ആരാണ് മുഖ്യ പ്രതി


SEPTEMBER 13, 2019, 6:11 PM IST

കേരളത്തിന്റെ ഏക മെട്രോ നഗരമായ കൊച്ചിയില്‍ നാല് ഫ്‌ളാറ്റുകളിലായി താമസിക്കുന്ന ഏകദേശം ആയിരത്തോളം പേര്‍ക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന ഓണമായിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ 20 നകം പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അവര്‍ കുടിയിറക്കല്‍ ഭീഷണി നേരിടുകയാണ്.

'വിരോധാഭാസം' എന്ന സാഹിത്യത്തിലെ പ്രയോഗത്തിന് ഇതിലും നല്ലൊരു ഉദാഹരണം നമ്മുടെ കാലത്ത് നിന്ന് എടുത്ത് കാട്ടാനില്ല. ഇന്നലെ വരെ നഗരത്തിലെ അഴുക്കുചാലുകളില്‍ ജീവിച്ചിരുന്നവര്‍ അവരെ കണ്ടിരുന്നത് കൊച്ചി നഗരത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവരായാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഘെറ്റോകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന മട്ടാഞ്ചേരിയില്‍ പുളയ്ക്കുന്ന പുഴുക്കളുള്ള വെള്ളം കുടിച്ചും അഴുക്കുചാലുകള്‍ നീന്തിക്കടന്നും ജീവിക്കുന്ന പതിനായിരങ്ങള്‍ ഈ നാല് ഫ്‌ളാറ്റുകളിലും (അതുപോലത്തെ നിരവധി മറ്റ് ഫ്‌ളാറ്റുകളിലും) താമസിച്ചുവന്ന ഇക്കൂട്ടരെ ഏറെ അസൂയയോടെയാണ് കണ്ടിരുന്നത്. കുടിവെള്ളത്തിനായി ബോട്ട് ജെട്ടിക്ക് മുന്നിലെ കോര്‍പ്പറേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ ആ പാവങ്ങള്‍ മുഷ്ടി ചുരുട്ടി സമരം ചെയ്യുമ്പോള്‍ നെറ്റിചുളിച്ച് തങ്ങളുടെ ശീതീകരിച്ച കാറുകള്‍ക്കുള്ളില്‍ പുറം തിരിഞ്ഞിരുന്നവരാണവര്‍. ദാ, ഇപ്പോള്‍ അവര്‍ അധികാരികളുടെ കരുണയ്ക്കായി കേഴുകയാണ്, മുദ്രാവാക്യം വിളിക്കുകയാണ്, പട്ടിണിയോണം ആചരിക്കുകയാണ്. ഇത് കാണുമ്പോള്‍ ചിരിക്കണോ കരയണോ? മനുഷ്യാവസ്ഥയെ കുറിച്ചുള്ള നല്ലൊരു വെളിപാട് ഈ അനുഭവപരിസരത്തുണ്ട്. അത്ര കടന്ന് ചിന്തിച്ചില്ലെങ്കിലും മോഹങ്ങള്‍ മനുഷ്യരെ എത്തിക്കുന്ന അവസ്ഥകള്‍ എന്തൊക്കെയാവാം എന്ന് ഈ ഫ്‌ളാറ്റുകളില്‍ കുടിപാര്‍ക്കുന്നവരുടെ അനുഭവം വരച്ച് കാട്ടുന്നുണ്ട്.

അവരെന്തിനാണ് പുഴയോരം തേടി പോയത്? പുഴയോരത്തെ അപാര്‍ട്‌മെന്റ് ഒരു 'സ്റ്റാറ്റസ് സിംബല്‍' ആയതുകൊണ്ടും അത് അവര്‍ക്ക് താങ്ങാനാവുമെന്നതു കൊണ്ടും. ഫ്‌ളാറ്റ്‌  വാങ്ങുന്ന സമയത്തെ നിയമവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരുന്നില്ലെന്നും പിന്നീട് സിആര്‍ഇസഡ് നിയമത്തില്‍ വന്ന മാറ്റങ്ങളാണ് തങ്ങള്‍ക്ക് വിനയായതെന്നും അവര്‍ പറയുന്നു. അത് എന്ത് തന്നെയായാലും ഒരു 'പ്രീമിയം ഇന്‍വെസ്റ്റ്‌മെന്റ്' നടത്തിയവരാണവര്‍. കാടും, മലയും, പുഴയുമെല്ലാം തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന് കരുതുന്ന അഭ്യസ്തവിദ്യരും സമ്പന്നരുമായ ആധുനിക മലയാളികളുടെ തനി പ്രതിനിധികള്‍.

ഇപ്പോള്‍ പിന്നെ അവര്‍ പറയുന്നതില്‍ എന്ത് കഥ? എത്ര കാലമായി ഇവിടെ പുഴയോരങ്ങളും മലനിരകളും കൈയടക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട്? കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ഇങ്ങിനെ കെട്ടിപ്പൊക്കിയ ബഹുനില കെട്ടിട സമുച്ചയങ്ങളും എത്ര നിലകളാണ് വെള്ളത്തിനടിയിലായത്? തീര്‍ച്ചയായും അവരുടെ സ്ഥിതി കരളലിയിപ്പിക്കുന്നതാണ്. പക്ഷെ, അതിനവര്‍ പഴിക്കേണ്ടത് സ്വയവും, തങ്ങളെ വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനികളെയും പിന്നെ ഇതിനെല്ലാം അരുനിന്ന മരട് പഞ്ചായത്തിനെയും (ഇപ്പോഴത് നഗരസഭയാണ്), സംസ്ഥാന സര്‍ക്കാരിനെയുമാണ്.

ഇവിടെ ഒന്നാം പ്രതി നഗരസഭയും സര്‍ക്കാരുമാണ്. വികസിതമായ  മറ്റൊരു രാജ്യത്തും അനുവദിക്കപ്പെടാത്ത കാര്യങ്ങള്‍ പണം കൊണ്ട് നേടാവുന്ന കേരളത്തില്‍ എന്ത് കാരണം കൊണ്ടാണെങ്കിലും അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയവരോട് ഉത്തരം പറയേണ്ടത് അവരാണ്. 2006 ല്‍ മരട് പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ ഭരണപക്ഷമായിരുന്ന എല്‍ ഡി എഫാണ് വിവാദ ഫഌറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. അന്ന് തദ്ദേശഭരണ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ കണ്ണുവെട്ടിച്ചാവണം കൊച്ചിയിലെ രാഷ്ട്രീയനേതൃത്വം ഇത് സാധിച്ചെടുത്തത്. അപ്പോള്‍ പരിഹാരക്രിയ ചെയ്യേണ്ടതും അവര്‍ തന്നെ.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു മരടിലെ നാലു ഫ്‌ളാറ്റ്‌  സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികളുടെ ഭാഗമായി ഫഌറ്റുടമകള്‍ക്കു നഗരസഭ ഓണത്തലേന്ന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. ആല്‍ഫാ, കോറല്‍ കേവ്, കുണ്ടന്നൂരിലെ എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ്‌  സമുച്ചയങ്ങളിലെ താമസക്കാര്‍ അഞ്ചു ദിവസത്തിനകം സാധന സാമഗ്രികളുമായി ഒഴിഞ്ഞുപോകണമെന്ന നോട്ടീസാണ് നല്‍കിയിട്ടുള്ളത്. സുപ്രീം കോടതി വിധി വന്നെങ്കിലും ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വരില്ലെന്നു കരുതിയിരുന്ന ഉടമകളെ കണ്ണീര്‍ക്കടലിലാക്കിയാണു പൊളിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. പ്രതിഷേധവും ഇതോടൊപ്പം ശക്തമാകുകയാണ്.

ഗോള്‍ഡന്‍ കായലോരം ഒഴികെയുള്ള ഫ്‌ളാറ്റുകളുടെ ഉടമകള്‍ നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല. ഈ ഫ്‌ളാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പത്രങ്ങളില്‍ പരസ്യം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഫ്‌ളാറ്റ്‌  ഉടമകളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും തങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറല്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു.

സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴിലെ ഉത്തരവിനെത്തുടര്‍ന്നാണ് കോടതി വിധി നടപ്പാക്കാനുള്ള നടപടിക്കു മരട് നഗരസഭ നിര്‍ബന്ധിതമായത്. ഇതുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടര്‍ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി മരടിലെത്തി ഫ്‌ളാറ്റ്‌  സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. നഗരസഭയെ കൊണ്ട് തനിച്ചു ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ ടി. എച്ച്. നദീറ സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ നഗരസഭയുടെ വരുമാനം നാലര ലക്ഷം രൂപ മാത്രമാണെന്നും ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ 30 കോടി രൂപ ചെലവ് വരുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ചേര്‍ന്ന നഗരസഭയുടെ പ്രത്യേക യോഗം പ്രശ്‌നം ചര്‍ച്ച ചെയ്തു. താമസക്കാരോട് അനുഭാവപൂര്‍ണമായ നിലപാടു കൈക്കൊള്ളണമെന്നും നിയമനടപടികളിലൂടെ അവര്‍ക്കു വേണ്ട സംരക്ഷണം നല്‍കണമെന്നുമുള്ള പൊതുവികാരമാണു ഭരണപ്രതിപക്ഷ അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍ പങ്കുവച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും പാസാക്കാതെ സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു. ആകെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് നഗരസഭയിലെ ഏക സിപിഐ അംഗം മാത്രം. വിവാദ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന നിലപാടാണ് സിപിഐ അംഗം സ്വീകരിച്ചത്.

സുപ്രീം കോടതി വിധിയില്‍ ഇല്ലാത്ത ഒന്നുണ്ട്. ആര് പൊളിച്ച് നീക്കാന്‍ വിധിക്കപ്പെട്ട ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന കാര്യം. ന്യായമായും അത് ചെയ്യേണ്ടത് ഫ്‌ളാറ്റുകള്‍ വാങ്ങിയവരെയും, അന്നത്തെ പഞ്ചായത്ത് അധികൃതരെയും, കൊച്ചിയിലെ ശക്തരായ രാഷ്ട്രീയക്കാരെയും, സംസ്ഥാന സര്‍ക്കാരിനെയുമൊക്കെ പറഞ്ഞു വിശ്വസിപ്പിച്ച ഫഌറ്റ് നിര്‍മ്മാതാക്കളാണ്. അത് വാങ്ങിക്കൊടുക്കുന്നിടത്തേക്ക് നീതിപീഠവും സര്‍ക്കാരും നീങ്ങണം. ഇനി പുഴയോരങ്ങള്‍ ആര്‍ക്കെങ്കിലും ലാഭം കൊയ്യാനുള്ള പുഞ്ചപ്പാടമായി മാറരുത്. അതിനുള്ള ആര്‍ജവവും നിശ്ചയദാര്‍ഢ്യവും ഈ ഭരണത്തിനോ ഏതെങ്കിലും ഭരണത്തിനോ ഉണ്ടാവുമോ?