അധികാര ദണ്ഡ് വെള്ളിയില്‍ നിര്‍മിച്ച് സ്വര്‍ണം പൊതിഞ്ഞതാണ്. അഞ്ചടി നീളം. തലയ്ക്കല്‍ നന്ദികേശ ശില്‍പം. പുരാണത്തില്‍ ഭഗവാന്‍ ശിവന്റെ വാഹനമാണ് നന്ദികേശന്‍. കൈലാസത്തിന്റെ കാവലാള്‍. അത് നിര്‍മിക്കാന്‍ ഇടവന്നതിനെക്കുറിച്ച കഥ ഇങ്ങനെ: ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ അടയാളം എന്താകണമെന്ന ചര്‍ച്ച എടുത്തിട്ടത് അവസാന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ ആണ്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃവിനോട് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചു. അവസാന ഗവര്‍ണര്‍ ജനറലായ സി. രാജഗോപാലാചാരിയുടെ ഉപദേശം തേടുകയാണ് നെഹൃ ചെയ്തത്.ചോള രാജാക്കന്മാര്‍ ചെങ്കോല്‍ കൈമാറുന്ന രീതിയിലാകാമെന്ന് രാജാജി അഭിപ്രായപ്പെട്ടു.

മതപുരോഹിതനാണ് പുതിയ രാജാവിന് ചെങ്കോല്‍ നല്‍കുന്നത്. അതനുസരിച്ച് തമിഴ്‌നാട്ടിലെ പ്രമുഖ മഠമായ തിരുവാടു തുറൈ അധീനവുമായി അദ്ദേഹം ബന്ധപ്പെട്ടു. മദ്രാസിലെ സ്വര്‍ണവ്യാപാരി വുമ്മിടി ബംഗാരു ചെട്ടിയെ മഠാധിപതി നിര്‍മാണ ചുമതല ഏല്‍പിച്ചു. മുകള്‍ഭാഗത്ത് നന്ദികേശന്റെ ചെറുപ്രതിമ വിളക്കിച്ചേര്‍ത്ത സ്വര്‍ണ ചെങ്കോല്‍ നിര്‍മിച്ച വുമ്മിടി ഇതിരാജുലു (96), വുമ്മിടി സുധാകര്‍ (88) എന്നിവര്‍ ചെന്നൈയിലാണ് ഇപ്പോഴുള്ളത്.സ്വാതന്ത്ര്യ ദിന തലേന്ന് തിരുവാടുതുറൈ അധീനത്തെ ഉപമഠാധിപതി, നാഗസ്വര വിദ്വാന്‍ രാജരത്തിനം പിള്ള, തമിഴ്‌ക്ഷേത്രങ്ങളില്‍ ഭക്തിഗാനം ആലപിക്കുന്ന ഉദുവര്‍ എന്നിവരുമായി മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നു. ഉപമഠാധിപതി മൗണ്ട് ബാറ്റണ് ആദ്യം ചെങ്കോല്‍ നല്‍കി. അതു തിരിച്ചു വാങ്ങി ഗംഗാജലം തളിച്ച് പൂജകളോടെ നെഹൃവിന് നല്‍കി. നാഗസ്വരത്തിന്റെയും ഭക്തിഗാനത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇത്.

1947 ആഗസ്റ്റ് 14ന് രാത്രി 10.45നാന് നെഹൃവിന്റെ വസതിയിലായിരുന്നു ചടങ്ങ്.ചെങ്കോല്‍ പിന്നീട് അലഹബാദ് മ്യൂസിയത്തിലേക്ക് മാറ്റി. എന്നാല്‍ അപ്രധാനമായി കരുതേണ്ട ഒന്നല്ല അതെന്നാണ് മോദി സര്‍ക്കാറിന്റെ പക്ഷം. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ആധുനികതയുമായി ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണ് ചെങ്കോല്‍ സ്ഥാപനത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയും വിവേചനരഹിതമായ ഭരണക്രമത്തിന്റെയും വികാരത്തിന്റെ പ്രതീകമാണ് ചെങ്കോല്‍. സ്വാതന്ത്ര്യ തലേന്ന് രാത്രി നെഹൃവിന്‌തോന്നിയ അതേ വികാരമാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവരുടെയും പ്രാതിനിധ്യമില്ലാതെ പോയത് വലിയ പോരായ്മ തന്നെ.

ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്ന 19 പ്രതിപക്ഷ പാര്‍ട്ടികള്‍ അതേക്കുറിച്ച് വിശദീകരിക്കുന്ന സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രവേളയാണ്. ജനാധിപത്യത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി കരുതുമ്പോള്‍ തന്നെ, ഏകാധിപത്യ രീതിയില്‍ പുതിയ പാര്‍ലമെന്റ് പണിതതിനെ തള്ളിപ്പറയുമ്പോള്‍ തന്നെ, അഭിപ്രായ ഭിന്നത മറന്ന് ഈ സന്ദര്‍ഭം അടയാളപ്പെടുത്തുന്നതിന് തുറന്ന മനസാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രാഷ്ട്രപതി മുര്‍മുവിനെ പൂര്‍ണമായും തഴഞ്ഞ് പുതിയ കെട്ടിടം താന്‍ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന പ്രധാനമന്ത്രി മോദിയുടെ തീരുമാനം ജനാധിപത്യത്തിന് കടുത്ത അപമാനം മാത്രമല്ല, നേരിട്ടുള്ള ആക്രമണം കൂടിയാണ്. അതിനെതിരെ തക്കതായ പ്രതികരണം ഉണ്ടാകേണ്ടതുണ്ട്.'രാഷ്ട്രപതിയും സംസ്ഥാനങ്ങളുടെ സഭയും ജനസഭയും അടങ്ങിയ ഒരു പാര്‍ലമെന്റ് രാജ്യത്തിന് ഉണ്ടായിരിക്കു'മെന്ന് ഭരണഘടനയുടെ 79 ാം അനുഛദത്തില്‍ പറയുന്നുണ്ട്. രാഷ്ട്രത്തിന്റെ മേധാവി മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകം കൂടിയാണ് രാഷ്ട്രപതി. ചുരുക്കത്തില്‍, രാഷ്ട്രപതി ഇല്ലാതെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍ രാഷ്ട്രപതിയെ കൂടാതെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അന്തസില്ലാത്ത ഈ ചെയ്തി രാഷ്ട്രപതിയുടെ ഉന്നത സ്ഥാനത്തെ അപമാനിക്കുന്നു; ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതുമല്ല.

ആദിവാസി സമൂഹത്തില്‍ നിന്നൊരു വനിത രാഷ്ട്രപതിയായത് ആഘോഷിച്ച രാജ്യത്തിന്റെ ഉള്‍ച്ചേര്‍ക്കല്‍ വികാരത്തെ അവമതിക്കുന്നതാണിത്.പാര്‍ലമെന്റിനെ നിരന്തരം അര്‍ഥശൂന്യമാക്കുന്ന പ്രധാനമന്ത്രിക്ക് ജനാധിപത്യവിരുദ്ധ ചെയ്തികള്‍ പുതിയ കാര്യമല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതിന് പാര്‍ലമെന്റിലെ പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കി, സസ്‌പെന്‍ഡ് ചെയ്ത്, നിശബ്ദരാക്കി. ഭരണപക്ഷത്തെ എം.പിമാര്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടക്കം നിരവധി വിവാദ നിയമനിര്‍മാണങ്ങള്‍ ചര്‍ച്ച കൂടാതെ തന്നെ പാസാക്കി. സഭാ സമിതികള്‍ ഫലത്തില്‍ നിര്‍വീര്യം. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കാറുള്ള മഹാമാരിയുടെ കാലത്താണ് പുതിയ പാര്‍ലമെന്റ് മന്ദിരം, അത് ഉപകാരപ്പെടേണ്ട ജനങ്ങളുമായോ എം. പിമാരുമായോ ഒരു കൂടിയാലോചനയുമില്ലാതെ പണിതത്.പാര്‍ലമെന്റില്‍ നിന്ന് ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ഊറ്റിക്കളഞ്ഞിരിക്കേ, പുതിയൊരു കെട്ടിടത്തിന് ഒരു വിലയും ഞങ്ങള്‍ കാണുന്നില്ല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കൂട്ടായ തീരുമാനം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.

സ്വേഛാധിപതിയായ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമെതിരെ അക്ഷരാര്‍ഥത്തില്‍, ഉള്‍ക്കാമ്പുള്ള, സചേതനമായ പോരാട്ടം ഞങ്ങള്‍ തുടരും. ഈ സന്ദേശം നേരിട്ട് ജനങ്ങളിലെത്തിക്കും. പ്രസ്താവന വിശദീകരിച്ചു.സ്വാതന്ത്ര്യ പുലരിയില്‍ നിന്ന് 75 വര്‍ഷം നടന്നപ്പോഴാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നത്. അതിന്റെ ഉദ്ഘാടന ചടങ്ങ് ചേരിതിരിവിലേക്ക് എത്തിക്കേണ്ടിയിരുന്നോ? തീരുമാനിക്കേണ്ടത് നമ്മെ നയിക്കുന്ന നേതാക്കളാണല്ലോ.