ഉയരുന്നജനരോഷവും അല്പം ഹൃദയ നൊമ്പരവും


JANUARY 10, 2020, 4:04 PM IST

കേരളത്തില്‍ അങ്ങോളമിങ്ങോളം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ജനരോഷം സമീപകാലത്തതൊന്നും കണ്ടിട്ടില്ലാത്തത്ര തീവ്രമാണ്. പ്രധാനമായും മുസ്ലിങ്ങളാണ് ഈ പ്രതിഷേധത്തിന്റെ മുന്‍നിരയിലും പിന്‍നിരയിലും ഉള്ളതെങ്കിലും ജാതിമത ഭേദമെന്യേ അതില്‍ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്നതാണ് കാണുന്നത്. താഴെത്തട്ടില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ വലിയ തോതിലുള്ള മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തമുണ്ട് എന്നത് ഏറെ ശ്രദ്ധേയം. ഒരിക്കലും കണ്ടിട്ടില്ലാത്ത വണ്ണം മുസ്‌ലിം സ്ത്രീകളും കുട്ടികളുമെല്ലാം ആവേശത്തോടെ മുദ്രാവാക്യം മുഴക്കി തെരുവുകളിലൂടെ പോകുന്ന കാഴ്ച്ച വിസ്മയിപ്പിക്കുന്നതാണ്. പൗരത്വ നിയമ ഭേദഗതി നിയമം ആ മതവിഭാഗത്തെ എത്രമാത്രം ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അത് നല്‍കുന്നത്.

കേരളത്തിലെ മുസ്ലിം ജനസാമാന്യം തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ശക്തിയാണെന്നത് കൊണ്ടുകൂടെയാവണം ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്, പ്രത്യേകിച്ച് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കിയെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന് പിന്തുണ നല്‍കിയ ഐക്യജനാധിപത്യ മുന്നണിയും തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാവാം ചെയ്തത്. എന്നാല്‍, തെരുവില്‍ കാണുന്നത് അതുകൊണ്ട് തീരുന്ന വികാരവിക്ഷോഭമല്ല. അവിടെ അലയടിക്കുന്നത് നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവില്‍ നിന്നുള്ള ഉച്ചത്തിലുള്ള നിലവിളിയാണ്. 

അതിന്റെ തീവ്രത പൂര്‍ണമായും ഉള്‍ക്കൊണ്ടാണെങ്കിലും അല്ലെങ്കിലും കേരളത്തിലെ മുഖ്യ പാര്‍ട്ടികള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഒരു തരത്തില്‍ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതാണ്ട് ഏകപക്ഷീയമായി സ്വീകരിക്കുന്ന നടപടികളില്‍ നിന്ന് ഗുണപരമായി ഏറെ വ്യത്യാസമുള്ളതും രാഷ്ട്രീയ ഉള്ളടക്കം കൂടുതലുള്ളതുമാണ്. പാര്‍ട്ടികള്‍ക്ക് ഉള്ളിലും പുറത്തും ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളും ഗൗരവതരമാണ്. ജനുവരി ഇരുപത്തിയാറിന് നിയമ ഭേദഗതിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഭരണഘടനാ സംരക്ഷണം പ്രതീകമായി അവതരിപ്പിച്ച് 'മനുഷ്യഭൂപട'ങ്ങള്‍ 14 ജില്ലകളിലും സൃഷ്ടിക്കാന്‍ ഒരുമ്പെടുകയാണ് ഐക്യജനാധിപത്യ മുന്നണി. ഇതോടെ തങ്ങളുടെ പങ്ക് നിര്‍വഹിച്ച് ഇരുകൂട്ടരും പിന്‍വാങ്ങുമോ എന്ന് മാത്രമേ കാണാനുള്ളൂ.

നിലവില്‍ സംസ്ഥാനത്ത് ഗ്രാമതലത്തില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് മഹല്ല് കമ്മിറ്റികളുടെ മുന്‍കൈയില്‍ ആയതിനാലാവണം അവയില്‍ നിന്ന് അല്പം അകലം പാലിക്കാന്‍ സിപിഎം ശ്രദ്ധിക്കുന്നുണ്ട്. അവയില്‍ നിന്ന് ക്രിസ്തീയ മതമേലധ്യക്ഷരും വിട്ടു നില്‍ക്കുകയാണ്. അതിനര്‍ത്ഥം ഇന്നത്തെ ഈ പ്രതിഷേധം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമായി ചുരുക്കുന്നതിനുള്ള ശ്രമവും അറിഞ്ഞോ അറിയാതെയോ എവിടെയൊക്കെയോ നടക്കുന്നു എന്നതാണ്. അത്ര ലളിതമാണോ ഈ പ്രശ്‌നം? അല്ലെന്ന് മനസ്സിലാകണമെങ്കില്‍ പൗരത്വ നിയമ ഭേദഗതിയുടെ ഉള്ളിലേക്ക് അല്പം ആഴത്തില്‍ നോക്കണം. അപ്പോള്‍ തെളിയുക ഇത് ഒരു സമുദായത്തിനെതിരെയുള്ള നിയമം തന്നെയാണെന്നാണ്. അതിനൊപ്പം, എല്ലാ മതവിഭാഗങ്ങള്‍ക്കും പൂര്‍ണ സ്ഥിതിസമത്വവും അവസരസമത്വവും ഉറപ്പ് നല്‍കിയിട്ടുള്ള ഭരണഘടനയ്‌ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നും. എന്തെങ്കിലും വിഭാഗീയ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാവുന്ന കാര്യമല്ല ഇതെന്ന്. പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഏറെ പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സംഭവിക്കുന്നത് അതാണ്. നാളെ പിടിവീഴുക തങ്ങള്‍ക്ക് മേലാവും എന്ന് ചിലര്‍ തിരിച്ചറിയാതെ പോകുന്നത് പോലെ.

അമേരിക്ക ഇറാന് മേലേക്ക് ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അത് അങ്ങ് ദൂരെയെവിടെയോ നടക്കുന്ന യുദ്ധമാണെന്ന് കരുതുന്നത് പോലെ തന്നെയാണിതും. പശ്ചിമേഷ്യയില്‍ യുദ്ധം മുറുകിയാല്‍ അത് ചെന്നവസാനിക്കുക ഇന്ന് മലയാളിക്ക് അന്നം തന്നു കാക്കുന്ന നിരവധി ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയിലായിരിക്കും എന്ന് കാണാന്‍ അത്ര ദൂരക്കാഴ്ച്ചയൊന്നും വേണ്ട. ഗള്‍ഫില്‍ അരങ്ങേറുന്ന ഏത് യുദ്ധവും മലയാളിയുടെ നിലനില്‍പ്പിനായുള്ള യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധക്കൊതി മൂത്ത രാജ്യങ്ങള്‍ക്ക് ഇതിനൊക്കെ ഒരുപക്ഷെ അവരുടേതായ കാരണങ്ങള്‍ ഉണ്ടാവാം. പക്ഷേ നമ്മുടെ കാര്യം അതല്ല. കെട്ടടങ്ങിയാലും ഇല്ലെങ്കിലും ദേശീയതലത്തില്‍ ഇന്ന് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷവും മലയാളിക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. 

***      ***      ***

ഗള്‍ഫില്‍ പണിയെടുത്ത് കുടുംബം പുലര്‍ത്താന്‍ വിധിക്കപ്പെട്ടവന്റെ ശബ്ദം കേട്ടില്ലെങ്കിലും അവിടെ കച്ചവടം നടത്തി ജീവിക്കുന്ന ഒരു പാവം കുടുംബത്തിന്റെ രോദനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേള്‍ക്കുമെന്നാണ് ഇതെഴുതുന്ന ആള്‍ പ്രതീക്ഷിക്കുന്നത്. അത് ഈയിടെ അന്തരിച്ച മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന തോമസ് ചാണ്ടി അവര്‍കളുടെ പത്‌നിയുടേതാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ അനാഥമായ കുട്ടനാട് മണ്ഡലം സംരക്ഷിക്കാന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ തോമസ് ചാണ്ടി ഗള്‍ഫില്‍ നടത്തി വന്ന ബിസിനസുകള്‍ നോക്കി നടത്താന്‍ തനിക്കും തന്റെ മക്കള്‍ക്കും ഇപ്പോള്‍ തന്നെ സമയമില്ലാത്തതിനാല്‍ കനിവായി മണ്ഡലത്തില്‍ മത്സരിക്കാന്‍ തോമസ് ചാണ്ടിയുടെ വിശ്വസ്ത അനുജന്‍ തോമസ് കെ. തോമസിനെ നിയോഗിക്കണമെന്നുമാണ് അവര്‍ മുഖ്യമന്ത്രിയോട് ഒരു കത്ത് മുഖാന്തിരം ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇത്ര ജനാധിപത്യ ബോധമുള്ള ഒരു കുടുംബത്തെയും പത്‌നിയെയുമാണല്ലോ ആദരണീയനായ തോമസ് ചാണ്ടി സാര്‍ പിന്നിലുപേക്ഷിച്ചത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു ചെറിയ സങ്കടവും വലിയ അഭിമാനവും തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആഗ്രഹം സഫലമാക്കി കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുമോ എന്ന് കേരളം വളരെ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്. കുട്ടനാട്ടില്‍ ആര് മത്സരിക്കണമെന്ന് എന്‍സിപി കേന്ദ്രനേതൃത്വം (എന്നുവച്ചാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും നമ്മുടെ ടി. പി. പീതാംബരന്‍ മാഷും കൂടെ ചേര്‍ന്ന്) തീരുമാനിക്കും എന്നൊക്കെ പാലായില്‍ വെന്നിക്കൊടി പാറിച്ച മാണി സി. കാപ്പന്‍ പറയുന്നുണ്ടെങ്കിലും അവരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അതിനദ്ദേഹം തയ്യാറാവുമോ? അതോ എന്‍സിപിയിലെ നിരവധി ഭൈമീകാമുകരില്‍ ആര്‍ക്കെങ്കിലും കുട്ടനാട്ടില്‍ നറുക്ക് വീഴുമോ?

അവിടെ വീഴുന്ന നറുക്കിന് ഒരു പ്രത്യേകതയുണ്ട്. പാലായിലെ പോലെ കുട്ടനാട്ടിലും രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള അടി തുടങ്ങിക്കഴിഞ്ഞു. കുട്ടനാട് ഉണ്ടായ കാലം മുതല്‍ ആ മണ്ഡലം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന പി.ജെ. ജോസഫും (കുറ്റം പറയരുതല്ലോ, 'ഡോക്ടര്‍ കെസി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കെ.സി. ജോസഫ് എന്ന മുന്‍ എംഎല്‍എ പണ്ട് അദ്ദേഹത്തിനൊപ്പമായിരുന്നു), അങ്ങിനെയല്ല ആ മണ്ഡലം തങ്ങളുടെ ജന്മാവകാശമാണ് എന്ന് വാദിക്കുന്ന ജോസ് കെ. മാണിയും തമ്മില്‍ തര്‍ക്കം മൂക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോള്‍, ഇറാനില്‍ ഇനി വെടി പൊട്ടിയില്ലെങ്കിലും കുട്ടനാട്ടില്‍ പൊട്ടും. ഒടുവില്‍ ആര് പൊട്ടും എന്നത് പാലായുടെ പാല്‍വെളിച്ചത്തില്‍ നോക്കിക്കാണേണ്ടി വരും.