രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തോട് അടുക്കുന്നു


JULY 3, 2019, 6:26 PM IST

ഈയാഴ്ച്ചയോടെ എന്‍ഡിഎ രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തും.
ടിഡിപിയിലെ നാല് എംപി മാരും ഐഎന്‍എല്‍ഡിയിലെ ഒരു എംപിയും ബിജെപിയില്‍ ചേര്‍ന്നതോടെ ജൂലൈ 5നു രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് പേരെക്കൂടി വിജയിപ്പിക്കാന്‍ ബിജെപിക്ക് കഴിയും. രാജ്യസഭയില്‍  ഭൂരിപക്ഷമില്ലാതിരുന്നത് മോഡിയുടെ ആദ്യ ഗവണ്മെന്റിന്റെ  നിയമ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് വലിയൊരു വിലങ്ങുതടിയായിയിരുന്നു. അതാണ് ഇതോടെ താരതമ്യേന ഇല്ലാതാവുക. 
ആകെ 10 സീറ്റുകള്‍ ഒഴിവുള്ള രാജ്യസഭയില്‍ എന്‍ഡിഎക്ക് 111  അംഗങ്ങളാണുള്ളത്. ജൂലൈ 5 ആകുമ്പോഴേക്കും അത് 115 ആയി ഉയരും. 241 അംഗ സഭയില്‍ ഭൂരിപക്ഷം നേടുന്നതിന് പിന്നീട് ആറ് സീറ്റുകള്‍ കൂടി മതിയാകും. സഭയുടെ പൂര്‍ണ്ണ അംഗബലം 245 ആണ്. അങ്ങനെ വരുമ്പോള്‍ ഭൂരിപക്ഷത്തിനു 8 സീറ്റുകളുടെ കുറവുണ്ടാകും.123  സീറ്റുകള്‍ നേടുമ്പോഴാണ് ഭൂരിപക്ഷമാകുക. എന്നാല്‍ ഇപ്പോള്‍ത്തന്നെ ഉപരിസഭയില്‍ നിയമ നിര്‍മ്മാണങ്ങള്‍ പാസാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. യുപിഎ ഇതര കക്ഷികളായ ടിആര്‍എസ്, ബിജെഡി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണ എന്‍ഡിഎക്കു ലഭിക്കും.
ബില്ലുകള്‍ പാസാക്കുന്നതിന് ഇപ്പോഴത്തെ അംഗബലത്തിലെ കുറവ് ഒരു തടസ്സമാകില്ലെന്നു ബിജെപി നേതാക്കള്‍ക്ക് നല്ല ഉറപ്പുണ്ട്. 2014-19  കാലഘട്ടത്തില്‍ ഔദ്യോഗിക ബില്ലുകള്‍ക്കും പ്രസിഡന്റിന്റെ പ്രസംഗത്തിനും പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ പാസാകുന്ന സ്ഥിതിവിശേഷം ഗവണ്മെന്റിനു നേരിടേണ്ടിവന്നു. ഇനി അതുണ്ടാവില്ല. എന്നാലും  വിവാദമുയര്‍ത്തിയ മുത്തലാഖ് നിരോധന ബില്ലുകള്‍ പോലുള്ളവ പാസാക്കുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയുയര്‍ത്തും.
രാജ്യസഭയില്‍ ആറ് അംഗങ്ങളുള്ള ബിജെപിയുടെ സഖ്യകക്ഷി ജനത ദള്‍ (യു), ബിജെഡി, വൈഎസ് ആര്‍ കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ എന്നിവയൊന്നും അതിനെ അനുകൂലിക്കാന്‍ സാധ്യതയില്ല.എന്നാല്‍ അല്‍പ്പം പ്രയാസപ്പെടുമെങ്കില്‍പ്പോലും ഈ പാര്‍ട്ടികളുമായി കൂടിയാലോചനകള്‍ നടത്തി അത് പാസാക്കാമെന്നുതന്നെയാണ് ബിജെപി നേതാക്കളുടെ വിശ്വാസം. 
ജൂലൈ 5നു തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളില്‍ ബിഹാറില്‍ നിന്നുള്ള ഒരു സീറ്റ് ലോക് ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പാസ്വാനാകും വിജയിക്കുക. ഒഡിഷയില്‍ നിന്നുള്ള മൂന്നു സീറ്റുകളില്‍ ഒന്നില്‍ ബിജെപി വിജയിക്കുമ്പോള്‍ രണ്ടെണ്ണം ബിജെഡിക്കാകും ലഭിക്കുക.ഗുജറാത്തില്‍ നിന്നുള്ള രണ്ടു സീറ്റുകളിലും ബിജെപി വിജയിക്കും.
ഗുജറാത്തില്‍ രണ്ടു സീറ്റുകളിലേക്കും പ്രത്യേകം തെരെഞ്ഞെടുപ്പ് നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഗുജറാത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അത് തള്ളപ്പെട്ടു. അമിത് ഷാ ഗാന്ധി നഗറില്‍ നിന്നും, സ്മൃതി ഇറാനി അമേതിയില്‍ നിന്നും ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംഭവിച്ച ഒഴിവുകളാണവ. തെരെഞ്ഞെടുപ്പ്  അതിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിത്തന്നെയാണ് നടത്തുന്നതെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
തമിഴ് നാട്ടില്‍ നിന്നുമുള്ള ആറ് ഒഴിവുകളിലേക്ക് ജൂലൈ 18നാകും തെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ നാല് എണ്ണം എഐഎഡിഎംകെയുടേതായിരുന്നു. ഡിഎംകെ, സിപിഐ പാര്‍ട്ടികളുടെ ഓരോ സീറ്റും ഒഴിഞ്ഞു. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് എഐഎഡിഎംകെക്ക് ഒരു സീറ്റ് നഷ്ടമാകും. ഡിഎംകെ രണ്ടു സീറ്റുകളില്‍ കൂടി വിജയിക്കുകയും ചെയ്യും. അങ്ങിനെ ഡിഎംകെക്ക് ആകെ മൂന്നു സീറ്റുകളാകും. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പും രാജ്യസഭയില്‍ അംഗബലത്തില്‍ വലിയ മാറ്റമൊന്നും വരുത്തുകയില്ല.