യുഎസ് രാഷ്ട്രീയത്തിലെ താരമായി പ്രമീള ജയപാൽ


OCTOBER 17, 2021, 7:29 PM IST

യുഎസ് ഭരണകക്ഷി  രാഷ്ട്രീയത്തിൻറെ ചുക്കാൻ പിടിക്കുന്നതാര്? പ്രസിഡൻറ് ജോ ബൈഡനും ഡെമോക്രാറ്റിക്ക് നേതൃത്വത്തിനുമപ്പുറം ഭരണകക്ഷിയുടെ നിലപാടുകളെ നിർണായകമായി സ്വാധീനിച്ച് തലയുയർത്തി നിൽക്കുന്നത് ഒരു മലയാളി വനിതയാണ്: പ്രമീള ജയപാൽ.കോൺഗ്രസിലെ ഇരുസഭകളിലുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ 100 അംഗങ്ങളുള്ള കോക്കസിൻറെ നേതാവാണ് പ്രമീള ജയപാൽ. ഈ കൂട്ടായ്മയുടെ കരുത്ത് എത്രയെന്ന് ഇക്കഴിഞ്ഞ ആഴ്ച്ചകളിൽ പ്രസിഡൻറ് ബൈഡനടക്കമുള്ള ഡെമോക്രാറ്റിക് നേതൃത്വത്തിന് മനസിലാകും വിധം അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സെപ്തംബർ അവസാനവാരം നടക്കുമെന്ന് പ്രതീക്ഷക്കപ്പെട്ടിരുന്ന ബജറ്റ് അനുരഞ്ജന (റീകൺസിലിയേഷൻ) ബില്ലിന്മേലുള്ള വോട്ടെടുപ്പ് അട്ടിമറിച്ചുകൊണ്ടാണ് അവർ തങ്ങളുടെ ശക്തി തെളിയിച്ചത്.ബൈഡൻ ഭരണത്തിൻറെ ഏറ്റവും പ്രധാന അജൻഡ ഇനമാണ് 3.5 ട്രില്യൺ ഡോളർ വലുപ്പം നേരത്തെ കണക്കാക്കിയിരുന്ന അനുരഞ്ജന ബിൽ.

അമേരിക്കയിലെ തകർന്നടിഞ്ഞ അടിസ്ഥാന ഭൗതിക സംവിധാനങ്ങൾ പുനർനിമ്മിക്കുന്നതിനും സാമൂഹികക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിനും ലക്‌ഷ്യം വച്ചുള്ള ബിൽ വോട്ടിനിട്ട് അംഗീകരിക്കുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ സെനറ്റിലെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ കക്ഷികൾ ഉഭയസമ്മതപ്രകാരം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച് പാസാക്കിയ 1.2 ട്രില്യൺ ഡോളറിന്റെ ഉഭയകക്ഷി അടിസ്ഥാന ഭൗതിക സംവിധാന ബിൽ വോട്ടിനിടാൻ അനുവദിക്കൂ എന്ന നിലപാടാണ് പ്രമീള ജയപാലിൻറെ നേത്രത്വത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമനവാദികൾ സ്വീകരിച്ചത്.ഇതിനൊപ്പം ഗർഭച്ഛിദ്രം നിരോധിച്ചുകൊണ്ടുള്ള ടെക്സസ് നിയമനിർമ്മാണസഭയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിരോധമുയർത്തുന്നതിനും പ്രമീള ജയപാൽ മുൻനിരയിലുണ്ടായിരുന്നു. ഗര്‍ഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ഹൗസ് മേല്‍നോട്ട സമിതിക്ക് മുമ്പില്‍ നടന്ന ഹിയറിംഗില്‍ ചെറുപ്രായത്തിൽ ബലാൽസംഗം ചെയ്യപ്പെട്ട് ഗർഭിണിയായ സെനറ്റർ കോറി ബുഷിനും മറ്റ് പല സ്ത്രീകൾക്കുമൊപ്പം ഗർഭച്ഛിദ്രമൊഴിവാക്കാനാകാത്ത സാഹചര്യത്തിലൂടെ പല സ്ത്രീകളും കടന്നുപോകുന്നത് ഹൃദയഭേദകമാം വിധമാണ് അവർ കോൺഗ്രസ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

ഒരു സ്ത്രീ നേരിടാവുന്ന ഏറ്റവും ദുരന്തസാഹചര്യത്തെ ധീരതയോടെ നേരിട്ടതിൻറെ കഥയാണ് അവർ പറഞ്ഞത്.ഇപ്പോൾ പ്രമീള ജയപാൽ ഏർപ്പെട്ടിട്ടുള്ള ബജറ്റ് അനുരഞ്ജന ബില്ലുമായി ബന്ധപ്പെട്ട യുദ്ധം അമേരിക്കയുടെയാകെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക തലങ്ങളെ സ്പർശിക്കുന്നതാണ്. അവിടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തലയുയർത്തി നിൽക്കുകയാണ് പാലക്കാട് വേരുകളുള്ള ഈ ഡെമോക്രാറ്റിക് സെനറ്റർ. പാലക്കാട് സ്വദേശിയായ ജയപാൽ മേനോൻറെയും എഴുത്തുകാരിയായ മായ മേനോന്റെയും മകളാണ് പ്രമീള. ഇന്ത്യയിലാണ് ജനിച്ച ഒന്നാം തലമുറ കുടിയേറ്റക്കാരിയാണെങ്കിലും ഇന്ത്യയിലെ ജനാധിപത്യധ്വംസന പ്രവണതകളുടെ നിശിത വിമർശകയാണവർ. അതിനാൽ തന്നെ സംഘപരിവാർ അനുകൂലികളുടെ കണ്ണിലെ കരടും.  പ്രമീളയെക്കാൾ പ്രമുഖയാണ് കമലാ ഹാരിസ് എന്ന അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ്. അതിനൊപ്പം ഹൃദയമിടിപ്പിന് തൊട്ടരികത്തെത്തുന്ന ആദ്യ കറുത്തനിറമുള്ള ദക്ഷിണേഷ്യൻ വംശജ.കമലയുടെ ചെന്നൈ ബന്ധവും മറ്റും ഇതിനകം ഏറെ എഴുതപ്പെട്ടും പറയപ്പെട്ടും കഴിഞ്ഞു. വൈസ് പ്രസിഡൻറ് സ്ഥാനമേറ്റെടുത്ത ശേഷം അവർ നടത്തിയ മെക്സിക്കോ സന്ദർശനം അവരുടെ പൊതുസമ്മതിക്ക് ഇടിവുണ്ടാക്കിയിട്ടുണ്ട്. അവർ കൈകാര്യം ചെയ്യുന്ന വിഷയത്തിൻറെ--കുടിയേറ്റം നിയന്ത്രിക്കുക എന്ന വെല്ലുവിളിയുടെ--ഗൗരവം ഒട്ടും ചെറുതല്ല. അവർ മെക്സിക്കൻ അതിർത്തി സന്ദർശിക്കാൻ വിസമ്മതിച്ചത് അവർക്കെതിരെ രൂക്ഷവിമർശനം ഉയരുന്നതിന് ഇടയാക്കി. അതിന് പുറമെ, ഒരു സ്ത്രീയും കറുത്തവർഗക്കാരിയുമായതിനാൽ അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണവും മറ്റും അവരുടെ റേറ്റിങ് ഇടിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രസിഡൻറ് ബൈഡൻറെ വികസന അജണ്ടയ്ക്ക് കോൺഗ്രസ് അംഗീകാരം നല്കുകയാണെങ്കിലും അവരുടെ പൊതുസമ്മതിയിൽ ഒരു വൻ കുതിപ്പ് തന്നെയുണ്ടായേക്കാം. 

റിപ്പബ്ലിക്കൻ പംക്തിയിൽ ശ്രദ്ധേയ സാന്നിധ്യമായി ഉയർന്ന് വരുന്ന നിക്കി ഹേലി കമല ഹാരിസിനും പ്രമീളാ ജയപാലിനും എതിരെ ഉയർന്നു വരുന്ന പ്രബലശക്തിയാണ്. 2024ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയായി മത്സരിക്കണമോ അതോ ഒരു രണ്ടാമൂഴത്തിനായി കച്ചകെട്ടി രംഗത്തിറങ്ങിയിട്ടുള്ള ട്രംപിനെ പിന്തുണയ്ക്കാനോ എന്നതാണ് അവർ ഇന്ന് നേരിടുന്ന ആശയക്കുഴപ്പം. സൗത്ത് കരോലൈന ഗവർണറായിരിക്കവേ അവരെ അവിടെ നിന്ന് പിഴുതെടുത്ത് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി നിയമിച്ച ആളാണ് ട്രംപ്. ട്രംപ് ഭരണകാലത്ത് വളരെ തന്ത്രപരമായ നിലപാടുകൾ സ്വീകരിച്ച് സ്വന്തം തടി രക്ഷിച്ച നിക്കി ഹേലി ഇപ്പോഴും ട്രംപിനെ തള്ളിപ്പറയാൻ തയ്യാറല്ല. ട്രംപ് മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെങ്കിൽ മത്സരാർത്ഥിയായി അവർ രംഗത്തുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. അതുവരെ അവർ തൻറെ നയതന്ത്രജ്ഞത മുഴുവൻ ഉപയോഗിച്ച് ഒഴുക്കിനൊപ്പം നീങ്ങാനാണ് സാധ്യത.

തനിക്ക് മുന്നിൽ ഇനിയും ഏറെ സമയമുണ്ടെന്ന് അവർക്ക് നന്നായറിയാം. അതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് അവർ ഓരോ നീക്കവും നടത്തുന്നത്. തൻറെ വിജയം ഡമോക്രാറ്റുകൾ തട്ടിയെടുത്തുവെന്ന ട്രംപിന്റെ വാദത്തോട് അവർ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നവർ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ആകെ അവർ പറഞ്ഞിട്ടുള്ളത് ട്രംപ് അങ്ങനെ വിശ്വസിക്കുന്നു എന്ന് മാത്രമേ പറയുന്നുള്ളൂ. ട്രംപിന്റെ വക്കീലന്മാർ അദ്ദേഹത്തെ പറ്റിക്കുകയായിരുന്നുവെന്ന് പറയാൻ മടിക്കുന്നുമില്ല. അതാണ് നിക്കി ഹേലി എന്ന നയതന്ത്രജ്ഞയുടെ ചാതുര്യം. അത് അവരെ ഒരുപക്ഷെ നാളെ എത്തിക്കുക അമേരിക്കയുടെ ഏറ്റവും ഉന്നത ജനാധിപത്യസ്ഥാനത്താവാം...