നേട്ടങ്ങൾ വെറും പിആർ അല്ല


MAY 22, 2020, 1:01 PM IST

രാഷ്ട്രീയകേരളം (ഗൗതമൻ)  

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന ടിവി ചാനലുകളിൽ ഒന്നായ ബിബിസി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ  ഒരു തത്സമയ അഭിമുഖത്തിനായി ക്ഷണിച്ചപ്പോൾ അത് കേരളത്തിനാകെ അഭിമാനമായി മാറുകയായിരുന്നു. ലോകത്താകെയുള്ള നാല്പതോളം പ്രസിദ്ധീകരണങ്ങൾ ശൈലജയെ മുൻനിർത്തി കോവിഡ്-19 വ്യാപനത്തിൽ സംസ്ഥാനം നേടിയ വിജയത്തെ കുറിച്ച് ഇപ്പോൾ പറയുമ്പോൾ ഈ കുറിപ്പുകളിൽ ഒരു മാസത്തിന് മുൻപ് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ മുൻനിർത്തി എഴുതിയ കാര്യങ്ങൾ അര്ഥവത്തായതിൽ ഇതെഴുതുന്നയാളിനും സന്തോഷം. 'സംഗമം' വാരികയാകട്ടെ 'കേരളം തന്നെ മാതൃക' എന്ന തലക്കെട്ടിൽ സംസ്ഥാനത്തിന്റെ കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖപ്രസംഗവും എഴുതി.

 ഇത്രയുമൊക്കെ പറഞ്ഞു കഴിയുമ്പോൾ ഒരു കാര്യം കൂടെ ചേർക്കണം--ഇതൊരു വ്യക്തിയുടെയോ ഭരണകക്ഷിയുടെയോ മാത്രം വിജയമല്ല. ബിബിസി ഇന്റർവ്യൂവിൽ ആരോഗ്യമന്ത്രി തന്നെ പറഞ്ഞതുപോലെ ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. രാപകൽ ഉണർന്ന് പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ലബോറട്ടറി-ആശുപത്രി പ്രവർത്തകരുടെയും ആരോഗ്യവകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മറ്റ് നിരവധി പേരുടെയും വഴിയിൽ നിന്ന് അല്പം കർക്കശമായി തന്നെ ജനങ്ങളെ ഓടിച്ച് വീട്ടിൽ കയറ്റിയ പാവം പൊലീസുകാരുടെയും കച്ചവടമുപേക്ഷിച്ച കച്ചവടക്കാരുടെയും തൊഴിൽനഷ്ടമായ സംഘടിത-അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെയും സർക്കാരിനൊപ്പം കൈകോർത്ത് നിന്ന് പ്രവർത്തിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടേയുമൊക്കെ സംയുക്ത വിജയമാണ്. അങ്ങിനെ പറയുമ്പോൾ ഈ യുദ്ധം അവസായനിച്ചുവെന്ന് അർത്ഥവുമില്ല. ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് എത്തുകയാണെങ്കിലും നമ്മുടെ ലക്‌ഷ്യം ഇനിയും അകലെയാണെന്ന തിരിച്ചറിവ് എവർക്കുമുണ്ടാകേണ്ടതുമാണ്.

 ഭാഗ്യവശാൽ പ്രതിപക്ഷവും സാമാന്യം മോശമല്ലാത്ത വിധത്തിൽ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറി. അവരെഏതാണ്ട് പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് ഗവണ്മെന്റ് നടത്തിയത് എന്നതിനാൽ പ്രത്യേകിച്ചും. തുടക്കത്തിൽ പ്രതിപക്ഷനേതാവിനെ കൂടെക്കൂട്ടി ഒരു പത്രസമ്മേളനമൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയെങ്കിലും പിന്നീട് അദ്ദേഹത്തെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി പൂർണമായി തഴയുകയായിരുന്നു. നാട്ടിലും വിദേശത്തുമുള്ളവരുമായി വീഡിയോ കോൺഫറൻസും മറ്റും നടത്തിയെങ്കിലും പ്രതിപക്ഷവുമായി അങ്ങിനെയൊരു കൂട്ടിതൊടലിന് മുഖ്യമന്ത്രി തയ്യാറായില്ല. എന്തിന് പ്രതിപക്ഷം, തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരെക്കൊണ്ട് പോലും വായ തുറപ്പിക്കാൻ എന്തുകൊണ്ടോ അദ്ദേഹം മടിച്ചു. തുടക്കത്തിൽ ആരോഗ്യമന്ത്രി നടത്തി വന്ന  പത്രസമ്മേളനങ്ങൾ അദ്ദേഹം ഏറ്റെടുത്തതോടെ ശൈലജ ആ രംഗത്തെങ്കിലും ഒരു വെറും കാഴ്ചക്കാരിയായി. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിശബ്ദ സാന്നിധ്യങ്ങളായി അവരും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മാറി. ഇതിനെല്ലാമിടയ്ക്കാണ് കേരളം സ്വയം പച്ചക്കറി ഉത്പാദിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയുമെന്ന കണ്ടെത്തൽ (തൊണ്ണൂറ്റിയൊമ്പതാമത്തെ തവണ) സർക്കാർ കണ്ടെത്തിയത്. കേരളത്തിൽ ലഭ്യമായ തുറസ്സിടങ്ങളിലെല്ലാം പച്ചക്കറി കൃഷി ആരംഭിക്കണമെന്ന പുരാതന ആശയം വീണ്ടും അവതരിപ്പിക്കപ്പെട്ടു. ഉടനെ അതിനും ഒരു പദ്ധതി തയ്യാറായി. പക്ഷെ കേരളത്തിന്റെ കാർഷികസമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരാനുള്ള ആ പദ്ധതി പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നെങ്കിലും കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിനും വായ് തുറക്കേണ്ടി വന്നില്ല. പുറമേ നിന്ന് നോക്കുമ്പോൾ സർവതോഭദ്രം എന്ന് തോന്നിയിരുന്ന ഭരണനടപടികളുടെയും നിലപാടുകളുടെയും  ഉള്ളറകളിലേക്ക്  എത്തിനോക്കിയപ്പോൾ കണ്ട കാര്യങ്ങളാണിവ. എന്തിനധികം, വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയുടെ പേരിലും ആരോഗ്യമന്ത്രിയുടെ പേരിലും ഒരേ വിവരങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് പത്രക്കുറിപ്പുകളിറങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ! ഇതെല്ലാം കഴിഞ്ഞും കേരളം കോവിഡിനെ കീഴടക്കുന്നതിൽ വിജയിച്ചെങ്കിൽ അതിൽ മുഖ്യമന്ത്രി മുതൽ താഴോട്ട് ഈ രംഗത്ത് പ്രവർത്തിച്ചവരുടെയെല്ലാം നിശ്ചയദാർഢ്യം മാത്രമായിരിക്കില്ല കാരണം. ഇത്തരം അടിയന്തിര സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ജനാധിപത്യത്തിന് രണ്ടാം സ്ഥാനമേ അവകാശപ്പെടാനാവൂ എന്നതാവണം അതിന്റെ യഥാർത്ഥ കാരണം. അതൊരു നല്ല കാര്യമാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് ഉത്തരം പറയാൻ ഒട്ടും മടിക്കേണ്ടതില്ല. പക്ഷെ, അത് കൊണ്ടല്ലേ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ചോദിച്ചാൽ മറ്റ് വഴികൾ തേടാത്തിടത്തോളം ഒന്നും പറയാനുമില്ല. ഏതായാലും ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും

അല്പം വിലങ്ങിട്ടാണെങ്കിലും കോവിഡ് മഹാമാരിയെ തുരത്തി എന്നതിനാൽ മറ്റെല്ലാം മറക്കാം. അതിലൊരു ചൈനീസ് മാതൃകയുണ്ടെന്ന് ദോഷൈകദൃക്കുകൾ പറഞ്ഞേക്കാം. മറ്റെന്ത് പറഞ്ഞാലും അപ്പറയുന്നതിൽ ഒരു വാസ്തവവുമില്ലെന്ന് തിരിച്ച് മറുപടി നല്കുകയുമാവാം.തങ്ങളെ പച്ച തൊടീക്കാതിരുന്ന മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരാരും പിണങ്ങിയില്ലെങ്കിലും പ്രതിപക്ഷം സാമാന്യം നന്നായി തന്നെ പിണങ്ങി, പ്രത്യേകിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആ പിണക്കവും അവർ തമ്മിൽ നടത്തിയ സംവാദവും വെറും രാഷ്ട്രീയ അഭിപ്രായ ഭിന്നതയ്ക്ക് അപ്പുറത്തേക്ക് പോയത് മുല്ലപ്പള്ളി വടക്കൻ മലബാറിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ കൂടെ പ്രതിഫലനമായിരുന്നിരിക്കണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഏറ്റവും കർക്കശ നിലപാടെടുത്തത് മുല്ലപ്പള്ളിയായിരുന്നല്ലോ? പക്ഷെ, പ്രതിപക്ഷ നേതാവാണ് സ്പ്രിംഗ്ലർ വിവാദവുമായി രംഗത്ത് വന്നു പോയിന്റടിച്ചത്.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നിൽ വിവരങ്ങൾ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതും അദ്ദേഹം അത് ചെയ്ത രീതിയുമെല്ലാം ഒരു പബ്ലിക്ക് റിലേഷൻസ് കമ്പനിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു എന്നാണ് പ്രതിപക്ഷം കണ്ടെത്തിയത്. അതിനൊപ്പം ബാറുടമകളിൽ നിന്നും ബസുടമസ്ഥരിൽ നിന്നും ഭരണകക്ഷി വൻതുക കൈക്കൂലി വാങ്ങിയാണ് അവർക്ക് കോവിഡിന്റെ പേരിൽ ആനുകൂല്യങ്ങൾ നൽകുന്നതെന്നും അവർ ആരോപിച്ചു.  തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവര്‍ത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നുമാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. "നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കയിലും കുത്തിനടക്കുന്നു, ഞാനും കുറച്ചു കാലമായി ഈ കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ഇതാദ്യമായി കാണുകയല്ല. കുറെക്കാലമായി കാണുന്നുണ്ട്. നമ്മള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമാന്യബുദ്ധിയുള്ളവരാരും പറയില്ല. നിങ്ങളെന്നോട് ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ, ഞാന്‍ ഹെഡ് ഫോണോ മറ്റോ വെച്ച് പി.ആര്‍ ഏജന്‍സിക്കാരോട് ചോദിക്കാറുണ്ടോ? നിങ്ങളുടെ കൈയില്‍ അത്തരം ഉപകരണങ്ങള്‍ കാണാറുണ്ട്. എന്റെ ചെവിയില്‍ അങ്ങനെ വല്ലതും കണ്ടിട്ടുണ്ടോ. ഞാന്‍ ഫ്രീയായി നില്‍ക്കുന്നു. നിങ്ങള്‍ ഫ്രീയായി ചോദിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുന്നില്ലേ? ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയാതിരുന്നിട്ടുണ്ടോ? ഏതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ മറുപടി കാത്തുനില്‍ക്കുകയാണോ ഞാന്‍? എന്നെ ഈ നാടിനറിയില്ലേ?" അങ്ങിനെ പോയി മുഖ്യമന്ത്രിയുടെ കുരുക്ക് കൊള്ളുന്ന മറുപടി

ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം പഴയ ശീലം വച്ച് ഉന്നയിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബെവ്‌കോ നിരക്കില്‍ മദ്യവില്പ്പന നടത്താന്‍ ബാറുകളിലേക്ക് അനുമതി നല്‍കിയത് ഒത്തുകളിയുടെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം തങ്ങളെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ദുരിതകാലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊയ്ത്തു കാലമായി മാറ്റുന്നുവെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. വൈദ്യുതി-ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നുവെന്നും കേരളം മദ്യശാലയാക്കി മാറ്റുന്നുവെന്നുമുള്ള ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് വാദിച്ച അദ്ദേഹം ചോദിച്ചു,  "ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ എന്താണ് കൊയ്ത്ത്? സര്‍ക്കാരിന് എന്താണ് ലാഭം? ബസ് ഓടിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തെ ടാക്‌സ് നല്‌കേണ്ട എന്നാണ് ഉടമകളോട് പറഞ്ഞിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കൊയ്ത്ത് നടത്തുന്നത്? നാട് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ചില നടപടികള്‍  സ്വീകരിക്കേണ്ടി വരും. ബസ്സുകള്‍ക്ക് അനുവദിച്ചിട്ടുള്ള സീറ്റിങ് കപ്പാസിറ്റിയില്‍ യാത്രക്കാരെ കൊണ്ടുപോകാനാവില്ല. അതിന്റെ പകുതി ആളുകളെ മാത്രമെ കൊണ്ടുപോകാന്‍  കഴിയൂ. ഈ സാഹചര്യത്തിലാണ് ബസ് ചാർജ് കോവിഡ് കാലത്തേക്ക് മാത്രമായി വർധിപ്പിച്ചത്. ബസ്സുകള്‍ തീരെ ഓടാതിരിക്കുന്നതിലും നല്ലതല്ലേ ചാര്‍ജ് വര്‍ധിപ്പിച്ചാലും ഓടുന്ന സാഹചര്യമുണ്ടാകുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഇനിയും പ്രതിപക്ഷം മറുപടി പറഞ്ഞിട്ടില്ല.